എസ്എസ്എൽസി പരീക്ഷയുടെ ഭാഗമായുള്ള ഐ.ടി പ്രാക്ടിക്കൽ പരീക്ഷ മാറ്റിവച്ചു. മെയ് അഞ്ചിന് തുടങ്ങേണ്ട പ്രാക്ടിക്കൽ പരീക്ഷകളാണ് മാറ്റിവച്ചത്. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റിവയ്ക്കാനുള്ള തീരുമാനം. നേരത്തെ ഹയർ സെക്കൻഡറി വിഭാഗം വിദ്യാർത്ഥികളുടെ പ്രാക്ടിക്കൽ പരീക്ഷയും മാറ്റിവച്ചിരുന്നു.
പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം കുറയുന്ന മുറയ്ക്ക് പിന്നീട് പരീക്ഷ നടത്തുന്ന കാര്യം അറിയിക്കുമെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് വൃത്തങ്ങൾ അറിയിച്ചു.
സംസ്ഥാനത്ത് 18 വയസിന് മുകളിലുള്ളവര്‍ക്ക് നല്‍കുന്നതിനുള്ള കോവിഡ് വാക്‌സിന്‍ കമ്പനികളില്‍ നിന്നും നേരിട്ടുവാങ്ങാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കി. ഒരു കോടി ഡോസ് വാക്സിന്‍ വാങ്ങാനാണ് തീരുമാനം. 70 ലക്ഷം ഡോസ് കോവിഷീല്‍ഡും 30 ലക്ഷം ഡോസ് കോവാക്സിനും വാങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്. മെയ് മാസം 10 ലക്ഷം ഡോസ് വാങ്ങും. കഴിഞ്ഞ ദിവസം വാക്‌സിന്‍ നിര്‍മാണ കമ്പനികളുമായി സംസ്ഥാന സര്‍ക്കാര്‍ ആശയവിനിമയം നടത്തിയിരുന്നു.
ലോക്ഡൗണിന് സമാനമായ സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്നും മന്ത്രിസഭായോഗം വിലയിരുത്തി. എന്നാല്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയേക്കില്ല. അതേ സമയം കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കാനും തീരുമാനിച്ചിട്ടുണ്ട്.
English Summary :Kerala to buy one crore vaccines directly; Cabinet approval
രാജ്യത്ത് 15 ശതമാനത്തിന് മുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് ഉള്ള ജില്ലകളിൽ ലോക്‌ഡൗണിന് കേന്ദ്ര ആരോഗ്യമാന്ത്രാലയത്തിന്റെ ശുപാർശ. 150 ജില്ലകളുടെ പട്ടിക ഇതിനായി കേന്ദ്ര തയ്യാറാക്കി. സംസ്ഥാനങ്ങളുമായി ചർച്ച നടത്തിയ ശേഷം അന്തിമ തീരുമാനം എടുക്കും. കേരളത്തിൽ മിക്ക ജില്ലകളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിന് മുകളിലാണ്. കോഴിക്കോടും, എറണാകുളത്തുമാണ് സംസ്ഥാനത്ത് തന്നെ എറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഇന്നലെ സംസ്‌ഥാനത്ത് 23.24 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
രാജ്യത്ത് കോവിഡ് മരണം രണ്ട് ലക്ഷത്തിനടുത്ത് എത്തിയിരിക്കയാണ്. ചൊവ്വാഴ്‌ച രാവിലെ വരെയുള്ള കണക്ക് പ്രകാരം ആകെ മരണം 1,97,894 ആയി. 24 മണിക്കൂറിൽ 2771 മരണം. ഈമാസം 26 ദിവസത്തില്‍ 34,934. ഒരാഴ്‌ചയ്ക്കിടെ ജീവന്‍പൊലിഞ്ഞത് 15,323 പേര്‍ക്കാണ്.
കഴിഞ്ഞ ഒരാഴ്ചയായി രാജ്യത്ത് പ്രതിദിന രോഗബാധ മൂന്ന് ലക്ഷത്തിന് മുകളിലാണ്. പ്രതിദിന മരണ സംഖ്യ ഇന്ന് മൂവായിരം കടന്നു. അതേസമയം രാജ്യത്ത് 18 വയസിന് മുകളിലുള്ളവര്‍ക്കായി വാക്സീൻ രജിസ്ട്രേഷൻ ഇന്നു തുടങ്ങും. വൈകീട്ട് നാല് മണിമുതല്‍ കൊവിന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാനാകും.
English Summary: Recommended for lockdowns in districts above 15 with test positive positivity
കൊച്ചിയില്‍ വന്‍ കഞ്ചാവ് വേട്ട. കളമശേരിയില്‍ 150 കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയിലായി. വാളയാര്‍ സ്വദേശി കുഞ്ഞുമോന്‍ (36), പാലക്കാട് സ്വദേശി നന്ദകുമാര്‍ (27) എന്നിവരാണ് പിടിയിലായത്. പിക്ക്അപ് വാനില്‍ കടത്താന്‍ ശ്രമിക്കവെ കണ്ടെയ്‌നര്‍ റോഡില്‍ വച്ചാണ് കഞ്ചാവ് പിടികൂടിയത്. ഹൈദരാബാദില്‍ നിന്ന് മാങ്ങ കൊണ്ടുവരുന്നതിന്റെ മറവിലാണ് കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്. സ്റ്റേറ്റ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.
English Summary :Big cannabis hunt in Kochi. Two arrested with 150 kg of cannabis.
സംസ്ഥാനത്ത് ഇരട്ട ജനിതകമാറ്റം വന്ന വൈറസ് വ്യാപനം 75 ശതമാനത്തിന് മുകളില്‍ എത്തിയിരിക്കാമെന്ന് ആരോഗ്യ വിദഗ്ദ്ധര്‍.
ആവശ്യമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ഡല്‍ഹിയ്ക്ക് സമാനമായ സാഹചര്യമുണ്ടാകുമെന്ന് പഠനം നടത്തിയ വിദഗ്ദ്ധ സംഘം മുന്നറിയിപ്പ് നല്‍കി.
അതിവേഗത്തില്‍ പടരുന്ന ജനിതകമാറ്റം വന്ന വൈറസുകള്‍ സംസ്ഥാനത്ത് 13 ജില്ലകളിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഏപ്രില്‍ ആദ്യവാരത്തെ പഠന റിപ്പോര്‍ട്ട് പുറത്ത് വന്നപ്പോള്‍ 40 ശതമാനം പേരിലാണ് ഈ വകഭേദം കണ്ടെത്തിയത്. എന്നാല്‍ മൂന്നാഴ്ച പിന്നിടുമ്ബോള്‍ ഇത് 75 ശതമാനത്തിന് മുകളില്‍ എത്തിയിട്ടുണ്ടാകുമെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത് . ഇന്ത്യയില്‍ രൂപാന്തരപ്പെട്ട ഇരട്ട ജനിതകമാറ്റം വന്ന കൊറോണ വൈറസ് – ബി വണ്‍ 617, യു.കെ വകഭേദം, സൗത്ത് ആഫ്രിക്കന്‍ വകഭേദം എന്നിങ്ങനെ മൂന്നുതരം ജനിതകമാറ്റം വന്ന വൈറസുകളാണ് സംസ്ഥാനത്ത് പടരുന്നത്.
English Summary: Dual genetically modified covid virus is dangerous, the condition in the state is extremely serious; Health experts with warning
ഗുരുവായൂര്‍ ആനത്താവളത്തില്‍ 32 പാപ്പാന്‍മാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആനത്താവളത്തില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 38 ആയി.പാപ്പാന്‍മാര്‍ അടക്കം ഗുരൂവായൂര്‍ നഗരസഭ പരിധിയില്‍ 96 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.രോഗവ്യാപനത്തെ തുടര്‍ന്ന് നഗരസഭ പരിധിയിലെ നിരവധി സ്ഥാപനങ്ങള്‍ അടച്ചിടാന്‍ ആരോഗ്യ വിഭാഗം നിര്‍ദ്ദേശം നല്‍കി.
തിരുവനന്തപുരം:കോവിഡ് കാലത്ത് മദ്യം ഹോം ഡെലിവറി കിട്ടുമെന്ന പ്രതീക്ഷയിലായിരുന്ന മദ്യപാനികൾക്ക് തിരിച്ചടി.
മദ്യം ഹോം ഡെലിവറി വില്‍പ്പന നടത്താനുള്ള ബിവറേജസ് കോര്‍പറേഷന്റെ നീക്കം ഉടന്‍ നടപ്പാകില്ല. ഹോം ഡെലിവെറിക്ക് തീരുമാനമെടുത്തിട്ടില്ലെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ അറിയിച്ചു. ഇത് സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി തീരുമാനിക്കേണ്ട കാര്യമാണെന്നും നിലവില്‍ തീരുമാനമെടുത്തിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
എറണാകുളം, തിരുവനന്തപുരം നഗരങ്ങളില്‍ പ്രീമിയം ബ്രാന്‍ഡുകള്‍ ഓൺലൈൻ മുഖേനയുള്ള ഓര്‍ഡനനുസരിച്ച് വീടുകളിലെത്തിക്കാനായിരുന്നു ബിവറേജസ് കോര്‍പറേഷൻ ലക്ഷ്യമിട്ടിരുന്നത്. സര്‍ക്കാര്‍ തീരുമാനമനുസരിച്ച് മദ്യം ഹോം ഡെലിവറി നല്‍കാനായിരുന്നു ആലോചന.
ഇതിനായി ബെവകോ എം.ഡി സര്‍ക്കാരിനു ശിപാര്‍ശ നല്‍കാന്‍ തയാറെടുക്കുന്നതിനിടെയാണു മന്ത്രി നിലപാട് വ്യക്തമാക്കിയത്.
ബിവറേജസ് കോര്‍പറേഷന്റെ വൈബ്‌സൈറ്റ് പരിഷ്‌കരിച്ച് ഇതിലൂടെ ബുക്കിങ് സ്വീകരിച്ച് ഹോം ഡെലിവറി നടത്താനായിരുന്നു കോര്‍പറേഷന്റെ നീക്കം.
അതേസമയം, നിലവിലെ നിയമപ്രകാരം ഒരാള്‍ക്കു കൈവശം വയ്ക്കാവുന്ന മദ്യത്തിന്റെ അളവ് മൂന്നു ലിറ്ററാണ്. ഹോം ഡെലിവറി പ്രാവര്‍ത്തികമാക്കാന്‍ വിതരണം ചെയ്യുന്നയാള്‍ക്കു കൂടുതല്‍ അളവ് മദ്യം കൈവശം വയ്‌ക്കേണ്ടിവരും.
ഹോം ഡെലിവറിക്കായി എക്‌സൈസ് നിയമത്തിലും, അബ്കാരി ഷോപ്പ് ഡിസ്‌പോസല്‍ റൂളിലും ഭേദഗതി വരുത്തണം.തുടർ നടപടികൾക്കായി ദിവസങ്ങൾ വേണ്ടിവരും.
നിലവിലെ മന്ത്രിസഭയ്ക്ക് അത്രത്തോളം കാലാവധിയില്ലാത്തതിനാൽ മദ്യം ഹോം ഡെലിവറി ഉടനെ സാധ്യമാകുകയില്ല.
English Summary :Home delivery of alcohol, the government decides
വോട്ടെണ്ണൽ ദിനത്തിൽ ലോക് ഡൗൺ വേണമെന്ന ആവശ്യം ഹൈക്കോടതി നിരസിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന സർക്കാരും പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകൾ കർശനമായി പാലിക്കണമെന്ന് ഹൈക്കോടതി ഡിവിഷൻ ബഞ്ച് നിർദ്ദേശിച്ചു. വീഴ്ച വരുത്തുന്നവർക്കെതിരെ എന്ത് നടപടി സ്വീകരിക്കണമെന്ന കാര്യവും സർക്കാരിന് തീരുമാനിക്കാമെന്ന് ജസ്റ്റിസുമാരായ അശോക് മേനോൻ ,സി എസ് ഡയസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബഞ്ച് വ്യക്തമാക്കി.
English Summary :No lockdown on counting day; The High Court rejected the demand:
രാജ്യത്ത് എട്ട് സംസ്ഥാനങ്ങളിലെ കൊവിഡ് വ്യാപനം ആശങ്കപ്പെടുത്തുന്നതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. വൈറസ് മാരകമായതിനാല്‍ തുടക്കത്തിലെ രോഗം തിരിച്ചറിഞ്ഞാല്‍ നല്ലത്. രോഗലക്ഷണം കണ്ടാല്‍ അപ്പോള്‍ തന്നെ സ്വയം നിരീക്ഷണത്തിലേക്ക് മാറണം. അതിനായി പരിശോധന ഫലം വരാന്‍ കാത്തിരിക്കരുത് എന്നും ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു.
കേരളത്തിലെയും രോഗവ്യാപനം ആശങ്കാ ജനകമാണ്. മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, കര്‍ണാടക,രാജസ്ഥാന്‍. ഛത്തീസ്ഗഡ്, ഗുജറാത്ത്, തമിഴ്നാട് എന്നിവയാണ് ആശങ്ക വര്‍ധിപ്പിക്കുന്ന മറ്റ് സംസ്ഥാനങ്ങള്‍. ഒരു ലക്ഷത്തിലധികം പേര്‍ ഇവിടങ്ങളിലൊക്കെ ചികിത്സയിലുണ്ട്. രോഗബാധിതരില്‍ 15% പേര്‍ക്കാണ് ഗുരുതര ലക്ഷണങ്ങള്‍ കാണുന്നത്.
നേരിയ ലക്ഷണങ്ങള്‍ ഉള്ളവര്‍ വീടുകളില്‍ ചികിത്സ തുടരണം. ആര്‍ത്തവ ദിനങ്ങള്‍ക്കിടയും കൊവിഡ് വാക്സീന്‍ സ്വീകരിക്കാം. ഇക്കാര്യത്തില്‍ നിരവധി പേര്‍ സംശയം ഉന്നയിക്കുന്നുണ്ടെന്ന് നീതി ആയോഗ് അംഗം വി.കെ പോള്‍ പറഞ്ഞു. ആര്‍ത്തവത്തിൻ്റെ പേരില്‍ വാക്സിനേഷന്‍ നീട്ടിവയ്ക്കരുതെന്നും അദ്ദേഹം പറഞ്ഞു. വീട്ടില്‍ ആരെങ്കിലും കൊവിഡ് പോസിറ്റിവായാല്‍ മറ്റ് അംഗങ്ങള്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കണം. ആരും വീടിന് പുറത്ത് പോകരുത്. ആരേയും വീട്ടിലേക്ക് ക്ഷണിക്കരുത്. ആര്‍ക്കും അമിത ആശങ്ക വേണ്ട. ചെറിയ വിഭാഗത്തെ മാത്രമാണ് രോഗം ഇപ്പോള്‍ ഗുരുതരമായി ബാധിച്ചിരിക്കുന്നത്. വീട്ടിലും മാസ്ക് ധരിക്കണം. വൈറസിന്‍്റെ വ്യാപനം അത്ര തീവ്രമാണമെന്നും ആരോഗ്യമന്ത്രാലയം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
English Summary : The Union Ministry of Health has expressed concern over the spread of Covid in eight states
സംസ്ഥാനത്തെ റേഷൻ കടകൾ നിലവിലെ സമയക്രമം പാലിച്ച് രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയും വൈകിട്ട് 3 മുതൽ 7 മണിവരെയും തുറന്ന് പ്രവർത്തിക്കണമെന്ന് പൊതുവിതരണ വകുപ്പ്. ഏപ്രിൽ മാസത്തെ അവസാന ആഴ്ചയായതിനാൽ പ്രവർത്തന സമയം കുറയ്ക്കുന്നത് തിരക്കിന് ഇടയാക്കും.
കോവിഡ് വ്യാപനമുള്ള പ്രദേശങ്ങൾ, കണ്ടെയ്ൻമെൻ്റ്, മൈക്രോ കണ്ടെയ്ൻമെൻ്റ് സോണുകൾ എന്നിവിടങ്ങളിൽ ജില്ലാ കളക്ടർമാരുടെ നിർദ്ദേശമനുസരിച്ച് പ്രവർത്തന സമയം ക്രമീകരിക്കണം. അവശ്യസേവന പരിധിയിൽ വരുന്നതിനാൽ റേഷൻ കടകളുടെ പ്രവർത്തന സമയം ബന്ധപ്പെട്ട ഉത്തരവ് പ്രകാരമല്ലാതെ ക്രമീകരിക്കാൻ പാടില്ല. ഇക്കാര്യം നിരീക്ഷിക്കാൻ സപ്ലൈ ഓഫീസർമാരെ ചുമതലപ്പെടുത്തി. സമയക്രമം പാലിക്കാത്ത ലൈസൻസികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പൊതുവിതരണ വകുപ്പ് ഡയറക്ടറുടെ ഉത്തരവ്.
English Summary :Department of Public Distribution not to change the working hours of ration shops