സംസ്‌ഥാനത്ത്‌ അതി തീവ്രവ്യാപനത്തിന്‌ സാധ്യത; 3 ലക്ഷം പേർക്ക്‌ പരിശോധന

സംസ്ഥാനത്ത് അതിതീവ്ര കോവിഡ് വ്യാപനത്തിന് സാധ്യത. പ്രതിദിന രോഗികളുടെ എണ്ണം നാൽപ്പതിനായിരം വരെ ആയി ഉയർന്നേക്കാമെന്നാണ്  ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ നടന്ന കോവിഡ് കോര്‍ കമ്മറ്റി യോഗത്തിന്റെ വിലയിരുത്തല്‍. ആശുപത്രികളോട് സജ്ജമായിരിക്കാൻ നിർദേശം നൽകി.നിലവിൽ 1,18,673 പേരാണ്  ചികിത്സയിലുള്ളത്.

സംസ്ഥാനത്ത് രണ്ട് ദിവസം കൊണ്ട് മൂന്ന് ലക്ഷത്തോളം പേരില്‍ കൂട്ട പരിശോധന നടത്താനും തീരുമാനമായിട്ടുണ്ട്. ഇതിന്റെ ഫലങ്ങൾ കൂടി വരുന്നതോടെ രോഗികളുടെ എണ്ണം അര ലക്ഷത്തിനടുത്ത്‌ ഉയർന്നേക്കാം. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന മാസ് പരിശോധന ഫലപ്രദമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കൂടുതൽ ആളുകളെ പരിശോധനയ്ക്ക് വിധേയമാക്കാൻ തീരുമാനിച്ചത്.  

മുപ്പത് ശതമാനത്തില്‍ കൂടുതല്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള തദ്ദേശ സ്വയംഭരണ പ്രദേശങ്ങളില്‍ വീടുകളിലെത്തി ആന്റിജന്‍ പരിശോധന നടത്തും. ജില്ലാ ടി.പി.ആറിന്റെ ഇരട്ടി ടെസ്റ്റ് പോസിറ്റിവിറ്റിയുള്ള തദ്ദേശ സ്ഥാപന പ്രദേശങ്ങളില്‍ എല്ലാ വീടുകളില്‍ നിന്നും ഒരാളെയെങ്കിലും പരിശോധിക്കും.

English Summary : Potential for extreme spread in the state; Testing for 3 lakh people

By admin