Home Blog Page 7

‘ബാപ്പു ബൊമ്മ’ സൗന്ദര്യവുമായി സാമന്ത; റെഡ് സിൽക്ക് സാരിയിൽ തിളങ്ങി താരം

0

തെന്നിന്ത്യൻ സിനിമാലോകത്തെ ഫാഷൻ ഐക്കണുകളിൽ ഒരാളായ സാമന്ത റൂത്ത് പ്രഭുവിൻ്റെ പുത്തൻ ലുക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തൻ്റെ പുതിയ തെലുങ്ക് ചിത്രമായ ‘മാ ഇൻ്റി ബംഗാരം’ (Maa Inti Bangaram) എന്ന സിനിമയുടെ ട്രെയിലർ ലോഞ്ചിനായാണ് താരം അതീവ സുന്ദരിയായി എത്തിയത്. ഇന്ത്യൻ സംസ്‌കാരത്തിൽ ആഘോഷവേളകളിൽ എക്കാലത്തെയും പ്രിയപ്പെട്ട ചുവപ്പ് നിറത്തിലുള്ള കൈത്തറി സിൽക്ക് സാരിയാണ് താരം ഈ ചടങ്ങിനായി തിരഞ്ഞെടുത്തത്.

പ്രശസ്ത ഡിസൈനർ അർച്ചന ജാജു പ്രത്യേകം രൂപകൽപ്പന ചെയ്ത ഈ സാരിക്ക് പിന്നിൽ വലിയൊരു കലാവിരുതുണ്ട്.

എന്താണ് ‘ബാപ്പു ബൊമ്മ’ ശൈലി?

പ്രശസ്ത ഇന്ത്യൻ ചിത്രകാരനും സംവിധായകനുമായിരുന്ന സത്തിരാജു ലക്ഷ്മി നാരായണയുടെ (ബാപ്പു) വരകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയ ‘ദി ബാപ്പു ബൊമ്മ സീരീസിൻ്റെ’ (The Bapu Bomma Series) ഭാഗമായാണ് സാമന്ത ഈ ലുക്കിലെത്തിയത്. തെലുങ്കിൽ ‘ബാപ്പുവിൻ്റെ ചിത്രം’ അല്ലെങ്കിൽ ‘ബാപ്പുവിൻ്റെ പെൺകുട്ടി’ എന്നാണ് ഇതിനർത്ഥം. പരമ്പരാഗത ഇന്ത്യൻ സ്ത്രീത്വത്തിൻ്റെ ലാളിത്യവും അതേസമയം കരുത്തും ഒരേപോലെ പ്രതിഫലിപ്പിക്കുന്നതാണ് ഈ ശൈലി.

250 മണിക്കൂറുകളുടെ അധ്വാനം

പൂർണ്ണമായും കൈത്തറി സിൽക്കിൽ (Handwoven silk) നെയ്തെടുത്ത ഈ സാരിയിൽ അതീവ മനോഹരമായ കലംകാരി (Kalamkari) വർക്കുകളാണ് ഉള്ളത്.

  • ഡിസൈനുകൾ: അമ്പും വില്ലും, വാളുകൾ, പൂക്കൾ, വളകൾ, ബിന്ദി, ബാജുബന്ദ് (armbands) തുടങ്ങിയ രൂപങ്ങളാണ് സാരിയിൽ കൈകൊണ്ട് വരച്ചുചേർത്തിരിക്കുന്നത്.
  • പ്രമേയം: സൗന്ദര്യവും ശക്തിയും ഒത്തുചേരുന്ന ‘വീരാംഗന’ എന്ന സങ്കൽപ്പത്തെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രപ്പണികൾ ഒരുക്കിയിരിക്കുന്നത്.
  • നിർമ്മാണം: ഈയൊരു സാരിയിലെ ആർട്ട് വർക്കുകൾ പൂർത്തിയാക്കാൻ മാത്രം ഡിസൈനർമാർക്ക് ഏകദേശം 250 മണിക്കൂറിലധികം സമയമെടുത്തു.

ടെറാക്കോട്ട, ക്ലേ റെഡ് നിറങ്ങൾക്കൊപ്പം മഞ്ഞയും പച്ചയും കലർന്ന നിറഭേദങ്ങളും ഈ സാരിക്ക് മാറ്റുകൂട്ടുന്നു. കൈമുട്ടിന് തൊട്ടുമുകളിൽ വരെയെത്തുന്ന സ്ലീവുള്ള ബ്ലൗസും ലളിതമായ ചോക്കർ മാലയും വളകളും മാത്രമണിഞ്ഞ് തികച്ചും എലിഗൻ്റായ ലുക്കിലാണ് സാമന്ത എത്തിയത്.

സിനിമയുടെ പ്രമോഷൻ്റെ ഭാഗമായി വരും ദിവസങ്ങളിലും ഈ സീരീസിലുള്ള വസ്ത്രങ്ങളായിരിക്കും താരം ധരിക്കുകയെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. എന്തായാലും താരത്തിൻ്റെ ഈ ക്ലാസിക് ലുക്ക് ആരാധകർ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു.

കാലവർഷം കേരളത്തിലേക്ക്: അടുത്ത 4-5 ദിവസത്തിനുള്ളിൽ എത്തും; സംസ്ഥാനത്ത് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യത

0

തിരുവനന്തപുരം: സംസ്ഥാനത്ത് കാത്തിരിപ്പിന് വിരാമമിട്ട് തെക്കുപടിഞ്ഞാറൻ കാലവർഷം (എടവപ്പാതി) അടുത്ത 4-5 ദിവസങ്ങൾക്കുള്ളിൽ കേരളത്തിൽ എത്തിച്ചേരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നിലവിൽ കാലവർഷം കേരള തീരത്തോട് അടുക്കുന്നതിനായുള്ള അനുകൂല സാഹചര്യങ്ങളാണ് നിലനിൽക്കുന്നത്.

ഇന്ന് (മെയ് 30) ഒടുവിൽ ലഭിച്ച വിവരമനുസരിച്ച്, തെക്കുപടിഞ്ഞാറൻ കാലവർഷം തെക്കുപടിഞ്ഞാറൻ അറബിക്കടൽ, തെക്കുകിഴക്കൻ അറബിക്കടൽ എന്നിവയുടെ കൂടുതൽ ഭാഗങ്ങളിലേക്കും ലക്ഷദ്വീപ്, കന്യാകുമാരി പ്രദേശം, ബംഗാൾ ഉൾക്കടലിന്റെ ഭൂരിഭാഗം മേഖലകളിലേക്കും വ്യാപിച്ചിട്ടുണ്ട്.

ചക്രവാതചുഴികളും ന്യൂനമർദ്ദ പാത്തിയും

കാലവർഷത്തിന്റെ വരവ് ശക്തമാക്കിക്കൊണ്ട് നിലവിൽ മൂന്ന് ചക്രവാതചുഴികൾ (Cyclonic Circulations) സജീവമായി നിലനിൽക്കുന്നുണ്ട്:

  1. മധ്യ-കിഴക്കൻ ബംഗാൾ ഉൾക്കടലിനും തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ഒന്ന്.
  2. തെക്കുകിഴക്കൻ അറബിക്കടലിനും സമീപപ്രദേശങ്ങൾക്കും മുകളിലായി രണ്ടാമത്തേത്.
  3. തെക്കുപടിഞ്ഞാറൻ അറബിക്കടലിനും സമീപപ്രദേശങ്ങൾക്കും മുകളിലായി മൂന്നാമതൊരു ചക്രവാതചുഴി കൂടി നിലനിൽക്കുന്നു.

കൂടാതെ, മധ്യ-കിഴക്കൻ ബംഗാൾ ഉൾക്കടലിലെ ചക്രവാതചുഴിയിൽ നിന്ന് തുടങ്ങി കന്യാകുമാരി പ്രദേശം വഴി ലക്ഷദ്വീപ് വരെ നീളുന്ന ഒരു ന്യൂനമർദ്ദ പാത്തിയും (Trough) അന്തരീക്ഷത്തിൽ രൂപപ്പെട്ടിട്ടുണ്ട്.

വരും ദിവസങ്ങളിലെ മഴ മുന്നറിയിപ്പ്

കാലവർഷ മുന്നോടിയായി സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകും. മെയ് 30 മുതൽ ജൂൺ 3 വരെ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് (Heavy Rainfall) സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.

ഈ ദിവസങ്ങളിൽ കേരളം, മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ ഇടിമിന്നലോടും ശക്തമായ കാറ്റോടും കൂടിയ (മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയുള്ള) വ്യാപകമായ മഴയ്ക്കാണ് സാധ്യത. പൊതുജനങ്ങൾ ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശങ്ങൾ പാലിക്കണമെന്നും അധികൃതർ അറിയിച്ചു.

നവീൻ ബാബുവിന്റെ മരണം: സിബിഐ അന്വേഷണം വേണം; മുഖ്യമന്ത്രി വി.ഡി. സതീശനെയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെയും കണ്ട് കുടുംബം

0

തിരുവനന്തപുരം: കണ്ണൂർ മുൻ അഡീഷണൽ ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റ് (എ.ഡി.എം) കെ. നവീൻ ബാബുവിന്റെ മരണത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും നേരിൽ കണ്ടു നിവേദനം സമർപ്പിച്ചു. നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയും സഹോദരൻ പ്രവീൺ ബാബുവും തിരുവനന്തപുരത്തെത്തിയാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവരുമായി കൂടിക്കാഴ്ച നടത്തിയത്.

കേസിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം സർക്കാർ അംഗീകരിക്കാമെന്ന് മന്ത്രിമാർ ഉറപ്പുനൽകിയതായി കൂടിക്കാഴ്ചയ്ക്ക് ശേഷം നവീൻ ബാബുവിന്റെ സഹോദരൻ പ്രവീൺ ബാബു മാധ്യമങ്ങളോട് പറഞ്ഞു. നിഷ്പക്ഷവും നീതിയുക്തവും ശാസ്ത്രീയവുമായ അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരണമെന്നത് കേരള സമൂഹവും തങ്ങളും ഏറെ നാളായി കാത്തിരിക്കുന്നതാണെന്നും, ഇതിനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ഉറപ്പ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിൽ പ്രത്യേക അന്വേഷണ സംഘമാണ് (SIT) ഈ കേസ് അന്വേഷിച്ചിരുന്നത്. എന്നാൽ ഈ അന്വേഷണത്തിനെതിരെ കുടുംബം നേരത്തെ തന്നെ രംഗത്തുവന്നിരുന്നു. കേസ് കേന്ദ്ര ഏജൻസിക്ക് വിടുന്നതിനൊപ്പം, നവീൻ ബാബുവിന്റെ കുടുംബത്തിലെ ഒരംഗത്തിന് ആശ്രിതനിയമനം നൽകുന്ന കാര്യത്തിലും മന്ത്രിമാർ ഇന്ന് അനുകൂലമായ ഉറപ്പ് നൽകിയതായാണ് വിവരം. റാന്നി എം എൽ എ പഴകുളം മധു, കണ്ണൂർ എം.എൽ.എ ടി.ഓ. മോഹൻ, പത്തനംതിട്ട ഡി.സി.സി ജനറൽ സെക്രട്ടറി ലിജു ജോർജ് എന്നിവരും കുടുംബത്തോടൊപ്പം ഉണ്ടായിരുന്നു.

Naveen Babu Death Case: Family Submits Memorandum to CM V.D. Satheesan

“ഒരു നിമിഷത്തെ എടുത്തുചാട്ടം”; ഇൻസ്റ്റാഗ്രാം വിവാദത്തിൽ ഖേദം പ്രകടിപ്പിച്ച് ഹൻസിക കൃഷ്ണ, സബ്‌സ്‌ക്രിപ്ഷൻ തുക ചാരിറ്റിക്ക് നൽകിയതായും വിശദീകരണം

0

ഇൻസ്റ്റാഗ്രാം സബ്‌സ്‌ക്രിപ്ഷൻ ഫീച്ചറിലൂടെ പങ്കുവെച്ച വിഡിയോയുമായി ബന്ധപ്പെട്ടുണ്ടായ സൈബർ വിവാദങ്ങളിൽ ഒടുവിൽ പ്രതികരണവുമായി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും നടിയുമായ ഹൻസിക കൃഷ്ണ. തന്റെ ഭാഗത്തുനിന്നുണ്ടായ ഒരു നിമിഷത്തെ വിവേകശൂന്യതയും എടുത്തുചാട്ടവുമായിരുന്നു ആ വിഡിയോയെന്നും അതിൽ ആത്മാർത്ഥമായി ഖേദിക്കുന്നുവെന്നും താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച നീണ്ട കുറിപ്പിൽ പറഞ്ഞു.

മൂന്ന് ആഴ്ചകൾക്ക് മുമ്പ് ഹൻസിക തന്റെ ഇൻസ്റ്റാഗ്രാം സബ്‌സ്‌ക്രിപ്ഷൻ ഗ്രൂപ്പിൽ പങ്കുവെച്ച ഒരു ബോൾഡ് വിഡിയോ ചിലർ സ്ക്രീൻ റെക്കോർഡ് ചെയ്ത് മറ്റ് പ്ലാറ്റ്‌ഫോമുകളിൽ പ്രചരിപ്പിച്ചതോടെയാണ് വിവാദം തുടങ്ങിയത്. പണത്തിനും പബ്ലിസിറ്റിക്കും വേണ്ടിയാണ് താരം ഇത് ചെയ്തതെന്നും, വിഡിയോ വൈറലായതിന് പിന്നാലെ സബ്‌സ്‌ക്രിപ്ഷൻ തുക 299 രൂപയിൽ നിന്ന് 399 രൂപയായി വർദ്ധിപ്പിച്ചെന്നും ആരോപിച്ച് വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് ഹൻസികയ്ക്കും കുടുംബത്തിനുമെതിരെ ഉയർന്നത്.

എന്നാൽ ഈ ആരോപണങ്ങളെല്ലാം ഹൻസിക നിഷേധിച്ചു. വിഡിയോ പോസ്റ്റ് ചെയ്ത് അഞ്ച് മിനിറ്റിനുള്ളിൽ തന്നെ അബദ്ധം മനസ്സിലാക്കി അത് ഡിലീറ്റ് ചെയ്തിരുന്നുവെന്ന് താരം വ്യക്തമാക്കി. പണത്തിന് വേണ്ടിയല്ല ഇത് ചെയ്തത്. സബ്‌സ്‌ക്രിപ്ഷൻ തുക വർദ്ധിപ്പിച്ചത് ആ സമയത്ത് കൂടുതൽ ആളുകൾ ഗ്രൂപ്പിലേക്ക് വരുന്നത് നിരുത്സാഹപ്പെടുത്താൻ വേണ്ടിയായിരുന്നു. പെട്ടെന്നുണ്ടായ ഈ സബ്‌സ്‌ക്രിപ്ഷൻ വർദ്ധനവിലൂടെ ലഭിച്ച മുഴുവൻ തുകയും സാമൂഹ്യ സേവനത്തിനായി (ചാരിറ്റി) സംഭാവന നൽകിയെന്നും അതിൽ നിന്നും ഒരു പൈസ പോലും താൻ എടുത്തിട്ടില്ലെന്നും ഹൻസിക വ്യക്തമാക്കി. തന്റെ തെറ്റിനെ ഒരു തരത്തിലും ന്യായീകരിക്കുന്നില്ലെന്നും, എന്നാൽ ഇതിനെ ഒരു അവസരമാക്കി മാറ്റി ഫോളോവേഴ്സിനെ കൂട്ടാൻ തനിക്കെതിരെയും കുടുംബത്തിനെതിരെയും വെറുപ്പ് പ്രചരിപ്പിച്ചവർ വേദനിപ്പിച്ചെന്നും പറഞ്ഞ താരം, തെറ്റ് ക്ഷമിച്ച് തനിക്ക് ഒരു അവസരം കൂടി നൽകണമെന്നും അഭ്യർത്ഥിച്ചാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

Hansika Krishna Issues Emotional Apology and Clarification Over Leaked Instagram Video Controversy

സ്ത്രീക്ഷേമത്തിനും വികസനത്തിനും മുൻഗണന; പുതിയ പ്രഖ്യാപനങ്ങളുമായി ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം; സംസ്ഥാനത്ത് സാമ്പത്തിക ധവളപത്രം പുറത്തിറക്കും

0

തിരുവനന്തപുരം: പുതിയ സർക്കാരിന്റെ നയങ്ങളും ഭാവി പദ്ധതികളും വ്യക്തമാക്കിക്കൊണ്ടുള്ള ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൽ സ്ത്രീക്ഷേമത്തിനും വികസനത്തിനും കടുത്ത സാമ്പത്തിക പരിഷ്കരണങ്ങൾക്കും മുൻഗണന. സൗജന്യ കെ.എസ്.ആർ.ടി.സി യാത്രയ്ക്ക് പുറമേ സ്ത്രീകളെ ചേർത്തുനിർത്തുന്ന നിരവധി പദ്ധതികളാണ് പ്രസംഗത്തിലുടനീളം പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, സംസ്ഥാനം നേരിടുന്ന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി ജനങ്ങൾക്ക് മുന്നിൽ വ്യക്തമാക്കാൻ ധവളപത്രം പുറത്തിറക്കുമെന്നും സർക്കാർ അറിയിച്ചു.

സ്ത്രീകൾക്കായി വൻ പ്രഖ്യാപനങ്ങൾ; ആർത്തവ അവധിയും തുല്യവേതനവും

പെൺകുട്ടികൾക്കും സ്ത്രീകൾക്കും കൂടുതൽ സൗഹൃദപരമായ അന്തരീക്ഷം ഒരുക്കുകയാണ് ലക്ഷ്യമെന്ന് നയപ്രഖ്യാപനത്തിൽ പറയുന്നു. പ്രധാന പ്രഖ്യാപനങ്ങൾ താഴെ പറയുന്നവയാണ്:

  • ആർത്തവ അവധി: സ്കൂൾ വിദ്യാർഥിനികൾക്ക് മാസത്തിൽ 3 ദിവസം വരെ ആർത്തവ അവധി നൽകും. പഠനത്തിൽ പിന്നിലാകാതിരിക്കാൻ വാരാന്ത്യങ്ങളിൽ ക്യാച്ച് അപ്പ് ക്ലാസുകൾ ഒരുക്കും.
  • മെൻസ്ട്രൽ ഡിഗ്നിറ്റി: വിദ്യാഭ്യാസ സ്ഥാപനങ്ങളും പൊതുസ്ഥലങ്ങളും സ്ത്രീസൗഹൃദമാക്കാൻ പ്രത്യേക പദ്ധതി. സാനിറ്ററി നാപ്കിനുകൾ, പാദരക്ഷകൾ, മറ്റ് അവശ്യസാധനങ്ങൾ എന്നിവ ലഭ്യമാക്കും.
  • തൊഴിലിടങ്ങളിലെ തുല്യത: തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് തുല്യവേതനം ഉറപ്പാക്കും. അസംഘടിത മേഖലയിലെ സ്ത്രീകൾക്ക് 6 മാസത്തെ പ്രസവവിധിയും പ്രത്യേക ആനുകൂല്യങ്ങളും നൽകും.
  • വനിതാ കർഷക കൺസോർഷ്യം: ഓരോ പഞ്ചായത്തിലും വനിതാ കർഷകരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാൻ പ്രത്യേക കൺസോർഷ്യം രൂപീകരിക്കും. എല്ലാ പ്രധാന പട്ടണങ്ങളിലും പൊതുവിശ്രമമുറികൾ ഒരുക്കും.

മാറിയ രാഷ്ട്രീയം; കേന്ദ്രവിമർശനം ഒഴിവാക്കി നെഹ്‌റുവിനെ ഉദ്ധരിച്ചു

കഴിഞ്ഞ സർക്കാരിന്റെ കാലത്തെ നയപ്രഖ്യാപനങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇക്കുറി കേന്ദ്ര സർക്കാരിനെതിരെയുള്ള നേരിട്ടുള്ള വിമർശനങ്ങൾ പൂർണ്ണമായും ഒഴിവാക്കി. ജവഹർലാൽ നെഹ്‌റുവിന്റെ വാക്കുകൾ ഉദ്ധരിച്ചാണ് പ്രസംഗം തുടങ്ങിയതും അവസാനിപ്പിച്ചതും. ‘പൊതുനന്മയ്ക്കായി ഒരുമിച്ചു പ്രവർത്തിക്കുന്നതാണ് ഏറ്റവും നല്ലത്’ എന്ന വാക്കുകളിൽ തുടങ്ങി, ‘ജനങ്ങൾക്ക് വിശ്വാസമുണ്ടാകുമ്പോഴാണ് ഒരു സർക്കാർ ഏറ്റവും നന്നായി പ്രവർത്തിക്കുന്നത്’ എന്ന വരികളോടെ പ്രസംഗം അവസാനിച്ചു. കേന്ദ്രത്തിൽ നിന്ന് അർഹമായ സാമ്പത്തിക വിഹിതം ലഭിക്കുമെന്ന പ്രതീക്ഷയും സർക്കാർ പങ്കുവെച്ചു.

മുൻ സർക്കാരിന് പരോക്ഷ വിമർശനം; ധവളപത്രം വരുന്നു

സംസ്ഥാനം കടുത്ത സാമ്പത്തിക വെല്ലുവിളികളും സാമ്പത്തിക ഞെരുക്കവും നേരിടുകയാണെന്ന് പ്രസംഗത്തിൽ സമ്മതിക്കുന്നുണ്ട്. മുൻ സർക്കാരിന്റെ ധനകാര്യ മാനേജ്‌മെന്റിനെ പരോക്ഷമായി വിമർശിച്ച പ്രസംഗത്തിൽ, നിലവിലെ സാമ്പത്തിക ബാധ്യതകളെക്കുറിച്ച് ജനങ്ങൾക്ക് വ്യക്തത നൽകാൻ ധവളപത്രം പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് കാലത്ത് പ്രഖ്യാപിച്ച ‘ഇന്ദിരാ ഗ്യാരന്റികൾ’ നടപ്പാക്കുമെന്ന് ആവർത്തിച്ചെങ്കിലും കെ.എസ്.ആർ.ടി.സി സൗജന്യ യാത്രയുടെ കൂടുതൽ വിശദാംശങ്ങൾ ലഭ്യമാക്കിയിട്ടില്ല. എന്നാൽ, സംസ്ഥാനത്തുടനീളം സ്ത്രീകളുടെ സൗന്യയാത്ര സ്ഥിരമായ അവകാശമാക്കുമെന്ന് സർക്കാർ വ്യക്തമാക്കി.

മറ്റ് പ്രധാന പ്രഖ്യാപനങ്ങൾ ഒറ്റനോട്ടത്തിൽ:

  • സാമൂഹ്യ ക്ഷേമം: കോളേജ് വിദ്യാർഥിനികൾക്ക് പ്രതിമാസം 1000 രൂപ വിദ്യാഭ്യാസ സഹായം. ക്ഷേമപെൻഷൻ 3000 രൂപയായി ഉയർത്തും.
  • ആരോഗ്യ ഇൻഷുറൻസ്: ഓരോ കുടുംബത്തിനും പ്രതിവർഷം 25 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ.
  • യുവജനങ്ങൾക്ക് പലിശരഹിത വായ്പ: സംരംഭകരാകാൻ ആഗ്രഹിക്കുന്ന യുവാക്കൾക്ക് 5 ലക്ഷം രൂപ പലിശരഹിത വായ്പ നൽകും.
  • സഹകരണ മേഖലയിലെ കടുത്ത നടപടി: തട്ടിപ്പ് നടന്ന സഹകരണ സംഘങ്ങളിലെ നിക്ഷേപം തിരികെ നൽകാൻ നടപടി സ്വീകരിക്കും. കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകും. വിജിലൻസ് സംവിധാനം ഊർജിതമാക്കി അഴിമതി തുടച്ചുനീക്കും.
  • ലഹരി വിരുദ്ധ പോരാട്ടം: ലഹരിവ്യാപനം തടയാൻ പ്രത്യേക ‘സ്റ്റേറ്റ് നാർക്കോട്ടിക് എൻഫോഴ്‌സ്‌മെന്റ് ബ്യൂറോ’ സ്ഥാപിക്കും.
  • ഐടി, അടിസ്ഥാന സൗകര്യ വികസനം: ഐടി വകുപ്പിനെ ‘കേരള ടെക്ക്’ എന്ന ബ്രാൻഡിൽ പുനർനാമകരണം ചെയ്യും. കേരള ഐടി മിഷൻ ഇനി മുതൽ ‘ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ മിഷൻ’ ആയി മാറും. സംസ്ഥാനത്തെ എല്ലാ റോഡുകളും ബി.എം, ബി.സി നിലവാരത്തിലേക്ക് ഉയർത്തും.
  • തീർഥാടനം, വിദ്യാഭ്യാസം: ക്ഷേത്രങ്ങളെ ബന്ധിപ്പിച്ച് ‘മലബാർ ടെംപിൾ പിൽഗ്രിം’ തീർഥാടന സർക്യൂട്ട് വരും. എല്ലാ ജില്ലകളിലും ആവശ്യാനുസരണം പ്ലസ് ടു സീറ്റുകൾ വർദ്ധിപ്പിക്കും. സപ്ലൈകോ സൂപ്പർമാർക്കറ്റുകൾ ആധുനികവത്കരിക്കുകയും സഞ്ചരിക്കുന്ന മാവേലി, റേഷൻ കടകളുടെ എണ്ണം വർദ്ധിപ്പിക്കുകയും ചെയ്യും.

മെസി ആറാം ലോകകപ്പിന്; 26 അംഗ അർജന്റീന ടീമിനെ പ്രഖ്യാപിച്ചു

0

വരാനിരിക്കുന്ന ലോകകപ്പിനുള്ള 26 അംഗ അർജന്റീനൻ ടീമിനെ പ്രഖ്യാപിച്ചു. സൂപ്പർ താരം ലയണൽ മെസി തന്നെയാണ് ടീമിനെ നയിക്കുന്നത്. മെസിയുടെ ആറാം ലോകകപ്പാണിത്. ലോകകപ്പിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോർഡുള്ള മെസിക്കൊപ്പം ആറ് ലോകകപ്പ് കളിക്കുന്ന ഏക താരമായി പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോയും മാറും.

ലോകകപ്പ് ടീം പ്രഖ്യാപനത്തിനുള്ള സമയപരിധിയുടെ അവസാന നിമിഷം വരെ സസ്പെൻസ് നിലനിർത്തിയാണ് കോച്ച് ലയണൽ സ്കലോനി ടീമിനെ പ്രഖ്യാപിച്ചത്. കഴിഞ്ഞ 2022 ലോകകപ്പ് കിരീടം നേടിയ ടീമിലെ 17 പേരെ നിലനിർത്തിയപ്പോൾ, പ്രമുഖ താരം മാർകസ് അക്യൂനയെ ടീമിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അൾജീരിയ, ഓസ്ട്രിയ, ജോർദാൻ എന്നിവരടങ്ങുന്ന ഗ്രൂപ്പ് ജെയിലാണ് അർജന്റീന മത്സരിക്കുന്നത്.

കഴിഞ്ഞ ടൂർണമെന്റിലെ മികച്ച ഗോൾകീപ്പറായ എമിലിയാനോ മാർട്ടിനെസ്, പ്രതിരോധ നിരയിലെ കരുത്തരായ ലിസാൻഡ്രോ മാർട്ടിനെസ്, ക്രിസ്റ്റ്യൻ റൊമേറോ എന്നിവരും ടീമിലുണ്ട്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് താരങ്ങളായ അലക്സിസ് മാക് അലിസ്റ്റർ, എൻസോ ഫെർണാണ്ടസ് എന്നിവരും ടീമിലിടം നേടി.

കഴിഞ്ഞ തിങ്കളാഴ്ച മേജർ സോക്കർ ലീഗ് മത്സരത്തിനിടെ ഇന്റർ മയാമിക്ക് വേണ്ടി കളിച്ച മെസിയെ പിൻവലിച്ചത് ആരാധകരിൽ ആശങ്കയുണ്ടാക്കിയിരുന്നു. എന്നാൽ താരത്തിന് പരിക്കുകളൊന്നുമില്ലെന്നും പേശി വലിവ് (muscle tightness) കാരണമാണ് സബ്സ്റ്റിറ്റ്യൂട്ട് ചെയ്തതെന്നും ക്ലബ് വ്യക്തമാക്കിയിട്ടുണ്ട്.

അർജന്റീന ലോകകപ്പ് ടീമും കളിക്കാരുടെ ക്ലബ്ബുകളും:

  • ഗോൾകീപ്പർമാർ (Goalkeepers): * എമിലിയാനോ മാർട്ടിനെസ് (ആസ്റ്റൺ വില്ല)
    • ജെറോണിമോ റുള്ളി (ഒളിമ്പിക് മാഴ്സെ)
    • ഹുവാൻ മുസ്സോ (അത്ലറ്റിക്കോ മാഡ്രിഡ്)
  • പ്രതിരോധനിര (Defenders): * ലിസാൻഡ്രോ മാർട്ടിനെസ് (മാഞ്ചസ്റ്റർ യുണൈറ്റഡ്)
    • ക്രിസ്റ്റ്യൻ റൊമേറോ (ടോട്ടനം ഹോട്സ്പർ)
    • നിക്കോളാസ് ഒട്ടാമെൻഡി (ബെൻഫിക്ക)
    • ലിയോനാർഡോ ബലേർഡി (ഒളിമ്പിക് മാഴ്സെ)
    • നിക്കോളാസ് താഗ്ലിയാഫിക്കോ (ഒളിമ്പിക് ലിയോൺ)
    • ഗോൺസാലോ മോണ്ടിയേൽ (റിവർ പ്ലേറ്റ്)
    • ഫകുണ്ടോ മെദിന (ഒളിമ്പിക് മാഴ്സെ)
    • നഹുവൽ മോളിന (അത്ലറ്റിക്കോ മാഡ്രിഡ്)
  • മധ്യനിര (Midfielders): * അലക്സിസ് മാക് അലിസ്റ്റർ (ലിവർപൂൾ)
    • എൻസോ ഫെർണാണ്ടസ് (ചെൽസി)
    • റോഡ്രിഗോ ഡി പോൾ (ഇന്റർ മയാമി)
    • ലിയാൻഡ്രോ പരേഡെസ് (ബോക ജൂനിയേഴ്സ്)
    • വലന്റീൻ ബാർക്കോ (റേസിംഗ് സ്ട്രാസ്ബർഗ്)
    • ജിയോവാനി ലോ സെൽസോ (റയൽ ബെറ്റിസ്)
    • എസെക്വൽ പാലാസിയോസ് (ബയേൺ ലെവർകൂസൻ)
  • മുന്നേറ്റനിര (Forwards): * ലയണൽ മെസ്സി (ഇന്റർ മയാമി)
    • ലൗട്ടാരോ മാർട്ടിനെസ് (ഇന്റർ മിലാൻ)
    • യൂലീയൻ അൽവാരസ് (അത്ലറ്റിക്കോ മാഡ്രിഡ്)
    • നിക്കോ ഗോൺസാലസ് (അത്ലറ്റിക്കോ മാഡ്രിഡ്)
    • തിയാഗോ അൽമാഡ (അത്ലറ്റിക്കോ മാഡ്രിഡ്)
    • ജൂലിയാനോ സിമിയോണി (അത്ലറ്റിക്കോ മാഡ്രിഡ്)
    • നിക്കോ പാസ് (കോമോ)
    • ഹൊസെ മാനുവൽ ലോപ്പസ് (പാൽമീറസ്)

കേരളത്തിൽ വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത; കാലവർഷം കൂടുതൽ ഇടങ്ങളിലേക്ക്

0

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കുപടിഞ്ഞാറൻ കാലവർഷം (ഇടവപ്പാതി) കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നതിനൊപ്പം കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴികളും മഴ ശക്തമാക്കാൻ കാരണമാകും.

കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ച പ്രധാന വിവരങ്ങൾ താഴെ നൽകുന്നു:

കാലവർഷം കൂടുതൽ ഭാഗങ്ങളിലേക്ക്

അടുത്ത 2-3 ദിവസങ്ങൾക്കുള്ളിൽ തെക്കുപടിഞ്ഞാറൻ-തെക്കുകിഴക്കൻ അറബിക്കടൽ, ലക്ഷദ്വീപ് പ്രദേശം, ബംഗാൾ ഉൾക്കടലിന്റെ ഭൂരിഭാഗം പ്രദേശങ്ങൾ (തെക്കുപടിഞ്ഞാറൻ, മധ്യ-കിഴക്കൻ, മധ്യ-പടിഞ്ഞാറൻ, തെക്കുകിഴക്കൻ, വടക്കുകിഴക്കൻ ഭാഗങ്ങൾ) എന്നിവടങ്ങളിലേക്ക് കാലവർഷം കൂടുതൽ മുന്നേറുന്നതിന് അനുകൂലമായ സാഹചര്യമാണ് നിലനിൽക്കുന്നത്.

ഇരട്ട ചക്രവാതച്ചുഴി

നിലവിൽ രണ്ട് പ്രദേശങ്ങളിലായി ഉപരിതല ചക്രവാതച്ചുഴി (Cyclonic Circulation) നിലനിൽക്കുന്നുണ്ട്:

  1. തെക്കുകിഴക്കൻ അറബിക്കടലിനും സമീപപ്രദേശങ്ങൾക്കും മുകളിലായി രൂപപ്പെട്ട ചക്രവാതച്ചുഴി.
  2. മധ്യ-കിഴക്കൻ, തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിലായുള്ള ചക്രവാതച്ചുഴി.

വരും ദിവസങ്ങളിലെ മുന്നറിയിപ്പ്

  • ഒറ്റപ്പെട്ട ശക്തമായ മഴ: മെയ് 28, 29, ജൂൺ 1 തീയതികളിൽ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് (Heavy rainfall) സാധ്യതയുണ്ട്.
  • വ്യാപക മഴയും കാറ്റും: മെയ് 28 മുതൽ ജൂൺ 1 വരെ കേരളം, മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ ഇടിമിന്നലോടും ശക്തമായ കാറ്റോടും കൂടിയ (മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയുള്ള) വ്യാപകമായ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്.

ജാഗ്രതാ നിർദ്ദേശം: ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ്. വരും ദിവസങ്ങളിൽ മഴയുടെ തീവ്രത കൂടാൻ സാധ്യതയുള്ളതിനാൽ താഴ്ന്ന പ്രദേശങ്ങളിലും മലയോര മേഖലകളിലും ഉള്ളവർ പ്രത്യേക ജാഗ്രത പാലിക്കുക.

‘എന്തെല്ലാം നേടിയാലും മനുഷ്യനായിരിക്കുക’; എം.എ യൂസഫലിയെ നേരിൽ കണ്ട അനുഭവം പങ്കുവെച്ച് ഗോവിന്ദ് പത്മസൂര്യ!

0

പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലിയെ നേരിൽ കണ്ടതിന്റെ സന്തോഷവും അനുഭൂതിയും പങ്കുവെച്ച് നടനും അവതാരകനുമായ ഗോവിന്ദ് പത്മസൂര്യ (ജിപി). യൂസഫലി എന്ന വ്യക്തിയുടെ വിനയവും പെരുമാറ്റവുമാണ് തന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചതെന്ന് ജിപി തന്റെ സോഷ്യൽ മീഡിയ കുറിപ്പിൽ പറയുന്നു.

ബിസിനസ്സ് വിജയങ്ങൾക്കപ്പുറം ഒരു മനുഷ്യൻ എങ്ങനെയായിരിക്കണം എന്ന് അദ്ദേഹം കാണിച്ചുതരുന്നുവെന്ന് താരം കുറിച്ചു.

“അദ്ദേഹത്തിന്റെ വിനയമാണ് ഞങ്ങളെ ഏറ്റവും കൂടുതൽ ആകർഷിച്ചത്. സംസാരിക്കുമ്പോഴുള്ള ആ ശാന്തതയും, ചുറ്റുമുള്ള ഓരോ വ്യക്തിക്കും അദ്ദേഹം നൽകുന്ന ബഹുമാനവും, ഇടപെടലുകളിലെ ആത്മാർത്ഥതയുമെല്ലാം ശരിക്കും പ്രചോദനം നൽകുന്നതായിരുന്നു. ചിലപ്പോഴൊക്കെ, വലിയ വിജയങ്ങൾ കൈവരിച്ച മനുഷ്യർ നമ്മെ പഠിപ്പിക്കുന്ന ഏറ്റവും വലിയ പാഠം ബിസിനസിനെക്കുറിച്ചാവില്ല; മറിച്ച്, ജീവിതത്തിൽ എന്തെല്ലാം നേടിയാലും ഒരു മനുഷ്യനായി എങ്ങനെ ജീവിക്കണം എന്നതിനെക്കുറിച്ചായിരിക്കും!” – ഗോവിന്ദ് പത്മസൂര്യ കുറിച്ചു.

യൂസഫലിക്കൊപ്പമുള്ള ചിത്രങ്ങളും ജിപി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. നിരവധി ആരാധകരും സിനിമാ സുഹൃത്തുക്കളുമാണ് പോസ്റ്റിന് താഴെ കമന്റുകളുമായി എത്തുന്നത്. എന്തായാലും ലളിതവും എന്നാൽ അർത്ഥവത്തുമായ ജിപിയുടെ ഈ കുറിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

Govind Padmasoorya shares inspiring note after meeting M.A. Yusuff Ali

20 വർഷത്തിന് ശേഷം ഉമ്മയെ ചേർത്തുപിടിച്ച് അബ്ദുൽ റഹീം; കോടമ്പുഴയിൽ വികാരനിർഭരമായ രംഗങ്ങൾ, ഒഴുകിയെത്തി ആയിരങ്ങൾ

0

കോഴിക്കോട്: രണ്ട് പതിറ്റാണ്ടിന്റെ നീണ്ട കാത്തിരിപ്പിനും നിയമപോരാട്ടങ്ങൾക്കും വിരാമമിട്ട് സൗദി ജയിലിൽ നിന്ന് മോചിതനായ അബ്ദുൽ റഹീമിന് ഇനി പുതുജീവിതം. വലിയ പെരുന്നാൾ ദിനത്തിൽ പുലർച്ചെ കരിപ്പൂരിലിറങ്ങിയ റഹീം രാമനാട്ടുകര കോടമ്പുഴയിലെ തറവാട്ടു വീട്ടിൽ തിരിച്ചെത്തി. 20 വർഷങ്ങൾക്ക് ശേഷം തന്റെ പ്രിയപ്പെട്ട ഉമ്മ ഫാത്തിമയെ നേരിൽ കണ്ട റഹീം വികാരഭരിതനായി ഉമ്മയെ കെട്ടിപ്പിടിച്ചു കരഞ്ഞത് കണ്ടുനിന്നവരുടെ കണ്ണുകളെയും ഈറനണിയിച്ചു.

വീട്ടിൽ തിരിച്ചെത്തിയ റഹീമിനെ സ്വീകരിക്കാനും ഒരുനോക്ക് കാണാനുമായി ബന്ധുക്കളും പ്രദേശവാസികളും ഉൾപ്പെടെ ആയിരക്കണക്കിന് ആളുകളാണ് കോടാമ്പുഴയിലെ വീടിന് മുന്നിൽ തടിച്ചുകൂടിയിരിക്കുന്നത്. നാട്ടിലെത്തിയ ശേഷമുള്ള അബ്ദുൽ റഹീമിന്റെ ആദ്യ പ്രതികരണവും പുറത്തുവന്നു. തന്റെ മോചനത്തിനായി പ്രാർഥിച്ചവർക്കും കൈയയച്ച് സഹായിച്ച ലോകമെമ്പാടുമുള്ള എല്ലാ സുമനസ്സുകൾക്കും അദ്ദേഹം ഹൃദയത്തിൽ തൊട്ട് നന്ദി അറിയിച്ചു.

2006-ൽ സൗദിയിൽ വെച്ചുണ്ടായ മനഃപൂർവമല്ലാത്ത കൈപ്പിഴയെത്തുടർന്ന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട റഹീമിന്റെ മോചനത്തിനായി മലയാളികൾ ഒന്നടങ്കം കൈകോർത്ത് 34.35 കോടി രൂപയാണ് ദയാധനമായി സമാഹരിച്ചത്. തുടർന്ന് വധശിക്ഷ റദ്ദാക്കിയെങ്കിലും കോടതി വിധിച്ച 20 വർഷത്തെ തടവുശിക്ഷാ കാലാവധി പൂർത്തിയാക്കിയാണ് റഹീം ഒടുവിൽ സ്വന്തം മണ്ണിലേക്ക് തിരിച്ചെത്തിയത്. വരും ദിവസങ്ങളിലും റഹീമിനെ കാണാനായി വലിയ ജനപ്രവാഹം ഉണ്ടാകുമെന്നാണ് കരുതുന്നത്. സമാഹരിച്ച തുകയിൽ ബാക്കിയുള്ളത് സംബന്ധിച്ച തീരുമാനങ്ങൾ റഹീം നാട്ടിലെത്തിയ സാഹചര്യത്തിൽ വരും ദിവസങ്ങളിൽ കൈക്കൊള്ളും.

പിണറായി വിജയന്റെ വീട്ടിലെ ഇ.ഡി റെയ്ഡ്; ചെഗുവേരയുടെ വരികൾ പങ്കുവെച്ച് പിന്തുണയുമായി സംവിധായകൻ ആഷിഖ് അബു!

0

സി.എം.ആർ.എൽ (CMRL) സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് പ്രതികരണവുമായി ആഷിഖ് അബു രംഗത്തെത്തിയത്. റെയ്ഡിന് ശേഷം പിണറായി വിജയൻ ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച ചിത്രം റീപോസ്റ്റ് ചെയ്തുകൊണ്ടാണ് സംവിധായകൻ തന്റെ നിലപാട് വ്യക്തമാക്കിയത്.

“എന്നെ കൊല്ലാനാണ് നിങ്ങൾ വന്നതെന്ന് എനിക്കറിയാം. വെടിവെക്കൂ ഭീരുക്കളെ, നിങ്ങൾ ഒരു മനുഷ്യനെ മാത്രമാണ് കൊല്ലാൻ പോകുന്നത്…” എന്ന ചെഗുവേരയുടെ വിഖ്യാതമായ വരികൾ കുറിച്ചുകൊണ്ടാണ് ആഷിഖ് അബു പിണറായി വിജയന് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.

റെയ്ഡിൽ കുറ്റകരമായ ഒന്നും തന്നെ കണ്ടെത്താൻ ഇ.ഡിക്ക് സാധിച്ചില്ലെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടയിലാണ് രാഷ്ട്രീയ-സിനിമ മേഖലകളിൽ നിന്നുള്ള പ്രമുഖർ കേന്ദ്ര ഏജൻസിയുടെ നടപടിക്കെതിരെ വിമർശനവുമായി രംഗത്തെത്തുന്നത്. എപ്പോഴും പിണറായി വിജയന്റെ ശക്തനായ അനുഭാവിയായ ആഷിഖ് അബുവിന്റെ ഈ സോഷ്യൽ മീഡിയ പോസ്റ്റ് ഇതിനകം തന്നെ ചർച്ചയായിക്കഴിഞ്ഞു.

Aashiq Abu has come out in strong support of the pinarayi vijayan

ഓരോ മുഖവും ഓരോ കഥകൾ ഒളിപ്പിക്കുമ്പോൾ, എല്ലാ നിഴലുകളും ഓരോ രഹസ്യങ്ങൾ സൂക്ഷിക്കുന്നു; അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധം ആഗോള റിലീസ് 2026 ജൂലൈ 3

0

അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ തെലുങ്ക് ചിത്രമായ നാഗബന്ധത്തിൻ്റെ 2026, ജൂലൈ 3 ന് ആണ് ആഗോള തലത്തിൽ തീയേറ്ററുകളിൽ എത്തുക. റിലീസ് തീയതി ഒരിക്കൽ കൂടി ഉറപ്പിച്ചു കൊണ്ടുള്ള, ചിത്രത്തിന്റെ ഗംഭീരമായ പുത്തൻ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തു വിട്ടു. എൻഐകെ സ്റ്റുഡിയോസ്, അഭിഷേക് പിക്ചേഴ്സ് എന്നിവയുടെ ബാനറിൽ കിഷോർ അന്നപുറെഡ്ഡി, നിഷിത നാഗിറെഡ്ഡി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ലക്ഷ്മി ഇറയും, ദേവാൻഷ് നാമയും ചേർന്നാണ്. സഹനിർമ്മാതാവ് താരക് സിനിമാസ്.

ഓരോ മുഖവും ഓരോ കഥകൾ ഒളിപ്പിക്കുമ്പോൾ, എല്ലാ നിഴലുകളും ഓരോ രഹസ്യങ്ങൾ സൂക്ഷിക്കുന്നു എന്ന കുറിപ്പോടെയാണ് ചിത്രത്തിന്റെ പുത്തൻ പോസ്റ്റർ റിലീസ് ചെയ്തത്. ചിത്രത്തിന്റെ മിസ്റ്ററി മൂഡ് പ്രേക്ഷകരിലെത്തിക്കുന്ന തരത്തിലാണ് പോസ്റ്റർ ഒരുക്കിയിരിക്കുന്നത്. യോദ്ധാക്കൾ മുതൽ സഞ്ചാരികൾ വരെയും, വിശുദ്ധർ മുതൽ അതിജീവിച്ചവർ വരെയും അടങ്ങുന്ന നാഗബന്ധത്തിന്റെ ലോകം ഒരു അവിശ്വസനീയ ഫ്രെയിമിൽ സജീവമാകുന്നു എന്നും പോസ്റ്റർ പുറത്തു വിട്ടു കൊണ്ട് അണിയറ പ്രവർത്തകർ കുറിച്ചു.

വമ്പൻ നിർമ്മാണ സ്കെയിലും ലോകോത്തര സാങ്കേതിക നിലവാരവുമുള്ള ഒരു പാൻ-ഇന്ത്യൻ കാഴ്ചയായി ആണ് ചിത്രം ഒരുങ്ങുന്നത്. ഇന്ത്യൻ സിനിമയിലെ പുരാണ സാഹസിക വിഭാഗത്തെ ഈ ചിത്രം പുനർനിർവചിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ദൃശ്യപരമായി അതിമനോഹരവും ,സാങ്കേതികമായി തീവ്രവുമായ സ്റ്റണ്ട് സീക്വൻസുകൾ രൂപകൽപ്പന ചെയ്തതിന് പേരുകേട്ട അന്താരാഷ്ട്ര പ്രശസ്തി നേടിയ ആക്ഷൻ ഡയറക്ടർ വ്ലാഡ് റിംബർഗ് ആണ് ഈ ചിത്രത്തിനായി വമ്പൻ ആക്ഷൻ സീക്വൻസുകൾ സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിൻ്റെ പോസ്റ്റ്-പ്രൊഡക്ഷൻ, വിഎഫ്എക്സ് ജോലികൾ എന്നിവ നിലവിൽ പൂർണ്ണ വേഗതയിൽ പുരോഗമിക്കുന്നു. പുരാതന ക്ഷേത്രങ്ങളും നിഗൂഢ ലോകങ്ങളും മുതൽ വലിയ യുദ്ധ രംഗങ്ങളും ഉൾപ്പെടുത്തി, ആഗോള സിനിമാറ്റിക് അനുഭവം നൽകുന്നതിന് ലക്ഷ്യമിട്ടുള്ള അത്യാധുനിക വിഷ്വൽ ഇഫക്റ്റുകൾ ഉപയോഗിച്ചാണ് ചിത്രം നിർമ്മിക്കുന്നത്.

ഇന്ത്യയിലെ വിനോദ പ്ലാറ്റ്ഫോം ആയ സീ സ്റ്റുഡിയോസ് ആണ് ചിത്രത്തിന്റെ ഉത്തരേന്ത്യൻ തിയേറ്റർ വിതരണ അവകാശങ്ങൾ സ്വന്തമാക്കിയത്. ഹിന്ദി വിപണികളിൽ ചിത്രം വൻതോതിൽ റിലീസ് ചെയ്യാൻ ആണ് പദ്ധതിയിടുന്നത്. സ്ട്രീമിംഗ് ഭീമനായ ആമസോൺ പ്രൈം വീഡിയോ ചിത്രത്തിന്റെ OTT സ്ട്രീമിംഗ് അവകാശങ്ങൾ നേടിയെടുത്തതായി റിപ്പോർട്ടുണ്ട്. അതേസമയം തെലുങ്ക് സാറ്റലൈറ്റ് അവകാശങ്ങൾ സ്റ്റാർ മാ സ്വന്തമാക്കി. പുരാതന രഹസ്യങ്ങൾ, മറഞ്ഞിരിക്കുന്ന നിധികൾ, ദിവ്യശക്തികൾ, മറന്നുപോയ ഇതിഹാസങ്ങൾ എന്നിവയുടെ പശ്ചാത്തലത്തിൽ ആണ് ചിത്രം കഥ പറയുന്നത്. അതിശയിപ്പിക്കുന്ന ദൃശ്യങ്ങൾ, തീവ്രമായ ആക്ഷൻ ബ്ലോക്കുകൾ, ജീവിതത്തേക്കാൾ വലിയ സാഹസിക എപ്പിസോഡുകൾ, ശക്തമായ സംഗീതം, കൗതുകകരമായ കഥാസന്ദർഭം എന്നിവയാൽ, നാഗബന്ധം 2026 ലെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന റിലീസുകളിൽ ഒന്നായി മാറിയിട്ടുണ്ട്.

നഭാ നടേഷ്, ഐശ്വര്യ മേനോൻ,ദക്ഷ നാഗർക്കർ, മഹേഷ് മഞ്ജരേക്കർ, ജഗപതി ബാബു, റിഷഭ് സാഹ്നി, ഗരുഡ റാം, ജയപ്രകാശ്, മുരളി ശർമ, അനസൂയ ഭരദ്വാജ്, ബി. എസ്. അവിനാഷ് എന്നിവർ ആണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ആത്മീയതയും ആവേശകരമായ സാഹസികതയും സംയോജിപ്പിച്ച് ഒരുക്കുന്ന ഈ പാൻ ഇന്ത്യൻ ആക്ഷൻ ചിത്രം, തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിൽ പ്രദർശനത്തിനെത്തും.

ഛായാഗ്രഹണം- സൌന്ദർ രാജൻ എസ് , സംഗീതം- അഭേ, ജുനൈദ് കുമാർ, പശ്‌ചാത്തല സംഗീതം- ജുനൈദ് കുമാർ, എഡിറ്റർ- ആർ. സി. പനവ്, സിഇഓ -വാസു പൊടിനി, പ്രൊഡക്ഷൻ ഡിസൈനർ – അശോക് കുമാർ, സംഭാഷണങ്ങൾ- കല്യാൺ ചക്രവർത്തി, അഡീഷണൽ ഡയലോഗുകൾ- അഭിഷേക് നാമ, ശ്രാവൺ കുമാർ തഡ്ക, വരികൾ- കാസർല ശ്യാം, കല്യാൺ ചക്രവർത്തി, ശ്രീഹർഷ എമാനി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- അഭിനത്രി ജക്കൽ, ആക്ഷൻ- കനൽ കണ്ണൻ, വ്ലാഡ് റിംബർഗ് (യുഎസ്എ), റിയൽ സതീഷ്, കേച്ച ഖംഫക്ഡി, നന്ദു, റൺ നവരച് (തായ്ലൻഡ്), ജൂനിയർ വെങ്കട്ട്, കൊറിയോഗ്രാഫി- ബൃന്ദാ, ഗണേഷ് ആചാര്യ, ശ്രസ്തി വർമ്മ, തിരക്കഥ വികസനം- ശ്ര 1, രാജീവ് എൻ കൃഷ്ണ, വിഎഫ്എക്സ് ഡയറക്ടർ- അഭിഷേക് നാമ, സൌണ്ട് ഡിസൈൻ- സിങ്ക് സിനിമാസ്, Vfx: തണ്ടർ സ്റ്റുഡിയോസ്, Vfx സൂപ്പർവൈസർ-ദേവ് ബാബു ഗാന്ധി (ബുജ്ജി), കളർ- റെഡ് ചില്ലീസ്, സീനിയർ കളറിസ്റ്റ്- കെൻ മെറ്റ്സ്കർ, ഓഡിയോഗ്രാഫർ- M.R. രാജാകൃഷ്ണൻ, കോസ്റ്റ്യൂം ഡിസൈനർമാർ- രാജേഷ് കമർസു, വിഭ റെഡ്ഡി, ശശി ചൌധരി, കോസ്റ്റ്യൂം ചീഫ്- ശ്രീനിവാസു സിംഗാറാം, ക്യാരക്ടർ ഡിസൈനർമാർ- പ്രീതിഷീൽ സിംഗ് ഡിസൂസ, പട്ടണം റഷീദ്, മേക്കപ്പ് ചീഫ്- രംഗിസെട്ടി അർജുൻ, ചീഫ് കോ-ഡയറക്ടർ- ലലിത് പ്രഭാകർ, നാഗ സൂര്യദേവര, കോ-ഡയറക്ടർ- ശ്രാവൺ കുമാർ തഡ്ക, ചീഫ് അസോസിയേറ്റ് ഡയറക്ടർ- വെങ്കട്ട് റെഡ്ഡി കുഞ്ചം, അസോസിയേറ്റ് ഡയറക്ടർമാർ- രവമേഷ് രവുരി, പെദബാലി നിഖിലേശ്വർ റെഡ്ഡി, അസിസ്റ്റന്റ് ഡയറക്ടർമാർ- രൂപ്കുമാർ മഗപ്പു, എ. സുധീർ കുമാർ, അസോസിയേറ്റ് എഡിറ്റർ- ലോകേഷ് അനകല, പ്രൊഡക്ഷൻ കൺട്രോളർമാർ- രാഘവ, ഗണേഷ് വെങ്കിടേശ്വർ റാവു, എക്സിക്യൂട്ടീവ് മാനേജർമാർ- മുഹമ്മദ്. ജാഫറുദ്ദീൻ, ദുലം രമേഷ്, ആനം നവീൻ, പ്രൊഡക്ഷൻ മാനേജർ- ബോയപതി സതീഷ്, അക്കൌണ്ട്സ് & ഫിനാൻസ് ടീം- ശ്രീനിവാസ റെഡ്ഡി വേലഗല (ഫാക്ട് സർവീസസ് പ്രൈവറ്റ് ലിമിറ്റഡ്), യാദ്ലപ്പള്ളി ലക്ഷ്മികാന്ത്, പബ്ലിസിറ്റി ഡിസൈൻ -കാനി സ്റ്റുഡിയോ, സ്റ്റിൽസ്- സ്നാപിൻ ഫോട്ടോഗ്രാഫി, ശിവ, മാർക്കറ്റിംഗ്- അരുൺ കുമാർ പൊടപതി, ഹാഷ്ടാഗ് മീഡിയ, പിആർഓ – ശബരി

ഇഡി റെയ്ഡ് പൂർത്തിയായി; തിരുവനന്തപുരത്ത് ഉദ്യോഗസ്ഥരുടെ വാഹനം തകർത്തു, സംസ്ഥാനവ്യാപകമായി സി.പി.ഐ.എം പ്രതിഷേധം

0

തിരുവനന്തപുരം/കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെയും മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെയും വസതികളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ റെയ്ഡ് പൂർത്തിയായി. എന്നാൽ റെയ്ഡിന് പിന്നാലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വൻ സംഘർഷവും സി.പി.ഐ.എം പ്രവർത്തകരുടെ വ്യാപക പ്രതിഷേധവുമുണ്ടായി. തിരുവനന്തപുരത്ത് പിണറായി വിജയന്റെ വാടക വീട്ടിൽ റെയ്ഡ് പൂർത്തിയാക്കി മടങ്ങിയ ഇഡി ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ സി.പി.ഐ.എം പ്രവർത്തകർ അടിച്ചുതകർത്തു.

തിരുവനന്തപുരത്ത് പരക്കെ അക്രമം; പോലീസ് ലാത്തിവീശി

തിരുവനന്തപുരത്ത് റെയ്ഡ് കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇഡി സംഘത്തിന്റെ മൂന്ന് വാഹനങ്ങളുടെയും ചില്ലുകൾ സി.പി.ഐ.എം പ്രവർത്തകർ പൂർണ്ണമായി തകർത്തു. ഉദ്യോഗസ്ഥരുടെ കാറുകൾ വളഞ്ഞായിരുന്നു പരക്കെ അക്രമം അഴിച്ചുവിട്ടത്.

കണ്ണൂരിലും കോഴിക്കോട്ടും പരിശോധന പൂർത്തിയായി; രേഖകളൊന്നും ലഭിച്ചില്ല

കണ്ണൂർ പാണ്ടാല്യമുക്കിലെ പിണറായി വിജയന്റെ വീട്ടിലും, മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വസതിയിലും നടന്ന പരിശോധനകൾ അവസാനിപ്പിച്ച് ഇഡി സംഘം മടങ്ങി. രാവിലെ 8.30 ഓടെയാണ് പിണറായിയുടെ കണ്ണൂരിലെ വീട്ടിൽ റെയ്ഡ് ആരംഭിച്ചത്. എന്നാൽ, പരിശോധനയിൽ കേസുമായി ബന്ധപ്പെട്ട യാതൊരുവിധ രേഖകളും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് ഇഡിയുടെ മഹസറിൽ വ്യക്തമാക്കുന്നുണ്ട്.

കണ്ണൂരിൽ ഇഡി ഉദ്യോഗസ്ഥരെ തടഞ്ഞു; ഒടുവിൽ വഴിതുറന്ന് നേതാക്കൾ

കണ്ണൂർ പാണ്ഡല്യമുക്കിലെ വീട്ടിൽ നിന്ന് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ഇഡി ഉദ്യോഗസ്ഥരെ സി.പി.ഐ.എം പ്രവർത്തകർ കൂകിവിളിച്ചാണ് നേരിട്ടത്. വൻ പ്രതിഷേധം കാരണം ഉദ്യോഗസ്ഥർക്ക് ഏറെ നേരം മടങ്ങാൻ കഴിഞ്ഞില്ല. ഉദ്യോഗസ്ഥരെ പുറത്തുവിടില്ലെന്ന നിലപാടിൽ പ്രവർത്തകർ ഉറച്ചുനിന്നതോടെ, അവർക്ക് മടങ്ങാനുള്ള വഴി ഒരുക്കണമെന്ന് ഇഡി സംഘം ജില്ലയിലെ പാർട്ടി നേതാക്കളോട് അഭ്യർത്ഥിച്ചു.

തുടർന്ന് സി.പി.ഐ.എം നേതാവ് എം.വി. ജയരാജൻ ഇടപെട്ട് പ്രവർത്തകരോട് പിന്തിരിഞ്ഞു പോകാൻ ആവശ്യപ്പെട്ട ശേഷമാണ് ഉദ്യോഗസ്ഥർക്ക് മടങ്ങാനായത്.

സംസ്ഥാനവ്യാപക പ്രതിഷേധം: കണ്ണൂരിലെ പിണറായി വിജയന്റെ വീടിന് മുന്നിൽ ആരംഭിച്ച പ്രതിഷേധം നിമിഷങ്ങൾക്കകം സി.പി.ഐ.എം സംസ്ഥാനവ്യാപക പ്രതിഷേധമായി മാറ്റുകയായിരുന്നു. കേന്ദ്ര ഏജൻസിയുടെ നടപടിക്കെതിരെ വൻ ജനരോഷമാണ് പാർട്ടി പ്രവർത്തകർ ഉയർത്തുന്നത്.