തിരുവനന്തപുരം: കണ്ണൂർ മുൻ അഡീഷണൽ ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റ് (എ.ഡി.എം) കെ. നവീൻ ബാബുവിന്റെ മരണത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും നേരിൽ കണ്ടു നിവേദനം സമർപ്പിച്ചു. നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയും സഹോദരൻ പ്രവീൺ ബാബുവും തിരുവനന്തപുരത്തെത്തിയാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവരുമായി കൂടിക്കാഴ്ച നടത്തിയത്.
കേസിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം സർക്കാർ അംഗീകരിക്കാമെന്ന് മന്ത്രിമാർ ഉറപ്പുനൽകിയതായി കൂടിക്കാഴ്ചയ്ക്ക് ശേഷം നവീൻ ബാബുവിന്റെ സഹോദരൻ പ്രവീൺ ബാബു മാധ്യമങ്ങളോട് പറഞ്ഞു. നിഷ്പക്ഷവും നീതിയുക്തവും ശാസ്ത്രീയവുമായ അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരണമെന്നത് കേരള സമൂഹവും തങ്ങളും ഏറെ നാളായി കാത്തിരിക്കുന്നതാണെന്നും, ഇതിനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ഉറപ്പ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിൽ പ്രത്യേക അന്വേഷണ സംഘമാണ് (SIT) ഈ കേസ് അന്വേഷിച്ചിരുന്നത്. എന്നാൽ ഈ അന്വേഷണത്തിനെതിരെ കുടുംബം നേരത്തെ തന്നെ രംഗത്തുവന്നിരുന്നു. കേസ് കേന്ദ്ര ഏജൻസിക്ക് വിടുന്നതിനൊപ്പം, നവീൻ ബാബുവിന്റെ കുടുംബത്തിലെ ഒരംഗത്തിന് ആശ്രിതനിയമനം നൽകുന്ന കാര്യത്തിലും മന്ത്രിമാർ ഇന്ന് അനുകൂലമായ ഉറപ്പ് നൽകിയതായാണ് വിവരം. റാന്നി എം എൽ എ പഴകുളം മധു, കണ്ണൂർ എം.എൽ.എ ടി.ഓ. മോഹൻ, പത്തനംതിട്ട ഡി.സി.സി ജനറൽ സെക്രട്ടറി ലിജു ജോർജ് എന്നിവരും കുടുംബത്തോടൊപ്പം ഉണ്ടായിരുന്നു.
Naveen Babu Death Case: Family Submits Memorandum to CM V.D. Satheesan

