സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം പി.ജയരാജന് വധഭീഷണിയെ തുടർന്ന് സുരക്ഷ വർദ്ധിപ്പിക്കാൻ ഐ.ജി അശോക് യാദവ് ഉത്തരവിട്ടു. പെരിങ്ങത്തൂർ മൻസൂർ വധക്കേസിനെ തുടർന്ന് ജയരാജന് വധഭീഷണിയുണ്ടെന്ന ഇൻ്റലിജൻസ് റിപ്പോർട്ടിനെ തുടർന്നാണിത്.
ഇതോടെ ജയരാജൻ പങ്കെടുക്കുന്ന പരിപാടികളിൽ പോലീസ് സുരക്ഷ ശക്തമാക്കും.കുത്തുപറമ്പ് പാട്യത്തെ വീട്ടിൽ കുടുതൽ പോലീസ് സുരക്ഷയൊരുക്കണമെന്ന നിർദ്ദേശം ഐ.ജി നൽകിയിട്ടുണ്ടെങ്കിലും ജയരാജൻ നിരസിച്ചു.നിലവിൽ ഒരു ഗൺമാൻ മാത്രമാണ് ജയരാജനൊപ്പമുള്ളത്.
Death threat: Order to increase security for P Jayarajan
പാക്കിസ്ഥാനിലെ ക്വറ്റയിൽ ആഡംബര ഹോട്ടലിലുണ്ടായ ഭീകരാക്രമണത്തിൽ നാലുപേർ മരിച്ചു. ആഡംബര ഹോട്ടൽ ശൃംഖലയായ സെറീനയുടെ ക്വറ്റയിലുള്ള ഹോട്ടലിന്റെ കാർ പാർക്കിങ്ങിലാണ് സംഭവം. ബലൂചിസ്ഥാൻ പ്രവിശ്യയുടെ തലസ്ഥാനമാണ് ക്വറ്റ. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക്കിസ്ഥാൻ താലിബാൻ ഏറ്റെടുന്നു.
12 പേർക്കു പരുക്കേറ്റതായി പാക്ക് ആഭ്യന്തരമന്ത്രി ഷെയ്ഖ് റാഷിദ് അഹമ്മദ് വാർത്താ ഏജൻസിയായ എഎഫ്പിയോടു പറഞ്ഞു. തെക്കു പടിഞ്ഞാറൻ പാക്കിസ്ഥാനിലെ ഈ ഹോട്ടലിലാണ് ചൈനീസ് അംബാസഡർ കഴിഞ്ഞിരുന്നത്. എന്നാൽ സ്‌ഫോടന സമയം ചൈനീസ് സംഘം ഹോട്ടലിൽ ഉണ്ടായിരുന്നില്ല.
ചൈനീസ് അംബാസഡർ നോങ് റോങ്ങിന്റെ നേതൃത്വത്തിൽ നാലംഗ സംഘമായിരുന്നു ഹോട്ടലിൽ താമസിച്ചിരുന്നത്. സ്‌ഫോടന സമയം സംഘം യോഗത്തിനായി പുറത്തുപോയിരിക്കുകയായിരുന്നു. സംഭവത്തിൽ ചൈനീസ് എംബസി ഇതുവരെ പ്രതികരിച്ചിട്ടില്ല.
പാർക്കിങ്ങിലെ ഏതോ വാഹനത്തിൽ വച്ചിരുന്ന ഐഇഡി ആണ് പൊട്ടിത്തെറിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിനുശേഷം മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനായ അസർ ഇക്രം അറിയിച്ചു.
English Summary : Terrorist attack on hotel in Pakistan where Chinese ambassador was staying; 4 deaths
സോളാർ തട്ടിപ്പ് കേസിൽ സരിത എസ് നായർ അറസ്റ്റിൽ. കോഴിക്കോട് കസബ പൊലീസ് തിരുവനന്തപുരത്ത് എത്തിയാണ് അറസ്റ്റ് ചെയ്‌തത് .കോടതിയിൽ തുടർച്ചയായി ഹാജരാകാതിരുന്നതാണ് അറസ്റ്റിന് കാരണം. കോഴിക്കോട് സ്വദേശിയായ അബ്ദുൽ മജീദിന്റെ വീട്ടിലും ഓഫീസിലും സോളാർ പാനൽ സ്ഥാപിക്കാനായി 42 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചു എന്ന കേസിലാണ് അറസ്റ്റ്.
നേരത്തെ കേസിൽ സരിതയുടെയും ബിജു രാധാകൃഷ്ണൻറെ യും ജാമ്യം റദ്ദാക്കി കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഫെബ്രുവരി 25 ന് ഹാജരാക്കണമെന്നായിരുന്നു കോടതി നിർദേശം. കേസിൽ ബിജു രാധാകൃഷ്ണൻ ഒന്നാം പ്രതിയും സരിത എസ് നായർ രണ്ടാം പ്രതിയുമാണ്.
English Summary : Solar case: Saritha Nair arrested
കേരളത്തിൽ ആശങ്കാജനകമായ സാഹചര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പോസിറ്റിവിറ്റി കൂടിയ മേഖലകളിൽ ശക്തമായ നിയന്ത്രണം വേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജാഗ്രതയോടെ രോഗത്തെ മികച്ച രീതിയിൽ പ്രതിരോധിക്കാമെന്ന് ആദ്യഘട്ടത്തിൽ നാം തെളിയിച്ചതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 11 ശതമാനത്തിൽ താഴെ ആളുകൾക്കാണ് ആദ്യഘട്ടത്തിൽ കേരളത്തിൽ രോഗം ബാധിച്ചത്. രണ്ടാംഘട്ട വ്യാപന വേളയിൽ ശക്തമായ സംവിധാനങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് നിലവിൽ ഓക്‌സിജൻ ദൗർലഭ്യം ഇല്ലെന്നും ഐസിയു, വെന്റിലേറ്റർ സംവിധാനങ്ങൾ തൃപ്തികരമാണെന്നും മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് സമഗ്രവും സുസജ്ജവുമായ സംവിധാനങ്ങൾ ഇതിനോടകം തയാറാണ്. വരും ദിവസങ്ങളിൽ സംവിധാനങ്ങൾ കൂടുതൽ വിപുലപ്പെടുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ക്രഷ് ദ് കർവ് സ്ട്രാറ്റജിയാണ് സംസ്ഥാനത്ത് ഇപ്പോൾ നടപ്പിലാക്കുന്നത്. സ്വയം സുരക്ഷാ കവചം ഒരുക്കുക എന്നതാണ് അടിസ്ഥാനം. കൂട്ടം ചേരൽ, അടുത്തിടപഴകൽ, അടച്ചിട്ട ഇടങ്ങൾ എന്നിവ പരമാവധി ഒഴിവാക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
English Summary : Worrying situation in Kerala: CM
തുടർ തോൽവികളുടെ സമ്മർദ്ദത്തെ അതിജീവിച്ച് ഉജ്ജ്വല വിജയവുമായി സൺറൈസേഴ്സ് ഹൈദരാബാദ്. പഞ്ചാബ് കിംഗ്സിനെ ഒമ്പത് വിക്കറ്റിനാണ് ഹൈദരാബാദ് തകർത്തത്. പഞ്ചാബിനെ 120 റൺസിൽ എറിഞ്ഞിട്ട ഹൈദരാബാദ് എട്ട് പന്തുകൾ ബാക്കിനിൽക്കെ ഒരു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.
സ്കോർ:പഞ്ചാബ്: 120 (19.4)ഹൈദരാബാദ്: 121/1 (18.4)
22 റൺസ് വീതമെടുത്ത ഷാരൂഖ് ഖാൻ, മായങ്ക് അഗർവാൾ എന്നിവർ മാത്രമാണ് ഹൈദരാബാദ് ബൗളിംഗിനെ ചെറുത്തുനിന്നത്. ഹൈദരാബാദിനായി ഖലീൽ അഹമ്മദ് മൂന്നും അഭിഷേക് ശർമ്മ രണ്ടും വിക്കറ്റെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദിനായി ജോണി ബെയർസ്റ്റോയും നായകൻ ഡേവിഡ് വാർനറും ചേർന്ന് മികച്ച തുടക്കം നൽകി. ബെയർസ്റ്റോ പുറത്താകാതെ 63(56) റൺസെടുത്തു. ടീമിനെ വിജയത്തിന് അടുത്തെത്തിച്ച ശേഷമാണ് വാർനർ 37(37) മടങ്ങിയത്. സീസണിൽ ആദ്യ മത്സരത്തിനിറങ്ങിയ കെയ്ൻ വില്യംസൺ 16 റൺസെടുത്ത് പുറത്താകാതെ നിന്നു.
English Summary : IPL :A brilliant victory for Hyderabad
വാക്സിനേഷൻ സെന്ററുകളിലെത്തി കോവിഡ് വാക്സിൻ എടുക്കാൻ കഴിയാത്ത കിടപ്പുരോഗികൾക്ക് അവരുടെ വീട്ടിലെത്തി വാക്സിൻ നൽകണമെന്ന പരാതിയിൽ സ്വീകരിക്കാൻ കഴിയുന്ന നടപടികൾ സമർപ്പിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സർക്കാരിന് നോട്ടീസയച്ചു.ആരോഗ്യവകുപ്പ് സെക്രട്ടറിയും ആരോഗ്യവകുപ്പ് ഡയറക്ടറും നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. കിടപ്പുരോഗികൾ, അംഗപരിമിതർ, സാന്ത്വന ചികിത്സാ രോഗികൾ എന്നിവർക്ക് അവരവരുടെ വീട്ടിലെത്തി വാക്സിൻ നൽകണമെന്നാണ് ആവശ്യം. ഇവർക്ക് വാക്സിനേഷൻ സെന്ററുകളിലെത്തി വാക്സിനെടുക്കാൻ അനാരോഗ്യം കാരണം കഴിയില്ലെന്ന് മനുഷ്യാവകാശ പ്രവർത്തകനായ തമ്പി സുബ്രഹ്മണ്യൻ സമർപ്പിച്ച പരാതിയിൽ പറയുന്നു. കേസ് മേയ് 28 ന് പരിഗണിക്കും.
English Summary: Inpatients should be vaccinated at home; Human Rights Commission Notice
പത്തനംതിട്ട ജില്ലയില്‍ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസിന്റെ സാന്നിധ്യം സംശയിക്കുന്നതായി ആരോഗ്യ വിഭാഗം.
ഗുരുതര ശ്വാസതടസം നേരിട്ട 40 വയസില്‍ താഴെയുള്ള ചിലരുടെ മരണമാണ് സംശയത്തിന് കാരണമെന്ന് ഡിഎംഒ എഎല്‍ ഷീജ പറഞ്ഞു.
സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ കൃത്യമായി പരിശോധന നടത്തിയില്ലെങ്കില്‍ കടുത്ത വെല്ലുവിളിയാകുമെന്നാണ് ആരോഗ്യ പ്രവര്‍ത്തകരുടെ മുന്നറിയിപ്പ്.
ജില്ലയില്‍ കൊവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ധിക്കുന്നുണ്ടെങ്കിലും നിലവില്‍ സ്ഥിതി നിയന്ത്രണ വിധേയമെന്നാണ് വിലയിരുത്തല്‍.
എന്നാല്‍ കഴിഞ്ഞ മൂന്ന് ആഴ്ചക്കിടെ 40 വയസില്‍ താഴെയുള്ള നാല് പേര്‍ ജില്ലയില്‍ മരിച്ചു. ഇവരില്‍ ചിലര്‍ പുറത്ത് നിന്നെത്തിയവരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു.ജനിതക മാറ്റം സംഭവിച്ച വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെങ്കിലും സംശയമുണ്ട്.
English Summery : The health department suspects the presence of a genetically modified corona virus in Pathanamthitta
സംസ്ഥാനത്ത് അതിതീവ്ര കോവിഡ് വ്യാപനത്തിന് സാധ്യത. പ്രതിദിന രോഗികളുടെ എണ്ണം നാൽപ്പതിനായിരം വരെ ആയി ഉയർന്നേക്കാമെന്നാണ് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ നടന്ന കോവിഡ് കോര്‍ കമ്മറ്റി യോഗത്തിന്റെ വിലയിരുത്തല്‍. ആശുപത്രികളോട് സജ്ജമായിരിക്കാൻ നിർദേശം നൽകി.നിലവിൽ 1,18,673 പേരാണ് ചികിത്സയിലുള്ളത്.
സംസ്ഥാനത്ത് രണ്ട് ദിവസം കൊണ്ട് മൂന്ന് ലക്ഷത്തോളം പേരില്‍ കൂട്ട പരിശോധന നടത്താനും തീരുമാനമായിട്ടുണ്ട്. ഇതിന്റെ ഫലങ്ങൾ കൂടി വരുന്നതോടെ രോഗികളുടെ എണ്ണം അര ലക്ഷത്തിനടുത്ത് ഉയർന്നേക്കാം. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന മാസ് പരിശോധന ഫലപ്രദമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കൂടുതൽ ആളുകളെ പരിശോധനയ്ക്ക് വിധേയമാക്കാൻ തീരുമാനിച്ചത്.
മുപ്പത് ശതമാനത്തില്‍ കൂടുതല്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള തദ്ദേശ സ്വയംഭരണ പ്രദേശങ്ങളില്‍ വീടുകളിലെത്തി ആന്റിജന്‍ പരിശോധന നടത്തും. ജില്ലാ ടി.പി.ആറിന്റെ ഇരട്ടി ടെസ്റ്റ് പോസിറ്റിവിറ്റിയുള്ള തദ്ദേശ സ്ഥാപന പ്രദേശങ്ങളില്‍ എല്ലാ വീടുകളില്‍ നിന്നും ഒരാളെയെങ്കിലും പരിശോധിക്കും.
English Summary : Potential for extreme spread in the state; Testing for 3 lakh people
അതിരപ്പിള്ളി:കോവിഡ് വ്യാപനം കൂടുന്നതിനാൽ അതിരപ്പിള്ളി വിനോദ സഞ്ചാര മേഖല രണ്ടാഴ്ചത്തേക്ക് അടച്ചിടും.മെയ് 4 വരെ.തുമ്പൂർമുഴി, അതിരപ്പിള്ളി, വാഴച്ചാൽ, മലക്കപ്പാറ എന്നിവിടങ്ങളിലേക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കില്ല.
വിനോദ സഞ്ചാരികളെ വെറ്റിലപ്പാറ പലാത്തിന് സമീപമുള്ള താൽക്കാലിക ചെക്ക്പോസ്റ്റിൽ തടയും. റിസോർട്ടുകളിൽ മുറി ബുക്ക് ചെയ്തിട്ടുള്ളവരെ റിസോർട്ടിലേക്ക് പോകാൻ അനുവദിക്കും. ചൊവ്വാഴ്ച അതിരപ്പിള്ളി പഞ്ചായത്തിൽ ചേർന്ന കോവിഡ് നിരീക്ഷണ സമിതി യോഗത്തിലാണ് തീരുമാനം.
English Summary : Athirappilly tourist centers will be closed
കൊച്ചി തുറമുഖത്ത് വികസനത്തിന്റെ പുതിയ ചുവടുവയ്‌പായി സീ പ്ലെയ്ൻ ബർത്ത് ആരംഭിച്ചു. ബർത്തിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് സ്പൈസ് ജെറ്റിന്റെ സീ പ്ലെയ്ൻ തുറമുഖത്ത് നങ്കൂരമിട്ടു. ഗോവയിൽനിന്ന് മാലിയിലേക്ക് പോകുന്ന വിമാനം ഇന്ധനം നിറയ്ക്കുന്നതിനായാണ് കൊച്ചി തുറമുഖത്ത് എത്തിയത്. 18ന് പകൽ 11.30ന് എത്തിയ വിമാനം 975 ലിറ്റർ ഏവിയേഷൻ ടർബയ്ൻ ഇന്ധനവും (എടിഎഫ്) അവശ്യസാധനങ്ങളും നിറച്ചശേഷം 12.45ന് തുറമുഖം വിട്ടു. ഇതേദിവസംതന്നെ വല്ലാർപാടം കണ്ടെയ്നർ ടെർമിനലിൽനിന്ന് ഗുജറാത്തിലെ ഹാസിറ തുറമുഖത്തേക്ക് ബിപിസിഎലിന്റെ അക്രിലിക് ആസിഡ് കയറ്റി അയക്കുകയും ചെയ്തു. കൊച്ചി തുറമുഖത്തുനിന്ന് ടാങ്ക് കണ്ടെയ്നർ അയക്കുന്നത് ആദ്യമായാണ്.
പ്രമുഖ ഇന്ത്യൻ തുറമുഖങ്ങളിൽ ആദ്യമായി എൽഎൻജി ബങ്കറിങ് ആരംഭിച്ച കൊച്ചി തുറമുഖം ഇതോടെ സീ പ്ലെയ്ൻ ബങ്കറിങ് ബിസിനസിലേക്കും കടന്നിരിക്കുകയാണെന്നും കര, വ്യോമ, ജല ഗതാഗതസൗകര്യമുള്ള സംയോജിത ചരക്കുനീക്ക സേവന ദാതാക്കളായിരിക്കുകയാണെന്നും കൊച്ചി തുറമുഖ ട്രസ്റ്റ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
English Summary : Seaplane berth opens at Kochi port
രാജ്യസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥികളായ വി ശിവദാസനും ജോൺ ബ്രിട്ടാസും നാമനിർദേശ പത്രിക നൽകി. വരണാധികാരിയായ നിയമസഭാ സെക്രട്ടറി എസ് വി ഉണ്ണിക്കൃഷ്‌ണൻ നായർ മുമ്പാകെയാണ് ഇരുവരും ഒരുമിച്ചെത്തി പത്രിക നൽകിയത്.
യുഡിഎഫ് സ്ഥാനാർഥിയായി പി വി അബ്‌ദുൾ വഹാബ് നേരത്തെ നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു. നിലവിലെ കക്ഷിനില അനുസരിച്ച് എൽഡിഎഫിന് രണ്ടുപേരെയും യുഡിഎഫിന് ഒരാളെയും വിജയിപ്പിക്കാം. ഡോ. പത്മരാജനും പത്രിക നൽകിയിട്ടുണ്ട്. എന്നാൽ എംഎൽഎമാരുടെ പിന്തുണയില്ലാത്തതിനാൽ സൂക്ഷ്‌മ പരിശോധനയിൽ ഇത് തള്ളും. നിയമപ്രകാരം 10 എംഎൽഎമാരുടെ പിന്തുണ വേണം. ബുധനാഴ്‌ചയാണ് സൂക്ഷ്‌മ പരിശോധന. 23ന് വൈകിട്ട് മൂന്ന് വരെ പത്രിക പിൻവലിക്കാം. തുടർന്ന് നാലോടെ വി ശിവദാസൻ, ജോൺ ബ്രിട്ടാസ്, പി വി അബ്ദുൾവഹാബ് എന്നിവരെ വരണാധികാരി വിജയിയായി പ്രഖ്യാപിക്കും.