Home Blog Page 530

ബ്രേക്ക് എടുക്കുന്നു : പാർവതി

0

തന്റെ അഭിനയമികവുകൊണ്ട് മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിച്ച താരമാണ് പാർവതി. ഇടയ്ക്ക് അല്പം ഗോസ്സിപ്പുകളിൽ പെട്ടുപോയെങ്കിലും പാർവതിയുടെ ചിത്രങ്ങൾ ഇരു കൈകളും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്.

മറ്റു സോഷ്യൽ മീഡിയകളിലൊന്നും ആക്റ്റീവല്ലെങ്കിലും ഇൻസ്റ്റാഗ്രാമിലൂടെ തന്റെ വിശേഷങ്ങൾ പാർവതി പങ്കുവയ്ക്കാറുണ്ട്. യാത്രകൾ ഇഷ്ടപ്പെടുന്ന പാർവതി കൂടുതലും യാത്രയുടെ വിശേഷങ്ങളാണ് പങ്കുവയ്ക്കുന്നത്.

ഇപ്പോൾ ഇൻസ്റ്റാഗ്രാമിലൂടെ പാർവതി കുറിച്ച വാക്കുകളാണ് വാർത്തയാകുന്നത്. താൻ ഒരു ബ്രേക്ക് എടുക്കാൻ പോവുകയാണെന്നാണ് പാർവതി കുറിച്ചത്. എന്തായാലും സിനിമയിൽ നിന്നല്ല പാർവതി ബ്രേക്ക് എടുക്കുന്നത്. സോഷ്യൽ മീഡിയയിൽനിന്നാണ് പാർവതി ചെറിയ ബ്രേക്ക് എടുക്കുന്നത്.

” ഈ നിരന്തര സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി. ഡിഎം( ഡയറക്ട് മെസേജ്) വഴി സന്ദേശം അയക്കുന്നവരുടെ പിന്തുണ പറഞ്ഞറിയിക്കാൻ സാധിക്കില്ല. വളരെ  അത്യാവശ്യം എന്നു കരുതുന്ന ഒരു ടെക് ബ്രേക്ക് എടുക്കാൻ പോവുകയാണ്. സ്നേഹം പങ്കുവയ്ക്കാൻ വൈകാതെ തിരിച്ചെത്തും’ – പാർവതി കുറിക്കുന്നു”.

എന്നാൽ എന്ത് കാരണത്താലാണ് ബ്രേക്ക് എടുക്കുന്നത് എന്ന് പാർവതി പറഞ്ഞിട്ടില്ല.

പ്രളയക്കെടുതിയിൽ വലയുന്ന കേരളത്തിന് സഹായവുമായി തമിഴ് സിനിമാതാരങ്ങൾ

0

കനത്ത മഴയെത്തുടർന്നുണ്ടായ പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന മലയാളികൾക്ക് സഹായവുമായി തമിഴ് സിനിമ താരങ്ങളും. സൂര്യയും കാർത്തിയും ചേർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 25 ലക്ഷം സംഭാവന ചെയ്യുമെന്ന് അറിയിച്ചു. താരങ്ങളെകൂടാതെ തമിഴ്നാട് സർക്കാർ അഞ്ച് കോടി രൂപയും കർണാടക സർക്കാർ 10 കോടി രൂപയും സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്.

 

ഭുമിയും വീടും നഷ്ടപ്പെട്ടവര്‍ക്ക് പത്ത് ലക്ഷം രൂപ നല്‍കും : മുഖ്യമന്ത്രി

0

മഴക്കെടുതിയില്‍ വീടും ഭൂമിയും നഷ്ടപ്പെട്ടവര്‍ക്ക് പത്ത് ലക്ഷം രൂപയും മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക്  നാല് ലക്ഷം രൂപയും നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയില്‍ ജില്ലയില്‍ നേരിട്ട നാശനഷ്ടങ്ങള്‍ വിലയിരുത്തി വയനാട് കളക്‌ട്രേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായി അദ്ദേഹം.  ഭൂമി നഷ്ടപ്പെട്ടവര്‍ക്ക് ആറ് ലക്ഷം രൂപയും വീട് പൂര്‍ണ്ണമായി തകര്‍ന്നവര്‍ക്ക് നാല് ലക്ഷം രൂപയും നല്‍കും.  നിലവില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന ഒരു കുടുംബത്തിന് 3800 രൂപ വീതം നല്‍കും.  വളര്‍ത്തു മൃഗങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് പ്രത്യേകം സഹായം നല്‍കും.  ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്  എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ സഹകരിച്ചാണ് നീങ്ങുന്നത്. അയല്‍ സംസ്ഥാനത്ത് നിന്നും സഹായം ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് എല്ലാ സൗകര്യങ്ങളും ഉറപ്പാക്കാന്‍ ജില്ലാ ഭരണകൂടത്തിന് നിര്‍ദ്ദേശം നല്‍കി.  റേഷന്‍ കാര്‍ഡ് മുതലായ പ്രധാനപ്പെട്ട രേഖകള്‍ നഷ്ടമായവര്‍ക്ക് പ്രത്യേകം അദാലത്തുകള്‍ നടത്തി രേഖകള്‍ നല്‍കും. ഇതിനായി ഫീസ് ഈടാക്കില്ല.   അദാലത്ത് നടത്തുന്ന തീയതി അടിയന്തരമായി തീരുമാനിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പാഠപുസ്തകങ്ങള്‍ നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ പുസ്തകങ്ങള്‍ നല്‍കാനുള്ള നടപടി സ്വീകരിക്കും.ക്യാമ്പുകളില്‍ സഹായം നേരിട്ടു നല്‍കുന്നതിനു പകരം ജില്ലാ കളക്ടര്‍ മുഖേന നല്‍കണം.    ക്യാമ്പുകളില്‍ മെഡിക്കല്‍ സംഘത്തിന്റെ അതീവ ശ്രദ്ധ വേണം. ജില്ലയിലെ പ്രധാന റോഡുകള്‍ പുനസ്ഥാപിക്കാനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കും.  വൈത്തിരി പോലീസ് സ്റ്റേഷന്‍ എത്രയും വേഗം പൂര്‍വ്വസ്ഥിതിയിലാക്കാന്‍ നിര്‍ദ്ദേശം നല്‍കി.

പ്രളയബാധിത പ്രദേശങ്ങള്‍, കോളനികള്‍ എന്നിവിടങ്ങളില്‍ ആരോഗ്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം.  ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാറിന്റെ മാത്രം ഇടപെടലുകള്‍ മതിയാവില്ല.  ആരോഗ്യം-തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടൊപ്പം ജനകീയ ഇടപെടലുകളും ഉണ്ടാവണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.ജില്ലയിലെ ജനപ്രതിനിധികള്‍ കാലവര്‍ഷക്കെടുതിയുടെ  സ്ഥിതിഗതികള്‍ മുഖ്യമന്ത്രിയെ അറിയിച്ചു. ജില്ലാ ഭരണകൂടത്തിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ  മുഖ്യമന്ത്രി അഭിനന്ദിച്ചു. മന്ത്രിമാരായ ഇ.ചന്ദ്രശേഖരന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എം.ഐ.ഷാനവാസ് എം.പി, എം.എല്‍.എ മാരായ സി.കെ.ശശീന്ദ്രന്‍, ഐ.സി. ബാലകൃഷ്ണന്‍, ഒ.ആര്‍.കേളു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ, ചീഫ് സെക്രട്ടറി ടോം ജോസ്, റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യന്‍, സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബഹ്‌റ, ജില്ലാ കളക്ടര്‍ എ.ആര്‍.അജയകുമാര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അവലോകനയോഗത്തില്‍ സംബന്ധിച്ചു.

“ഡോറ” സിനിമയാകുന്നു

0

കുട്ടികളുടെ പ്രിയ കാർട്ടൂൺ കഥാപാത്രം സിനിമ ആകുന്നു. “ഡോറ ദി എക്സ്പ്ലോറർ: ദി ഡെസ്റ്റിനൈ മെഡാലിയൺ” എന്നാണ് ചിത്രത്തിന്റെ പേര്. ഡോറ ആയി വേഷമിടുന്നത് ഇസബീല മോനേർ ആണ്. ചിത്രം അടുത്തവർഷം ആഗസ്റ്റിൽ തീയറ്ററുകളിൽ എത്തും.

കടൽയാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങൾ

0

അവധികാലം ആഘോഷിക്കാൻ നാമെല്ലാം പല സ്ഥലങ്ങളിലേക്കും യാത്രപോകാറുണ്ട്. കരയിലൂടെയും കടലിലൂടെയും ആകാശത്തിലൂടെയും നാം യാത്ര ചെയ്യുന്നു. കടൽമാർഗം യാത്രചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം

  • ഭക്ഷണം കഴിച്ചയുടൻ ബോട്ടിൽ കയറരുത്. ഛർദിക്കാനുള്ള സാധ്യതയേറെയാണ്.
  • കുടിവെള്ളം, ലഘുഭക്ഷണം എന്നിവ കൈയിൽ കരുതണം.
  • ഒരു കാരണവശാലും പ്ലാസ്റ്റിക് കുപ്പികൾ, കവർ എന്നിവയൊന്നും കടലിലോ ദ്വീപിലോ തള്ളരുത്.
  • വെയിൽ തടയാനുള്ള തൊപ്പി, കുട അത്യാവശ്യം വേണ്ടുന്ന മരുന്നുകൾ എന്നിവ കരുതണം.
  • മദ്യപിച്ചതിനു ശേഷം കടലിലിറങ്ങാൻ പാടില്ല.
  • ബോട്ടിലെ ജീവനക്കാരുടെ നിർദ്ദേശങ്ങൾ പാലിക്കുക. ലൈഫ് ജാക്കറ്റുകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കുക.
  • വസ്ത്രങ്ങൾ നനയാൻ സാധ്യത ഉണ്ട്. സാരി, മുണ്ട് എന്നീ വസ്ത്രങ്ങൾ ധരിക്കുന്നവർ അധികവസ്ത്രം കരുതുക.

മറഡോണ മേക്കിങ് വീഡിയോ കാണാം

0

ടൊവിനോ തോമസ് നായകനായ മറഡോണ വിജയകരമായി തീയറ്ററുകളിൽ പ്രദർശനം നടത്തുകയാണ്. വിഷ്ണു നാരായണ്‍ ആണ് സംവിധായകൻ. ചെമ്പന്‍ വിനോദ്, ശരണ്യ , ശാലു റഹിം, റ്റിറ്റോ , നിസ്താര്‍, കിച്ചു ടെല്ലസ്, ലിയോണ ലിഷോയ്, ജിന്‍സ് ഭാസ്‌കര്‍, പാര്‍ത്ഥവി, ശ്രീജിത്ത് നായര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

ഇപ്പോൾ ചിത്രത്തിന്റെ മേക്കിങ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്.  ടൊവിനോ തന്നെയാണ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ ചിത്രത്തിന്റെ മേക്കിങ് വീഡിയോ പുറത്തുവിട്ടത്.

ബിഗ് സ്‌ക്രീനിൽ മമ്മൂട്ടിയും കാളിദാസും ഒരുമിക്കുന്നു

0

മമ്മൂട്ടിയും കാളിദാസ് ജയറാമും ഒരുമിച്ച് അഭിനയിക്കുന്ന സിനിമ ഉടൻ. ജാനമ്മ ഡേവിഡ് എന്ന ചിത്രത്തിലാണ് ഇരുവരും ഒരുമിച്ചെത്തുന്നത്.  ആദ്യമായാണ് മമ്മൂട്ടിയും കാളിദാസും ഒരുമിച്ചഭിനയിക്കുന്നത്. രാംദാസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

ജിത്തു ജോസഫ് ഒരുക്കുന്നചിത്രത്തിന്റെ തിരക്കിലാണ് കാളിദാസ് ഇപ്പോൾ. ഒരു കുട്ടനാടൻ ബ്ലോഗ് ആണ് മമ്മൂട്ടിയുടെ ഉടനെ പുറത്തിറങ്ങുന്ന ചിത്രം.

ദുരിതങ്ങൾ വിലയിരുത്താൻ രാജ്നാഥ് സിംഗ് കേരളത്തിലേക്ക്

0

കനത്ത മഴ വിതച്ച ദുരിതങ്ങൾ വിലയിരുത്തൻ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് കേരളത്തിൽ എത്തും. മഴക്കെടുതി ബാധിച്ച സ്ഥലങ്ങൾ വ്യോമ മാർഗം അദ്ദേഹം വിലയിരുത്തും. ഞായറാഴ്ച രാജ്നാഥ് സിംഗ് കേരളത്തിൽ എത്തും. ദുരന്തം അനുഭവിക്കുന്ന കേരളത്തിന് എല്ലാ സഹായവും അദ്ദേഹം വാഗ്ദാനം ചെയ്തു.

അടിയന്തര സാഹചര്യം നേരിടുന്നതിന് ദുരന്ത നിവാര സേന, കര, നാവിക, വ്യോമ സേന, എന്നിവരെ സജ്ജമാക്കിയിട്ടുണ്ട്.  നീരൊഴുക്ക് ശക്തമായതിനെ തുടർന്ന് ഇടുക്കി ചെറുതോണി ഡാമിന്റെ അഞ്ച് ഷട്ടറുകളും തുറന്നു.

 

 

എട്ട് ജില്ലകളിൽ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

0

തീവ്രമായ മഴയുടെ സാഹചര്യത്തിൽ വയനാട് ജില്ലയിൽ ആഗസ്റ്റ് 14 വരെയും .
ഇടുക്കി ജില്ലയിൽ ആഗസ്റ്റ് 13 വരെയും . ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിൽ ആഗസ്റ്റ് 11 വരെയും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

1. ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി സമയത്ത് (7 pm to 7 am) മലയോരമേഖലയിലേക്കുള്ള യാത്ര പരിമിതപെടുത്തുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം
2. ബീച്ചുകളില്‍ കടലില്‍ ഇറങ്ങാതിരിക്കുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം
3. പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരുവാന്‍ സാധ്യതയുണ്ട്. പുഴകളിലും, ചാലുകളിലും, വെള്ളകെട്ടിലും ഇറങ്ങാതിരിക്കുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം
4. മലയോര മേഘലയിലെ റോഡുകള്‍ക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകുവാന്‍ സാധ്യതയുണ്ട് എന്നതിനാല്‍ ഇത്തരം ചാലുകളുടെ അരികില്‍ വാഹനനങ്ങള്‍ നിര്‍ത്താതിരിക്കുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം
5. മരങ്ങള്‍ക്ക് താഴെ വാഹനം പാര്‍ക്ക്‌ ചെയ്യാതിരിക്കുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം
6. ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ള മലയോര മേഖലയിലെ ജനങ്ങള്‍ ജാഗരൂകരായിരിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു
7. ഉദ്യോഗസ്ഥര്‍ അവശ്യപ്പെട്ടാല്‍ മാറി താമസിക്കുവാന്‍ അമാന്തം കാണിക്കരുത് എന്ന് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു
8. പരിശീലനം സിദ്ധിച്ച സന്നദ്ധ പ്രവര്‍ത്തകര്‍ അല്ലാതെയുള്ളവര്‍ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ എന്നിവ ബാധിച്ച സ്ഥലങ്ങളിലേക്കുള്ള സന്ദര്‍ശനം ഒഴിവാക്കുക
9. കുട്ടികള്‍ പുഴകളിലും തോടുകളിലും വെള്ളകെട്ടിലും ഇറങ്ങി കളിക്കുന്നില്ല എന്ന് മാതാപിതാക്കള്‍ ഉറപ്പ് വരുത്തണം.

കൂടുതൽ ചിത്രങ്ങൾക്ക് Kerala9.com ഹോം പേജ് സന്ദർശിക്കുക 

ദുൽഖറിന് മമ്മൂട്ടിയുടെ ഉപദേശം ??

0

അടുത്തിടെ ഇറങ്ങിയ അന്യഭാഷ ചിത്രങ്ങളിലും തന്റെ അഭിനയമികവ് കാണിച്ച താര പുത്രനാണ് ദുൽഖർ. തന്റെ ചിത്രങ്ങൾ ഒരിക്കലും മമ്മൂട്ടി പ്രമോട്ട് ചെയ്യാറില്ല എന്നാണ് ദുൽഖർ പറയുന്നത്. എന്നാൽ അച്ഛൻ തനിക്ക് ഒരു ഉപദേശം നൽകിയിട്ടുണ്ട്. അതെന്തെന്നാൽ, “ആക്ഷനും കട്ടിനും ഇടയിൽ ഏറ്റവും നല്ല നടനാണെന്ന് കരുതണം കട്ട് പറഞ്ഞുകഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും മോശം നടനാണെന്ന് കരുതണം ” ഇതാണ് മകന് മമ്മൂട്ടി നൽകിയ ഉപദേശം.

ഒരു എഫ് എം റേഡിയോയിലെ അവതാരികയുടെ ചോദ്യത്തിന് മറുപടിയായാണ് ദുൽഖർ ഇത് പറഞ്ഞത്.

ഇടുക്കി ജില്ലയിൽ വിനോദസഞ്ചാരം നിരോധിച്ചു

0

ഇടുക്കി ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ റോഡുകൾ തകരാറിലാകാൻ സാധ്യത ഉള്ളതിനാൽ വിനോദ സഞ്ചാരികളുടെ വാഹനങ്ങൾക്കും ചരക്ക് വാഹനങ്ങൾക്കും ദുരന്തനിവാരണ നിയമം 2005 സെക്ഷൻ 34 പ്രകാരം ജില്ലാ കളക്ടർ നിരോധന ഉത്തരവ് പുറപ്പെടുവിച്ചു .ഇനിയൊരുത്തരവുണ്ടാകുന്നത് വരെ  നിരോധനം തുടരും .

ഉരുൾപൊട്ടൽ – അറിഞ്ഞിരിക്കേണ്ടത്

0

ഉരുൾ പൊട്ടലിനു മുൻപ്, ഉരുൾ പൊട്ടൽ സമയത്തു, ഉരുൾ പൊട്ടലിനു ശേഷം എന്ന ക്രമത്തിൽ

*ഉരുൾ പൊട്ടലിനു മുൻപ്*

1. പരിഭ്രാന്തരാകാതെ സംയമനം പാലിക്കുക
2. കാലാവസ്ഥാ കേന്ദ്രത്തിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും പാലിക്കുകയും ചെയ്യുക.
3. എമർജൻസി കിറ്റ് കരുതുകയും വീട് വിട്ട് ഇറങ്ങേണ്ടി വന്നാൽ കൈയിൽ കരുതുകയും ചെയ്യുക.
4. അടിയന്തിര സാഹചര്യത്തിൽ ഉപയോഗിക്കേണ്ട ടെലിഫോൺ നമ്പറുകൾ അറിഞ്ഞിരിക്കുകയും ആവശ്യം വന്നാൽ ഉപയോഗിക്കുകയും ചെയ്യുക.
5. ശക്തമായ മഴയുള്ളപ്പോൾ ഉരുൾ പൊട്ടൽ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് മാറി താമസിക്കുക.
6. വീട് ഒഴിയാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ നിർദേശം ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് സുരക്ഷിത കേന്ദ്രങ്ങളിൽ അഭയം തേടുക.
7. കിംവദന്തികൾ (rumours) പരത്താതിരിക്കുക.

*ഉരുൾ പൊട്ടൽ സമയത്തു*

8. മരങ്ങളുടെ ചുവടെ അഭയം തേടരുത്.
9. പ്രഥമ ശുശ്രൂഷ അറിയുന്നവർ മറ്റുള്ളവരെ സഹായിക്കുകയും, എത്രയും പെട്ടെന്ന് തന്നെ അവരെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയും ചെയ്യുക.
10. വയോധികർ, കുട്ടികൾ, ഭിന്നശേഷിക്കാർ, കിടപ്പു രോഗികൾ എന്നിവർക്ക് രക്ഷാപ്രവർത്തനങ്ങളിൽ മുൻഗണന നൽകുക.
11. വൈദ്യുതി ബന്ധം വിച്ഛേദിക്കുക, ഗ്യാസടുപ്പ് ഓഫാണെന്നു ഉറപ്പു വരുത്തുക.
12. ഉരുൾ പൊട്ടൽ സമയത്തു നിങ്ങൾ വീട്ടിനകത്താണെങ്കിൽ ബലമുള്ള മേശയുടെയോ കട്ടിലിന്റെയോ കീഴെ അഭയം തേടുക.
13. ഉരുൾ പൊട്ടലിൽ പെടുകയാണെങ്കിൽ നിങ്ങളുടെ തലയിൽ പരിക്കേൽക്കാത്ത വിധം സുരക്ഷ ഉറപ്പാക്കുക.

*ഉരുൾ പൊട്ടലിനു ശേഷം*

14. ഉരുൾ പൊട്ടൽ ഉണ്ടായ സ്ഥലത്തേക്ക് സന്ദർശനത്തിന് പോകാതിരിക്കുക.
15. ഉരുൾ പൊട്ടൽ പ്രദേശത്തു നിന്ന് ചിത്രങ്ങളോ സെൽഫിയോ എടുക്കരുത്.
16. ഉരുൾ പൊട്ടലിനു ശേഷം വീണു കിടക്കുന്ന വൈധ്യുതി ലൈനുകൾ ഉണ്ടോ എന്ന് ശ്രദ്ധിക്കുക, ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെടുത്തുക.
17. രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നവരെ തടസ്സപ്പെടുത്തരുത്. ആംബുലെൻസിനും മറ്റു വാഹനങ്ങൾക്കും സുഗമമായി പോകുവാനുള്ള സാഹചര്യം ഒരുക്കുക.
18. കെട്ടിടാവശിഷ്ടങ്ങളിൽ പരിശോധന നടത്തുന്നതിനായി പരിശീലനം ലഭിച്ചവർ മാത്രം ഏർപ്പെടുക.
കൂടുതൽ വിവരങ്ങൾക്ക് അതാത് ജില്ലകളിലെ ദുരന്ത നിവാരണ കൺട്രോൾ റൂമുമായി ബന്ധപ്പെടുക – 1077
– കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നൽകുന്ന സന്ദേശം *സുരക്ഷായാനം*