HomeNews20 വർഷത്തിന് ശേഷം ഉമ്മയെ ചേർത്തുപിടിച്ച് അബ്ദുൽ റഹീം; കോടമ്പുഴയിൽ വികാരനിർഭരമായ രംഗങ്ങൾ, ഒഴുകിയെത്തി ആയിരങ്ങൾ

20 വർഷത്തിന് ശേഷം ഉമ്മയെ ചേർത്തുപിടിച്ച് അബ്ദുൽ റഹീം; കോടമ്പുഴയിൽ വികാരനിർഭരമായ രംഗങ്ങൾ, ഒഴുകിയെത്തി ആയിരങ്ങൾ

കോഴിക്കോട്: രണ്ട് പതിറ്റാണ്ടിന്റെ നീണ്ട കാത്തിരിപ്പിനും നിയമപോരാട്ടങ്ങൾക്കും വിരാമമിട്ട് സൗദി ജയിലിൽ നിന്ന് മോചിതനായ അബ്ദുൽ റഹീമിന് ഇനി പുതുജീവിതം. വലിയ പെരുന്നാൾ ദിനത്തിൽ പുലർച്ചെ കരിപ്പൂരിലിറങ്ങിയ റഹീം രാമനാട്ടുകര കോടമ്പുഴയിലെ തറവാട്ടു വീട്ടിൽ തിരിച്ചെത്തി. 20 വർഷങ്ങൾക്ക് ശേഷം തന്റെ പ്രിയപ്പെട്ട ഉമ്മ ഫാത്തിമയെ നേരിൽ കണ്ട റഹീം വികാരഭരിതനായി ഉമ്മയെ കെട്ടിപ്പിടിച്ചു കരഞ്ഞത് കണ്ടുനിന്നവരുടെ കണ്ണുകളെയും ഈറനണിയിച്ചു.

വീട്ടിൽ തിരിച്ചെത്തിയ റഹീമിനെ സ്വീകരിക്കാനും ഒരുനോക്ക് കാണാനുമായി ബന്ധുക്കളും പ്രദേശവാസികളും ഉൾപ്പെടെ ആയിരക്കണക്കിന് ആളുകളാണ് കോടാമ്പുഴയിലെ വീടിന് മുന്നിൽ തടിച്ചുകൂടിയിരിക്കുന്നത്. നാട്ടിലെത്തിയ ശേഷമുള്ള അബ്ദുൽ റഹീമിന്റെ ആദ്യ പ്രതികരണവും പുറത്തുവന്നു. തന്റെ മോചനത്തിനായി പ്രാർഥിച്ചവർക്കും കൈയയച്ച് സഹായിച്ച ലോകമെമ്പാടുമുള്ള എല്ലാ സുമനസ്സുകൾക്കും അദ്ദേഹം ഹൃദയത്തിൽ തൊട്ട് നന്ദി അറിയിച്ചു.

2006-ൽ സൗദിയിൽ വെച്ചുണ്ടായ മനഃപൂർവമല്ലാത്ത കൈപ്പിഴയെത്തുടർന്ന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട റഹീമിന്റെ മോചനത്തിനായി മലയാളികൾ ഒന്നടങ്കം കൈകോർത്ത് 34.35 കോടി രൂപയാണ് ദയാധനമായി സമാഹരിച്ചത്. തുടർന്ന് വധശിക്ഷ റദ്ദാക്കിയെങ്കിലും കോടതി വിധിച്ച 20 വർഷത്തെ തടവുശിക്ഷാ കാലാവധി പൂർത്തിയാക്കിയാണ് റഹീം ഒടുവിൽ സ്വന്തം മണ്ണിലേക്ക് തിരിച്ചെത്തിയത്. വരും ദിവസങ്ങളിലും റഹീമിനെ കാണാനായി വലിയ ജനപ്രവാഹം ഉണ്ടാകുമെന്നാണ് കരുതുന്നത്. സമാഹരിച്ച തുകയിൽ ബാക്കിയുള്ളത് സംബന്ധിച്ച തീരുമാനങ്ങൾ റഹീം നാട്ടിലെത്തിയ സാഹചര്യത്തിൽ വരും ദിവസങ്ങളിൽ കൈക്കൊള്ളും.

RELATED ARTICLES
- Advertisment -
Google search engine

Most Popular