HomeNewsദീപക്കിന്റെ ആത്മഹത്യ: ഷിംജിത മുസ്തഫയ്ക്ക് ജാമ്യം

ദീപക്കിന്റെ ആത്മഹത്യ: ഷിംജിത മുസ്തഫയ്ക്ക് ജാമ്യം

കോഴിക്കോട്: ഗോവിന്ദപുരം സ്വദേശി യു. ദീപക്കിന്റെ (41) ആത്മഹത്യയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഷിംജിത മുസ്തഫയ്ക്ക് (35) ജാമ്യം ലഭിച്ചു. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. നേരത്തെ കുന്നമംഗലം മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്നാണ് ഷിംജിത സെഷൻസ് കോടതിയെ സമീപിച്ചത്.

സമൂഹമാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിച്ചതിന് പിന്നാലെയാണ് ദീപക്കിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. കേസിൽ വടകര കൈനാട്ടി വളച്ചുകെട്ടിയ മീത്തൽ ഷിംജിത മുസ്തഫ മഞ്ചേരി വനിത സബ് ജയിലിൽ റിമാൻഡിലായിരുന്നു.

ദീപക്കിന്റെ ലാപ്ടോപ്പ്, മൊബൈൽ ഫോൺ എന്നിവയുടെ ഫൊറൻസിക് പരിശോധനാഫലം വരുന്നതുവരെ ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ദീപക്കിനെ ഷിംജിത ഭീഷണിപ്പെടുത്തിയിരുന്നോ എന്ന് ഇതിലൂടെ വ്യക്തമാകുമെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. എന്നാൽ, 21 ദിവസമായി ജയിലിലാണെന്നും അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു.

തനിക്ക് നേരെ ബസിൽ വെച്ച് ലൈംഗികാതിക്രമം ഉണ്ടായി എന്ന ആരോപണത്തിൽ ഷിംജിത ഇപ്പോഴും ഉറച്ചുനിൽക്കുകയാണ്.

ദീപക്കിന്റെ മരണവിവരം പുറത്തുവന്നതിന് പിന്നാലെ ജനുവരി 19-ന് ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി പോലീസ് കേസെടുത്തിരുന്നു. ഇതോടെ ഒളിവിൽ പോയ ഷിംജിതയെ ജനുവരി 21-ന് വടകരയിലെ ബന്ധുവീട്ടിൽ നിന്നാണ് പോലീസ് പിടികൂടിയത്. ഷിംജിതയെ കണ്ടെത്താൻ ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.

പത്തുവർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ് ഷിംജിതയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. പോലീസ് കസ്റ്റഡിയിൽ ലഭിച്ച വിവരങ്ങൾ അടങ്ങിയ റിപ്പോർട്ട് അന്വേഷണസംഘം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.

RELATED ARTICLES
- Advertisment -
Google search engine

Most Popular