
സിനിമയിലെ തിരക്കുകൾക്കിടയിലും പഠനത്തിന് അവധി നൽകാതെ മുന്നോട്ട് പോയ തെന്നിന്ത്യൻ താരം ശ്രീലീല ഇനി ഡോക്ടർ. മുംബൈയിലെ ഡിവൈ പാട്ടീൽ സർവകലാശാലയിൽ നടന്ന ബിരുദദാന ചടങ്ങിൽ താരം എംബിബിഎസ് ബിരുദം ഏറ്റുവാങ്ങി. കോൺവൊക്കേഷൻ ഗൗണും തൊപ്പിയും ധരിച്ച് ബിരുദ സർട്ടിഫിക്കറ്റുമായി നിൽക്കുന്ന നടിയുടെ ചിത്രങ്ങളും വീഡിയോകളും ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.
അഭിനയവും പഠനവും ഒരേപോലെ കൊണ്ടുപോയ ശ്രീലീലയുടെ അർപ്പണബോധത്തെ പ്രശംസിക്കുകയാണ് ആരാധകർ. 2020 ബാച്ചിലെ വിദ്യാർത്ഥിനിയായിരുന്ന ശ്രീലീല, ബെംഗളൂരുവിലെ പ്രശസ്ത ഗൈനക്കോളജിസ്റ്റായ അമ്മ സ്വർണ്ണലതയുടെ പാത പിന്തുടർന്നാണ് വൈദ്യശാസ്ത്ര രംഗത്തേക്ക് എത്തിയത്. ഷൂട്ടിംഗ് തിരക്കുകൾക്കിടയിലും മുടങ്ങാതെ പഠനം മുന്നോട്ട് കൊണ്ടുപോയ താരം ഒടുവിൽ തന്റെ സ്വപ്നനേട്ടം കൈവരിച്ചിരിക്കുകയാണ്.
കരിയറിലെ വിശേഷങ്ങൾ സുധ കൊങ്കര സംവിധാനം ചെയ്ത ‘പരാശക്തി’യാണ് ശ്രീലീലയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. 2019-ൽ ‘കിസ്സ്’ എന്ന കന്നഡ ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച താരം പിന്നീട് തെലുങ്കിലും തമിഴിലും സജീവമായി. ധമാക്ക, ഭഗവന്ത് കേസരി, ഗുണ്ടൂർ കാരം തുടങ്ങിയ വമ്പൻ ഹിറ്റുകളുടെ ഭാഗമാകാനും ശ്രീലീലയ്ക്ക് സാധിച്ചു. അനുരാഗ് ബസുവിന്റെ പുതിയ ചിത്രം, ധനുഷിനൊപ്പമുള്ള ഡി55 എന്നിവയാണ് ശ്രീലീലയുടെ പുതിയ പ്രോജക്റ്റുകൾ.
അമേരിക്കയിൽ ജനിച്ച ശ്രീലീല വളർന്നതും പഠിച്ചതുമെല്ലാം ബെംഗളൂരുവിലായിരുന്നു. മൂന്ന് കുട്ടികളെ ദത്തെടുത്ത് വളർത്തുന്നതിനോടൊപ്പമാണ് താരം പഠനത്തിലും സിനിമയിലും മികവ് തെളിയിക്കുന്നത് എന്നതും ആരാധകരുടെ സ്നേഹം വർദ്ധിപ്പിക്കുന്നു.
#SreeLeela has officially graduated, completing her medical degree ❤️
— Siddarth Srinivas (@sidhuwrites) February 11, 2026
Acting + academics – win win! pic.twitter.com/sisosEPRTZ
Actress Sreeleela Graduates with an MBBS Degree
