Home Blog Page 529

മഴക്കെടുതിയില്‍ ആശ്വാസമേകി അന്‍പോട് കൊച്ചി

0

കൊച്ചി: മഴക്കെടുതി അനുഭവിക്കുന്ന സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ സഹായ ഹസ്തവുമായി അന്‍പോട് കൊച്ചി പ്രവര്‍ത്തകര്‍. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ അന്‍പോട് കൊച്ചിയുടെ സഹകരണത്തോടെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള അവശ്യ സാധനങ്ങള്‍ സംയുക്തമായി ശേഖരിച്ചു വരികയാണ്. കടവന്ത്ര റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്ററിലാണ് സാധനങ്ങള്‍ ശേഖരിക്കുന്നത്. ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതലയുള്ള സ്‌പെഷ്യല്‍ ഓഫീസര്‍മാരായ എം.ജി രാജമാണിക്യം, മുഹമ്മദ് ഹനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് അവശ്യ സാധനങ്ങളുടെ ശേഖരണം. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 28 ടണ്ണോളം സാധന സാമഗികളാണ് ഇടുക്കി, വയനാട് എന്നീ ജില്ലകളിലെ ദുരിത ബാധിത പ്രദേശങ്ങളിലേക്ക് കയറ്റി അയച്ചത്. ഈ മാസം 11 മുതല്‍ കൊച്ചി റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്ററില്‍ രാവിലെ 9 മണി മുതല്‍ രാത്രി 9 വരെയാണ് സാധനങ്ങള്‍ നല്‍കാനുള്ള കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുന്നത്. പണം, ഉപയോഗിച്ച വസ്ത്രങ്ങള്‍, പാചകത്തിനുള്ള എണ്ണ, ചെറിയ കുപ്പി വെള്ളം, ബ്രെഡ്, ക്രീം ബിസ്‌കറ്റുകള്‍, പച്ചക്കറികള്‍, പാല്‍ തുടങ്ങിയവ സ്വീകരിക്കുന്നതല്ല.

പ്രമുഖ സിനിമാ താരങ്ങള്‍, സര്‍വ്വീസ് സംഘടനകള്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, പൊതു സാമ്പത്തിക സ്ഥാപനങ്ങള്‍, വിവിധ സന്നദ്ധ സംഘടനകള്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍, വിദ്യാലയങ്ങള്‍, കോളേജുകള്‍ തുടങ്ങിയവയുടെ സഹായത്തോടെയാണ് സാധനങ്ങള്‍ ശേഖരിക്കുന്നത്. കൂടാതെ സ്വകാര്യ വ്യക്തികളും അവശ്യ വസ്തുക്കള്‍ നല്‍കുന്നുണ്ട്. വയനാട്, തൊടുപുഴ, ഇടുക്കി, അടിമാലി, പാലക്കാട് തുടങ്ങിയ ദുരിതാശ്വാസ ക്യാമ്പുകളിലേക്കാണ് നിലവില്‍ സാധനങ്ങള്‍ കയറ്റി അയക്കുന്നത്. സാധനങ്ങള്‍ കൊണ്ടു പോകുന്ന വാഹനത്തിനൊപ്പം ഒന്നോ രണ്ടോ അന്‍പോട് കൊച്ചി പ്രവര്‍ത്തകരും പോകും. സാധനങ്ങള്‍ യഥാര്‍ത്ഥ സ്ഥലങ്ങളില്‍ കൃത്യമായി എത്തുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ഇവരും കൂടെ പോകുന്നത്. അയക്കുന്ന സാധനങ്ങള്‍ അതത് ജില്ലാ ഭരണകൂടങ്ങളിലെ ഉദ്യോഗസ്ഥര്‍ ഏറ്റുവാങ്ങും. പതിനഞ്ച് പേരടങ്ങുന്ന സംഘമാണ് ഇവിടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് നേതൃത്വം നല്‍കുന്നത്. കൂടാതെ ഡെപ്യൂട്ടി കളക്ടര്‍ മധു കെ, അന്‍പോട് കൊച്ചി സീനിയര്‍ വോളണ്ടിയര്‍മാരായ ഇന്ദു ജയറാം, ജെറി ജെര്‍മിയ ഡി കൊയ്‌ലോ, നോബി ആന്റണി എന്നിവരും എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കൂടെയുണ്ട്. വ്യാപകമായ ബഹുജന പങ്കാളിത്തത്തോടെ മഴക്കാല ദുരിതങ്ങളെ നേരിടാന്‍ നടത്തുന്ന പദ്ധതിയാണ് ഇതെന്ന് സ്‌പെഷ്യല്‍ ഓഫീസര്‍ മുഹമ്മദ് ഹനീഷ് പറഞ്ഞു.

എറണാകുളം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന റിലീഫിംഗ് ഡിസ്ട്രിബ്യൂഷന്‍ ഡ്രൈവിലേക്ക് ജില്ലാ കളക്ടറുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം ബിരുപക്ഷ്യ ബിശ്വാലിന്റെ നേതൃത്വത്തിലുള്ള മുപ്പത്തിയേഴ് എന്‍ഡിആര്‍എഫ് പ്രവര്‍ത്തകര്‍ എല്ലാ സഹായങ്ങള്‍ക്കും മുന്നിലുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ആദ്യ ഘട്ടത്തില്‍ അവശ്യ സാധനങ്ങള്‍ എത്തിച്ച് കൊടുക്കുകയും രണ്ടാം ഘട്ടത്തില്‍ വെള്ളം കയറിയ വീടുകളും പ്രദേശങ്ങളും വൃത്തിയാക്കാനായി ക്ലീനിംഗ് ഡ്രൈവ് നടത്തുകയും ചെയ്യുമെന്ന് അന്‍പോട് കൊച്ചി സീനിയര്‍ വോളണ്ടിയര്‍ ഇന്ദു ജയറാം പറഞ്ഞു. അരി, പലവ്യഞ്ജനങ്ങള്‍, വസ്ത്രങ്ങള്‍, ബെഡ്ഷീറ്റുകള്‍, ചെരുപ്പുകള്‍, കുടിവെള്ളം, മരുന്നുകള്‍ തുടങ്ങി എല്ലാ അവശ്യ സാധനങ്ങളും ആളുകള്‍ എത്തിക്കുന്നുണ്ട്. അന്‍പോട് കൊച്ചി തയ്യാറാക്കിയ അവശ്യസാധനങ്ങളുടെ ലിസ്റ്റ് അനുസരിച്ചാണ് ആളുകള്‍ സാധനങ്ങള്‍ എത്തിക്കുന്നത്. പാചകത്തിനുള്ള പാത്രങ്ങള്‍, അരി, പയറുവര്‍ഗങ്ങള്‍ എന്നിവ കരുതാനുള്ള പാത്രങ്ങള്‍, ബക്കറ്റുകള്‍, മഗ്ഗുകള്‍, ക്ലീനിംഗ് ഐറ്റംസ്, പുതപ്പുകള്‍, പായകള്‍, ലുങ്കികള്‍, നൈറ്റികള്‍, മണ്ണെണ്ണ സ്റ്റൗ എന്നിവയാണ് ഏറ്റവും അത്യാവശ്യമായിട്ടുള്ളത്. സാധനങ്ങള്‍ നല്‍കാന്‍ ഉദ്ദേശിക്കുന്നവര്‍ ആഗസ്റ്റ് 15 ന് രാത്രി ഒന്‍പത് മണിക്ക് മുന്‍പായി എത്തിക്കേണ്ടതാണ്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മോഹന്‍ലാല്‍ 25 ലക്ഷം രൂപ സംഭാവന നൽകി

0


മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നടന്‍ മോഹന്‍ലാല്‍ 25 ലക്ഷം രൂപ സംഭാവന നൽകി.തിരുവനന്തപുരത്ത് വച്ചുനടന്ന മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം നടക്കുന്നതിനിടെ നേരിട്ടെത്തിയാണ് മോഹന്‍ലാല്‍ പണം കൈമാറിയത്.

ഇ.പി. ജയരാജൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

0

ഇ.പി. ജയരാജൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ പി. സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. വ്യവസായം, സ്‌പോര്‍ട്‌സ്, യുവജനക്ഷേമം എന്നീ വകുപ്പുകളാകും ജയരാജന്‍ കൈകാര്യം ചെയ്യുക.ഇ.പി. ജയരാജനെ വീടും മന്ത്രിയാക്കിയതിൽ പ്രേതിഷേധിച്ച്  പ്രതിപക്ഷം ചടങ്ങ് ബഹിഷ്‌കരിച്ചു

മമ്മൂട്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം സംഭാവന നൽകി

0


സംസ്ഥാനത്ത് വെള്ളപ്പൊക്കത്തിൽ ദുരിതംപേറുന്നവര്‍ക്ക് മമ്മൂട്ടിയും മകൻ ദുല്‍ഖര്‍ സല്‍മാനും 25 ലക്ഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി .എറണാകുളം കലക്ടറേറ്റിൽ വച്ച് കളക്ടർ കെ മുഹമ്മദ് വൈ സഫീറുള്ളയ്ക്കാണ് മമ്മൂട്ടിയുടേയും മകൻ ദുൽഖറിനെയും പേരിൽ ദുരിതാശ്വാസ നിധി കൈമാറിയത്.

പമ്പയില്‍ ജലനിരപ്പ് ഉയരുന്നു : ശബരിമല യാത്ര തത്കാലം ഒഴിവാക്കണമെന്ന് ദേവസ്വം ബോര്‍ഡ്

0


ആനത്തോട്-കക്കി, പമ്പ ഡാമുകളുടെ ഷട്ടറുകള്‍ തുറന്നിട്ടുള്ള സാഹചര്യത്തിലും പമ്പയുടെ പരിസരപ്രദേശങ്ങളില്‍ നീരൊഴുക്ക് ശക്തിപ്പെട്ടിട്ടുള്ളതിനാലും പമ്പ ത്രിവേണി ഭാഗത്ത് സ്ഥിതി അതീവ ഗുരുതരമാണെന്ന് ജില്ലാ ദുരുന്തനിവാരണ അതോറിറ്റിയുടെ വിലയിരുത്തല്‍. ശബരിമല നട നിറപുത്തരിക്കായി തുറക്കുന്ന സാഹചര്യത്തില്‍ പമ്പയിലെ അടിയന്തര സാഹചര്യം വിലയിരുത്തുന്നതിന് ജില്ലാ കളക്ടറേറ്റില്‍ ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി.തോമസിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ദുരന്ത നിവാരണ അതോറിറ്റിയുടെ യോഗത്തിലാണ് ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ വിവരം അറിയിച്ചത്. അതേ സമയം ശബരിമലയിലേക്കുള്ള യാത്ര തത്ക്കാലം ഒഴിവാക്കണമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചിട്ടുണ്ട്.

പമ്പ മണല്‍പ്പുറത്ത് 50 മീറ്ററോളം വിസ്തൃതിയില്‍ ശക്തമായ ഒഴുക്കാണ് അനുഭവപ്പെടുന്നത്. മണല്‍പ്പുറത്ത് പല സ്ഥലത്തും വന്‍കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. ജലം ഇറങ്ങിയാല്‍ മാത്രമേ കുഴികള്‍ എവിടെയെന്ന് കണ്ടെത്താന്‍ കഴിയൂ. ഈ സാഹചര്യത്തില്‍ തീര്‍ഥാടകരെ കടത്തിവിടുന്നത് അത്യന്തം അപകടകരമായതിനാല്‍ ഇക്കാര്യത്തെക്കുറിച്ച് നേരിട്ട് വിലയിരുത്തുന്നതിന് ജലവിഭവ വകുപ്പ് മന്ത്രിയും ജില്ലാ കളക്ടറും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പമ്പയിലേക്ക് തിരിച്ചു. സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തിയ ശേഷം ഇക്കാര്യത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കും. വാട്ടര്‍ അതോറിറ്റിയുടെ പമ്പുകള്‍ വെള്ളത്തിനടിയിലായതുമൂലം പമ്പാ മണല്‍പ്പുറത്ത് പമ്പിംഗ് പൂര്‍ണമായി തടസപ്പെട്ടിരിക്കുകയാണ്. ട്രാന്‍സ്ഫോര്‍മറുകളും വെള്ളത്തില്‍ മുങ്ങിയ സാഹചര്യത്തില്‍ വൈദ്യുതി വിതരണം പോലും പുനസ്ഥാപിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. പമ്പയില്‍ മൂന്ന് ടാങ്കറുകളില്‍ കുടിവെള്ളം എത്തിക്കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ജലം ഇറങ്ങിയാല്‍ മാത്രമേ വൈദ്യുതി വിതരണം പുനസ്ഥാപിക്കാന്‍ കഴിയൂ എന്ന് കെഎസ്ഇബി അധികൃതര്‍ അറിയിച്ചു. പമ്പയുടെ മറുകരയില്‍ രണ്ട് വാട്ടര്‍ ടാങ്കുകളിലായി കുറച്ചുദിവസത്തേക്കുള്ള ശുദ്ധജലം സ്റ്റോക്കുണ്ട്. ഇത് തീരുന്ന അവസ്ഥയില്‍ ബദല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനും യോഗത്തില്‍ തീരുമാനമായി. പ്ലാപ്പള്ളിയില്‍ റോഡിന്റെ ഒരു വശം ഇടിഞ്ഞു താണിട്ടുണ്ട്. വാഹന ഗതാഗതം നടക്കുമെങ്കിലും മുന്‍കരുതല്‍ ആവശ്യമാണ്. പൊതുമരാമത്ത് വകുപ്പ് ഇത് പുനസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ സ്വീകരിച്ചിട്ടുണ്ട്.

വിരാട് കൊഹ്‌ലി ആയല്ല ദുൽഖർ എത്തുന്നത്

0

സോയ ഫാക്ടർ എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിൽ വിരാട് കൊഹ്‌ലി ആയല്ല ദുൽഖർ വേഷമിടുന്നത്. ദുൽഖർ തന്നെയാണ് ഈ വാർത്ത പങ്കുവച്ചത്. ചിത്രത്തിൽ വിരാട് കൊഹ്‌ലി ആയി വേഷമിടുന്നത് ദുൽഖർ ആണെന്ന രീതിയിലുള്ള വാർത്തകൾ ഉണ്ടായിരുന്നു.

അനൂജാ ചൗഹാന്റെ ‘ദ് സോയാ ഫാക്ടര്‍’ എന്ന നോവലിൽ സോയാ സോളങ്കി എന്ന രജപുത്ര പെണ്‍കുട്ടി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ലക്കി ചാം ആകുന്നതാണ് ഇതിവൃത്തം. ഈ കഥയുടെ അടിസ്ഥാനത്തിലാണ് സിനിമ ഒരുങ്ങുന്നത്. ചിത്രത്തിൽ സോനം കപൂര്‍ ആണ് നായികയാകുന്നത്. ചിത്രത്തിൽ ഇന്ത്യൻ ടീമിലെ കളിക്കാരനായാണ് ദുൽഖർ വേഷമിടുന്നത്.

മലപ്പുറത്തും കോഴിക്കോട്ടും വയനാട്ടിലും വീണ്ടും ഉരുൾപൊട്ടൽ

0

മലപ്പുറത്തും കോഴിക്കോട്ടും വയനാട്ടിലും വീണ്ടും ഉരുൾപൊട്ടലും മണ്ണിടിച്ചിലും. പാലക്കാട്ടും ഇടുക്കിയിലും വീണ്ടും കനത്ത മഴ. കോഴിക്കോട് ആനക്കാംപൊയില്‍ ഉള്‍വനത്തലും മലപ്പുറത്ത് നിലമ്പൂരിൽ ഉരുൾപൊട്ടി. മുത്തപ്പന്‍ പുഴയില്‍ ശക്തമായ മലവെള്ളപ്പാച്ചിൽ. ഇഴുവഞ്ഞിപ്പുഴ കരകവിഞ്ഞു.

ശക്തമായ മഴയെത്തുടർന്ന് ആനത്തോട്, പമ്പ ഡാമുകൾ തുറന്നതുമൂലം പമ്പാനദി കരകവിഞ്ഞൊഴുകുന്നതിനാൽ അയ്യപ്പഭക്തന്മാർക്ക് ശബരിമലയിലേക്ക് ശക്തമായ നിയന്ത്രണം ഏർപ്പെടുത്തി.

നടി സ്വാതി റെഡ്ഡി വിവാഹിതയാകുന്നു

0

സുബ്രഹ്മണ്യപുരം എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടി സ്വാതി റെഡ്ഡി വിവാഹിതയാകുന്നു. മലേഷ്യൻ എയർലൈൻസിൽ പൈലറ്റ് ആയ വികാസ് ആണ് വരൻ. ഇരുവരും കുറച്ചു നാളുകളായി പ്രണയത്തിലായിരുന്നു. തെലുങ്കിലെ അസോഷ്യേറ്റ് ഡയറക്ടര്‍ ആയ ശ്രീധര്‍ ശ്രിയാണ് വിവാഹ വാര്‍ത്ത സ്ഥിരീകരിച്ചത്.

ആഗസ്റ്റ് മുപ്പതിന് ഹൈദരാബാദിൽ വച്ചാണ് വിവാഹം. പിന്നീട് സെപ്റ്റംബർ 2ന് കൊച്ചിയില്‍വച്ച് സിനിമയിലെ സഹപ്രവർത്തകർക്കും മറ്റുള്ളവർക്കുമായി റിസപ്ഷനും നടത്തും.

2005 ല്‍ പുറത്തിറങ്ങിയ ഡെയ്ഞ്ചര്‍ എന്ന ചിത്രത്തിലൂടെയായിരുന്നു സ്വാതിയുടെ സിനിമാ അരങ്ങേറ്റം. സുബ്രഹ്മണ്യപുരം എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയയാകുന്നത്. ആമേൻ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസിലും ഇടം പിടിച്ച നടിയാണ് സ്വാതി. തുടർന്ന് മോസയിലെ കുതിര മീനുകള്‍, ആട് ഒരു ഭീകരജീവിയാണ്, ഡബിള്‍ ബാരല്‍ എന്നീ മലയാളചിത്രങ്ങളിലും സ്വാതി അഭിനയിച്ചു.

എസ്തർ അനിൽ നായികയാകുന്ന ഓളിന്‍റെ ടീസർ പുറത്തിറങ്ങി

0

ഷെയ്ൻ നിഗമും എസ്തർ അനിലും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ഓളിന്‍റെ ടീസർ പുറത്തിറങ്ങി. ബാലതാരമായിരുന്ന എസ്തര്‍ നായികയായി എത്തുന്ന ചിത്രമാണ് ഓള്. ഷാജി എൻ കരുൺ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ടിഡി രാമകൃഷ്ണന്റെയാണ് തിരക്കഥ.

കനി കുസൃതി, കാഞ്ചന, കാദംബരി ശിവായ, പി ശ്രീകുമാര്‍, എസ് ഗോപാലകൃഷ്ണന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

ഫേസ്ബുക്ക് ലൈക്കിൽ ഇന്ത്യയിൽ ഒന്നാമതെത്തി കേരള പോലീസ്

0

കേരളാപോലീസ് ഫേസ്ബുക്ക് ലൈക്കിൽ രാജ്യത്ത് ഒന്നാമത്. ബാംഗ്ലൂർ സിറ്റി പോലീസിനെ മറികടന്നാണ് കേരളാപോലീസ് ഒന്നാമതെത്തിയത്. ആറു ലക്ഷത്തിൽ മേലെയാണ് ഇപ്പോൾ കേരള പോലീസിന്റെ ഫേസ്ബുക്ക് പേജിലെ ലൈക്കുകൾ.

ഫേസ്ബുക്ക് പേജ് വഴി ജനങ്ങളെ ബോധവൽക്കരിക്കാൻ ഈ അടുത്ത് ഒരുപാട് കാര്യങ്ങൾ കേരള പോലീസ് ചെയ്യുന്നുണ്ട്. ആശയ സംവേദനത്തിന്റെ നവ മാധ്യമ സാധ്യതകളെ പ്രയോജനപ്പെടുത്തി മെച്ചപ്പെട്ട സേവനം പ്രദാനം ചെയ്യാൻ കേരള പോലീസീന് ഫേസ്ബുക്ക് പേജുവഴി സാധിച്ചു.

മഴക്കെടുതി : പിന്തുണ വാഗ്ദാനം ചെയ്ത് കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്

0

മഴക്കെടുതിയും വെള്ളപ്പൊക്കവും നേരിടുന്നതില്‍ സംസ്ഥാനസര്‍ക്കാരിന് കേന്ദ്രസര്‍ക്കാരിന്റെ എല്ലാ പിന്തുണയും കേന്ദ്ര മന്ത്രി രാജ്‌നാഥ് സിങ് വാഗ്ദാനം ചെയ്തു. പറവൂര്‍ താലൂക്കിലെ എളന്തിക്കര ഗവ: എല്‍ പി സ്‌കൂളിലെ ദുരിതാശ്വാസക്യാമ്പ് സന്ദര്‍ശിക്കുകയായിരുന്നു മന്ത്രി.

മഴക്കെടുതി മൂലമുള്ള സംസ്ഥാനത്തെ സ്ഥിതി അതീവ ഗുരുതരമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. മഴക്കെടുതി ഉണ്ടായ സ്ഥലങ്ങളില്‍ ഹെലികോപ്റ്ററില്‍ സന്ദര്‍ശനത്തിന് ശേഷമാണ് അദ്ദേഹം ദുരിതാശ്വാസക്യാമ്പ് സന്ദര്‍ശിച്ചത്.  കേരളത്തിലെ മഴക്കെടുതി വിലയിരുത്താന്‍ പത്തുദിവസം മുമ്പ് കേന്ദ്രസഹമന്ത്രി കിരണ്‍ റിജ്ജു എത്തിയിരുന്നു. അദ്ദേഹവും കേരളത്തിലെ സ്ഥിതിയെക്കുറിച്ച് ധരിപ്പിച്ചിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു.

ദുരിതാശ്വാസ ക്യാമ്പ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോള്‍ ഉള്ള സ്ഥിതിഗതികളെക്കുറിച്ച് ആശങ്കവേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മഴക്കെടുതി നേരിട്ടവര്‍ക്ക് എല്ലാവിധ  പിന്തുണയുമായി സര്‍ക്കാര്‍ കൂടെയുണ്ട്. കേന്ദ്ര ടൂറിസംസഹ മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, സംസ്ഥാന റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍, ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ്, കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍, കെ വി തോമസ് എം പി, വി ഡി സതീശന്‍ എംഎല്‍എ തുടങ്ങിയവര്‍ മന്ത്രി യോടൊപ്പം ഉണ്ടായിരുന്നു. ജില്ലാ കലക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ളയും പുത്തന്‍ വേലിക്കര പഞ്ചായത്ത് പ്രസിഡന്റ് പി വി ലാജുവും സന്നിഹിതരായിരുന്നു ക്യാമ്പിലെ അംഗങ്ങളായ ലക്ഷ്മി നടേശനും വിജി കുമാരനും കേന്ദ്ര മന്ത്രിയോട് ക്യാമ്പിലെ സൗകര്യങ്ങളെക്കുറിച്ചും തിരിച്ച് വീട്ടിലെത്തുമ്പോള്‍ അവര്‍ക്കുള്ള ആശങ്കകളെ കുറിച്ചും സംസാരിച്ചു.

പുത്തന്‍വേലിക്കര പഞ്ചായത്തിലെ എളന്തിക്കര കോഴിതുരുത്തില്‍ വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് 141 കുടുംബങ്ങളാണ് ഗവ.എല്‍.പി സ്‌കൂളിലെ ക്യാമ്പില്‍ ഉള്ളത്. 81 കുട്ടികളും 223 വനിതകളുമടക്കം 520 പേര്‍ ക്യാമ്പിലുണ്ട്. നാലു ദിവസമായി ഇവര്‍ ക്യാമ്പിലെത്തിയിട്ട്. പുത്തന്‍വേലിക്കര പഞ്ചായത്തിലെ എട്ടാം വാര്‍ഡിലാണ് കോഴിതുരുത്ത് . ചാലക്കുടിയാറും പെരിയാറും സംഗമിക്കുന്ന കണക്കന്‍ കടവിലാണ് കോഴിതുരുത്ത്. പുഴയാല്‍ ചുറ്റപ്പെട്ട കോഴിതുരുത്ത് വെള്ളം കയറിയാല്‍ ഒറ്റപ്പെടുന്ന അവസ്ഥയാണ്. ചെറിയൊരു പാലം മാത്രമാണ് ഇവര്‍ക്ക് പുറം ലോകവുമായുള്ള ബന്ധം. വെള്ളം ഒഴുകിയെത്തിയതിനെ തുടര്‍ന്ന് പാലം ഭാഗികമായി തകര്‍ന്ന നിലയിലാണ്.

വിക്രമിന്‍റെ മകൻ ഓടിച്ച വാഹനം ഇടിച്ച് നാലുപേർക്ക് പരുക്ക്

0

തെന്നിന്ത്യൻതാരം വിക്രമിന്‍റെ മകൻ ധ്രുവ് ഓടിച്ച വാഹനം ഇടിച്ച് നാലുപേർക്ക് പരുക്ക്. ഇന്ന് രാവിലെ  ചെന്നൈയിലെ തേനാംപേട്ടിയിലാണ് അപകടമുണ്ടായത്. റോഡരുകിൽ പാർക്ക് ചെയ്തിരുന്ന മൂന്ന് ഓട്ടോറിക്ഷകളിലേക്ക് ധ്രുവ് ഓടിച്ചിരുന്ന കാർ ഇടിച്ചു കയറുകയായിരുന്നു.

മദ്യപിച്ചിരുന്ന ധ്രുവ് അമിത വേഗതയിൽ വാഹനം ഓടിച്ചതാണ് അപകടകാരണം എന്നാണ് റിപ്പോർട്ടുകൾ. അമിത വേഗത്തില്‍ വണ്ടിയോടിച്ചതിനും മറ്റുള്ളവരുടെ ജീവന്‍ അപകടത്തിലാക്കിയതിനുo അടയാര്‍ പോലീസ് കേസ് എടുത്തിട്ടുണ്ട്. എന്നാൽ ആദ്യഘട്ടത്തില്‍ധ്രുവ് മദ്യപിച്ചോയെന്ന പരിശോധന പൊലീസ്  നടത്തിയില്ലെന്ന് ആരോപണമുയര്‍ന്നിരുന്നു.