Home Blog Page 49

കരൂർ ദുരന്തം: വിജയിയിൽ നിന്ന് രേഖകൾ ആവശ്യപ്പെട്ട് സി.ബി.ഐ

0

ചെന്നൈ:കരൂർ ദുരന്തത്തിൽ ടി.വി.കെ അധ്യക്ഷൻ വിജയിയിൽ നിന്ന് രേഖകൾ ആവശ്യപ്പെട്ട് സിബിഐ. റാലിക്ക് പൊലീസ് അനുമതി തേടിയുള്ള അപേക്ഷ, ആവശ്യമായ മാർഗ നിർദേശങ്ങൾ സ്വീകരിച്ചിട്ടുണ്ടോ, ഉണ്ടെങ്കിൽ അതിന്റെ രേഖകൾ തുടങ്ങിയവ സമർപ്പിക്കാൻ സിബിഐ ആവിശ്യപ്പെട്ടു. ദുരന്തത്തിന്റെ ഉത്തരവാദി ആരെന്ന് കണ്ടെത്താനാണ് സിബിഐ ഇടപെടൽ.

മൊഴി നൽകിയ വിജയ്, ടിവികെ നേതാക്കൾ, പൊലീസ് ഉദ്യോഗസ്ഥർ, ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവരുടെ മൊഴികൾ വിശദമായി പരിശോധിക്കും. വിശദമായ വിശകലനത്തിന് ശേഷമേ ദുരന്തത്തിന്റെ ഉത്തരവാദി ആരെന്ന് തീരുമാനിക്കുകയുള്ളൂ എന്നും സിബിഐ വൃത്തങ്ങൾ വ്യക്തമാക്കി.

അതേസമയം, കരൂർ ദുരന്തത്തിൽ വിജയയ്‌ക്കെതിരെയാണ് തമിഴ്നാട് പൊലീസിന്റെ മൊഴി. റാലിയിൽ വലിയ ജനപങ്കാളിത്തം ഉണ്ടാകും എന്ന വിവരം ടി വി കെ പൊലീസിനെ അറിയിച്ചില്ല. 30000 പേർ അവിടേക്ക് എത്തിയതാണ് അപകടത്തിലേക്ക് നയിച്ച കാരണങ്ങളിലൊന്ന് എന്നും തമിഴ്നാട് പൊലീസ് മൊഴി നൽകി. കഴിഞ്ഞ ദിവസം ഡൽഹി സിബിഐ ആസ്ഥാനത്ത് എത്തി മൊഴി നൽകിയിരുന്നു.

karoor vijay case update

ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ വ്യാപക റെയിഡുമായി ഇ ഡി; 21 ഇടങ്ങളിൽ പരിശോധന

0

കൊച്ചി: ശബരിമല സ്വർണക്കൊള്ളയിൽ മിന്നൽ റെയ്ഡുമായി ഇ ഡി. പ്രതികളുടെ വീടുകളിൽ ഉൾപ്പെടെ 21 ഇടങ്ങളിലാണ് ഇ ഡി പരിശോധന. അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റി, എ പത്മകുമാർ, എൻ വാസു, ബെല്ലാരിയിലെ സ്വർണവ്യാപാരി ഗോവർധൻ എന്നിവരുടെ വീടുകളിൽ പരിശോധന നടന്നു.

കേസില്‍ ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകിട്ടാന്‍ ഇഡി നീക്കം ആരംഭിച്ചിരുന്നു. തിരുവനന്തപുരത്ത് ഉണ്ണികൃഷ്ണൻ പോറ്റിയുടെ കാരേറ്റിലെ വീട്ടിലാണ് പരിശോധന നടക്കുന്നത്. മുൻ ദേവസ്വം കമ്മീഷണറും ദേവസ്വം പ്രസിഡന്‍റുമായ എൻ വാസുവിന്റെ തിരുവനന്തപുരം പേട്ടയിലെ വീട്ടിലും ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തുകയാണ്. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറിന്റെ ആറന്മുളയിലെ വീട്ടിലും സ്വർണവ്യാപാരി ഗോവർദ്ധന്റെ ബെല്ലാരിയിലെ വീട്ടിലും ഇ ഡി ഉദ്യോഗസ്ഥർ എത്തിയിട്ടുണ്ട്. ബെംഗളൂരുവിലെ സ്മാർട്ട് ക്രിയേഷൻസ് ഓഫീസ്, തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്തും പരിശോധന നടക്കുന്നുണ്ട്.

sabarimala ed latest news

ദീപക് ജീവനൊടുക്കിയ കേസിൽ പ്രതിയായ യുവതി ഒളിവിലെന്ന് സൂചന

0

കോഴിക്കോട്: ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ കേസിൽ പ്രതിയായ യുവതി ഒളിവിലെന്ന് സൂചന. വടകര സ്വദേശി ഷിംജിത മുസ്തഫയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് തിരച്ചിൽ ഊർജിതമാക്കി. ദീപക്കിന്റെ അമ്മ നൽകിയ പരാതിയിൽ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി ഇവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിനു പിന്നാലെയാണ് യുവതി ഒളിവിൽ പോയത്.

ബസിലെ ദൃശ്യങ്ങൾ പകർത്താൻ യുവതി ഉപയോഗിച്ച മൊബൈൽ ഫോൺ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഇതിനൊപ്പം യുവതിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വിവരങ്ങൾ ശേഖരിക്കാൻ സൈബർ പോലീസിന്റെ സഹായവും തേടിയിട്ടുണ്ട്. ബസ് യാത്രയ്ക്കിടെ ഉണ്ടായ സംഭവം വടകര പോലീസിനെ അറിയിച്ചിരുന്നതായി യുവതി അവകാശപ്പെട്ടിരുന്നു. എന്നാൽ ഇങ്ങനെയൊരു പരാതി ലഭിച്ചിട്ടില്ലെന്ന് വടകര ഇൻസ്പെക്ടർ വ്യക്തമാക്കിയതോടെ യുവതിയുടെ വാദം പൊളിഞ്ഞു. സോഷ്യൽ മീഡിയയിൽ വിമർശനം ശക്തമായതോടെ യുവതി തന്റെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്തിരിക്കുകയാണ്. സംഭവത്തിൽ ഉത്തരമേഖലാ ഐജി നേരിട്ട് അന്വേഷണം നടത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും ഉത്തരവിട്ടു. ഒരാഴ്ചയ്ക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം.

Deepak kozhikode case

“ഇദ്ദേഹം എന്റെ ബോസ്; നിതിൻ നബിൻ മില്ലേനിയൽ നേതാവ്”: ബിജെപി ദേശീയ അധ്യക്ഷനെ വാനോളം പുകഴ്ത്തി പ്രധാനമന്ത്രി

0

ന്യൂഡൽഹി: ഭാരതീയ ജനതാ പാർട്ടിയുടെ ദേശീയ അധ്യക്ഷനായി നിതിൻ നബിൻ ചുമതലയേറ്റു. ബിജെപിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അധ്യക്ഷനാണ് 45-കാരനായ നിതിൻ. ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലാണ് അദ്ദേഹം അധികാരമേറ്റത്. കേന്ദ്രമന്ത്രി ജെ.പി. നദ്ദയുടെ കാലാവധി പൂർത്തിയായതിനെ തുടർന്നാണ് ഈ സ്ഥാനമാറ്റം.

“ഇദ്ദേഹം എന്റെ ബോസ്”: പ്രധാനമന്ത്രി

പുതിയ അധ്യക്ഷനെ സ്വാഗതം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമർശം ഏറെ ശ്രദ്ധേയമായി. “ഇന്ന് മുതൽ നിതിൻ ജി എന്റെ കൂടി ബോസാണ്” എന്നായിരുന്നു മോദിയുടെ വാക്കുകൾ. നിതിൻ നബിനെ ഒരു ‘മില്ലേനിയൽ’ (Millennial) നേതാവ് എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

“വികസിത ഭാരതം കെട്ടിപ്പടുക്കേണ്ട അടുത്ത 25 വർഷം രാജ്യത്തിന് നിർണ്ണായകമാണ്. ഇന്ത്യയിലെ സാമ്പത്തിക-സാങ്കേതിക മാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ച തലമുറയുടെ പ്രതിനിധിയായ നിതിൻ ജിക്ക് പാർട്ടിയെ ഈ ലക്ഷ്യത്തിലേക്ക് നയിക്കാൻ സാധിക്കും. ബിജെപിയുടെ പാരമ്പര്യം അദ്ദേഹം മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടുപോകും,” പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ആരാണ് നിതിൻ നബിൻ?

ബിഹാറിലെ പട്നയിൽ നിന്നുള്ള നേതാവായ നിതിൻ നബിൻ അഞ്ച് തവണ എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ബിഹാർ സർക്കാരിൽ റോഡ് നിർമ്മാണം, നഗരവികസനം എന്നീ സുപ്രധാന വകുപ്പുകൾ അദ്ദേഹം കൈകാര്യം ചെയ്തിരുന്നു. കഴിഞ്ഞ മാസം പാർട്ടിയുടെ വർക്കിങ് പ്രസിഡന്റായി നിയമിക്കപ്പെട്ട അദ്ദേഹത്തെ, ഇപ്പോൾ ഐകകണ്ഠ്യേന ദേശീയ അധ്യക്ഷനായി തിരഞ്ഞെടുക്കുകയായിരുന്നു. ബിഹാർ ബിജെപിയിൽ രണ്ട് പതിറ്റാണ്ടോളം പ്രവർത്തിച്ച പരിചയവുമായാണ് അദ്ദേഹം ദേശീയ നേതൃത്വത്തിലേക്ക് എത്തുന്നത്.

ലക്ഷ്യം നിയമസഭാ തിരഞ്ഞെടുപ്പുകൾ

ഈ വർഷവും അടുത്ത വർഷവുമായി നടക്കാനിരിക്കുന്ന നിർണ്ണായകമായ നിയമസഭാ തിരഞ്ഞെടുപ്പുകളാണ് പുതിയ അധ്യക്ഷന് മുന്നിലുള്ള പ്രധാന വെല്ലുവിളി.

  • കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് നിതിൻ നബിൻ നേതൃത്വം നൽകും.
  • ഛത്തീസ്ഗഡിൽ കോൺഗ്രസിനെ പരാജയപ്പെടുത്തി ബിജെപിയെ അധികാരത്തിൽ എത്തിക്കുന്നതിൽ അദ്ദേഹം വഹിച്ച തന്ത്രപരമായ പങ്ക് ദേശീയ തലത്തിൽ വലിയ പ്രശംസ പിടിച്ചുപറ്റിയിരുന്നു.

ബിജെപിയിൽ വലിയൊരു തലമുറമാറ്റത്തിന്റെ സൂചനയായാണ് നിതിൻ നബിന്റെ നിയമനം വിലയിരുത്തപ്പെടുന്നത്. മൂന്ന് വർഷമാണ് പാർട്ടിയുടെ ഭരണഘടന അനുസരിച്ചുള്ള അദ്ദേഹത്തിന്റെ കാലാവധി.

ശബരിമല തീർഥാടനം സമാപിച്ചു: തിരുവാഭരണ മടക്കയാത്ര ആരംഭിച്ചു; 23-ന് പന്തളത്തെത്തും

0

ശബരിമല: മണ്ഡല-മകരവിളക്ക് തീർഥാടനത്തിന് സമാപനം കുറിച്ചുകൊണ്ട് ഭഗവാൻ അയ്യപ്പന് ചാർത്തിയ തിരുവാഭരണങ്ങളുമായുള്ള മടക്ക ഘോഷയാത്ര ആരംഭിച്ചു. ഇന്ന് രാവിലെ ഗണപതി ഹോമത്തിന് ശേഷം 6.15-ഓടെയാണ് തിരുവാഭരണ പേടകങ്ങൾ വഹിച്ചുകൊണ്ടുള്ള സംഘം പതിനെട്ടാം പടിയിറങ്ങിയത്. പെരിയസ്വാമി മരുതുവന ശിവൻകുട്ടിയുടെ നേതൃത്വത്തിലുള്ള 30 അംഗ സംഘമാണ് തിരുവാഭരണം പന്തളത്തേക്ക് തിരികെ എത്തിക്കുന്നത്.

യാത്രാ വഴിയും ദർശനവും വന്ന പാതയിലൂടെ തന്നെയാണ് ഘോഷയാത്രയുടെ മടക്കവും. കൊല്ലമുഴി- നിലയ്ക്കൽ വഴിയുള്ള യാത്രയിൽ ളാഹ വനം വകുപ്പ് ഓഫീസിന് സമീപമുളള സത്രത്തിലാണ് സംഘം വിശ്രമിക്കുക. ഭക്തർക്ക് തിരുവാഭരണം ദർശിക്കുന്നതിനായി താഴെ പറയുന്ന സ്ഥലങ്ങളിൽ അവസരമുണ്ടായിരിക്കും:

ജനുവരി 21: പെരുന്നാട് കക്കാട് കോയിക്കൽ ക്ഷേത്രത്തിൽ അയ്യപ്പ വിഗ്രഹത്തിൽ തിരുവാഭരണം ചാർത്തിയുള്ള ദർശനം.

ജനുവരി 22: ആറന്മുള കൊട്ടാരത്തിൽ പേടകം തുറന്നുള്ള ദർശനം.

ജനുവരി 23: ഘോഷയാത്ര പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിൽ തിരിച്ചെത്തും.

തിരുവാഭരണ പെട്ടികളിലെ ഉള്ളടക്കം മൂന്ന് പെട്ടികളിലായാണ് തിരുവാഭരണങ്ങൾ ക്രമീകരിച്ചിരിക്കുന്നത്:

ഒന്നാം പെട്ടി: ഭഗവാന് ചാർത്തുന്ന പ്രധാന തിരുവാഭരണങ്ങൾ, തിരുമുഖം, പ്രഭ, ചുരിക, വാൾ, പുഷ്‌ക്കല, പൂർണ രൂപങ്ങൾ, ആന, കടുവ, പുലി രൂപങ്ങൾ, വലംപിരി ശംഖ് തുടങ്ങിയവ.

രണ്ടാം പെട്ടി: പന്തളം രാജപ്രതിനിധി കളഭാഭിഷേകത്തിന് നൽകിയ സ്വർണകുടം ഉൾപ്പെടെയുള്ളവ (മാളികപ്പുറത്തേയ്ക്ക് കൊണ്ടുപോയ ഈ പെട്ടിയും പതിനെട്ടാം പടിയിലൂടെയാണ് താഴെ എത്തിച്ചത്).

മൂന്നാം പെട്ടി: തലപ്പാറമല, ഉടുമ്പാറമല കൊടികൾ, അയ്യപ്പന്റെ തിടമ്പ്, നെറ്റിപ്പട്ടം (വിളക്കെഴുന്നള്ളിപ്പിന് ഉപയോഗിച്ചവ).

ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിന് സമാപനം; മാളികപ്പുറത്ത് ഗുരുതി നടന്നു

0

ശബരിമല: ഈ വർഷത്തെ മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിന് പരിസമാപ്തി കുറിച്ചുകൊണ്ട് മാളികപ്പുറം മണിമണ്ഡപത്തിന് മുന്നില്‍ ഗുരുതി പൂജ നടന്നു. ഇന്നലെ (ജനുവരി 19) രാത്രി ഹരിവരാസനം ചൊല്ലി സന്നിധാനം നട അടച്ചശേഷം പന്തളം രാജപ്രതിനിധി പുണര്‍തം നാള്‍ നാരായണ വര്‍മയുടെ സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങുകൾ നടന്നത്.

ചടങ്ങുകൾ ഇങ്ങനെ: ഗുരുതിക്ക് മുന്നോടിയായി മാളികപ്പുറം നടയടച്ച് മേല്‍ശാന്തി സന്നിധാനത്തേയ്ക്ക് മടങ്ങിയിരുന്നു. തുടർന്ന് മണിമണ്ഡപത്തിന് മുന്നില്‍ വാഴപ്പോളയും കുരുത്തോലയും ഉപയോഗിച്ച് 64 കളങ്ങൾ തീർത്തു. നടുവില്‍ പന്തം കൊളുത്തി, ചുറ്റും നിലവിളക്ക്, പൂക്കുല, പൂമാല എന്നിവ കൊണ്ട് അലങ്കരിച്ചു. സന്ധ്യയ്ക്ക് സന്നിധാനത്തേയ്ക്ക് പോയ രാജപ്രതിനിധി, ഹരിവരാസനത്തിന് ശേഷം തിരിച്ചെത്തിയതിന് പിന്നാലെയായിരുന്നു ഗുരുതി ആരംഭിച്ചത്.

മഞ്ഞള്‍പ്പൊടിയും ചുണ്ണാമ്പും കുഴച്ചുണ്ടാക്കിയ ചുവന്ന നിണം തര്‍പ്പണം ചെയ്ത് കുമ്പളങ്ങ വെട്ടി. തുടർന്ന് ഭക്തര്‍ക്ക് പ്രസാദം വിതരണം ചെയ്തു. റാന്നി കുന്നയ്ക്കാട്ട് കുടുംബക്കാരായ രതീഷ് അയ്യപ്പകുറുപ്പ്, അജിത് ജനാര്‍ദന കുറുപ്പ്, ജയകുമാര്‍ ജനാര്‍ദനകുറുപ്പ് എന്നിവര്‍ ഗുരുതിക്ക് നേതൃത്വം നല്‍കി.

ചടങ്ങിന് ശേഷം രാജപ്രതിനിധിയുടെ സാന്നിദ്ധ്യത്തില്‍ കര്‍മികള്‍ മണിമണ്ഡപം പൂട്ടി താക്കോല്‍ ദേവസ്വം അധികൃതര്‍ക്ക് കൈമാറി. മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ആറു ദിവസം മാത്രമാണ് മണിമണ്ഡപം തുറന്നത്.

കാശ്മീരിൽ നിന്ന് ആപ്പിളുമായി ലോറി ഓടിച്ചെത്തുന്ന ജലജ ചേച്ചി, പിന്നെ എൻ്റെ അമ്മയും”; പ്രചോദനമാകുന്ന വാക്കുകളുമായി മഞ്ജു വാര്യർ

0

സ്വപ്നങ്ങൾക്കും ആഗ്രഹങ്ങൾക്കും പ്രായമൊരു തടസ്സമല്ലെന്ന് സ്വന്തം ജീവിതാനുഭവങ്ങളിലൂടെ ഓർമ്മപ്പെടുത്തുകയാണ് നടി മഞ്ജു വാര്യർ. വനിതാ കമ്മീഷന്റെ ‘പറന്നുയരാം കരുത്തോടെ’ ക്യാംപെയ്ൻ ഉദ്ഘാടനം നി‍ർവഹിച്ച് വേദിയിൽ സംസാരിക്കവെയാണ് തനിക്ക് ഏറെ പ്രചോദനമായ രണ്ട് സ്ത്രീകളെക്കുറിച്ച് മഞ്ജു മനസ്സ് തുറന്നത്. കാശ്മീരിൽ നിന്ന് കേരളത്തിലേക്ക് ലോറി ഓടിച്ചെത്തുന്ന ജലജ എന്ന സ്ത്രീയുടെയും, അച്ഛന്റെ മരണശേഷം കലയും സാഹിത്യവും തിരികെ പിടിച്ച് ജീവിതം ആഘോഷിക്കുന്ന സ്വന്തം അമ്മയുടെയും വിശേഷങ്ങളാണ് മഞ്ജു പങ്കുവെച്ചത്.

വാഹനം ഓടിക്കാനും യാത്ര ചെയ്യാനും ഏറെ ഇഷ്ടമുണ്ടായിരുന്ന ജലജ എന്ന സ്ത്രീ, ജീവിതസാഹചര്യങ്ങൾ മൂലം മാറ്റിവെച്ച ആഗ്രഹങ്ങൾ പിന്നീട് എങ്ങനെ തിരിച്ചുപിടിച്ചു എന്ന് മഞ്ജു വിവരിക്കുന്നു. ഡ്രൈവിംഗ് പഠിച്ച്, ഹെവി ലൈസൻസ് എടുത്ത്, ഇന്ന് കാശ്മീരിൽ നിന്ന് കേരളത്തിലേക്ക് ആപ്പിളുമായി വരുന്ന ലോറികളിലൊന്ന് ഓടിക്കുന്നത് ജലജയാണ്. മക്കൾക്കൊപ്പം യാത്ര ചെയ്തും വ്ലോഗ് ചെയ്തുമൊക്കെ അവർ ജീവിതം ആസ്വദിക്കുന്നത് തനിക്ക് വലിയ കൗതുകവും സന്തോഷവും നൽകിയെന്ന് മഞ്ജു പറഞ്ഞു.

ഇതുകേട്ടപ്പോൾ സ്വന്തം അമ്മയെയാണ് ഓർമ്മ വന്നതെന്നും മഞ്ജു കൂട്ടിച്ചേർത്തു. അച്ഛന്റെ വിയോഗശേഷം അമ്മ തളർന്നുപോകുമെന്ന് മക്കൾ ഭയന്നെങ്കിലും, എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് അമ്മ സ്വന്തം സന്തോഷങ്ങൾ കണ്ടെത്തുകയായിരുന്നു. പണ്ട് ഇഷ്ടമായിരുന്ന നൃത്തവും പാട്ടും തിരികെ പിടിക്കാനും, കഥകളിയും മോഹിനിയാട്ടവും പഠിക്കാനും അമ്മ തയ്യാറായി. ഫേസ്ബുക്കിൽ കുറിപ്പുകൾ എഴുതിയും പുസ്തകം പ്രസിദ്ധീകരിച്ചും സുഹൃത്തുക്കൾക്കൊപ്പം യാത്രകൾ പോയും അമ്മ നൽകുന്ന പ്രചോദനം ചെറുതല്ലെന്നും മഞ്ജു വാര്യർ വേദിയിൽ പറഞ്ഞു. ഏത് പ്രായത്തിലും ആഗ്രഹിച്ചാൽ സ്വന്തം സന്തോഷങ്ങൾ കണ്ടെത്താം എന്നതിന് ഉദാഹരണമാണ് തന്റെ അമ്മയെന്നും മഞ്ജു കൂട്ടിച്ചേർത്തു.

Manjuwarrier Inspiration life story speech

തിരിച്ചെത്തിയത് യഥാർഥ സ്വർണ പാളികളല്ലെന്ന് സംശയം പ്രകടിപ്പിച്ച് ഹൈക്കോടതി

0

കൊച്ചി: ശബരിമലയിൽ വൻ സ്വർണക്കൊള്ള നടന്നതായി ഹൈക്കോടതിയുടെ നിരീക്ഷണം. അറ്റകുറ്റപ്പണികൾക്കായി കൊണ്ടുപോയ ശേഷം ക്ഷേത്രത്തിൽ തിരിച്ചെത്തിയത് യഥാർഥ സ്വർണ പാളികളല്ലെന്ന് കോടതി സംശയം പ്രകടിപ്പിച്ചു. വിക്രം സാരാഭായി സ്പേസ് സെന്റർ (VSSC) സമർപ്പിച്ച പരിശോധന റിപ്പോർട്ട് ഈ സംശയം ബലപ്പെടുത്തുന്നതായും കോടതി വ്യക്തമാക്കി.

അഷ്ടദിക്പാലക വിഗ്രഹങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. നിലവിലെ അന്വേഷണത്തിൽ തൃപ്തി രേഖപ്പെടുത്തിയ കോടതി, പ്രത്യേക അന്വേഷണ സംഘത്തിൽ (SIT) രണ്ട് ഉദ്യോഗസ്ഥരെ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, കൊടിമരം മാറ്റി സ്ഥാപിച്ചതുമായി ബന്ധപ്പെട്ട ഇടപാടുകളിലേക്കും അന്വേഷണം വ്യാപിപ്പിക്കണമെന്നും, സംശയങ്ങൾ നീക്കാൻ സമഗ്രമായ അന്വേഷണം അനിവാര്യമാണെന്നും കോടതി നിർദ്ദേശിച്ചു.

സോഷ്യൽ മീഡിയ വിചാരണയ്ക്കെതിരെ കൈലാസ് മേനോൻ; കോഴിക്കോട്ടെ യുവാവിന്റെ ആത്മഹത്യയിൽ രൂക്ഷവിമർശനം

0

കോഴിക്കോട് ഗോവിന്ദപുരം സ്വദേശിയായ ദീപക് (42) ആത്മഹത്യ ചെയ്ത സംഭവത്തിൽ സോഷ്യൽ മീഡിയ വിചാരണയ്ക്കെതിരെ രൂക്ഷവിമർശനവുമായി സംഗീത സംവിധായകൻ കൈലാസ് മേനോൻ. ബസ്സിൽ വെച്ച് ലൈംഗികമായി ഉപദ്രവിച്ചു എന്നാരോപിച്ച് യുവതി സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവെച്ചതിന് പിന്നാലെയാണ് ദീപക്കിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ വിഷയത്തിലാണ് കൈലാസ് മേനോൻ ഇൻസ്റ്റാഗ്രാമിലൂടെ ശക്തമായി പ്രതികരിച്ചത്.

ഒരാൾക്കെതിരെ ആരോപണങ്ങൾ ഉണ്ടെങ്കിൽ അത് നിയമപരമായ വഴിയിലൂടെയാണ് തെളിയിക്കപ്പെടേണ്ടതെന്നും, മറിച്ച് സോഷ്യൽ മീഡിയയിലൂടെ വ്യക്തിഹത്യ നടത്തി ഒരാളെ ആത്മഹത്യയിലേക്ക് നയിക്കുന്നത് 10 വർഷം വരെ തടവ് ലഭിക്കാവുന്ന ക്രൂരമായ കുറ്റകൃത്യമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

കൈലാസ് മേനോന്റെ പോസ്റ്റിലെ പ്രധാന ഭാഗങ്ങൾ:

“കുറ്റം ചെയ്തിട്ടില്ലെങ്കിൽ പിന്നെ എന്തിനാണ് അയാൾ ആത്മഹത്യ ചെയ്തത് എന്ന് പലരും ചോദിച്ചു കണ്ടു. എന്നാൽ എല്ലാ മനുഷ്യർക്കും ഇത്തരം പ്രതിസന്ധികളെ നേരിടാനുള്ള മാനസിക കരുത്ത് ഉണ്ടാകണമെന്നില്ല. താൻ ഒരു തെറ്റും ചെയ്തിട്ടില്ലെങ്കിൽ പോലും, സമൂഹത്തിന് മുന്നിൽ നേരിടേണ്ടി വരുന്ന അപമാനത്തെ ഭയന്ന് പലരും തകർന്നു പോകാറുണ്ട്.

തന്റെ നിരപരാധിത്വം തെളിയിക്കാൻ മരണമല്ലാതെ മറ്റൊരു വഴിയുമില്ലെന്ന നിസ്സഹായാവസ്ഥയിലായിരിക്കാം അവർ ഇത്തരം കഠിനമായ തീരുമാനങ്ങൾ എടുക്കുന്നത്. ആത്മഹത്യ ഒരിക്കലും ഒരു തെറ്റായ പ്രവൃത്തിയെ ശരിവെക്കലല്ല, മറിച്ച് താങ്ങാനാവാത്ത മാനസിക സമ്മർദ്ദത്തിന്റെ പ്രതിഫലനമാണ്.”

നീതി എന്നത് പുരുഷനും സ്ത്രീക്കും ഒരുപോലെ അവകാശപ്പെട്ടതാണെന്നും, പോലീസിൽ പരാതി പോലും ഇല്ലാതിരുന്നിട്ടും കേവലം ആരോപണങ്ങളുടെ പേരിൽ ഒരാളെ മരണത്തിലേക്ക് തള്ളിവിടുന്നത് അങ്ങേയറ്റം നിർഭാഗ്യകരമാണെന്നും അദ്ദേഹം കുറിച്ചു. ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും കൈലാസ് മേനോൻ ആവശ്യപ്പെട്ടു.


നിരാകരണം: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക സംഘർഷം അനുഭവിക്കുന്നവർക്ക് സഹായത്തിനായി ദിശ (1056) നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

music director kailas menon about kozhikod deepak issue

തിരുനാവായ മഹാമാഘ മഹോത്സവത്തിന് ഭക്തിസാന്ദ്രമായ തുടക്കം; ധർമ്മധ്വജാരോഹണം നിർവഹിച്ച് ഗവർണർ

0

മലപ്പുറം: ദക്ഷിണ ഭാരതത്തിലെ കുംഭമേള എന്നറിയപ്പെടുന്ന ചരിത്രപ്രസിദ്ധമായ തിരുനാവായ മഹാമാഘ മഹോത്സവത്തിന് ഔദ്യോഗിക തുടക്കം. തിങ്കളാഴ്ച (ജനുവരി 19) രാവിലെ 11 മണിക്ക് നടന്ന ചടങ്ങിൽ കേരള ഗവർണർ ശ്രീ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ‘ധർമ്മധ്വജാരോഹണം’ (കൊടിയേറ്റം) നിർവഹിച്ചതോടെയാണ് നിളയുടെ തീരത്തെ ഈ ആത്മീയ സംഗമത്തിന് തുടക്കമായത്.

നാവാമുകുന്ദ ക്ഷേത്രത്തിന് സമീപം ഭാരതപ്പുഴയുടെ തീരത്താണ് ചടങ്ങുകൾ നടക്കുന്നത്. മഹാമാഘ സഭാപതി മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി, സ്വാമി ശക്താനന്ദ മഹർഷി തുടങ്ങിയ പ്രമുഖ സന്യാസിവര്യന്മാരും സാമൂതിരി രാജകുടുംബാംഗങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു.

12 വർഷത്തിലൊരിക്കൽ നടക്കുന്ന ഉത്തരേന്ത്യൻ കുംഭമേളകളുടെ മാതൃകയിലാണ് ഇത്തവണത്തെ മഹാമാഘ മഹോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. ജനുവരി 16 മുതൽ തന്നെ വിവിധ പ്രായശ്ചിത്ത കർമ്മങ്ങളും പൂജകളും ആരംഭിച്ചിരുന്നു. അപൂർവ്വമായ ‘കാലചക്ര ബലി’, പിതൃയാനം തുടങ്ങിയ ചടങ്ങുകൾക്കും നിളയുടെ തീരം വേദിയായി.

ഗംഗാ ആരതിയുടെ മാതൃകയിൽ എല്ലാ ദിവസവും വൈകുന്നേരം ഭാരതപ്പുഴയുടെ തീരത്ത് ‘നിളാ ആരതി’ നടക്കും. ഭാരതപ്പുഴയെ ആരാധനാമൂർത്തിയായി കണ്ട് ചിട്ടയോടെയുള്ള പൊതു ആരാധന നടക്കുന്നത് ചരിത്രത്തിലാദ്യമായാണ്.

ഫെബ്രുവരി 3-ന് (മകം നക്ഷത്രത്തിൽ) നടക്കുന്ന ‘അമൃതസ്നാന’ത്തോടെയാണ് മഹോത്സവം സമാപിക്കുക. ഈ ദിവസങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സന്യാസിമാരും ഭക്തരും തിരുനാവായയിലേക്ക് ഒഴുകിയെത്തും.

പഴയകാല മാമാങ്കത്തിന്റെ ചരിത്രസ്മരണകൾ ഉണർത്തി, സനാതന ധർമ്മത്തിന്റെ വീണ്ടെടുപ്പെന്ന ലക്ഷ്യത്തോടെ ജുന അഖാഡയുടെ നേതൃത്വത്തിലാണ് ഈ മഹോത്സവം സംഘടിപ്പിക്കുന്നത്. ഭാരതപ്പുഴയുടെ തീരത്ത് താത്കാലിക നിർമ്മാണങ്ങളുമായി ബന്ധപ്പെട്ട് ചില തടസ്സങ്ങൾ നേരിട്ടിരുന്നെങ്കിലും, ജില്ലാ ഭരണകൂടവുമായി നടത്തിയ ചർച്ചകൾക്കൊടുവിൽ തടസ്സങ്ങൾ നീങ്ങിയതോടെയാണ് ഉത്സവം പൂർണ്ണതോതിൽ ആരംഭിച്ചത്.

വിവാദങ്ങൾക്ക് വിട; ദുബായിൽ അജിത്തിനെ സന്ദർശിച്ച് നയൻതാരയും വിഘ്നേഷും

0

തമിഴ് സൂപ്പർതാരം അജിത് കുമാറും നടി നയൻതാരയും ഭർത്താവ് വിഘ്നേഷ് ശിവനും തമ്മിലുള്ള കൂടിക്കാഴ്ചയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ദുബായിൽ നടക്കുന്ന 24H ദുബായ് സീരീസ് കാറോട്ട മത്സരത്തിൽ പങ്കെടുക്കുന്ന അജിത്തിനെ കാണാനും പ്രോത്സാഹിപ്പിക്കാനുമാണ് നയൻതാരയും വിഘ്നേഷും എത്തിയത്.

റേസിംഗ് സർക്യൂട്ടിൽ വെച്ച് അജിത്ത് ഇരുവരുമായി സൗഹൃദ സംഭാഷണം നടത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മുൻപ് വിഘ്നേഷ് ശിവൻ സംവിധാനം ചെയ്യാനിരുന്ന അജിത് ചിത്രം (AK62) മുടങ്ങിയതിനെ തുടർന്ന് ഇവർക്കിടയിൽ അസ്വാരസ്യങ്ങൾ ഉണ്ടെന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ, അജിത്തും വിഘ്നേഷും പരസ്പരം ആലിംഗനം ചെയ്യുന്നതും സ്നേഹത്തോടെ സംസാരിക്കുന്നതും ഈ അഭ്യൂഹങ്ങൾക്കുള്ള മറുപടിയാണെന്ന് ആരാധകർ പറയുന്നു.

മത്സരത്തിൽ അജിത്തിന്റെ പ്രകടനം കാണാൻ സംഗീത സംവിധായകൻ ജി.വി. പ്രകാശും നടൻ സിബി സത്യരാജും എത്തിയിരുന്നു. റേസിംഗിനോടുള്ള അജിത്തിന്റെ അർപ്പണബോധത്തെ പ്രശംസിച്ച് സിബി സത്യരാജ് സോഷ്യൽ മീഡിയയിൽ കുറിപ്പും പങ്കുവെച്ചിട്ടുണ്ട്. എ.എൽ വിജയ് സംവിധാനം ചെയ്യുന്ന അജിത്തിന്റെ റേസിംഗ് ജീവിതത്തെക്കുറിച്ചുള്ള 90 മിനിറ്റ് ഡോക്യുമെന്ററിയിലും ഈ മത്സരങ്ങൾ ഉൾപ്പെടുത്തുമെന്നാണ് വിവരം.

യുവാക്കൾക്ക് തങ്ങളുടെ സ്വപ്നങ്ങൾ പിന്തുടരാൻ പ്രചോദനം നൽകുന്നതാണ് അജിത്തിന്റെ ഈ റേസിംഗ് യാത്രയെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കുന്നു.

Ajith Nayanthara latest news viral video

ദുരൂഹതയുടെ വഴിയിലൊരു ത്രില്ലർ ചിത്രം ……. ക്രിസ്റ്റീന 30 ന്

0

സി എസ് ഫിലിംസിൻ്റെ ബാനറിൽ ചിത്രാ സുദർശനൻ നിർമ്മിച്ച് സുദർശനൻ രചനയും സംവിധാനവും നിർവ്വഹിച്ച് ത്രില്ലർ മൂഡിലൊരുക്കിയ ചിത്രം “ക്രിസ്റ്റീന” ജനുവരി 30-ന് തീയേറ്ററുകളിലെത്തുന്നു. ഒരേ സമയം കേരളത്തിലും തമിഴ്നാട്ടിലും കർണ്ണാടകയിലുമാണ് ചിത്രമെത്തുന്നത്.

സുധീർ കരമന, എം ആർ ഗോപകുമാർ, സീമ ജി നായർ, ആര്യ, നസീർ സംക്രാന്തി, സുനീഷ് കെ ജാൻ, കലാഭവൻ നന്ദന, മുരളി മാനിഷാദ, കോബ്ര രാജേഷ്, ശിവമുരളി, മായാകൃഷ്ണ, ശ്രീജിത്ത് ബാലരാമപുരം, രാജീവ് റോബർട്ട്, അഭി, അനീഷ്, സുനിൽ പുന്നക്കാട്, രാജേഷ് വിശ്വരൂപം, ചിത്ര സുദർശനൻ, രാജീവ്, മാസ്റ്റർ അശ്വജിത്ത്, കുമാരി അവന്തിക പാർവ്വതി, രാജേന്ദ്രൻ ഉമ്മണ്ണൂർ എന്നിവരാണ് കഥാപാത്രങ്ങൾക്കു ജീവൻ പകരുന്നത്.

ബാനർ- സി എസ് ഫിലിംസ്, രചന, സംവിധാനം – സുദർശനൻ, നിർമ്മാണം – ചിത്രാ സുദർശനൻ, ഛായാഗ്രഹണം – ഷമീർ ജിബ്രാൻ, എഡിറ്റിംഗ് – അക്ഷയ് സൗദ, സംഗീതം -ശ്രീനാഥ് എസ് വിജയ്, പശ്ചാത്തല സംഗീതം – സൺഫീർ, ഗാനരചന – ശരൺ ഇൻഡോകേര, പാടിയവർ – നജിം അർഷാദ്, ജാസി ഗിഫ്റ്റ്, രശ്മി മധു, ലക്ഷ്മി രാജേഷ്, വിതരണം – എസ് എഫ് സി ആഡ്സ്, മ്യൂസിക്ക് റൈറ്റ്സ് -ഗുഡ്‌വിൽ എൻ്റർടെയ്ൻമെൻ്റ്സ്, കല- ഉണ്ണി റസ്സൽപുരം, ചമയം – അഭിലാഷ് തിരുപുറം,അനിൽ നേമം, കോസ്റ്റ്യും – ഇന്ദ്രൻസ് ജയൻ, ബിജു മങ്ങാട്ടുകോണം, പ്രൊഡക്ഷൻ കൺട്രോളർ – അജയഘോഷ് പരവൂർ, അസ്സോസിയേറ്റ് ഡയറക്ടർ – സബിൻ കാട്ടുങ്കൽ, കോറിയോഗ്രാഫി – സൂര്യ, ആക്ഷൻ- സുരേഷ്, പ്രൊഡക്ഷൻ മാനേജർ – ആർ കെ കല്ലുംപുറത്ത്, വിജയലക്ഷ്മി, ഡിഐ- അരുൺകുമാർ, സ്പോട്ടഡ് കളേഴ്സ്, സ്റ്റുഡിയോ- ചിത്രാഞ്ജലി, ഡിസൈൻസ് -ടെറസോക്കോ, സ്റ്റിൽസ് – അഖിൽദേവ്, പി ആർ ഓ – അജയ് തുണ്ടത്തിൽ