സ്ത്രീക്ഷേമത്തിനും വികസനത്തിനും മുൻഗണന; പുതിയ പ്രഖ്യാപനങ്ങളുമായി ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം; സംസ്ഥാനത്ത് സാമ്പത്തിക ധവളപത്രം പുറത്തിറക്കും

തിരുവനന്തപുരം: പുതിയ സർക്കാരിന്റെ നയങ്ങളും ഭാവി പദ്ധതികളും വ്യക്തമാക്കിക്കൊണ്ടുള്ള ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൽ സ്ത്രീക്ഷേമത്തിനും വികസനത്തിനും കടുത്ത സാമ്പത്തിക പരിഷ്കരണങ്ങൾക്കും മുൻഗണന. സൗജന്യ കെ.എസ്.ആർ.ടി.സി യാത്രയ്ക്ക് പുറമേ സ്ത്രീകളെ ചേർത്തുനിർത്തുന്ന നിരവധി പദ്ധതികളാണ് പ്രസംഗത്തിലുടനീളം പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, സംസ്ഥാനം നേരിടുന്ന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി ജനങ്ങൾക്ക് മുന്നിൽ വ്യക്തമാക്കാൻ ധവളപത്രം പുറത്തിറക്കുമെന്നും സർക്കാർ അറിയിച്ചു.

സ്ത്രീകൾക്കായി വൻ പ്രഖ്യാപനങ്ങൾ; ആർത്തവ അവധിയും തുല്യവേതനവും

പെൺകുട്ടികൾക്കും സ്ത്രീകൾക്കും കൂടുതൽ സൗഹൃദപരമായ അന്തരീക്ഷം ഒരുക്കുകയാണ് ലക്ഷ്യമെന്ന് നയപ്രഖ്യാപനത്തിൽ പറയുന്നു. പ്രധാന പ്രഖ്യാപനങ്ങൾ താഴെ പറയുന്നവയാണ്:

  • ആർത്തവ അവധി: സ്കൂൾ വിദ്യാർഥിനികൾക്ക് മാസത്തിൽ 3 ദിവസം വരെ ആർത്തവ അവധി നൽകും. പഠനത്തിൽ പിന്നിലാകാതിരിക്കാൻ വാരാന്ത്യങ്ങളിൽ ക്യാച്ച് അപ്പ് ക്ലാസുകൾ ഒരുക്കും.
  • മെൻസ്ട്രൽ ഡിഗ്നിറ്റി: വിദ്യാഭ്യാസ സ്ഥാപനങ്ങളും പൊതുസ്ഥലങ്ങളും സ്ത്രീസൗഹൃദമാക്കാൻ പ്രത്യേക പദ്ധതി. സാനിറ്ററി നാപ്കിനുകൾ, പാദരക്ഷകൾ, മറ്റ് അവശ്യസാധനങ്ങൾ എന്നിവ ലഭ്യമാക്കും.
  • തൊഴിലിടങ്ങളിലെ തുല്യത: തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് തുല്യവേതനം ഉറപ്പാക്കും. അസംഘടിത മേഖലയിലെ സ്ത്രീകൾക്ക് 6 മാസത്തെ പ്രസവവിധിയും പ്രത്യേക ആനുകൂല്യങ്ങളും നൽകും.
  • വനിതാ കർഷക കൺസോർഷ്യം: ഓരോ പഞ്ചായത്തിലും വനിതാ കർഷകരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാൻ പ്രത്യേക കൺസോർഷ്യം രൂപീകരിക്കും. എല്ലാ പ്രധാന പട്ടണങ്ങളിലും പൊതുവിശ്രമമുറികൾ ഒരുക്കും.

മാറിയ രാഷ്ട്രീയം; കേന്ദ്രവിമർശനം ഒഴിവാക്കി നെഹ്‌റുവിനെ ഉദ്ധരിച്ചു

കഴിഞ്ഞ സർക്കാരിന്റെ കാലത്തെ നയപ്രഖ്യാപനങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇക്കുറി കേന്ദ്ര സർക്കാരിനെതിരെയുള്ള നേരിട്ടുള്ള വിമർശനങ്ങൾ പൂർണ്ണമായും ഒഴിവാക്കി. ജവഹർലാൽ നെഹ്‌റുവിന്റെ വാക്കുകൾ ഉദ്ധരിച്ചാണ് പ്രസംഗം തുടങ്ങിയതും അവസാനിപ്പിച്ചതും. ‘പൊതുനന്മയ്ക്കായി ഒരുമിച്ചു പ്രവർത്തിക്കുന്നതാണ് ഏറ്റവും നല്ലത്’ എന്ന വാക്കുകളിൽ തുടങ്ങി, ‘ജനങ്ങൾക്ക് വിശ്വാസമുണ്ടാകുമ്പോഴാണ് ഒരു സർക്കാർ ഏറ്റവും നന്നായി പ്രവർത്തിക്കുന്നത്’ എന്ന വരികളോടെ പ്രസംഗം അവസാനിച്ചു. കേന്ദ്രത്തിൽ നിന്ന് അർഹമായ സാമ്പത്തിക വിഹിതം ലഭിക്കുമെന്ന പ്രതീക്ഷയും സർക്കാർ പങ്കുവെച്ചു.

മുൻ സർക്കാരിന് പരോക്ഷ വിമർശനം; ധവളപത്രം വരുന്നു

സംസ്ഥാനം കടുത്ത സാമ്പത്തിക വെല്ലുവിളികളും സാമ്പത്തിക ഞെരുക്കവും നേരിടുകയാണെന്ന് പ്രസംഗത്തിൽ സമ്മതിക്കുന്നുണ്ട്. മുൻ സർക്കാരിന്റെ ധനകാര്യ മാനേജ്‌മെന്റിനെ പരോക്ഷമായി വിമർശിച്ച പ്രസംഗത്തിൽ, നിലവിലെ സാമ്പത്തിക ബാധ്യതകളെക്കുറിച്ച് ജനങ്ങൾക്ക് വ്യക്തത നൽകാൻ ധവളപത്രം പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് കാലത്ത് പ്രഖ്യാപിച്ച ‘ഇന്ദിരാ ഗ്യാരന്റികൾ’ നടപ്പാക്കുമെന്ന് ആവർത്തിച്ചെങ്കിലും കെ.എസ്.ആർ.ടി.സി സൗജന്യ യാത്രയുടെ കൂടുതൽ വിശദാംശങ്ങൾ ലഭ്യമാക്കിയിട്ടില്ല. എന്നാൽ, സംസ്ഥാനത്തുടനീളം സ്ത്രീകളുടെ സൗന്യയാത്ര സ്ഥിരമായ അവകാശമാക്കുമെന്ന് സർക്കാർ വ്യക്തമാക്കി.

മറ്റ് പ്രധാന പ്രഖ്യാപനങ്ങൾ ഒറ്റനോട്ടത്തിൽ:

  • സാമൂഹ്യ ക്ഷേമം: കോളേജ് വിദ്യാർഥിനികൾക്ക് പ്രതിമാസം 1000 രൂപ വിദ്യാഭ്യാസ സഹായം. ക്ഷേമപെൻഷൻ 3000 രൂപയായി ഉയർത്തും.
  • ആരോഗ്യ ഇൻഷുറൻസ്: ഓരോ കുടുംബത്തിനും പ്രതിവർഷം 25 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ.
  • യുവജനങ്ങൾക്ക് പലിശരഹിത വായ്പ: സംരംഭകരാകാൻ ആഗ്രഹിക്കുന്ന യുവാക്കൾക്ക് 5 ലക്ഷം രൂപ പലിശരഹിത വായ്പ നൽകും.
  • സഹകരണ മേഖലയിലെ കടുത്ത നടപടി: തട്ടിപ്പ് നടന്ന സഹകരണ സംഘങ്ങളിലെ നിക്ഷേപം തിരികെ നൽകാൻ നടപടി സ്വീകരിക്കും. കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകും. വിജിലൻസ് സംവിധാനം ഊർജിതമാക്കി അഴിമതി തുടച്ചുനീക്കും.
  • ലഹരി വിരുദ്ധ പോരാട്ടം: ലഹരിവ്യാപനം തടയാൻ പ്രത്യേക ‘സ്റ്റേറ്റ് നാർക്കോട്ടിക് എൻഫോഴ്‌സ്‌മെന്റ് ബ്യൂറോ’ സ്ഥാപിക്കും.
  • ഐടി, അടിസ്ഥാന സൗകര്യ വികസനം: ഐടി വകുപ്പിനെ ‘കേരള ടെക്ക്’ എന്ന ബ്രാൻഡിൽ പുനർനാമകരണം ചെയ്യും. കേരള ഐടി മിഷൻ ഇനി മുതൽ ‘ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ മിഷൻ’ ആയി മാറും. സംസ്ഥാനത്തെ എല്ലാ റോഡുകളും ബി.എം, ബി.സി നിലവാരത്തിലേക്ക് ഉയർത്തും.
  • തീർഥാടനം, വിദ്യാഭ്യാസം: ക്ഷേത്രങ്ങളെ ബന്ധിപ്പിച്ച് ‘മലബാർ ടെംപിൾ പിൽഗ്രിം’ തീർഥാടന സർക്യൂട്ട് വരും. എല്ലാ ജില്ലകളിലും ആവശ്യാനുസരണം പ്ലസ് ടു സീറ്റുകൾ വർദ്ധിപ്പിക്കും. സപ്ലൈകോ സൂപ്പർമാർക്കറ്റുകൾ ആധുനികവത്കരിക്കുകയും സഞ്ചരിക്കുന്ന മാവേലി, റേഷൻ കടകളുടെ എണ്ണം വർദ്ധിപ്പിക്കുകയും ചെയ്യും.

By admin