Home Blog Page 19

ഫാഷൻ ട്രെൻഡുകൾ മാറാം, പക്ഷേ മമ്മൂക്കയുടെ സ്റ്റൈൽ എപ്പോഴും സൂപ്പർഹിറ്റാണ്

0

മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാർ മമ്മൂട്ടിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. പ്രായം വെറുമൊരു അക്കം മാത്രമാണെന്ന് വീണ്ടും തെളിയിച്ചുകൊണ്ട്, തികച്ചും പുതിയൊരു ‘ജെൻ-സി’ (Gen-Z) ലുക്കിലാണ് താരം ഇത്തവണ ക്യാമറകൾക്ക് മുന്നിലെത്തിയത്.

കാറിൽ നിന്നിറങ്ങി വരുന്ന മമ്മൂട്ടിയുടെ വീഡിയോയിൽ നിന്നുള്ള ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ലളിതമായ വെള്ള ടി-ഷർട്ടും, ഇപ്പോൾ യുവാക്കൾക്കിടയിൽ ട്രെൻഡിയായ വൈഡ് ലെഗ് (wide-leg) ജീൻസുമാണ് വേഷം. ഇതിനൊപ്പം സ്റ്റൈലിഷ് ആയ വണ്ണമുള്ള ചങ്കി സ്നീക്കേഴ്സും (chunky sneakers) പെയർ ചെയ്തതോടെ ലുക്ക് കൂടുതൽ ആകർഷകമായി. സാധാരണയായി സ്ലിം ഫിറ്റ് ജീൻസുകളിലോ ഷർട്ടുകളിലോ മുണ്ടിലോ കാണാറുള്ള മമ്മൂട്ടിയുടെ ഈ പുത്തൻ മേക്ക്ഓവർ ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ്.

‘ഇതാര് പുതിയ പയ്യനോ’ എന്നാണ് ചിത്രങ്ങൾ കണ്ട് ആരാധകർ ചോദിക്കുന്നത്. പുതിയ തലമുറയിലെ പിള്ളേരെപ്പോലും വെല്ലുന്ന ഡ്രസ്സിംഗ് സ്റ്റൈലാണ് മമ്മൂക്കയുടേത് എന്ന് പലരും കമൻ്റ് ചെയ്യുന്നു. കാലത്തിനൊത്ത് ഫാഷനിൽ വരുന്ന മാറ്റങ്ങളെ ഇത്ര മനോഹരമായി സ്വാംശീകരിക്കാൻ മറ്റ് താരങ്ങൾക്ക് കഴിയുമോ എന്ന സംശയവും ആരാധകർ ഉന്നയിക്കുന്നുണ്ട്.

എന്തായാലും, മമ്മൂട്ടിയുടെ ഈ പുതിയ സ്റ്റൈലിഷ് എൻട്രി ഫാൻസ്‌ ഗ്രൂപ്പുകളും സോഷ്യൽ മീഡിയയും ഇതിനോടകം തന്നെ ആഘോഷമാക്കി മാറ്റിക്കഴിഞ്ഞു. ഏത് വേഷവും തനിക്ക് അനായാസം ഇണങ്ങുമെന്ന് അദ്ദേഹം ഈ ചിത്രങ്ങളിലൂടെ വീണ്ടും തെളിയിച്ചിരിക്കുകയാണ്.

Mammootty new trending look

മുംബൈയിൽ ബിരിയാണിയും തണ്ണിമത്തനും കഴിച്ചതിന് പിന്നാലെ ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം

0

മുംബൈ: ബിരിയാണിയും തണ്ണിമത്തനും കഴിച്ചതിന് പിന്നാലെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു. ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്ന് സംശയിക്കുന്നു. മുംബൈയിലെ പൈധോണി (Pydhonie) പ്രദേശത്താണ് ദാരുണമായ സംഭവം നടന്നത്.

അബ്ദുള്ള ഡൊക്കാഡിയ (40), ഭാര്യ നസ്‌റീൻ (35), മക്കളായ ആയിഷ (16), സൈനബ് (13) എന്നിവരാണ് മരിച്ചത്.

സംഭവം ഇങ്ങനെ: ഏപ്രിൽ 25 വ്യാഴാഴ്ച രാത്രിയാണ് ഇവർക്ക് ഭക്ഷ്യവിഷബാധ ഏറ്റതെന്ന് പൊലീസ് പറയുന്നു. അന്ന് രാത്രി ഇവർ ബന്ധുക്കൾക്കായി വീട്ടിൽ വിരുന്നൊരുക്കിയിരുന്നു. ചിക്കൻ ബിരിയാണിയായിരുന്നു പ്രധാന ഭക്ഷണം. രാത്രി 10:30 ഓടെ ഭക്ഷണം കഴിച്ച് ബന്ധുക്കൾ മടങ്ങിപ്പോയി. പിന്നീട് രാത്രി ഒന്നരയോടെ കുടുംബാംഗങ്ങൾ തണ്ണിമത്തൻ കഴിച്ചിരുന്നു. ഇതിന് ശേഷം ഉറങ്ങാൻ കിടന്ന ഇവർക്ക് പുലർച്ചെ 5-6 മണിയോടെ കടുത്ത ഛർദ്ദിയും വയറിളക്കവും ക്ഷീണവും അനുഭവപ്പെടുകയായിരുന്നു.

തുടർന്ന് ഉടൻ തന്നെ കുടുംബ ഡോക്ടറെ കാണിക്കുകയും, ആരോഗ്യനില വഷളായതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി മുംബൈയിലെ ജെ.ജെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. എന്നാൽ ചികിത്സയിലിരിക്കെ നാല് പേരും മരണത്തിന് കീഴടങ്ങുകയായിരുന്നു.

ബിരിയാണി കഴിച്ച ബന്ധുക്കൾക്ക് യാതൊരു ആരോഗ്യപ്രശ്നങ്ങളും ഉണ്ടായിട്ടില്ല. അതിനാൽ രാത്രി കഴിച്ച തണ്ണിമത്തനിൽ നിന്നാകാം വിഷബാധ ഏറ്റതെന്നാണ് പ്രാഥമിക നിഗമനം. മരണത്തിന് മുൻപ് അബ്ദുള്ള പൊലീസിന് നൽകിയ മൊഴിയിലും തണ്ണിമത്തൻ കഴിച്ച കാര്യം വ്യക്തമാക്കിയിരുന്നു.

സംഭവത്തിൽ ജെ.ജെ മാർഗ് പൊലീസ് അസ്വാഭാവിക മരണത്തിന് (Accidental Death) കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായതായും ബാക്കിവന്ന ഭക്ഷണത്തിന്റെയും തണ്ണിമത്തന്റെയും സാംപിളുകൾ ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും ഡിസിപി പ്രവീൺ മുണ്ടെ പറഞ്ഞു. ഫോറൻസിക്, പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകൾ ലഭിച്ചതിന് ശേഷം മാത്രമേ മരണത്തിന്റെ യഥാർത്ഥ കാരണം ഔദ്യോഗികമായി സ്ഥിരീകരിക്കാൻ സാധിക്കൂ എന്ന് പൊലീസ് അറിയിച്ചു.

ഇളൈയ്ക്ക് കൂട്ടായി പുതിയ അതിഥി വരുന്നു; കുടുംബത്തിലെ പുത്തൻ വിശേഷം പങ്കുവച്ച് അമല പോൾ!

0

നടി അമല പോളിന്റെ കുടുംബത്തിലേക്ക് പുതിയൊരു അതിഥി കൂടി എത്തുന്നു. തന്റെ സഹോദരൻ അഭിജിത്ത് പോളിന്റെയും ഭാര്യ അൽക്ക കുര്യന്റെയും കുഞ്ഞിനായുള്ള കാത്തിരിപ്പിലാണെന്ന സന്തോഷവാർത്ത അമല പോൾ സമൂഹമാധ്യമങ്ങളിലൂടെയാണ് ആരാധകരുമായി പങ്കുവച്ചത്.

സഹോദരന്റെയും ഭാര്യയുടെയും പ്രഗ്നൻസി ഷൂട്ട് വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചുകൊണ്ടാണ് താരം ഈ വാർത്ത പുറത്തുവിട്ടത്. “നമ്മുടെ വീട്ടിലേക്ക് മറ്റൊരു ചെറിയ ഹൃദയമിടിപ്പ് കൂടി. തന്റെ ‘പാർട്ണർ ഇൻ ക്രൈമിനെ’ കാണാൻ ഇളൈ കാത്തിരിക്കുകയാണ്. പുതിയ മാതാപിതാക്കൾക്ക് ഏറ്റവും സന്തോഷകരമായ യാത്ര ആശംസിക്കുന്നു,” അമല പോൾ വിഡിയോയ്ക്കൊപ്പം കുറിച്ചു.

2021-ലാണ് അഭിജിത്ത് പോളും അൽക്ക കുര്യനും വിവാഹിതരായത്. അമല പോളിനും ഭർത്താവ് ജഗദ് ദേശായിക്കും 2024 ജൂൺ 11-നാണ് ഇളൈ എന്ന് പേരുള്ള ആൺകുഞ്ഞ് ജനിച്ചത്. തൻ്റെ മകന് ഒരു കൂട്ട് കൂടി വരുന്നതിൻ്റെ വലിയ സന്തോഷത്തിലാണ് അമലയും കുടുംബവും. ആസിഫ് അലി നായകനായെത്തിയ ‘ലെവൽ ക്രോസ്’ ആണ് അമലയുടേതായി അവസാനം തിയേറ്ററുകളിലെത്തിയ ചിത്രം.

Amala Paul Brother’s Wife’s Pregnancy

നിതിൻ രാജിന്റെ മരണം: നാളെ സംസ്ഥാനത്ത് ഹർത്താൽ; അവശ്യസർവീസുകളെ ഒഴിവാക്കി

0

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിന് ഉത്തരവാദികളായവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നാളെ (ഏപ്രിൽ 28, ചൊവ്വാഴ്ച) സംസ്ഥാനത്ത് ഹർത്താലിന് ആഹ്വാനം. ‘ജസ്റ്റിസ് ഫോർ നിധിൻ രാജ്’ ആക്ഷൻ കൗൺസിലും വിവിധ ദളിത്-ആദിവാസി സംഘടനകളുമാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്.

പ്രധാന വിവരങ്ങൾ:

  • സമയം: നാളെ രാവിലെ 6 മണി മുതൽ വൈകിട്ട് 6 മണി വരെയാണ് ഹർത്താൽ.
  • നിയന്ത്രണങ്ങൾ: വാഹനങ്ങൾ തടയുകയോ നിർബന്ധപൂർവ്വം കടകൾ അടപ്പിക്കുകയോ ചെയ്യില്ലെന്ന് ആക്ഷൻ കൗൺസിൽ അറിയിച്ചിട്ടുണ്ട്. ബസ് സർവീസുകൾ മുടങ്ങില്ല.
  • ഒഴിവാക്കിയവ: പാൽ, പത്രം, ആശുപത്രികൾ, വിവാഹം തുടങ്ങിയ അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പൊതുജനങ്ങൾ ഹർത്താലുമായി സഹകരിക്കണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.

ആവശ്യങ്ങൾ:

നിതിൻ രാജിന്റെ മരണത്തിൽ ആരോപണവിധേയരായ അധ്യാപകർ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യുക, കുടുംബത്തിന് 10 കോടി രൂപ നഷ്ടപരിഹാരം നൽകുക, രോഹിത് വെമുല നിയമം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രതിഷേധക്കാർ ഉന്നയിക്കുന്നത്. നിതിന്റെ മരണത്തിൽ പോലീസ് അന്വേഷണം അട്ടിമറിക്കാൻ നീക്കം നടക്കുന്നുണ്ടെന്നും ജുഡീഷ്യൽ അന്വേഷണം വേണമെന്നും ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു.

ജാതീയമായ അധിക്ഷേപങ്ങളും ലോൺ ആപ്പ് വഴിയുള്ള ഭീഷണികളും നിതിൻ രാജിന്റെ മരണത്തിന് കാരണമായതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിൽ കോളജ് അധികൃതർക്കെതിരെയും അധ്യാപകർക്കെതിരെയും ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വരുന്നു; 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെ വൈദ്യുതി മുടങ്ങാം

0

തിരുവനന്തപുരം: കേരളത്തിൽ പ്രഖ്യാപിത വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ കെഎസ്ഇബി തീരുമാനിച്ചു. പീക്ക് ലോഡ് മാനേജ്‌മെന്റിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെ വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.

സംസ്ഥാനത്ത് കടുത്ത ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തിൽ വൈദ്യുതി ഉപയോഗം ക്രമാതീതമായി വർധിച്ചതാണ് ഇത്തരമൊരു നടപടിയിലേക്ക് ബോർഡിനെ നയിച്ചത്. വൈദ്യുതി ഉപയോഗം ഏറ്റവും കൂടുതലുള്ള വൈകുന്നേരം 6 മണി മുതൽ രാത്രി 11 മണി വരെയുള്ള സമയത്തായിരിക്കും നിയന്ത്രണം ഏർപ്പെടുത്തുക. ലോഡ് കൂടുന്നതിനനുസരിച്ച് പ്രാദേശിക അടിസ്ഥാനത്തിലായിരിക്കും നിയന്ത്രണം നടപ്പിലാക്കുക.

വൈദ്യുതി മുടങ്ങുന്ന സാഹചര്യങ്ങളിൽ സാധ്യമായ ഇടങ്ങളിൽ ഉപഭോക്താക്കളെ എസ്എംഎസ് വഴി മുൻകൂട്ടി അറിയിക്കുമെന്നും കെഎസ്ഇബി വ്യക്തമാക്കി. അപ്രഖ്യാപിത ലോഡ്ഷെഡിംഗിനെതിരെ വിവിധയിടങ്ങളിൽ പ്രതിഷേധം ശക്തമായ പശ്ചാത്തലത്തിലാണ് നിയന്ത്രണം ഔദ്യോഗികമായി നടപ്പിലാക്കാൻ തീരുമാനിച്ചത്. കടുത്ത പ്രതിസന്ധി ഒഴിവാക്കാൻ ജനങ്ങൾ സഹകരിക്കണമെന്നും ബോർഡ് അഭ്യർത്ഥിച്ചു.

സത്യദേവ്- വെങ്കിടേഷ് മഹാ ചിത്രം ‘റാവു ബഹാദൂർ” 2026 ജൂൺ 5 ആഗോള റിലീസ്

0

സത്യദേവിനെ നായകനാക്കി വെങ്കിടേഷ് മഹാ ഒരുക്കിയ “റാവു ബഹാദൂർ” എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്. 2026, ജൂൺ 5 നാണു ചിത്രം ആഗോള റിലീസായി തീയേറ്ററുകളിലെത്തുക. ജിഎംബി എന്റർടൈൻമെന്റ് (മഹേഷ് ബാബു, നമ്രത ശിരോദ്കർ), എ പ്ലസ് എസ് മൂവീസ്, ശ്രീചക്രാസ് എന്റർടൈൻമെന്റ്സ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സംവിധായകൻ വെങ്കിടേഷ് മഹാ തന്നെ രചനയും നിർവഹിച്ച ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, ടീസർ എന്നിവക്ക് വലിയ പ്രേക്ഷക ശ്രദ്ധയാണ് ലഭിച്ചത്. ഇപ്പൊൾ റിലീസ് തീയതി പുറത്ത് വിട്ടു കൊണ്ടുള്ള പോസ്റ്ററിലെ സത്യദേവിന്റെ രാജകീയമായ രൂപവും പ്രേക്ഷകരിൽ വളരെയധികം കൗതുകം സൃഷ്ടിക്കുകയും സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയും ചെയ്യുന്നുണ്ട്.

ചിത്രം പര്യവേക്ഷണം ചെയ്യുന്ന പ്രതീകാത്മകമായ തലങ്ങളെ സൂചിപ്പിക്കുന്ന, അദ്ദേഹത്തിന്റെ തലപ്പാവിൽ ഇരിക്കുന്ന ഒരു പ്രാണിയാണ് ഈ പോസ്റ്ററിലെ കൗതുകകരമായ മറ്റൊരു വിശദാംശം. ഇഴയുന്ന മുന്തിരി വള്ളികൾ നിറഞ്ഞ മഹത്തായ കൊട്ടാര പശ്ചാത്തലം, പാരമ്പര്യം, ശക്തി, മറഞ്ഞിരിക്കുന്ന സത്യങ്ങൾ എന്നിവയിൽ വേരൂന്നിയ ഒരു വിവരണത്തെ ആണ് സൂചിപ്പിക്കുന്നത്. ഓ സുന്ദരി എന്ന വരികളോടെ പുറത്ത് വന്ന ചിത്രത്തിലെ ആദ്യ ഗാനവും സൂപ്പർ ഹിറ്റായി മാറിയിരുന്നു. പിരിയഡ് കാൻവാസിൽ ഒരുക്കിയ ഈ ഗാനത്തിൽ സത്യദേവും ദീപ തോമസുമാണ് അഭിനയിച്ചിരിക്കുന്നത്. ഈ റൊമാന്റിക് ട്രാക്ക് ഒരു പഴയ കാലഘട്ടം മനോഹരമായി ചിത്രീകരിക്കുന്നു. ആ കാലഘട്ടത്തിന്റെ പശ്ചാത്തലവും ദൃശ്യ സമ്പന്നതയും കൊണ്ട് ഈ ഗാനം ചിത്രത്തിന്റെ ആകർഷണം വർദ്ധിപ്പിക്കുന്നു.

ഒന്നിലധികം ഗെറ്റപ്പുകളിലുള്ള സത്യദേവിന്റെ പരിവർത്തനവും ശരീരഭാഷയുമാണ് ചിത്രത്തിൻ്റെ മറ്റൊരു ഹൈലൈറ്റ്. അതിശയകരമായ അഭിനയത്തിന് പേരുകേട്ട സത്യദേവിന് തന്റെ കഴിവുകൾ പ്രകടിപ്പിക്കാൻ സഹായിക്കുന്ന ഒരു കഥാപാത്രമാണ് ഈ ചിത്രത്തിലൂടെ ലഭിച്ചിരിക്കുന്നത്. ഒരു പീരിയഡ് സിനിമയായി ഒരുക്കിയ ‘റാവു ബഹാദൂർ’, അതിന്റെ ദൃശ്യങ്ങൾ, വിശദാംശങ്ങൾ, കഥപറച്ചിൽ എന്നിവയുമായി പ്രേക്ഷകരെ കഴിഞ്ഞകാലത്തിലേക്കു കൂട്ടികൊണ്ട് പോകുന്നതിനൊപ്പം ഒരു വലിയ ദൃശ്യവിരുന്നു തന്നെയാണ് സമ്മാനിക്കാൻ ഒരുങ്ങുന്നത്.

ചരിത്രവും സംസ്കാരവും മനുഷ്യന്റെ ആഴവും സമന്വയിപ്പിക്കുന്ന ഒരു പ്രധാനപ്പെട്ട സൈക്കോളജിക്കൽ ഡ്രാമ ആയാണ് “റാവു ബഹാദൂർ” ഒരുക്കിയിരിക്കുന്നത്. സാർവത്രിക ആകർഷണത്തോടെ ആഗോള പ്രേക്ഷകർക്കായാണ് ഈ തെലുങ്ക് ചിത്രം ഒരുക്കിയിരിക്കുന്നത്. ഉയർന്ന നിർമ്മാണ മൂല്യങ്ങൾ, അത്യാധുനിക സാങ്കേതിക നിലവാരം, ആഗോള ആകർഷണം എന്നിവ വാഗ്ദാനം ചെയ്യുന്ന വമ്പൻ ബജറ്റിലാണ് ചിത്രം ഒരുക്കുന്നത്.

പാൻ-ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ആയ “മേജർ” എന്ന ചിത്രത്തിന് ശേഷം, ഈ ചിത്രം ജിഎംബി എന്റർടൈൻമെന്റിന്റെ നിർമ്മാണത്തിലേക്കുള്ള തിരിച്ചുവരവിനെ അടയാളപ്പെടുത്തുന്നു. വികാസ് മുപ്പാല, ദീപ തോമസ്, ബാല പരാശർ, ആനന്ദ് ഭാരതി, പ്രണയ് വാക, മാസ്റ്റർ കിരൺ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

രചന, സംവിധാനം, എഡിറ്റർ- വെങ്കിടേഷ് മഹാ, അവതരണം- മഹേഷ് ബാബു, നമ്രത ശിരോദ്കർ, ജിഎംബി എന്റർടെയ്ൻമെന്റ്, നിർമ്മാതാക്കൾ- ചിന്ത ഗോപാലകൃഷ്ണ റെഡ്ഡി, അനുരാഗ് റെഡ്ഡി, ശരത്ചന്ദ്ര, പ്രൊഡക്ഷൻ ബാനറുകൾ- എ പ്ലസ് എസ് മൂവീസ്, ശ്രീചക്രാസ് എന്റർടൈൻമെന്റ്സ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ദിനേശ് യാദവ് ബി, ഛായാഗ്രഹണം- കാർത്തിക് പർമാർ, സംഗീതം- സ്മരൻ സായ്, പ്രൊഡക്ഷൻ ഡിസൈനർ- രോഹൻ സിംഗ്, പബ്ലിസിറ്റി ഡിസൈൻസ്- യെല്ലോ ടൂത്ത്സ്, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ- ശബരി

ഒരു കുഞ്ഞു മാലാഖ ,വൈറലായി നടി മുക്തയുടെ മകൾ കൺമണിയുടെ ആദ്യകുർബാന ചിത്രങ്ങൾ

0

റിമിയുടെ സഹോദരൻ റിങ്കുവിന്റെയും നടി മുക്തയുടെയും മകൾ കിയാര (കണ്മണി)യുടെ ആദ്യകുർബാന സ്വീകരണത്തിന്റെ മനോഹരമായ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നു…

ഈശോയെ ഹൃദയത്തിൽ സ്വീകരിച്ച ദൈവിക നിമിഷം എന്ന കുറിപ്പോടെ താരം പങ്കുവെച്ച പോസ്റ്റിൽ
മാലാഖയെപ്പോലെ അണിഞ്ഞൊരുങ്ങിയ കണ്മണിക്കുട്ടിയുടെ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്,

ഇത് റേഞ്ച് വേറെ…. രാം ചരണിന് കൈകൊടുത്ത് ഹാഷിർ

0

ഗ്ലോബൽ സ്റ്റാർ രാം ചരണെ നേരിൽക്കണ്ട് ‘വാഴ 2’ ടീം! മലയാളത്തിൽ തരംഗമായി മാറിയ ‘വാഴ 2: ബയോപിക് ഓഫ് എ ബില്യൺ ബ്രോസ്’ തെലുങ്ക് പതിപ്പിന്റെ റിലീസിനോടനുബന്ധിച്ചാണ് അണിയറപ്രവർത്തകരും താരങ്ങളും ഹൈദരാബാദിലെത്തിയത്.

രാം ചരണിന്റെ പുതിയ ചിത്രമായ ‘പെഡ്ഡി’യുടെ ലൊക്കേഷനിലെത്തിയാണ് ഹാഷിറും സംഘവും താരത്തെ കണ്ടത്.ഒരു പുതുമുഖ താരത്തിന് ലഭിക്കാവുന്ന ഏറ്റവും വലിയ എൻട്രിയാണ് ഹാഷിറിന് ഇതിലൂടെ ലഭിച്ചിരിക്കുന്നത്.

200 കോടിയിലധികം ബോക്സ് ഓഫീസ് കളക്ഷൻ നേടി ചരിത്രം കുറിച്ച വാഴ 2, തെലുങ്കിലും വലിയ വിജയമാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ഷൈൻ സ്‌ക്രീൻസ് ആണ് ചിത്രം തെലുങ്കിൽ എത്തിക്കുന്നത്.ഹാഷിർ, അലൻ ബിൻ സിറാജ്, അജിൻ ജോയ് തുടങ്ങിയ സോഷ്യൽ മീഡിയ താരങ്ങൾ വെള്ളിത്തിരയിലും വിസ്മയം തീർക്കുന്ന കാഴ്ച അഭിമാനകരമാണ്.

Hashir and ‘Vaazha’ Boys met the Global Star Ram Charan

തൃശ്ശൂർ പൂരത്തിന് പ്രത്യേക മെമു ട്രെയിൻ; കൊല്ലം – തൃശ്ശൂർ റൂട്ടിൽ സർവീസ് പ്രഖ്യാപിച്ചു

0

തൃശ്ശൂർ: തൃശ്ശൂർ പൂരത്തിന് എത്തുന്ന ഭക്തരുടെയും യാത്രക്കാരുടെയും തിരക്ക് പരിഗണിച്ച് കൊല്ലം – തൃശ്ശൂർ – കൊല്ലം റൂട്ടിൽ അൺറിസർവ്ഡ് മെമു സ്പെഷ്യൽ ട്രെയിൻ (Unreserved MEMU Special Train) അനുവദിച്ചു. കേന്ദ്രമന്ത്രി സുരേഷ് ഗോപി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് നൽകിയ നിവേദനത്തെത്തുടർന്നാണ് റെയിൽവേ മന്ത്രാലയത്തിന്റെ ഈ നടപടി.

ഏപ്രിൽ 26 ഞായറാഴ്ചയാണ് പ്രത്യേക സർവീസ് നടത്തുന്നത്. പൂരപ്രേമികൾക്ക് ഏറെ ആശ്വാസകരമാകുന്ന ഈ ട്രെയിനിന്റെ സമയവിവരങ്ങൾ താഴെ പറയുന്നവയാണ്:

ട്രെയിൻ സമയക്രമം (ഏപ്രിൽ 26, ഞായറാഴ്ച)

ട്രെയിൻ നമ്പർറൂട്ട്പുറപ്പെടുന്ന സമയംഎത്തിച്ചേരുന്ന സമയം
06187കൊല്ലം – തൃശ്ശൂർരാവിലെ 08:20 (കൊല്ലം)ഉച്ചയ്ക്ക് 01:30 (തൃശ്ശൂർ)
06188തൃശ്ശൂർ – കൊല്ലംരാത്രി 09:30 (തൃശ്ശൂർ)പുലർച്ചെ 02:30 (തിങ്കൾ – കൊല്ലം)

പ്രധാന സ്റ്റോപ്പുകൾ

കൊല്ലത്തിനും തൃശ്ശൂരിനും ഇടയിൽ താഴെ പറയുന്ന സ്റ്റേഷനുകളിൽ ട്രെയിൻ നിർത്തുന്നതാണ്:

  • പരവൂർ, വർക്കല ശിവഗിരി, കടയ്ക്കാവൂർ, ചിറയിൻകീഴ്, മര്യാപുരം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, ഏറ്റുമാനൂർ, വൈക്കം റോഡ്, പിറവം റോഡ്, തൃപ്പൂണിത്തുറ, എറണാകുളം ടൗൺ, ആലുവ, അങ്കമാലി, ചാലക്കുടി, ഇരിങ്ങാലക്കുട, പുതുക്കാട്, ഒല്ലൂര്‍.

തന്റെ അഭ്യർത്ഥന കണക്കിലെടുത്ത് അടിയന്തരമായി നടപടി സ്വീകരിച്ച റെയിൽവേ മന്ത്രാലയത്തിനും മന്ത്രി അശ്വിനി വൈഷ്ണവിനും സുരേഷ് ഗോപി നന്ദി അറിയിച്ചു. പൂരത്തിരക്ക് ഒഴിവാക്കാനും യാത്രക്കാർക്ക് സുഗമമായി തൃശ്ശൂരിലെത്തി മടങ്ങാനും ഈ സൗകര്യം പ്രയോജനപ്പെടുമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

​യാത്രാ വിവരങ്ങൾ താഴെ നൽകുന്നു:

​ട്രെയിൻ നമ്പർ 06187 (കൊല്ലം – തൃശ്ശൂർ സ്പെഷ്യൽ)

​തിയതി: ഏപ്രിൽ 26, 2026 (ഞായറാഴ്ച)

​പുറപ്പെടുന്ന സമയം: കൊല്ലത്ത് നിന്ന് രാവിലെ 08:20-ന്

​എത്തിച്ചേരുന്ന സമയം: തൃശ്ശൂരിൽ ഉച്ചയ്ക്ക് 01:30-ന്

​ട്രെയിൻ നമ്പർ 06188 (തൃശ്ശൂർ – കൊല്ലം സ്പെഷ്യൽ)

​തിയതി: ഏപ്രിൽ 26, 2026 (ഞായറാഴ്ച)

​പുറപ്പെടുന്ന സമയം: തൃശ്ശൂരിൽ നിന്ന് രാത്രി 09:30-ന്

​എത്തിച്ചേരുന്ന സമയം: കൊല്ലത്ത് തിങ്കളാഴ്ച പുലർച്ചെ 02:30-ന്

ആപ്പ് സേവനങ്ങളെ ബാധിക്കില്ല, ബാങ്കിങ് സേവനങ്ങൾ മാത്രമാണ് നിർത്തലാക്കിയത്; വിശദീകരണവുമായി പേടിഎം

0

മുംബൈ: പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ ലൈസൻസ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) റദ്ദാക്കിയ പശ്ചാത്തലത്തിൽ ഉപഭോക്താക്കൾക്കായി വിശദീകരണവുമായി പേടിഎം. ബാങ്കിങ് സേവനങ്ങളെ മാത്രമാണ് നിലവിലെ നടപടി ബാധിക്കുകയെന്നും പേടിഎം ആപ്പ് വഴിയുള്ള മറ്റ് സേവനങ്ങൾ തടസമില്ലാതെ തുടരുമെന്നും കമ്പനി അറിയിച്ചു.

പ്രധാന വിവരങ്ങൾ:

  • യുപിഐ സേവനങ്ങൾ തുടരും: യുപിഐ (UPI), ക്യു ആർ കോഡ് (QR Code) വഴിയുള്ള പണമിടപാടുകൾക്ക് തടസമുണ്ടാകില്ല.
  • ആപ്പ് സേവനങ്ങൾ സുരക്ഷിതം: പേടിഎം ആപ്പ്, പേടിഎം ഗോൾഡ്, പേടിഎം മണി, ഇൻഷുറൻസ് തുടങ്ങിയ സേവനങ്ങൾ സാധാരണ പോലെ പ്രവർത്തിക്കും.
  • ബിസിനസ് ഉപകരണങ്ങൾ: കടകളിൽ ഉപയോഗിക്കുന്ന പേടിഎം സൗണ്ട് ബോക്സ്, കാർഡ് മെഷീനുകൾ (POS Terminals) എന്നിവയുടെ പ്രവർത്തനത്തെ ബാധിക്കില്ല.
  • നിക്ഷേപം പിൻവലിക്കാം: പേടിഎം പേയ്‌മെന്റ് ബാങ്ക് അക്കൗണ്ടുകളിൽ നിലവിലുള്ള പണം മറ്റ് ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റുന്നതിന് തടസമില്ല.
  • ഫാസ്‌ടാഗ് (Fastag): പേടിഎം പേയ്‌മെന്റ് ബാങ്ക് നൽകിയിട്ടുള്ള ഫാസ്‌ടാഗ് സേവനങ്ങൾക്ക് തടസമുണ്ടാകാൻ സാധ്യതയുണ്ട്.

2015-ലാണ് പേടിഎം പേയ്‌മെന്റ് ബാങ്കിന് ലൈസൻസ് ലഭിച്ചത്. എന്നാൽ ചട്ടങ്ങൾ പാലിക്കാത്തതിനെ തുടർന്ന് 2022 മുതൽ ആർബിഐ നടപടികൾ ആരംഭിച്ചിരുന്നു. 2024 ഫെബ്രുവരിയിൽ ബാങ്കിന്റെ പ്രവർത്തനങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ഇതിനെത്തുടർന്ന് ബാങ്കിങ് സേവനങ്ങളും ആപ്പും തമ്മിലുള്ള ബന്ധം നേരത്തെ തന്നെ വേർപെടുത്തിയിരുന്നതായും, അതിനാൽ ആപ്പ് സേവനങ്ങളെ പുതിയ നടപടി ബാധിക്കില്ലെന്നും പേടിഎം അധികൃതർ വ്യക്തമാക്കി.

മക്കൾ പറയുന്നത് കേൾക്കുക എന്നതാണ് അവരെ വളർത്തുന്നതിൽ ഞാൻ പഠിച്ച ഏറ്റവും വലിയ പാഠം, മനസ് തുറന്ന് ബോളിവുഡ് താരം കാജോൾ

0

കൗമാരപ്രായത്തിൽ മകൾ നൈസയുമായി തനിക്കുണ്ടായിരുന്ന കടുത്ത അഭിപ്രായവ്യത്യാസങ്ങളെക്കുറിച്ചും മൂന്നു വർഷത്തോളം നീണ്ട അകൽച്ചയെക്കുറിച്ചും വെളിപ്പെടുത്തി ബോളിവുഡ് നടി കാജോൾ. പ്രശസ്ത യൂട്യൂബർ ലില്ലി സിങ്ങിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ ഈ അപ്രതീക്ഷിത തുറന്നുപറച്ചിൽ. ഒരു അമ്മ എന്ന നിലയിൽ താൻ നേരിട്ട വെല്ലുവിളികളും അവ എങ്ങനെ മറികടന്നു എന്നതുമാണ് കാജോൾ അഭിമുഖത്തിൽ വിശദമാക്കുന്നത്.

നൈസയ്ക്ക് 12 വയസ്സുള്ളപ്പോൾ തുടങ്ങിയ ഹോർമോൺ വ്യതിയാനങ്ങളും സ്വഭാവത്തിലെ മാറ്റങ്ങളുമാണ് ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾക്ക് തുടക്കമിട്ടതെന്ന് കാജോൾ പറയുന്നു. ഇതിനെത്തുടർന്ന് ഏകദേശം മൂന്ന് വർഷത്തോളം ഇരുവരും പരസ്പരം മിണ്ടാതിരുന്നിട്ടുണ്ട്. ഒരു ഘട്ടത്തിൽ ദേഷ്യം നിയന്ത്രിക്കാനാവാതെ മകളുടെ പുതിയ ഫോൺ താൻ എറിഞ്ഞുടച്ചുവെന്നും താരം വെളിപ്പെടുത്തി. എന്നാൽ അത് വെറുമൊരു ദേഷ്യപ്രകടനമായിരുന്നില്ലെന്നും, മകൾക്ക് ഒരു തിരുത്തൽ എന്ന നിലയിൽ നൽകിയ ‘കർക്കശമായ സ്നേഹം’ (Tough love) ആയിരുന്നുവെന്നും കാജോൾ കൂട്ടിച്ചേർത്തു.

എന്നാൽ പിന്നീട്, തന്റെ തന്നെ രീതികളിൽ മാറ്റം വരുത്താൻ മാതാവ് എന്ന നിലയിൽ കാജോൾ ബോധപൂർവ്വം തീരുമാനിക്കുകയായിരുന്നു. നിരന്തരം ഉപദേശിക്കുന്നതിനും നിർദ്ദേശങ്ങൾ നൽകുന്നതിനും പകരം മകൾക്ക് പറയാനുള്ളത് ക്ഷമയോടെ കേൾക്കാൻ തയാറായതാണ് മഞ്ഞുരുക്കത്തിന് സഹായിച്ചത്. “മക്കൾ പറയുന്നത് കേൾക്കുക എന്നതാണ് അവരെ വളർത്തുന്നതിൽ ഞാൻ പഠിച്ച ഏറ്റവും വലിയ പാഠം” – കാജോൾ വ്യക്തമാക്കി.

ഇന്നത്തെ കാലത്ത് സോഷ്യൽ മീഡിയ ഉൾപ്പെടെയുള്ളവ കുട്ടികളിൽ വലിയ മാനസിക സമ്മർദ്ദമാണ് ഉണ്ടാക്കുന്നതെന്നും, പ്രത്യേകിച്ച് പെൺകുട്ടികളുടെ ജീവിതം ആൺകുട്ടികളേക്കാൾ കൂടുതൽ സങ്കീർണ്ണതകൾ നിറഞ്ഞതാണെന്നും കാജോൾ ചൂണ്ടിക്കാട്ടി. അജയ് ദേവ്ഗൺ-കാജോൾ ദമ്പതികൾക്ക് നൈസയെ കൂടാതെ യുഗ് എന്നൊരു മകൻ കൂടിയുണ്ട്. കൗമാരക്കാരായ മക്കളുമായി മാതാപിതാക്കൾ എങ്ങനെ കൂടുതൽ സഹാനുഭൂതിയോടെ ഇടപഴകണം എന്ന് ഓർമ്മിപ്പിക്കുന്നതാണ് താരത്തിന്റെ ഈ വാക്കുകൾ.

Kajol Opens Up About Estrangement With Daughter Nysa

ഞാൻ ഇടറിയിടത്തൊക്കെ അവളുണ്ടായിരുന്നു, എന്റെ കുഞ്ഞുങ്ങൾക്ക് അവൾ അച്ഛനും അമ്മയുമായി’; ഭാര്യ അനിതയ്ക്ക് ഹൃദ്യമായ വിവാഹവാർഷികാശംസകളുമായി രമേശ് ചെന്നിത്തല

0

മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ഇന്ന് നാൽപതാം വിവാഹവാർഷികം. തന്റെ രാഷ്ട്രീയ ജീവിതത്തിന്റെ തിരക്കുകൾക്കിടയിലും കുടുംബത്തിന്റെ നെടുംതൂണായി നിന്ന ഭാര്യ അനിതയോടുള്ള നന്ദിയും സ്നേഹവും പങ്കുവെച്ച് അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകൾ ഇപ്പോൾ ശ്രദ്ധേയമാവുകയാണ്.

നാലു പതിറ്റാണ്ടുകൾ എന്ന ദീർഘമായ കാലയളവിൽ രണ്ടു മനുഷ്യരുടെ ജീവിതങ്ങൾ എങ്ങനെ പരസ്പര പൂരകമാകാമെന്ന് തന്റെ ജീവിതം തന്നെ പഠിപ്പിച്ചുവെന്ന് ചെന്നിത്തല കുറിക്കുന്നു. “ഞാൻ ഇടറിയിടത്തൊക്കെ അവളുണ്ടായിരുന്നു. അവളായിരുന്നു കുടുംബനാഥ. അവളായിരുന്നു എന്റെ കുഞ്ഞുങ്ങൾക്ക് അച്ഛനും അമ്മയും,” എന്നാണ് അദ്ദേഹത്തിന്റെ വൈകാരികമായ വാക്കുകൾ.

വിവാഹ ജീവിതത്തിലേക്ക് കടന്നെത്തുന്ന ഒരു പെൺകുട്ടി സാധാരണ പ്രതീക്ഷിക്കുന്ന പല സന്തോഷ നിമിഷങ്ങളും തന്റെ രാഷ്ട്രീയ ജീവിതം കാരണം അനിതയ്ക്ക് നഷ്ടമായിട്ടുണ്ടെന്നും, എന്നാൽ ആ മനസ്സിലാക്കലും ക്ഷമയുമാണ് തങ്ങളുടെ ജീവിതത്തെ ഇത്രത്തോളം മനോഹരമായി മുന്നോട്ട് നയിച്ചതെന്നും അദ്ദേഹം പോസ്റ്റിൽ പറയുന്നു. ഒരാളുടെ ത്യാഗങ്ങൾ മറ്റൊരാളുടെ വസന്തമാകുന്നുവെന്നും, ആ കറയറ്റ സ്‌നേഹം വേരുപടലങ്ങളായി മാറുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ സന്തോഷ വേളയിലും അമ്മ ഒപ്പമില്ലല്ലോ എന്ന വേദനയും അദ്ദേഹം കുറിപ്പിൽ പങ്കുവെക്കുന്നുണ്ട്. “ഈ മനോഹരദിവസം ഒപ്പം അമ്മയില്ലല്ലോ എന്ന വേദന കരൾ കടയുന്നുണ്ട്. പക്ഷേ മറ്റേതോ ലോകത്ത് അച്ഛനരികിലിരുന്ന് അമ്മ സന്തോഷിക്കുന്നുണ്ടാകണം,” എന്നാണ് അദ്ദേഹം കുറിച്ചത്. മാതാപിതാക്കളുടെ അനുഗ്രഹങ്ങളാണ് തങ്ങളുടെ പാതകളെ മധുരമാക്കുന്നതെന്നും അദ്ദേഹം വിശ്വസിക്കുന്നു.

“മനസിലാക്കലുകൾക്ക്, താങ്ങായി നിന്നതിന്, ഒപ്പം നടന്നതിന്, കൈപിടിച്ചതിന്, എന്റെ വസന്തവും സംഗീതവുമായതിന് പ്രിയപ്പെട്ട അനിതയ്ക്ക് വിവാഹവാർഷികാശംസകൾ” എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം ഈ ഹൃദ്യമായ കുറിപ്പ് അവസാനിപ്പിക്കുന്നത്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഈ കുറിപ്പിന് താഴെ നിരവധി രാഷ്ട്രീയ-സാമൂഹിക പ്രവർത്തകരും സാധാരണക്കാരുമാണ് പ്രിയ നേതാവിനും ഭാര്യക്കും ആശംസകളുമായി എത്തുന്നത്.

Congress leader Ramesh Chennithala is celebrating his 40th wedding anniversary