Home Blog Page 42

തെന്നിന്ത്യൻ താരസുന്ദരി ഖുശ്ബുവിന്‍റെ മകൾ അവന്തിക സുന്ദറിന്‍റെ അരങ്ങേറ്റം മലയാളത്തിലൂടെ! ‘ആരംഭം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് തൃശൂരിൽ തുടക്കം

0

തെന്നിന്ത്യയിലെ ശ്രദ്ധേയ താരം നടി ഖുശ്ബുവിന്‍റേയും സംവിധായകൻ സുന്ദർ സിയുടേയും മകള്‍ അവന്തിക സുന്ദർ മലയാള സിനിമയിലൂടെ അരങ്ങേറ്റത്തിനൊരുങ്ങുന്നു. അവന്തിക അഭിനയിക്കുന്ന ആദ്യ സിനിമയുടെ പൂജ തൃശൂർ ചാവക്കാട് വെച്ച് നടന്നു. ‘ആരംഭം’ എന്നാണ് സിനിമയ്ക്ക് പേര് നൽകിയിരിക്കുന്നത്. വലിയൊരു താരനിര ഒരുമിക്കുന്ന ചിത്രത്തിന്‍റെ നിർമ്മാണം സ്റ്റുഡിയോ ബെല്ലാറൂഹും സംവിധാനം സുജേഷ് ആനി ഈപ്പനുമാണ്.

ആരതി എന്ന കഥാപാത്രമായാണ് ചിത്രത്തിൽ അവന്തിക എത്തുന്നത്. അവന്തികയ്ക്ക് പുറമെ സരിത, അൽത്താഫ് സലീം, ഇന്ദ്രൻസ്, വിജയരാഘവൻ, കൃഷ്ണ ശങ്കർ, കലാഭവൻ ഷാജോൺ, സുനിൽ സുഗത, വിജി വെങ്കടേഷ്, നോബി മാർക്കോസ്, രാജേഷ് ശർമ്മ, രമേഷ് കോട്ടയം, സൗമ്യ ഭാഗ്യം പിള്ള, സ്ഫടികം ജോർജ്ജ്, ശെന്തിൽ കൃഷ്ണ, ഷിൻസ്, തഴവ സഹദേവൻ, പ്രിയങ്ക, ഷൈനി സാറ, ഉണ്ണി രാജ, കുമാർ സേതു, ഷോബി തിലകൻ, സജിമോൻ, ലിഷോയ്, ഷാനവാസ്, മൂന്നാർ രമേഷ്, ജിനു കോട്ടയം, രഞ്ജൻ ദേവ്, ആ‍ർദ്ര മോഹൻ, അർണവ്, ഹരി നമ്പൂതിരി തുടങ്ങി വലിയൊരു താരനിരയാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. കുന്നംകുളം, ചാവക്കാട്, കൊല്ലംകോട് എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായി കൊണ്ടിരിക്കുന്നത്. തമിഴിലും മലയാളത്തിലുമായാണ് ചിത്രം പുറത്തിറങ്ങാനായി ഒരുങ്ങുന്നത്.

കഥ, തിരക്കഥ, സംഭാഷണം ജോസ്‍ലെറ്റ് ജോസഫ്, അജോയ് തമ്പി , ഛായാഗ്രഹണം അജയൻ വിൻസെന്‍റ്, സംഗീതം ഗോപി സുന്ദർ, എ‍ഡിറ്റർ രഞ്ജൻ എബ്രഹാം, പ്രൊഡക്ഷൻ കൺട്രോളർ സുരേഷ് മിത്രക്കരി, ആർട്ട് ഡയറക്ടർ സാബു മോഹൻ, മേക്കപ്പ് ജിതേഷ് പൊയ്യ, കോസ്റ്റ്യൂം സൂര്യ ശേഖർ, ഗാനരചന ബി.കെ ഹരിനാരായണൻ, കോറിയോഗ്രാഫർ രാജു സുന്ദരം, സ്റ്റിൽസ് റെനി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് രാംജിത് പ്രഭാത്, പിആർഒ ആതിര ദിൽജിത്ത്.

വിജയകരമായ രണ്ടാം വാരത്തിലേക്ക് ജോൺ പോൾ ജോർജ്- ഇന്ദ്രൻസ് ചിത്രം “ആശാൻ”; നിറഞ്ഞ സദസ്സുകളിൽ പ്രദർശനം തുടരുന്നു

0

ജോൺ പോൾ ജോർജ് സംവിധാനം ചെയ്ത “ആശാൻ” മികച്ച പ്രേക്ഷക – നിരൂപക പ്രതികരണം നേടി പ്രദർശനം തുടരുന്നു. കേരളത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം രണ്ടാം വാരത്തിലേക്ക് പ്രവേശിച്ച ചിത്രം, കേരളത്തിൽ പ്രദർശനത്തിനെത്തിച്ചത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ്. ദുൽഖറിൻ്റെ വേഫെറർ ഫിലിംസിനൊപ്പം ചേർന്ന് ഗപ്പി സിനിമാസ് അവതരിപ്പിക്കുന്ന ചിത്രം നിർമ്മിച്ചത് ജോൺ പോൾ ജോർജ്, അന്നം ജോൺ പോൾ, സൂരജ് ഫിലിപ്പ് ജേക്കബ് എന്നിവർ ചേർന്നാണ്. വലിയ പ്രേക്ഷക പിന്തുണയാണ് രണ്ടാം വാരത്തിലും ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. കേരളത്തിലെ നിറഞ്ഞ സദസ്സുകളിൽ പ്രദർശിപ്പിക്കുന്ന ചിത്രം l, എല്ലാത്തരം പ്രേക്ഷകരും ഹൃദയം കൊണ്ടാണ് സ്വീകരിക്കുന്നത്.

യുവ പ്രേക്ഷകരും കുടുംബ പ്രേക്ഷകരും ഒരുപോലെ ഇഷ്ടപ്പെടുന്ന ചിത്രം ഹാസ്യവും വൈകാരിക നിമിഷങ്ങളും കോർത്തിണക്കിയാണ് ഒരുക്കിയിരിക്കുന്നത്. സിനിമക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന ചിത്രം ആദ്യാവസാനം ഏറെ രസകരമായി കണ്ടിരിക്കാവുന്ന ഗംഭീര ഫീൽ ഗുഡ് കോമഡി ഡ്രാമ ആയാണ് കഥ പറയുന്നത്. പ്രസക്തിയുള്ള ഒട്ടേറെ വിഷയങ്ങൾ ചിത്രത്തിൽ വളരെ രസകരമായി ചർച്ച ചെയ്യുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്.

ഇന്ദ്രൻസ്, ജോമോൻ ജ്യോതിർ എന്നിവർ ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ടൈറ്റിൽ വേഷം ചെയ്ത ഇന്ദ്രൻസിന്റെ ഗംഭീര അഭിനയ മുഹൂർത്തങ്ങൾ നിറഞ്ഞ ചിത്രത്തിൽ, ജോമോൻ ജ്യോതിറും തന്റെ കരിയർ ബെസ്റ്റ് പ്രകടനമാണ് നൽകിയത്. ഇവർക്കൊപ്പം ചിത്രത്തിൽ ശബ്ദ സാന്നിധ്യമായി മെഗാസ്റ്റാർ മമ്മൂട്ടിയും ഭാഗമായിട്ടുണ്ട്. 100 ൽ പരം പുതുമുഖങ്ങളും വേഷമിട്ട ചിത്രത്തിൽ, ഷോബി തിലകനും ബിബിൻ പെരുമ്പിള്ളിയും അബിൻ ബിനോ, മദൻ ഗൗരി എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്യുന്നു.

ഗപ്പി, രോമാഞ്ചം എന്നീ ചിത്രങ്ങൾക്ക് ശേഷം ഗപ്പി സിനിമാസ് നിർമ്മിച്ച ഈ ചിത്രം, ഗപ്പി, അമ്പിളി എന്നിവക്ക് ശേഷം ജോൺ പോൾ ജോർജ് സംവിധായകനായി എത്തിയ ചിത്രം കൂടിയാണ്. ഒരേ സമയം കലാമൂല്യവും ജനപ്രീതിയും ഉള്ള ചിത്രമായി മാറിയ “ആശാൻ” ഇതുവരെ കാണാത്ത ഒരു സിനിമാനുഭവമാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങളും ഇതിനോടകം വലിയ ജനപ്രീതി നേടിയിട്ടുണ്ട്.

ഛായാഗ്രഹണം: വിമൽ ജോസ് തച്ചിൽ, എഡിറ്റർ: കിരൺ ദാസ്, സൗണ്ട് ഡിസൈൻ: എംആർ രാജാകൃഷ്ണൻ, സംഗീത സംവിധാനം: ജോൺപോള്‍ ജോര്‍ജ്ജ്, ഗാനരചന: വിനായക് ശശികുമാർ, പശ്ചാത്തല സംഗീതം: അജീഷ് ആന്‍റോ, മേക്കപ്പ്: റോണക്സ് സേവ്യർ, പ്രൊഡക്ഷൻ ഡിസൈനർ: വിവേക് കളത്തിൽ, കോസ്റ്റ്യൂം ഡിസൈൻ: വൈഷ്ണവ് കൃഷ്ണ, കോ-ഡയറക്ടർ: രഞ്ജിത്ത് ഗോപാലൻ, ചീഫ് അസോ.ഡയറക്ടർ: അബി ഈശ്വർ, കോറിയോഗ്രാഫർ: ശ്രീജിത്ത് ഡാസ്ലർ, പ്രൊഡക്ഷൻ കൺട്രോളർ: ശ്രീക്കുട്ടൻ ധനേശൻ, വിഎഫ്എക്സ്: എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, സ്റ്റിൽസ്: ആർ റോഷൻ, നവീൻ ഫെലിക്സ് മെൻഡോസ, ഡിസൈനിങ്: അഭിലാഷ് ചാക്കോ, . ഓവർസീസ് പാർട്ണർ – ഫാർസ് ഫിലിംസ്, പിആർഒ ശബരി

നാനി – ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’ ആഗോള റിലീസ് 2026 ഓഗസ്റ്റ് 21 ന്

0

തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ‘ദ പാരഡൈസി’ന്റെ പുത്തൻ റിലീസ് തീയതി പുറത്ത്. 2026 ഓഗസ്റ്റ് 21 നാണ് ചിത്രം ആഗോള റിലീസായി തീയേറ്ററുകളിലെത്തുക. നേരത്തെ മാർച്ച് അവസാന വാരമാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരുന്നത്. എന്നാൽ ചിത്രത്തിന്റെ ജോലികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ സാധിക്കാത്തതിനാൽ, പുതിയ തീയതിയിലേക്ക് റിലീസ് നീട്ടുകയായിരുന്നു. ‘ദസറ’ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം നാനി- ശ്രീകാന്ത് ഒഡേല ടീം ഒന്നിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ദസറയുടെ നിർമ്മാതാവായ സുധാകർ ചെറുകുറിയാണ്. ശ്രീലക്ഷ്മി വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം ജേഴ്സി, ഗാങ് ലീഡർ എന്നീ ചിത്രങ്ങൾക്ക് ശേഷം നാനിയും സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും ഒന്നിക്കുന്ന ചിത്രം കൂടിയാണ്. അടുത്തിടെ അനിരുദ്ധിന്റെ സംഗീതത്തിൽ ചിത്രത്തിലെ നാനിയുടെ ഇൻട്രോ ഗാനം ഹൈദരാബാദിലെ വമ്പൻ സെറ്റിൽ ഒരുക്കിയിരുന്നു.

വിജയ് ചിത്രം ജന നായകനിൽ പ്രവർത്തിച്ച നൃത്തസംവിധായകൻ സുധൻ മാസ്റ്റർ നൃത്തം ഒരുക്കിയ ഈ ഗാനത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ അവസാന ഘട്ട ചിത്രീകരണമാണ് ഇപ്പോൾ പുരോഗമിക്കുന്നതെന്നാണ് റിപ്പോർട്ട്. അടുത്ത മാസത്തോടെ ചിത്രം പോസ്റ്റ് പ്രൊഡക്ഷൻ ജോലികളിലേക്ക് കടക്കും. നാനിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ റിലീസ് ആയാണ് ‘ദ് പാരഡൈസ്’ എത്തുക. ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് ഉൾപ്പെടെയുള്ള പോസ്റ്ററുകൾ, സ്പാർക്ക് ഓഫ് പാരഡൈസ് എന്ന ഗ്ലിമ്പ്സ് വീഡിയോ എന്നിവ സമൂഹ മാധ്യമങ്ങളിൽ വമ്പൻ ശ്രദ്ധ നേടിയിരുന്നു.

ബോളിവുഡ് താരം രാഘവ് ജൂയാലും ചിത്രത്തിൻ്റെ താരനിരയിലുണ്ട്. സമ്പൂർണേഷ് ബാബു, മോഹൻ ബാബു, സോണാലി കുൽക്കർണി, ഈശ്വരി റാവു, രാജ രവീന്ദ്ര, തനികേല ഭരണി, എം എസ് ചൗധരി, രാം ജഗൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.100 കോടി ക്ലബിൽ ഇടം പിടിച്ച ദസറക്ക് ശേഷം ശ്രീകാന്ത് ഒഡേല എന്ന സംവിധായകൻ്റെ സംവിധാന മികവും സൂക്ഷ്മമായ കാഴ്ചപ്പാടും എല്ലാം ബ്രഹ്മാണ്ഡ കാൻവാസിൽ പ്രേക്ഷകരുടെ മുന്നിലെത്തിക്കുക ചിത്രമായിരിക്കും ‘ദ പാരഡൈസ്’. ശ്രീകാന്ത് ഒഡെല രചിച്ച ശക്തവും ആകർഷകവുമായ തിരക്കഥയിൽ, മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത ഒരു മാസ്സ് അവതാരമായി നാനിയെ അവതരിപ്പിക്കുന്ന ചിത്രം നാനിയുടെ കരിയറിലെ ഏറ്റവും ചിലവേറിയ ചിത്രങ്ങളിലൊന്നായാണ് ഒരുങ്ങുന്നത്. ആഗോള തലത്തിൽ എട്ട് ഭാഷകളിൽ ആണ് ഈ ചിത്രം പ്രദർശനത്തിന് എത്തുക. തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി, ബംഗാളി, ഇംഗ്ലീഷ്, സ്പാനിഷ് ഭാഷകളിൽ ചിത്രമെത്തും.

രചന, സംവിധാനം- ശ്രീകാന്ത് ഒഡേല, നിർമ്മാതാവ്- സുധാകർ ചെറുകുറി, ബാനർ- എസ്എൽവി സിനിമാസ്, ഛായാഗ്രഹണം – സി എച്ച് സായ്, സംഗീതം- അനിരുദ്ധ് രവിചന്ദർ, എഡിറ്റിംഗ് – നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈൻ – അവിനാഷ് കൊല്ല, ഓഡിയോ – സരിഗമ മ്യൂസിക്, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ- ശബരി.

പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; പണമിടപാടുകൾക്കും വാഹനങ്ങൾക്കും പുതിയ പരിധി – അറിയേണ്ടതെല്ലാം

0

ന്യൂഡൽഹി: രാജ്യത്തെ ആദായനികുതി നിയമങ്ങളിൽ കാതലായ മാറ്റങ്ങൾ വരുത്തുന്ന ‘ഡ്രാഫ്റ്റ് ഇൻകം ടാക്സ് റൂൾസ് 2026’ കേന്ദ്ര സർക്കാർ പുറത്തിറക്കി. പുതിയ ആദായനികുതി നിയമം (Income Tax Act, 2025) പ്രകാരം പാൻ (PAN) കാർഡ് വിവരങ്ങൾ നൽകേണ്ട സാമ്പത്തിക ഇടപാടുകളുടെ പരിധിയിൽ വലിയ ഇളവുകളാണ് നിർദ്ദേശിച്ചിരിക്കുന്നത്. സാധാരണക്കാരുടെ ദൈനംദിന ഇടപാടുകൾ സുഗമമാക്കുന്നതിനും എന്നാൽ വലിയ ഇടപാടുകളിൽ നിരീക്ഷണം ശക്തമാക്കുന്നതിനുമാണ് പുതിയ പരിഷ്‌കാരം.

2026 ഏപ്രിൽ 1 മുതൽ ഈ നിയമങ്ങൾ പ്രാബല്യത്തിൽ വരുമെന്നാണ് കരുതുന്നത്. പ്രധാന മാറ്റങ്ങൾ താഴെ പറയുന്നവയാണ്:

1. ബാങ്ക് ഇടപാടുകൾക്ക് പുതിയ പരിധി നിലവിൽ ബാങ്കിലോ സഹകരണ ബാങ്കിലോ ഒരു ദിവസം 50,000 രൂപയിൽ കൂടുതൽ പണം നിക്ഷേപിക്കണമെങ്കിൽ പാൻ കാർഡ് നിർബന്ധമാണ്. എന്നാൽ പുതിയ നിർദ്ദേശപ്രകാരം, ഒരു സാമ്പത്തിക വർഷത്തിൽ ആകെ 10 ലക്ഷം രൂപയോ അതിലധികമോ നിക്ഷേപിക്കുകയോ പിൻവലിക്കുകയോ ചെയ്യുമ്പോൾ മാത്രമേ പാൻ വിവരങ്ങൾ നൽകേണ്ടതുള്ളൂ. ഇത് ചെറുകിട ഇടപാടുകാർക്ക് വലിയ ആശ്വാസമാകും.

2. വാഹനങ്ങൾ വാങ്ങുമ്പോൾ ഇപ്പോൾ ഏത് തുകയുടെ മോട്ടോർ വാഹനം വാങ്ങുമ്പോഴും പാൻ കാർഡ് നിർബന്ധമാണ്. എന്നാൽ പുതിയ നിയമം അനുസരിച്ച്, 5 ലക്ഷം രൂപയ്ക്ക് മുകളിലുള്ള വാഹനങ്ങൾ വാങ്ങുമ്പോൾ (ടു വീലർ ഉൾപ്പെടെ) മാത്രം പാൻ നൽകിയാൽ മതിയാകും.

3. ഹോട്ടൽ, ആഘോഷം തുടങ്ങിയവയ്ക്കുള്ള ചിലവുകൾ ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ഇവന്റ് മാനേജർമാർ എന്നിവർക്ക് നൽകുന്ന പേയ്‌മെന്റുകൾക്ക് നിലവിൽ 50,000 രൂപയാണ് പാൻ പരിധി. ഇത് ഒരു ലക്ഷം രൂപയായി ഉയർത്താൻ നിർദ്ദേശമുണ്ട്.

4. വസ്തു ഇടപാടുകൾ വസ്തുവകകൾ വാങ്ങുന്നതിനും വിൽക്കുന്നതിനും പാൻ കാർഡ് കാണിക്കേണ്ട പരിധി 10 ലക്ഷം രൂപയിൽ നിന്നും 20 ലക്ഷം രൂപയായി വർധിപ്പിക്കും. റിയൽ എസ്റ്റേറ്റ് മേഖലയിലെ വിലവർധനവ് പരിഗണിച്ചാണ് ഈ തീരുമാനം.

5. ഇൻഷുറൻസ് മേഖലയിൽ മാറ്റം ഇൻഷുറൻസ് കമ്പനികളുമായി പുതിയ അക്കൗണ്ട് ബന്ധം തുടങ്ങുന്നതിന് പാൻ നിർബന്ധമാക്കും. നിലവിൽ ഒരു വർഷം 50,000 രൂപയിൽ കൂടുതൽ പ്രീമിയം അടയ്ക്കുമ്പോൾ മാത്രമാണ് പാൻ ആവശ്യമായി വരുന്നത്.

മറ്റ് നിർദ്ദേശങ്ങൾ:

  • ക്രിപ്‌റ്റോ എക്സ്ചേഞ്ചുകൾ വഴിയുള്ള ഇടപാടുകൾ റിപ്പോർട്ട് ചെയ്യുന്നത് നിർബന്ധമാക്കും.
  • ഡിജിറ്റൽ രൂപ (CBDC) ഔദ്യോഗിക ഇലക്ട്രോണിക് പേയ്‌മെന്റ് രീതിയായി അംഗീകരിക്കും.

ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (CBDT) പുറത്തിറക്കിയ ഈ കരട് നിയമത്തിന്മേൽ പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാം. മാർച്ച് ആദ്യത്തോടെ അന്തിമ വിജ്ഞാപനം പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ.

ടെറസിന് മുകളിലൂടെ കടന്നുപോകുന്ന വൈദ്യുതിലൈനില്‍ അബദ്ധത്തില്‍ കൈ തട്ടി; കോഴിക്കോട് കൗമാരക്കാരിക്ക് ദാരുണാന്ത്യം

0

കോഴിക്കോട് : വൈദ്യുതലൈനില്‍ നിന്നും ഷോക്കേറ്റ് പന്ത്രണ്ടുകാരിക്ക് ദാരുണാന്ത്യം. കൊടുവള്ളി കച്ചേരിമുക്കില്‍ കച്ചേരിമുക്ക് കളത്തിങ്കല്‍ റഷീദിന്റെ മകള്‍ തന്‍ഹ(12) ആണ് മരിച്ചത്. വീടിന്റെ ടെറസിന് മുകളിലൂടെ കടന്നുപോകുന്ന വൈദ്യുതിലൈനില്‍ അബദ്ധത്തില്‍ കൈ തട്ടി.

പഴയ വീടിന് സമീപത്തൂടെ ലൈന്‍ ഏറെ അകലത്തിലായിരുന്നു കടന്നു പോയത് എന്നാല്‍ പുതയതായി വെച്ച വീടിന് സമീപമായിരുന്നു വൈദ്യൂതിലൈന്‍. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍.

അപകടം നടന്ന ഉടന്‍ തന്നെ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇവര്‍ നിര്‍മ്മിച്ച പുതിയ വീട് വൈദ്യുതി ലൈനിനോട് ചേര്‍ന്നായിരുന്നു. ഇത് മാറ്റി സ്ഥാപിക്കാതിരുന്നതാണ് ദുരന്തത്തിന് കാരണമായത്.

young died at kozhikode

രാഹുലിന് മുൻകൂർ ജാമ്യം; അന്വേഷണ ഉദ്യോ​ഗസ്ഥന് മുന്നിൽ ഹാജരാകണമെന്ന് വ്യവസ്ഥ

0

കൊച്ചി: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സം​ഗ കേസിൽ മുൻകൂർ ജാമ്യം നൽകി ഹൈക്കോടതി. യുവതിയുടെ മൊഴി പരിശോധിക്കുമ്പോൾ ബലാത്സംഗം നടന്നതായി കണക്കാക്കാൻ ആകില്ലെന്ന് വിലയിരുത്തിയാണ് കോടതി മുൻകൂർ ജാമ്യം നൽകിയത്. തന്നെ മാനസികമായി തളർത്തി ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു എന്നും നിരവധി പെൺകുട്ടികളെ സമാന രീതിയിൽ പീഡിപ്പിച്ചിട്ടുണ്ടെന്നും പരാതിക്കാരി കോടതിയിൽ പറഞ്ഞിരുന്നു. എന്നാൽ കർശന ഉപാധികളോടെ പാലക്കാട് എംഎൽഎ ആയ രാഹുലിന് മുൻകൂർ ജാമ്യം അനുവദിക്കുകയായിരുന്നു.

ഫെബ്രുവരി 16 ന് അന്വേഷണ ഉദ്യോ​ഗസ്ഥന് മുമ്പിൽ ഹാജരാകണം. മൂന്നുദിവസം രാവിലെ 10 മണിമുതൽ വൈകീട്ട് 4 മണിവരെ ചോദ്യം ചെയ്യലിന് വിധേയനാകണം. ഈ കാലയളവിൽ മൊബൈൽ ഫോൺ കൈമാറണം, വൈദ്യ പരിശോധനയ്ക്ക് വിധേയമാകണം, പാസ്‌പോർട്ട് സമർപ്പിക്കണം, കസ്റ്റഡിയിൽ ഉള്ളതായി കണക്കാക്കണം എന്ന വ്യവസ്ഥയിലാണ് ജാമ്യം. കേരളത്തിന് പുറത്ത് പോകാൻ എംഎൽഎയ്ക്ക് അനുവാദമില്ല. സാക്ഷികളെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ ശ്രമിക്കരുത്, മറ്റൊരു കുറ്റകൃത്യവും ചെയ്യരുത്, ആവശ്യമെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥന് അറസ്റ്റ് ചെയ്ത ശേഷം ചോദ്യം ചെയ്ത് അദ്ദേഹത്തെ വിട്ടയക്കാം

വെള്ളിത്തിരയിലെ മിന്നും താരം ഇനി ‘ഡോക്ടർ ശ്രീലീല’; എംബിബിഎസ് ബിരുദം സ്വന്തമാക്കി നടി

0

സിനിമയിലെ തിരക്കുകൾക്കിടയിലും പഠനത്തിന് അവധി നൽകാതെ മുന്നോട്ട് പോയ തെന്നിന്ത്യൻ താരം ശ്രീലീല ഇനി ഡോക്ടർ. മുംബൈയിലെ ഡിവൈ പാട്ടീൽ സർവകലാശാലയിൽ നടന്ന ബിരുദദാന ചടങ്ങിൽ താരം എംബിബിഎസ് ബിരുദം ഏറ്റുവാങ്ങി. കോൺവൊക്കേഷൻ ഗൗണും തൊപ്പിയും ധരിച്ച് ബിരുദ സർട്ടിഫിക്കറ്റുമായി നിൽക്കുന്ന നടിയുടെ ചിത്രങ്ങളും വീഡിയോകളും ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.

അഭിനയവും പഠനവും ഒരേപോലെ കൊണ്ടുപോയ ശ്രീലീലയുടെ അർപ്പണബോധത്തെ പ്രശംസിക്കുകയാണ് ആരാധകർ. 2020 ബാച്ചിലെ വിദ്യാർത്ഥിനിയായിരുന്ന ശ്രീലീല, ബെംഗളൂരുവിലെ പ്രശസ്ത ഗൈനക്കോളജിസ്റ്റായ അമ്മ സ്വർണ്ണലതയുടെ പാത പിന്തുടർന്നാണ് വൈദ്യശാസ്ത്ര രംഗത്തേക്ക് എത്തിയത്. ഷൂട്ടിംഗ് തിരക്കുകൾക്കിടയിലും മുടങ്ങാതെ പഠനം മുന്നോട്ട് കൊണ്ടുപോയ താരം ഒടുവിൽ തന്റെ സ്വപ്നനേട്ടം കൈവരിച്ചിരിക്കുകയാണ്.

കരിയറിലെ വിശേഷങ്ങൾ സുധ കൊങ്കര സംവിധാനം ചെയ്ത ‘പരാശക്തി’യാണ് ശ്രീലീലയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. 2019-ൽ ‘കിസ്സ്’ എന്ന കന്നഡ ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച താരം പിന്നീട് തെലുങ്കിലും തമിഴിലും സജീവമായി. ധമാക്ക, ഭഗവന്ത് കേസരി, ഗുണ്ടൂർ കാരം തുടങ്ങിയ വമ്പൻ ഹിറ്റുകളുടെ ഭാഗമാകാനും ശ്രീലീലയ്ക്ക് സാധിച്ചു. അനുരാഗ് ബസുവിന്റെ പുതിയ ചിത്രം, ധനുഷിനൊപ്പമുള്ള ഡി55 എന്നിവയാണ് ശ്രീലീലയുടെ പുതിയ പ്രോജക്റ്റുകൾ.

അമേരിക്കയിൽ ജനിച്ച ശ്രീലീല വളർന്നതും പഠിച്ചതുമെല്ലാം ബെംഗളൂരുവിലായിരുന്നു. മൂന്ന് കുട്ടികളെ ദത്തെടുത്ത് വളർത്തുന്നതിനോടൊപ്പമാണ് താരം പഠനത്തിലും സിനിമയിലും മികവ് തെളിയിക്കുന്നത് എന്നതും ആരാധകരുടെ സ്നേഹം വർദ്ധിപ്പിക്കുന്നു.

Actress Sreeleela Graduates with an MBBS Degree

‘ഈ പണിയിൽ തടഞ്ഞാൽ അടുത്ത പണി നോക്കും’; കെഎസ്ആർടിസി ഡ്രൈവർ യദു ഇപ്പോൾ സ്വിഗ്ഗി ഡെലിവറി പാർട്ണർ

0

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനുമായുള്ള തർക്കത്തെ തുടർന്ന് വാർത്തകളിൽ ഇടംപിടിച്ച കെഎസ്ആർടിസി ഡ്രൈവർ യദു കൃഷ്ണൻ ഇപ്പോൾ പുതിയ വേഷത്തിൽ. ഉപജീവനത്തിനായി സ്വിഗ്ഗി ഡെലിവറി ബോയിയായി ജോലി ചെയ്യുകയാണ് യദു.

ദേശീയ പണിമുടക്ക് ദിവസത്തിൽ ജോലിക്കിറങ്ങിയപ്പോഴാണ് യദു മാധ്യമങ്ങളുടെ ശ്രദ്ധയിൽപ്പെട്ടത്. കഴിഞ്ഞ ഒരു മാസമായി താൻ സ്വിഗ്ഗിയിൽ ജോലി ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബസ് ഓടിക്കുന്നതിനിടെ നിരന്തരം ഉദ്യോഗസ്ഥരിൽ നിന്ന് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നതാണ് പുതിയ മേഖലയിലേക്ക് തിരിയാൻ കാരണമെന്നും യദു വ്യക്തമാക്കി.

“ബസ് ഓടിക്കുമ്പോൾ നിരന്തരം പരിശോധനകളും മറ്റുമായി ടാർഗെറ്റ് ചെയ്യപ്പെടുകയായിരുന്നു. കേസ് നിലനിൽക്കുന്നതിനാൽ കൂടുതൽ പ്രശ്നങ്ങൾ ഒഴിവാക്കാനാണ് തൽക്കാലം മാറിനിൽക്കുന്നത്. എന്നാൽ ബസ് ഡ്രൈവിംഗ് തന്നെയാണ് തന്റെ പാഷൻ,” യദു പറഞ്ഞു.

ഏത് ജോലിയായാലും ചെയ്യാനുള്ള മനസ്സ് മതി. ഒരിടത്ത് തടസ്സമുണ്ടായാൽ അടുത്ത ജോലി നോക്കും, അല്ലാതെ തളർന്നിരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെഎസ്ആർടിസിയിലെ ശമ്പളത്തേക്കാൾ മികച്ച വരുമാനം ഇപ്പോൾ ലഭിക്കുന്നുണ്ടെന്നും, ഫുൾ ടൈം ഓടിയാൽ ദിവസം 2000 രൂപയോളം നേടാനാകുന്നുണ്ടെന്നും യദു പറഞ്ഞു.

Pic Source : News18

നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം “സ്വയംഭൂ” ടീസർ പുറത്ത്

0

തെലുങ്ക് താരം നിഖിലിനെ നായകനാക്കി ഭരത് കൃഷ്ണമാചാരി സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം “സ്വയംഭൂ” ടീസർ പുറത്ത്. നിഖിൽ ഒരു ഇതിഹാസ യോദ്ധാവായി വേഷമിടുന്ന ഈ ചിത്രം പിക്സൽ സ്റ്റുഡിയോസിന്റെ ബാനറിൽ ഭുവനും ശ്രീകറും ചേർന്നാണ് നിർമ്മിക്കുന്നത്. ടാഗോർ മധുവാണ് ചിത്രം അവതരിപ്പിക്കുന്നത്. കാർത്തികേയ 2 എന്ന ചിത്രത്തിലൂടെ രാജ്യം മുഴുവൻ ശ്രദ്ധ നേടിയ നിഖിലിൻ്റെ ഇരുപതാമത്തെ ചിത്രമാണ് “സ്വയംഭൂ”. സ്വയംഭൂവിന്റെ തീവ്രമായ ലോകത്തിലേക്കുള്ള ആദ്യ കാഴ്ചയാണ് ഈ ടീസർ നൽകുന്നത്. ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തിൽ വേരൂന്നിയ ഒരു ഇതിഹാസ യുദ്ധകഥയുടെ സൂചന നൽകുന്ന ടീസർ, ചിത്രത്തിന്റെ അമ്പരപ്പിക്കുന്ന കാൻവാസും കാണിച്ചു തരുന്നുണ്ട്.

ശിവൻ ശ്രീരാമന് സമ്മാനിച്ച ദിവ്യ രാജദണ്ഡമായ ചെങ്കോലിന്റെ പുരാണവുമായി ചേർന്നാണ് ടീസർ അവതരിപ്പിച്ചിരിക്കുന്നത്. നാടുകടത്തപ്പെടുന്ന ചെങ്കോലിനു വേണ്ടി യുദ്ധങ്ങൾ നടക്കുന്നു. എങ്കിലും അത് സ്വന്തമാക്കാൻ ആർക്കും കഴിയുന്നില്ല. ഈ നിർണായക ഘട്ടത്തിൽ, ശക്തിയെ മാത്രമല്ല, അചഞ്ചലമായ ധീരതയെയും ആശ്രയിക്കുന്ന നിർഭയനായ ഒരു യോദ്ധാവായി ചിത്രത്തിലെ നായകൻ ഉയർന്നുവരുന്നു. ധർമ്മത്തിൻറെ പുനരുത്ഥാനത്തിനായുള്ള യുദ്ധം അദ്ദേഹത്തിൻറെ വിധിയായി മാറുന്നു.

ചെങ്കോലിന്റെ പുരാതന ഉത്ഭവം പര്യവേക്ഷണം ചെയ്തുകൊണ്ട്, ചരിത്രത്തിന്റെ അത്ര അറിയപ്പെടാത്ത ഒരു അധ്യായം ആണ് സംവിധായകൻ ഈ ചിത്രത്തിലൂടെ പര്യവേക്ഷണം ചെയ്യുന്നത്. ഇന്ത്യൻ ചരിത്രത്തെയും പുരാണത്തെയും സംയോജിപ്പിച്ച് 985 എ. ഡിയുടെ പശ്ചാത്തലത്തിൽ ഒരു ആകർഷകമായ ഇതിഹാസ യുദ്ധകഥയാണ് അദ്ദേഹം ഒരുക്കുന്നത്. നിഖിൽ സിദ്ധാർത്ഥ തന്റെ ഗംഭീര ലുക്കിലാണ് ഈ ചിത്രത്തിൽ എത്തുന്നത്. നീണ്ട മുടി, ചുരുണ്ട മീശ, പരുക്കൻ താടി, കടഞ്ഞെടുത്ത പോലത്തെ ശരീരം എന്നിവയുമായി ഒരു ഇതിഹാസ യോദ്ധാവിന്റെ രൂപത്തിലാണ് അദ്ദേഹം ഇതിലെത്തുന്നത്. അദ്ദേഹത്തിന്റെ ഗംഭീര ആക്ഷൻ ആയിരിക്കും ചിത്രത്തിന്റെ ഹൈലൈറ്റ് എന്നും ടീസർ സൂചിപ്പിക്കുന്നു.

മലയാളി താരം സംയുക്തയും നഭാ നടേഷും ആണ് ചിത്രത്തിലെ നായികാതാരങ്ങൾ. ഇവർ രണ്ടു പേരും, സുബ്ബരാജു, സുനിൽ തുടങ്ങിയ താരങ്ങളും ടീസറിന്റെ ഭാഗമാണ്. ഹൈദരാബാദിലെ പ്രസാദ് പി. സി. എക്സ് തിയേറ്ററിൽ 3ഡി ഫോർമാറ്റിൽ ആദ്യമായി പ്രദർശിപ്പിച്ച ടീസർ, കാണികളെ വിസ്മയിപ്പിക്കുന്ന നിലവാരത്തിലാണ് ഒരുക്കിയിരിക്കുന്നത്. രവി ബസ്‌റൂർ ഒരുക്കിയ സംഗീതവും, സെന്തിൽ കുമാറിന്റെ ദൃശ്യങ്ങളും, ഹോളിവുഡ് നിലവാരത്തിലുള്ള വിഎഫ്എക്‌സും ടീസറിന്റെ മികവ് ഉയർത്തുന്നുണ്ട്.

വമ്പൻ ബജറ്റും ഉയർന്ന സാങ്കേതിക നിലവാരവുമുള്ള ഒരു വലിയ ക്യാൻവാസിൽ, പീരിയോഡിക് യുദ്ധ പശ്ചാത്തലത്തിലാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്. ഭരത് കൃഷ്ണമാചാരി തന്നെയാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. സമ്മർ റിലീസായി ചിത്രം എത്തുമെന്നാണ് നിർമ്മാതാക്കൾ വെളിപ്പെടുത്തിയിരിക്കുന്നത്. ചിത്രത്തിൻ്റെ റിലീസ് തീയതിയും വൈകാതെ പുറത്തു വിടും. തെലുങ്ക്, കന്നഡ, തമിഴ്, ഹിന്ദി, മലയാളം, ചൈനീസ്, സ്പാനിഷ്, അറബിക് ഭാഷകളിൽ ചിത്രം ആഗോള റിലീസായെത്തും.

ഛായാഗ്രഹണം- കെ. കെ. സെന്തിൽ കുമാർ, സംഗീതം- രവി ബസ്രൂർ, എഡിറ്റിംഗ് – തമ്മി രാജു , പ്രൊഡക്ഷൻ ഡിസൈനർസ്- എം. പ്രഭാകരൻ, രവീന്ദർ, സംഭാഷണം – വിജയ് കാമിസേട്ടി, ആക്ഷൻ – കിങ് സോളമൻ, സ്റ്റണ്ട് സിൽവ, വരികൾ – രാമജോഗയ്യ ശാസ്ത്രി, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ – ശബരി.

എഐ ഉള്ളടക്കങ്ങൾക്ക് നിയന്ത്രണം: കേന്ദ്ര സർക്കാരിന്റെ പുതിയ ഐടി നിയമങ്ങൾ പ്രാബല്യത്തിൽ

0

ന്യൂഡൽഹി: ഇന്റർനെറ്റിലും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും കൃത്രിമബുദ്ധി (AI) ഉപയോഗിച്ച് നിർമ്മിക്കുന്ന ഉള്ളടക്കങ്ങൾ നിയന്ത്രിക്കുന്നതിനായി കേന്ദ്ര സർക്കാർ പുതിയ നിയമങ്ങൾ കൊണ്ടുവന്നു. ഫെബ്രുവരി 10-ന് വിജ്ഞാപനം ചെയ്ത ഐടി നിയമഭേദഗതികൾ ഫെബ്രുവരി 20 മുതൽ പ്രാബല്യത്തിൽ വരും. ഡീപ് ഫേക്കുകൾ തടയുന്നതിനും ഇന്റർനെറ്റ് ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് ഈ നീക്കം.

പ്രധാന മാറ്റങ്ങൾ ഇവയാണ്:

  • നിർബന്ധിത ലേബലിംഗ്: ഇൻസ്റ്റാഗ്രാം, യൂട്യൂബ്, ഫേസ്ബുക്ക് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ എഐ ഉപയോഗിച്ച് നിർമ്മിച്ച ഓഡിയോ, വീഡിയോ, ചിത്രങ്ങൾ എന്നിവ നൽകുമ്പോൾ അത് എഐ നിർമ്മിതമാണെന്ന് വ്യക്തമാക്കുന്ന ‘ലേബൽ’ നിർബന്ധമായും നൽകണം. കാഴ്ചക്കാർക്ക് പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കുന്ന രീതിയിലായിരിക്കണം ഇത്.
  • ഉപയോക്താക്കളുടെ ഉത്തരവാദിത്തം: ഉള്ളടക്കങ്ങൾ അപ്‌ലോഡ് ചെയ്യുന്ന സമയത്ത് തന്നെ അവ എഐ ഉപയോഗിച്ച് നിർമ്മിച്ചതാണോ എന്ന് ഉപയോക്താക്കൾ വെളിപ്പെടുത്തണം. തെറ്റായ വിവരങ്ങൾ നൽകുന്നത് ശിക്ഷാർഹമാണ്.
  • സമയപരിധി കുറച്ചു: നിയമവിരുദ്ധമായ ഉള്ളടക്കങ്ങൾ നീക്കം ചെയ്യുന്നതിനുള്ള സമയപരിധി സർക്കാർ കുറച്ചു. സർക്കാരിന്റെ പ്രത്യേക ഉത്തരവ് ലഭിച്ചാൽ 3 മണിക്കൂറിനുള്ളിൽ അത്തരം ഉള്ളടക്കങ്ങൾ നീക്കം ചെയ്യണം. മുൻപ് ഇത് 36 മണിക്കൂർ ആയിരുന്നു. മറ്റു പരാതികളിൽ നടപടിയെടുക്കാനുള്ള സമയം 24 മണിക്കൂറിൽ നിന്ന് 12 മണിക്കൂറായും കുറച്ചിട്ടുണ്ട്.
  • എന്താണ് നിയന്ത്രണ പരിധിയിൽ വരുന്നത്?: കമ്പ്യൂട്ടർ ഉപയോഗിച്ച് നിർമ്മിച്ചതോ മാറ്റം വരുത്തിയതോ ആയ, യഥാർത്ഥമെന്ന് തോന്നിപ്പിക്കുന്ന ഡീപ് ഫേക്ക് വീഡിയോകൾ, എഐ വോയ്‌സ് ഓവറുകൾ എന്നിവ ഇതിൽ ഉൾപ്പെടും. എന്നാൽ സാധാരണ ഗതിയിലുള്ള എഡിറ്റിംഗ് (കളർ കറക്ഷൻ, ട്രാൻസ്ക്രിപ്ഷൻ തുടങ്ങിയവ) ഇതിൽ ഉൾപ്പെടില്ല.
  • ശിക്ഷാ നടപടികൾ: എഐ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ ഭാരതീയ ന്യായ സംഹിത (BNS), പോക്സോ (POCSO) തുടങ്ങിയ നിയമങ്ങൾ പ്രകാരം നടപടിയെടുക്കും. ഓരോ മൂന്ന് മാസം കൂടുമ്പോഴും ഈ നിയമങ്ങളെക്കുറിച്ച് ഉപയോക്താക്കൾക്ക് പ്ലാറ്റ്‌ഫോമുകൾ മുന്നറിയിപ്പ് നൽകണം.

സോഷ്യൽ മീഡിയയിലെ വ്യാജ വാർത്തകളും തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കങ്ങളും തടയാൻ പുതിയ നിയമങ്ങൾ സഹായിക്കുമെന്ന് ഐടി മന്ത്രാലയം വ്യക്തമാക്കി. ഫെബ്രുവരി 20 മുതൽ എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും ഈ നിയമങ്ങൾ പാലിക്കാൻ ബാധ്യസ്ഥരാണ്.

ഈ ഗൗൺ വെറുമൊരു വസ്ത്രമല്ല, അതൊരു പ്രണയസമ്മാനമാണ്!…. വീണ്ടും അമ്മയാകുന്ന സന്തോഷം പങ്കുവെച്ച് നടി ഷംന കാസിം പോസ്റ്റ് ചെയ്ത കുറിപ്പ് ശ്രദ്ധനേടുന്നു

0

മാതൃത്വത്തിന്റെ ആഘോഷങ്ങൾക്കിടയിൽ നടി ഷംന കാസിം പങ്കുവെച്ച ഹൃദയസ്പർശിയായ കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. തന്റെ ‘മദർഹുഡ് സെലിബ്രേഷൻ’ ചടങ്ങിൽ അണിഞ്ഞ മനോഹരമായ ഗൗണിന് പിന്നിലെ സ്പെഷ്യൽ കഥയാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്.

തന്റെ ഭർത്താവ് ഷാനിദ് ആസിഫ് അലി ആദ്യമായി പ്രണയം തുറന്നുപറഞ്ഞ ദിവസം സമ്മാനിച്ചതാണ് ഈ വസ്ത്രമെന്ന് ഷംന പറയുന്നു. “ആദ്യം ഐ ലവ് യു പറഞ്ഞ ദിവസം ഓർമ്മയ്ക്കായി നൽകിയ സമ്മാനമാണിത്. വർഷങ്ങളായി അത് അലമാരയിൽ വിശ്രമത്തിലായിരുന്നു, ആഘോഷങ്ങൾക്കായി കാത്തിരിക്കുകയായിരുന്നു. ഇന്ന്, എന്റെ മാതൃത്വം ആഘോഷിക്കുന്ന ഈ വേളയിൽ, അത് വീണ്ടും പുഞ്ചിരിച്ചു,” ഷംന കുറിച്ചു.

സ്വപ്നതുല്യമായ ഈ ദിവസം സമ്മാനിച്ചതിന് ഭർത്താവിനോടുള്ള നന്ദിയും അതിരില്ലാത്ത സ്നേഹവും താരം പങ്കുവെച്ചു. ഒപ്പം, ചടങ്ങിൽ നൃത്തം അവതരിപ്പിച്ച തന്റെ ഡാൻസ് സ്കൂളിലെ കുട്ടികളെക്കുറിച്ചും ഷംന വാചാലയായി. അവരുടെ ഓരോ ചുവടിലും താൻ അഭിമാനവും സന്തോഷവും അനുഭവിക്കുന്നുണ്ടെന്നും താരം കൂട്ടിച്ചേർത്തു.

Shamna Kasim Reveals the Romantic Story Behind Her Special Gown

ദീപക്കിന്റെ ആത്മഹത്യ: ഷിംജിത മുസ്തഫയ്ക്ക് ജാമ്യം

0

കോഴിക്കോട്: ഗോവിന്ദപുരം സ്വദേശി യു. ദീപക്കിന്റെ (41) ആത്മഹത്യയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഷിംജിത മുസ്തഫയ്ക്ക് (35) ജാമ്യം ലഭിച്ചു. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. നേരത്തെ കുന്നമംഗലം മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്നാണ് ഷിംജിത സെഷൻസ് കോടതിയെ സമീപിച്ചത്.

സമൂഹമാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിച്ചതിന് പിന്നാലെയാണ് ദീപക്കിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. കേസിൽ വടകര കൈനാട്ടി വളച്ചുകെട്ടിയ മീത്തൽ ഷിംജിത മുസ്തഫ മഞ്ചേരി വനിത സബ് ജയിലിൽ റിമാൻഡിലായിരുന്നു.

ദീപക്കിന്റെ ലാപ്ടോപ്പ്, മൊബൈൽ ഫോൺ എന്നിവയുടെ ഫൊറൻസിക് പരിശോധനാഫലം വരുന്നതുവരെ ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ദീപക്കിനെ ഷിംജിത ഭീഷണിപ്പെടുത്തിയിരുന്നോ എന്ന് ഇതിലൂടെ വ്യക്തമാകുമെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. എന്നാൽ, 21 ദിവസമായി ജയിലിലാണെന്നും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു.

തനിക്ക് നേരെ ബസിൽ വെച്ച് ലൈംഗികാതിക്രമം ഉണ്ടായി എന്ന ആരോപണത്തിൽ ഷിംജിത ഇപ്പോഴും ഉറച്ചുനിൽക്കുകയാണ്.

ദീപക്കിന്റെ മരണവിവരം പുറത്തുവന്നതിന് പിന്നാലെ ജനുവരി 19-ന് ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി പോലീസ് കേസെടുത്തിരുന്നു. ഇതോടെ ഒളിവിൽ പോയ ഷിംജിതയെ ജനുവരി 21-ന് വടകരയിലെ ബന്ധുവീട്ടിൽ നിന്നാണ് പോലീസ് പിടികൂടിയത്. ഷിംജിതയെ കണ്ടെത്താൻ ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.

പത്തുവർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ് ഷിംജിതയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. പോലീസ് കസ്റ്റഡിയിൽ ലഭിച്ച വിവരങ്ങൾ അടങ്ങിയ റിപ്പോർട്ട് അന്വേഷണസംഘം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.