മുംബൈ: ബിരിയാണിയും തണ്ണിമത്തനും കഴിച്ചതിന് പിന്നാലെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു. ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്ന് സംശയിക്കുന്നു. മുംബൈയിലെ പൈധോണി (Pydhonie) പ്രദേശത്താണ് ദാരുണമായ സംഭവം നടന്നത്.
അബ്ദുള്ള ഡൊക്കാഡിയ (40), ഭാര്യ നസ്‌റീൻ (35), മക്കളായ ആയിഷ (16), സൈനബ് (13) എന്നിവരാണ് മരിച്ചത്.
സംഭവം ഇങ്ങനെ: ഏപ്രിൽ 25 വ്യാഴാഴ്ച രാത്രിയാണ് ഇവർക്ക് ഭക്ഷ്യവിഷബാധ ഏറ്റതെന്ന് പൊലീസ് പറയുന്നു. അന്ന് രാത്രി ഇവർ ബന്ധുക്കൾക്കായി വീട്ടിൽ വിരുന്നൊരുക്കിയിരുന്നു. ചിക്കൻ ബിരിയാണിയായിരുന്നു പ്രധാന ഭക്ഷണം. രാത്രി 10:30 ഓടെ ഭക്ഷണം കഴിച്ച് ബന്ധുക്കൾ മടങ്ങിപ്പോയി. പിന്നീട് രാത്രി ഒന്നരയോടെ കുടുംബാംഗങ്ങൾ തണ്ണിമത്തൻ കഴിച്ചിരുന്നു. ഇതിന് ശേഷം ഉറങ്ങാൻ കിടന്ന ഇവർക്ക് പുലർച്ചെ 5-6 മണിയോടെ കടുത്ത ഛർദ്ദിയും വയറിളക്കവും ക്ഷീണവും അനുഭവപ്പെടുകയായിരുന്നു.
തുടർന്ന് ഉടൻ തന്നെ കുടുംബ ഡോക്ടറെ കാണിക്കുകയും, ആരോഗ്യനില വഷളായതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി മുംബൈയിലെ ജെ.ജെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. എന്നാൽ ചികിത്സയിലിരിക്കെ നാല് പേരും മരണത്തിന് കീഴടങ്ങുകയായിരുന്നു.
ബിരിയാണി കഴിച്ച ബന്ധുക്കൾക്ക് യാതൊരു ആരോഗ്യപ്രശ്നങ്ങളും ഉണ്ടായിട്ടില്ല. അതിനാൽ രാത്രി കഴിച്ച തണ്ണിമത്തനിൽ നിന്നാകാം വിഷബാധ ഏറ്റതെന്നാണ് പ്രാഥമിക നിഗമനം. മരണത്തിന് മുൻപ് അബ്ദുള്ള പൊലീസിന് നൽകിയ മൊഴിയിലും തണ്ണിമത്തൻ കഴിച്ച കാര്യം വ്യക്തമാക്കിയിരുന്നു.
സംഭവത്തിൽ ജെ.ജെ മാർഗ് പൊലീസ് അസ്വാഭാവിക മരണത്തിന് (Accidental Death) കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായതായും ബാക്കിവന്ന ഭക്ഷണത്തിന്റെയും തണ്ണിമത്തന്റെയും സാംപിളുകൾ ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും ഡിസിപി പ്രവീൺ മുണ്ടെ പറഞ്ഞു. ഫോറൻസിക്, പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകൾ ലഭിച്ചതിന് ശേഷം മാത്രമേ മരണത്തിന്റെ യഥാർത്ഥ കാരണം ഔദ്യോഗികമായി സ്ഥിരീകരിക്കാൻ സാധിക്കൂ എന്ന് പൊലീസ് അറിയിച്ചു.

