
സ്വപ്നങ്ങൾക്കും ആഗ്രഹങ്ങൾക്കും പ്രായമൊരു തടസ്സമല്ലെന്ന് സ്വന്തം ജീവിതാനുഭവങ്ങളിലൂടെ ഓർമ്മപ്പെടുത്തുകയാണ് നടി മഞ്ജു വാര്യർ. വനിതാ കമ്മീഷന്റെ ‘പറന്നുയരാം കരുത്തോടെ’ ക്യാംപെയ്ൻ ഉദ്ഘാടനം നിർവഹിച്ച് വേദിയിൽ സംസാരിക്കവെയാണ് തനിക്ക് ഏറെ പ്രചോദനമായ രണ്ട് സ്ത്രീകളെക്കുറിച്ച് മഞ്ജു മനസ്സ് തുറന്നത്. കാശ്മീരിൽ നിന്ന് കേരളത്തിലേക്ക് ലോറി ഓടിച്ചെത്തുന്ന ജലജ എന്ന സ്ത്രീയുടെയും, അച്ഛന്റെ മരണശേഷം കലയും സാഹിത്യവും തിരികെ പിടിച്ച് ജീവിതം ആഘോഷിക്കുന്ന സ്വന്തം അമ്മയുടെയും വിശേഷങ്ങളാണ് മഞ്ജു പങ്കുവെച്ചത്.
വാഹനം ഓടിക്കാനും യാത്ര ചെയ്യാനും ഏറെ ഇഷ്ടമുണ്ടായിരുന്ന ജലജ എന്ന സ്ത്രീ, ജീവിതസാഹചര്യങ്ങൾ മൂലം മാറ്റിവെച്ച ആഗ്രഹങ്ങൾ പിന്നീട് എങ്ങനെ തിരിച്ചുപിടിച്ചു എന്ന് മഞ്ജു വിവരിക്കുന്നു. ഡ്രൈവിംഗ് പഠിച്ച്, ഹെവി ലൈസൻസ് എടുത്ത്, ഇന്ന് കാശ്മീരിൽ നിന്ന് കേരളത്തിലേക്ക് ആപ്പിളുമായി വരുന്ന ലോറികളിലൊന്ന് ഓടിക്കുന്നത് ജലജയാണ്. മക്കൾക്കൊപ്പം യാത്ര ചെയ്തും വ്ലോഗ് ചെയ്തുമൊക്കെ അവർ ജീവിതം ആസ്വദിക്കുന്നത് തനിക്ക് വലിയ കൗതുകവും സന്തോഷവും നൽകിയെന്ന് മഞ്ജു പറഞ്ഞു.
ഇതുകേട്ടപ്പോൾ സ്വന്തം അമ്മയെയാണ് ഓർമ്മ വന്നതെന്നും മഞ്ജു കൂട്ടിച്ചേർത്തു. അച്ഛന്റെ വിയോഗശേഷം അമ്മ തളർന്നുപോകുമെന്ന് മക്കൾ ഭയന്നെങ്കിലും, എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് അമ്മ സ്വന്തം സന്തോഷങ്ങൾ കണ്ടെത്തുകയായിരുന്നു. പണ്ട് ഇഷ്ടമായിരുന്ന നൃത്തവും പാട്ടും തിരികെ പിടിക്കാനും, കഥകളിയും മോഹിനിയാട്ടവും പഠിക്കാനും അമ്മ തയ്യാറായി. ഫേസ്ബുക്കിൽ കുറിപ്പുകൾ എഴുതിയും പുസ്തകം പ്രസിദ്ധീകരിച്ചും സുഹൃത്തുക്കൾക്കൊപ്പം യാത്രകൾ പോയും അമ്മ നൽകുന്ന പ്രചോദനം ചെറുതല്ലെന്നും മഞ്ജു വാര്യർ വേദിയിൽ പറഞ്ഞു. ഏത് പ്രായത്തിലും ആഗ്രഹിച്ചാൽ സ്വന്തം സന്തോഷങ്ങൾ കണ്ടെത്താം എന്നതിന് ഉദാഹരണമാണ് തന്റെ അമ്മയെന്നും മഞ്ജു കൂട്ടിച്ചേർത്തു.
Manjuwarrier Inspiration life story speech
