HomeNewsചൈനീസ് അംബാസഡർ താമസിച്ച പാകിസ്ഥാനിലെ ഹോട്ടലിൽ ഭീകരാക്രമണം; 4 മരണം

ചൈനീസ് അംബാസഡർ താമസിച്ച പാകിസ്ഥാനിലെ ഹോട്ടലിൽ ഭീകരാക്രമണം; 4 മരണം

പാക്കിസ്ഥാനിലെ ക്വറ്റയിൽ ആഡംബര ഹോട്ടലിലുണ്ടായ ഭീകരാക്രമണത്തിൽ  നാലുപേർ മരിച്ചു. ആഡംബര ഹോട്ടൽ ശൃംഖലയായ സെറീനയുടെ ക്വറ്റയിലുള്ള ഹോട്ടലിന്റെ കാർ പാർക്കിങ്ങിലാണ് സംഭവം. ബലൂചിസ്ഥാൻ പ്രവിശ്യയുടെ തലസ്ഥാനമാണ് ക്വറ്റ. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക്കിസ്ഥാൻ താലിബാൻ ഏറ്റെടുന്നു.

 12 പേർക്കു പരുക്കേറ്റതായി പാക്ക് ആഭ്യന്തരമന്ത്രി ഷെയ്ഖ് റാഷിദ് അഹമ്മദ് വാർത്താ ഏജൻസിയായ എഎഫ്പിയോടു പറഞ്ഞു. തെക്കു പടിഞ്ഞാറൻ പാക്കിസ്ഥാനിലെ ഈ ഹോട്ടലിലാണ് ചൈനീസ് അംബാസഡർ കഴിഞ്ഞിരുന്നത്. എന്നാൽ സ്‌ഫോടന സമയം ചൈനീസ് സംഘം ഹോട്ടലിൽ ഉണ്ടായിരുന്നില്ല.

ചൈനീസ് അംബാസഡർ നോങ് റോങ്ങിന്റെ നേതൃത്വത്തിൽ നാലംഗ സംഘമായിരുന്നു ഹോട്ടലിൽ താമസിച്ചിരുന്നത്. സ്‌ഫോടന സമയം സംഘം യോഗത്തിനായി പുറത്തുപോയിരിക്കുകയായിരുന്നു.  സംഭവത്തിൽ ചൈനീസ് എംബസി ഇതുവരെ പ്രതികരിച്ചിട്ടില്ല.

പാർക്കിങ്ങിലെ ഏതോ വാഹനത്തിൽ വച്ചിരുന്ന ഐഇഡി ആണ് പൊട്ടിത്തെറിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിനുശേഷം മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനായ അസർ ഇക്രം അറിയിച്ചു.

English Summary : Terrorist attack on hotel in Pakistan where Chinese ambassador was staying; 4 deaths

RELATED ARTICLES
- Advertisment -
Google search engine

Most Popular