കൃഷിക്കുവേണ്ടിയുള്ള ജൈവവളങ്ങൾ പരിചയപ്പെടാം

കാലിവളം

കാലിത്തൊഴുത്തില്‍ നിന്നും ലഭിക്കുന്ന ചാണകവും ഗോമൂത്രവും തീറ്റപ്പുല്ലിന്‍റെയും തീറ്റിസാധനങ്ങളുടെയും അവശിഷ്ടങ്ങളും അഴുകി കിട്ടുന്ന വളമാണ് കാലിവളം. . കാലിവളം മണ്ണില്‍ ചേര്‍ത്താല്‍ സാവധാനമേ അതില്‍ നിന്നുളള മൂലകങ്ങള്‍ ചെടിക്കള്‍ക്കു ലഭിക്കുകയുള്ളൂ.

പ്രധാന ജൈവവളമാണ് ചാണകം. 1% നൈട്രജന്‍. 0.5% ഫോസ്ഫറസ്, 1% പൊട്ടാഷ് എന്നിവ ചാണകത്തിലുണ്ട്. കൂടാതെ സൂക്ഷ്മ മൂലകങ്ങള്‍, ഹോര്‍മോണുകള്‍ തുടങ്ങിയവയുമുണ്ട്. ചാണകത്തിലെ നൈട്രജന്‍ വളരെ വേഗം നഷ്ടപെടാന്‍ സാധ്യതയുണ്ട്. ഇതൊഴിവാക്കാന്‍ വളക്കുഴികള്‍ മഴയും വെയിലുമേല്‍ക്കാതെ സംരക്ഷിക്കണം.

പിണ്ണാക്കു വളങ്ങള്‍

എണ്ണ നീക്കിയ ശേഷമുളള നിലക്കടല, വേപ്പിന്‍കുരു, കൊപ്ര, എള്ള് തുടങ്ങയവയുടെ അവശിഷ്ടമാണ് പിണ്ണാക്കുകള്‍. മൃഗങ്ങള്ക്ക് ഭക്ഷയോഗ്യമായതും, ഭക്ഷയോഗ്യമല്ലാത്തതുമായ രണ്ടു തരത്തിലുളള പിണ്ണാക്കുകളും കൃഷിയ്ക്ക് ഉപയോഗിക്കുന്നു. ചാണകം, കമ്പോസ്റ്റ് എന്നിവയെ അപേക്ഷിച്ച് പിണ്ണാക്കുകളില്‍ മൂലകങ്ങളുടെ അംശം കൂടുതലാണു. കാര്‍ബണ്‍ – നൈട്രജന്‍ അനുപാതം വളരെ കുറവായതിനാല്‍ മറ്റ് ജൈവവളങ്ങലെക്കാള്‍ വേഗത്തില്‍ വിഘടിച്ചു ഇവയിലുള്ള മൂലകങ്ങള്‍ പെട്ടെന്നുതന്നെ ചെടികള്‍ക്ക് ലഭ്യമാക്കുന്നു. പിണ്ണാക്കുകള്‍ മണ്ണില്‍ ചേര്‍ക്കുന്നതിനു മുന്‍പ് പൊടിക്കേണ്ടതായുണ്ട് . ആവണക്കിന്‍ പിണ്ണാക്ക്‌ ചിതലുകളെ നിയന്ത്രിക്കാന്‍ നല്ലതാണ്‌. മാത്രമല്ല പിണ്ണാക്ക് ഉപയോഗിക്കുന്ന സ്ഥലങ്ങളില്‍ ദോഷകാരികളായ നിമാവിരകളുടെ ആക്രമണവും കുറയുന്നു.

കമ്പോസ്റ്റ്

ജൈവവസ്തുക്കളുടെ സമ്മിശ്ര ശേഖരണം എന്നതാണ് കമ്പോസ്റ്റിന്റെ അര്‍ത്ഥം. കാര്‍ബണും നൈട്രജനും കൂടുതല്‍ അടങ്ങിയ ജൈവവസ്തുക്കള്‍ കൂട്ടികലര്‍ത്തിയാണ് കൂട്ടുവളം നിര്‍മിക്കുന്നത് .സസ്യങ്ങളില്‍ നിന്നും മൃഗങ്ങളില്‍ നിന്നും കിട്ടുന്ന ജൈവവസ്തുക്കള്‍ വിഘടിക്കുന്നത് കൊണ്ട് ഇവയാണ് കമ്പോസ്റ്റ് നിര്‍മ്മിക്കുന്നതിനായി ഉപയോഗിക്കുന്നത്. ജൈവവസ്തുക്കളുടെ കാര്‍ബണ്‍ നൈട്രജന്‍ അനുപാതം, തരികളുടെ വലിപ്പം, ജലാംശത്തിന്റെ അളവ്, വായു സഞ്ചാരം ,താപനില, അമ്ല -ക്ഷാര സൂചിക എന്നിവയെല്ലാം കമ്പോസ്റ്റ് നിര്‍മാണത്തെ സാരമായി ബാധിക്കുന്നു.

കോഴി വളം

ജൈവവളങ്ങളില്‍ ഏറ്റവും മികച്ചതാണു കോഴിവളം. ഇതില്‍ അടങ്ങിയിരിക്കുന്ന നൈട്രജന്‍ വളരെ എളുപ്പത്തില്‍ വിളകള്‍ക്ക് ലഭ്യമാകുന്നു. ഇതിന്‍റെ കാര്‍ബണ്‍ – നൈട്രജന്‍ അനുപാതം ചെടികള്‍ക്ക് ആഗിരണം ചെയ്യാന്‍ ഏറെ അനുകൂലമാണ്.കോഴിയുടെ കാഷ്ഠത്തിന് പുറമെ മൂത്രവും ഇതില്‍ അടങ്ങിയിരിക്കുന്നു. 2.2% നൈട്രജനും 1.4% ഫോസ്ഫറസും 1.6% പോട്ടാസ്യവും ഇതിലുണ്ട്. 60% നൈട്രജന്‍ യൂറിക് ആസിഡ് ആയും 30% നൈട്രജന്‍ ജൈവ സംയുക്തങ്ങളായും ബാക്കി നൈട്രജന്‍ മിനറല്‍ രൂപത്തിലും കാണപ്പെടുന്നു. ഉണക്കി പൊടിച്ചെടുത്ത പഴകിയ കോഴിവളമാണു വിളകള്‍ക്കുത്തമം.ഈ വളം പ്രയോഗിക്കുമ്പോള്‍ ചൂട് കുറയ്കാന്‍ ജലസേചനം കൃത്യമായി നടത്തണം .അധിക തോതിലുപയോഗിച്ചാല്‍ ചൂടുകൊണ്ട് പച്ചക്കറി വിളകള്‍ നശിക്കാന്‍ ഇടയാകും.

ബയോഗ്യാസ് സ്ലറി

ബയോഗ്യാസ് പ്ലാന്‍റില്‍ നിന്നും ലഭിക്കുന്ന സ്ലറി നേരിട്ട് വളമായി ഉപയോഗിക്കുന്നു.

മണ്ണിര കമ്പോസ്റ്റ്

രണ്ടു തരത്തിലുള്ള മണ്ണിര കമ്പോസ്റ്റ് താഴെ വിവരിച്ചിരിക്കുന്നു.

a) പറമ്പുകളിലെ മണ്ണിര കമ്പോസ്റ്റ് നിര്‍മ്മാണം – ജൈവവശിഷ്ടങ്ങള്‍ ,ചാണകം, ആഫ്രിക്കന്‍ മണ്ണിര (യൂഡ്രില്ലസ് യൂജിയേ),മണല്‍/ചരല്‍, ചകിരിതൊണ്ട്, സ്യുഡോമോണാസ്.

b) അടുക്കള ജൈവവശിഷ്ടങ്ങള്‍ ഉപയോഗിച്ചുള്ള മണ്ണിര കമ്പോസ്റ്റ് നിര്‍മ്മാണം അടുക്കളയില്‍ നിന്നുള്ള ജൈവാവഷിഷ്ടങ്ങള്‍ (എണ്ണയും എരിയും കൂടുതലുള്ളവ ഒഴിവാക്കുക),ചരല്‍/മണല്‍,ചകിരി,ചാണകം ,കരിയില).

വെര്‍മ്മിവാഷ്

പച്ചക്കറികളുടെ വിളവ്‌ വര്‍ധിപ്പിക്കുന്നതിന് പുറമേ രോഗ ങ്ങളെയും കീടങ്ങളെയും തടയാനും ഇതിന് കഴിയും.

ചകിരിചോര്‍ കമ്പോസ്റ്റ്

നാളികേരത്തിന്റെ തൊണ്ടില്‍ നിന്നും കയര്‍ നിര്‍മാണത്തിനായി നാര് വേര്‍തിരിച്ചെടുക്കുമ്പോഴുണ്ടാകുന്ന അവശിഷ്ട വസ്തുവായ ചകിരിചോറിനെ ലളിതമായ സംസ്കരണ പ്രക്രിയ കളിലൂടെ വളമാക്കിയെടുക്കാം .

ചാരം

ഉണക്കിയ ജൈവവശിഷ്ടങ്ങള്‍ കത്തിചെടുകുന്ന ചാരം പണ്ടു മുതല്‍ക്കേ ഉപയോഗിച്ച് വരുന്നു. പൊട്ടാസ്യം കൂടുതലുള്ള ജൈവവളമാണ് ഇത്. എല്ലാ വിളകള്‍ക്കും ഉപയോഗിക്കാന്‍ അനുയോജ്യമായ ജൈവവളമാണ് ചാരം. ഇത് സാധാരണ അടിവളമായി ഉപയോഗിക്കുന്നു .

എല്ലുപൊടി

എല്ലു വേവിച്ചോ അല്ലാതെയോ പൊടിച്ചതാണ് എല്ലുപൊടി . നൈട്രജന്‍, ഫോസ്ഫറസ് എന്നിവയ്ക്ക് പുറമേ കാല്‍സ്യം കൂടി അടങ്ങിയിട്ടുള്ളതിനാല്‍ കേരളത്തിലെ അമ്ലമണ്ണുകളിലേക്ക് ഏറ്റവും അനുയോജ്യമാണ് ഈ വളം.

റോക്ക് ഫോസ്ഫേറ്റ്

ഖനനം ചെയ്തെടുക്കുന്ന പ്രകൃതിദത്തമായ ഭാവഹ വളമാണ് റോക്ക്ഫോസ്ഫേറ്റ്. ഇത് കേരളത്തിലെ പുളിരസമുള്ള മണ്ണിനു അനുയോജ്യമായ വളമാണ് .ഖനനം ചെയ്തെടുത്ത റോക്ക്ഫോസ്ഫേറ്റ് വളരെ നന്നായി പൊടിച്ചു മണ്ണില്‍ ചേര്‍ക്കുമ്പോള്‍ മണ്ണുമായുള്ള സമ്പര്‍ക്കം മൂലമാണ് ചെടികള്‍ക്ക് ലഭ്യമാകുന്നത് . മസൂറിഫോസ്, രാജ് ഫോസ് എന്നിവ ഈ ഗണത്തില്‍പ്പെടുന്നവയാണ്.

പച്ചചാണകസ്ലറി

200 ഗ്രാം പച്ചചാണകം 4 ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലര്‍ത്തി നേരിട്ട് വളമായി നല്‍കുന്നു.

മത്സ്യ വളം

ഭക്ഷ്യയോഗ്യമല്ലാത്ത പലതരം മത്സ്യങ്ങളും സംസ്കരണ ശാലകളില്‍ നിന്നും പുറന്തള്ളപ്പെടുന്ന അവശിഷ്ടങ്ങളും വളമായി ഉപയോഗിക്കുന്നു .ഇവ അങ്ങനെ തന്നെയോ ഉണക്കിയശേഷം പൊടിച്ചോ ഉപയോഗിക്കാം. പെട്ടെന്ന് അഴുകിചേരുന്നതിനാല്‍ എല്ലാ വിളകള്‍ക്കും നല്ലതാണ്.

പച്ചിലവളങ്ങള്‍

പച്ചിലവളപ്രയോഗം മണ്ണിന്‍റെ ജൈവാംശം വര്‍ദ്ധിപ്പിക്കുകയും അണുജീവികളുടെ പ്രവര്‍ത്തനം അഭിവൃദ്ധിപ്പെടുത്തുകയും ചെയ്യുന്നു. വിളകളുടെ വേര് ചെന്നെത്താത്ത അടിഭാഗത്തെ മണ്ണില്‍ നിന്നുപോലും ലഭ്യമായ സസ്യമൂലകങ്ങള്‍ പച്ചിലവളചെടികള്‍ വലിച്ചെടുത്ത് മണ്ണിന് നല്‍കുന്നു. മണ്ണൊലിപ്പിന്റെ കാഠിന്യം കുറക്കുന്നതിനും വെള്ളം പിടിച്ചുനിര്‍ത്താനുള്ള ശേഷി കൂട്ടുന്നതിനും ഒരു പരിധിവരെ ഇത് സഹായിക്കും. പച്ചില വളപ്രയോഗം രണ്ടുതരത്തിലുണ്ട്. സ്വസ്ഥാന പച്ചില വളപ്രയോഗവും പുറമെയുള്ള പച്ചിലയും തണ്ടും വളപ്രയോഗത്തിന് ഉപയോഗിക്കുന്ന രീതിയും.

കടപ്പാട് : കാർഷിക വിവര സങ്കേതം

admin:
Related Post