Home Blog Page 20

മകനെ ശ്രദ്ധിക്കാതെ ഫോണിൽ മുഴുകി നയൻതാര; എയർപോർട്ട് വീഡിയോയ്ക്ക് താഴെ വിമർശനവുമായി സോഷ്യൽ മീഡിയ!

0

തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെ ഏറ്റവും പുതിയ എയർപോർട്ട് വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. മകനൊപ്പം എയർപോർട്ടിലൂടെ നടക്കുന്ന താരത്തിന്റെ വീഡിയോ വൈറലായതിന് പിന്നാലെ കടുത്ത വിമർശനങ്ങളുമായാണ് ഒരു വിഭാഗം നെറ്റിസൺസ് രംഗത്തെത്തിയിരിക്കുന്നത്.

കുഞ്ഞ് സ്വന്തം അമ്മയുടെ കൈ പിടിക്കാനായി ശ്രമിച്ചിട്ടും അത് ശ്രദ്ധിക്കാതെ നയൻതാര ഫോണിൽ തന്നെ മുഴുകി നടക്കുകയാണെന്നാണ് പ്രധാന വിമർശനം. “അവർ ഫോണിൽ എത്രത്തോളം മുഴുകിയിരിക്കുന്നു എന്ന് നോക്കൂ… കുഞ്ഞിനെ ഒട്ടും ശ്രദ്ധിക്കുന്നില്ല. ആ പാവം കുട്ടി അവളുടെ കൈ പിടിക്കാൻ ശ്രമിച്ചിട്ടും അവർ കൈ ശ്രദ്ധിക്കാതെ നടക്കുകയാണ്,” എന്നാണ് വീഡിയോയ്ക്ക് താഴെ വന്ന വൈറലായ ഒരു കമന്റ്.

ഒരു അമ്മയെന്ന നിലയിൽ നയൻതാരയുടെ ഈ പെരുമാറ്റം ശരിയല്ലെന്ന് കാണിച്ച് നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ നെഗറ്റീവ് കമന്റുകളുമായി എത്തിയിരിക്കുന്നത്. അതേസമയം, സെലിബ്രിറ്റികളുടെ വ്യക്തിജീവിതത്തിലെ ഇത്തരം ചെറിയ നിമിഷങ്ങളെപ്പോലും ഇത്രത്തോളം മുൻവിവിധികളോടെ വിമർശിക്കുന്നത് ശരിയല്ലെന്നും, താരത്തെ പിന്തുണച്ചും ചിലർ രംഗത്തുണ്ട്.

എന്തായാലും ഈ എയർപോർട്ട് വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.

Nayanthara with son Airport video goes viral

90-കളിലെ ആ മനോഹര ചിത്രം; അമ്മയ്‌ക്കൊപ്പമുള്ള ഓർമ്മ പങ്കുവെച്ച് ശോഭന!

0

മലയാളത്തിന്റെ പ്രിയ നടി ശോഭന സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പഴയകാല ചിത്രം ആരാധകർക്കിടയിൽ ശ്രദ്ധേയമാകുന്നു. ‘ബ്യൂട്ടി ആൻഡ് ദി ബീസ്റ്റ്’ (Beauty and the beast) എന്ന രസകരമായ അടിക്കുറിപ്പോടെ 90-കളിൽ തന്റെ അമ്മയ്‌ക്കൊപ്പം പകർത്തിയ ചിത്രമാണ് താരം പങ്കുവെച്ചത്. കാലമെത്ര കഴിഞ്ഞാലും മാറ്റമില്ലാത്ത താരത്തിന്റെ സൗന്ദര്യത്തെയും അമ്മയുമായുള്ള ആത്മബന്ധത്തെയും പ്രകീർത്തിച്ച് നിരവധി ആരാധകരാണ് കമന്റുകളുമായി എത്തുന്നത്

Actress Shobhana New Post with amma’s photo

മാധവ് സുരേഷ്, ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ് പ്രധാന വേഷങ്ങളിലെത്തുന്ന ആക്ഷൻ പാക്ക്ഡ് ഗ്യാംഗ്സ്റ്റർ ത്രില്ലർ അങ്കം അട്ടഹാസം മേയ് 8ന് പ്രദർശനത്തിനെത്തുന്നു

0

മാധവ് സുരേഷ്, ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഗ്യാംഗ്സ്റ്റർ ആക്ഷൻ ത്രില്ലർ അങ്കം അട്ടഹാസം പ്രദർശനത്തിന്.

ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ അവതരിപ്പിക്കുന്ന ചിത്രം മേയ് 8 നാണ് തീയേറ്ററുകളിലെത്തുന്നത്.

തലസ്ഥാനത്തെ ഗുണ്ടാ സംഘങ്ങളുടെ ചോര തെറിക്കുന്ന കുടിപ്പകയുടെ കഥ പറയുന്ന ചിത്രത്തിൻ്റെ ഏറ്റവും വലിയ ഹൈലൈറ്റ്, കിടിലം കൊള്ളിക്കുന്ന ആക്ഷൻ രംഗങ്ങളാണ്. ഫിനിക്സ് പ്രഭു, അഷ്‌റഫ് ഗുരുക്കൾ, റോബിൻ ടോം, അനിൽ ബ്ലെയിസ് എന്നിവരാണ് ആക്ഷൻസ് ഒരുക്കിയിരിക്കുന്നത്.

മാധവ് സുരേഷ്, ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ് എന്നിവർക്കു പുറമെ മഖ്ബൂൽ സൽമാൻ, നന്ദു, അലൻസിയർ, എം എ നിഷാദ്, അന്നാരാജൻ, അംബിക (പുതുമുഖ നായിക), സിബി തോമസ്, സ്മിനു സിജോ, കിച്ചു (യുഎസ്എ), കുട്ടി അഖിൽ, അമിത്ത്, ദീപക് ശിവരാജൻ എന്നിവരും ചിത്രത്തിൽ കഥാപാത്രങ്ങളാകുന്നു.

സംവിധാനം – സുജിത്ത് എസ് നായർ, ബാനർ -ട്രിയാനി പ്രൊഡക്ഷൻസ്, നിർമ്മാണം – അനിൽകുമാർ ജി, സാമുവൽ മത്തായി യുഎസ്എ, ഛായാഗ്രഹണം – ശിവൻ എസ് സംഗീത്, രചന – സുജിത്ത് എസ് നായർ, അനിൽകുമാർ ജി, എഡിറ്റിംഗ് – പ്രദീപ് ശങ്കർ, പ്രൊഡക്ഷൻ കൺട്രോളർ-ഹരിവെഞ്ഞാറമൂട്, ആക്ഷൻസ് – ഫിനിക്സ് പ്രഭു, അഷ്‌റഫ് ഗുരുക്കൾ, റോബിൻ ടോം, അനിൽ ബ്ലെയിസ്, ഗാനരചന – ദീപക് നന്നാട്ടുകാവ്, ഡസ്റ്റൻ അൽഫോൺസ്, സംഗീതം – ശ്രീകുമാർ വാസുദേവ്, അഡ്വ. ഗായത്രി നായർ, ആലാപനം – വിനീത് ശ്രീനിവാസൻ, ഇന്ദ്രവതി ചൗഹാൻ (പുഷ്പാ ഫെയിം), കല – അജിത്ത് കൃഷ്‌ണ, ചമയം – സൈജു നേമം, കോസ്‌റ്റ്യും – റാണ പ്രതാപ്, ബിജിഎം- ആൻ്റണി ഫ്രാൻസിസ്, ഓഡിയോഗ്രാഫി – ബിനോയ് ബെന്നി, ഡിസ്ട്രിബ്യൂഷൻ പാർട്ട്ണർ- ഡ്രീം ബിഗ് ഫിലിംസ്, ഡിസൈൻസ്- ആൻ്റണി സ്‌റ്റീഫൻ, സ്‌റ്റിൽസ് – ജിഷ്‌ണു സന്തോഷ്, പിആർഓ – അജയ് തുണ്ടത്തിൽ …….

ടൊവിനോ ചിത്രത്തിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ’പള്ളിച്ചട്ടമ്പി’ ചരിത്രത്തെ വെളുപ്പിക്കുന്നു….

0

ഡിജോ ജോസ് ആന്റണിയുടെ സംവിധാനത്തിൽ ടൊവിനോ തോമസ് നായകനായെത്തിയ ‘പള്ളിച്ചട്ടമ്പി’ എന്ന ചിത്രത്തിനെതിരെ രാഷ്ട്രീയ വിവാദം പുകയുന്നു. സിനിമ ചരിത്രപരമായ സത്യങ്ങളെ മറച്ചുവെച്ച് വ്യാജ ആഖ്യാനം നിർമ്മിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ ആരോപിച്ചു. തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് അദ്ദേഹം ചിത്രത്തിനെതിരെ രംഗത്തെത്തിയത്.

പ്രധാന വിമർശനങ്ങൾ:

  1. ചരിത്രത്തെ വെള്ളപൂശൽ: വിമോചന സമരകാലത്തെ കേരളത്തെയും അന്നത്തെ ആദ്യ കമ്യൂണിസ്റ്റ് സർക്കാരിനെയും സിനിമ അവതരിപ്പിക്കുന്നത് വസ്തുതകളെ ബോധപൂർവം മറച്ചുവെച്ചാണെന്ന് സന്ദീപ് വാര്യർ ആരോപിക്കുന്നു.
  2. ചെറിയതുറ വെടിവെപ്പും ഫ്ലോറിയും: വിമോചന സമരത്തിന്റെ വേദനിക്കുന്ന ഓർമ്മയായ ചെറിയതുറ വെടിവെപ്പിനെയും അതിൽ കൊല്ലപ്പെട്ട ഗർഭിണിയായ ഫ്ലോറിയെയും സിനിമ കൈകാര്യം ചെയ്ത രീതി വിചിത്രമാണ്. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഇ.എം.എസ് നമ്പൂതിരിപ്പാടോ സർക്കാരോ അറിയാതെ പോലീസ് സ്വന്തം നിലയിൽ ചെയ്തതാണ് ഈ ക്രൂരത എന്ന മട്ടിലുള്ള ചിത്രീകരണം ചരിത്രത്തോട് നീതി പുലർത്താത്തതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
  3. പൊളിറ്റിക്കൽ വൈറ്റ് വാഷിങ്: സർക്കാരിന്റെ കാലത്ത് നടക്കുന്ന പോലീസ് വെടിവെപ്പിന്റെ ഉത്തരവാദിത്തം ഭരണാധികാരിയിൽ നിന്ന് മാറ്റിക്കാണിക്കുന്നത് ‘പൊളിറ്റിക്കൽ വൈറ്റ് വാഷിങ്’ ആണ്. നേതാക്കളുടെ വ്യക്തിപ്രഭാവം സംരക്ഷിക്കാൻ വേണ്ടി ചരിത്രത്തിലെ വീഴ്ചകളെ സിനിമ വെള്ളപൂശുന്നു.
  4. പാതിവെന്ത സത്യങ്ങൾ: സിനിമ ഒരു വശത്തെ മാത്രം മഹത്വവൽക്കരിക്കുന്ന പാതിവെന്ത സത്യങ്ങളാണ് വിളമ്പുന്നത്. ഭരണകൂട ഭീകരതകളെ മറയില്ലാതെ കാണിക്കാൻ അണിയറപ്രവർത്തകർക്ക് ആർജ്ജവം വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിനിമയിലെ ചില ഭാഗങ്ങൾ രാഷ്ട്രീയമായ ലക്ഷ്യങ്ങൾ മുൻനിർത്തി നിർമ്മിച്ചതാണെന്നും വ്യാജ ചരിത്ര നിർമ്മിതിയെ എതിർക്കണമെന്നും സന്ദീപ് വാര്യർ തന്റെ കുറിപ്പിൽ വ്യക്തമാക്കി. അതേസമയം, സിനിമയ്‌ക്കെതിരെയുള്ള വിമർശനങ്ങളിൽ അണിയറ പ്രവർത്തകരുടെ പ്രതികരണം ഇതുവരെ ലഭ്യമായിട്ടില്ല.

സന്ദീപ് വാര്യർ പങ്കുവെച്ച കുറിപ്പിന്റെ പൂർണ രൂപം :
ചരിത്രത്തെ ‘വെളുപ്പിച്ചെടുക്കുന്ന’ പള്ളിച്ചട്ടമ്പി
സിനിമ ഒരു കലാരൂപമെന്ന നിലയിൽ ആവിഷ്കാര സ്വാതന്ത്ര്യം അനുവദിക്കുമ്പോഴും, ചരിത്രപരമായ സത്യങ്ങളെ വളച്ചൊടിക്കുന്നത് ഗൗരവകരമായ ചർച്ചകൾക്ക് വഴിമാറേണ്ടതുണ്ട്. ‘പള്ളിച്ചട്ടമ്പി’ എന്ന സിനിമ വിമോചന സമരകാലത്തെ കേരളത്തെയും ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാരിനെയും അവതരിപ്പിക്കുന്നത് വസ്തുതകളെ മറച്ചുവെച്ചോ അല്ലെങ്കിൽ ബോധപൂർവ്വം വെള്ളപൂശിയോ ആണെന്ന് പറയാതെ വയ്യ.
വിമോചന സമരത്തിൻ്റെ ഏറ്റവും വേദനിക്കുന്ന പ്രതീകമായിരുന്നു ചെറിയതുറയിലെ പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട ഫ്ലോറി എന്ന ഗർഭിണി. ഒരു ജനാധിപത്യ സർക്കാരിൻ്റെ കീഴിൽ നടന്ന ഇത്തരം കിരാത നടപടികളെ സിനിമ കൈകാര്യം ചെയ്ത രീതി അങ്ങേയറ്റം വിചിത്രമാണ്. ഭരണകൂടമോ മുഖ്യമന്ത്രിയായിരുന്ന ഇ.എം.എസ്സൊ അറിയാതെ പോലീസ് സ്വന്തം നിലയ്ക്ക് ചെയ്തതാണ് ഈ ക്രൂരത എന്ന മട്ടിലുള്ള ചിത്രീകരണം ചരിത്രപരമായ സത്യസന്ധതയ്ക്ക് നിരക്കാത്തതാണ്.
ഒരു സർക്കാരിൻ്റെ കാലത്ത് നടക്കുന്ന പോലീസ് വെടിവെപ്പിൻ്റെ ധാർമ്മികവും രാഷ്ട്രീയവുമായ ഉത്തരവാദിത്തം ഭരണാധികാരിയിൽ നിന്ന് മാറ്റിക്കാണിക്കുന്നത് പൊളിറ്റിക്കൽ വൈറ്റ് വാഷിംഗ് അല്ലാതെ മറ്റൊന്നുമല്ല.
മുഖ്യമന്ത്രിക്ക് ഈ കാര്യങ്ങളെക്കുറിച്ച് അറിവില്ലായിരുന്നു എന്ന് വരുത്തിത്തീർക്കുന്നതിലൂടെ ഒരു നേതാവിൻ്റെ വ്യക്തിപ്രഭാവത്തെ സംരക്ഷിക്കാനാണ് സിനിമ ശ്രമിക്കുന്നത്.
ഫ്ലോറിയുടെ മരണം വിമോചന സമരത്തെ ആളിക്കത്തിച്ച സംഭവമാണ്. ഒരു ജനതയുടെ പ്രതിഷേധത്തെയും രക്തസാക്ഷിത്വത്തെയും കേവലം സാങ്കേതിക പിഴവുകളായോ പോലീസിൻ്റെ വീഴ്ചയായോ ചുരുക്കിക്കാണിക്കുന്നത് ആ കാലഘട്ടത്തിൽ നീതി നിഷേധിക്കപ്പെട്ടവരോട് ചെയ്യുന്ന അനീതിയാണ്. ചരിത്രത്തിലെ ഇരുണ്ട അധ്യായങ്ങളെ വെള്ളപൂശി തങ്ങൾക്ക് അനുകൂലമായ ഒരു രാഷ്ട്രീയ ആഖ്യാനം നിർമ്മിച്ചെടുക്കാനുള്ള ശ്രമമാണ് പള്ളിച്ചട്ടമ്പിയിലൂടെ നടക്കുന്നത്.
ചരിത്രം വായിക്കുന്നവർക്ക് ഈ സിനിമ നൽകുന്നത് ഒരു വശത്തെ മാത്രം മഹത്വവൽക്കരിക്കുന്ന പാതിവെന്ത സത്യങ്ങളാണ്. സത്യസന്ധമായ രാഷ്ട്രീയ സിനിമകൾ ഉണ്ടാകണമെങ്കിൽ ഭരണകൂട ഭീകരതകളെയും വീഴ്ചകളെയും മറയില്ലാതെ കാണിക്കാനുള്ള ആർജ്ജവം കൂടി അണിയറപ്രവർത്തകർ കാണിക്കേണ്ടതുണ്ട്. പുതുപ്പള്ളിയിൽ നിന്ന് എംഎൻ ചാണ്ടിയെ കൊണ്ട് വന്ന് ബാലൻസ് നടത്തിയത് കൊണ്ട് മാത്രം വ്യാജ ചരിത്ര നിർമ്മിതി എതിർക്കപ്പെടാതെ പോകില്ല.

Sandeep Varier Slams Tovino Thomas Starrer pallichattambi

ബ്ലോക്ക്ബസ്റ്റർ ചിത്രം ‘ആട് 3’ മെയ് 1 മുതൽ ZEE5-ൽ

0

മലയാള സിനിമയിലെ ഏറ്റവും ജനപ്രിയമായ ‘ആട്’ പരമ്പരയിലെ മൂന്നാം ഭാഗം ‘ആട് 3’ മെയ് 1-ന് മലയാളം സീ5-ൽ പ്രീമിയർ ചെയ്യുന്നു.മിഥുൻ മാനുവൽ തോമസ് രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രം ​ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവും കാവ്യ ഫിലിം കമ്പനിയുടെ ബാനറിൽ വേണു കുന്നപ്പിള്ളിയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.മലയാളത്തിലെ ആദ്യത്തെ ‘എപിക്’ ഫാന്റസി’സിനിമയായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ജയസൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ആദ്യദിന കേരളാഗ്രോസും ആഗോളഗ്രോസും നേടിയ ചിത്രം, ഇതിനോടകം തന്നെ അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബോക്‌സ്ഓഫീസ് ഹിറ്റായിട്ടുണ്ട്.സൗഹൃദവും ആവേശവും നിറഞ്ഞ പഴയ ചേരുവകൾ നിലനിർത്തിക്കൊണ്ടുതന്നെ വലിയ ബജറ്റിലും സാങ്കേതിക തികവിലുമാണ് ചിത്രം ഒരുക്കിയത്.

ജയസൂര്യയെ കൂടാതെ, വിനായകൻ, ഇന്ദ്രൻസ്, ധർമജൻ ബോൾഗാട്ടി, വിജയ് ബാബു, നോബി, നിർമൽ പാലാഴി, സൈജു കുറുപ്പ്, ഹരികൃഷ്ണൻ, ഭഗത് മാനുവൽ, സണ്ണി വെയ്ൻ, സുധി കോപ്പ, ബിജുക്കുട്ടൻ എന്നിവരാണ് ചിത്രത്തിലെ പ്രധാനവേഷങ്ങൾ അവതരിപ്പിച്ചത്. ചിരിയും ഫാന്റസിയും നിറഞ്ഞ ഫൺ റൈഡ് ആണ് ഷാജി പാപ്പനും പിള്ളേരും ചേർന്ന് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.

തിയേറ്ററുകൾക്ക് അപ്പുറം വലിയൊരു പ്രേക്ഷകശ്രദ്ധ നേടിയവയാണ് ആട് സിനിമകൾ. ആ നിലയിലുള്ള സിനിമാ പ്രേക്ഷകർക്ക് മികച്ച ഒരു ഓ ടി ടി എക്സ്പീരിയൻസ് ആയിരിക്കുമെന്ന് ചിത്രത്തിന്റെ സംവിധായകൻ മിഥുൻ മാനുവൽ തോമസ് പറയുന്നു.
ഒരേ സിനിമയിൽ തന്നെ ഈ രണ്ട് കഥാപാത്രങ്ങളെയും അവതരിപ്പിക്കുക എന്നത് വെല്ലുവിളി നിറഞ്ഞതും എന്നാൽ സന്തോഷം നൽകുന്നതുമായ കാര്യമായിരുന്നു.സീ5-ൽ ചിത്രം റിലീസ് ചെയ്യുന്നതിൽ അതിയായ സന്തോഷം ഉണ്ടെന്ന് ജയസൂര്യ കൂട്ടിചേർത്തു.

മെയ് 1 മുതൽ ഷാജി പാപ്പനും പിള്ളേരും വരുന്നു, മലയാളം സീ5-ൽ മാത്രം.

ജിഎൻജി മിസ് & മിസിസ് കേരളം- ‘ദി ക്രൗൺ ഓഫ് ഗ്ലോറി’ സമാപിച്ചു; ഡോ. ഇന്ദുജ എസ് കുമാർ മിസ് കേരള

0

ജിഎൻജി മിസ് & മിസിസ് കേരളം 2026 സൗന്ദര്യമത്സരം കൊച്ചിയിൽ സമാപിച്ചു. മുംബൈ കേന്ദ്രമായി പ്രവർത്തിക്കുന്ന ഗ്ലിറ്റ്സ് എൻ ഗ്ലാം എന്ന ടീമാണ് മത്സരം സംഘടിപ്പിച്ചത്. ജിഎൻജിയുടെ സ്ഥാപക ദീപ പ്രസന്നയാണ് പരിപാടിയുടെ പിന്നിലെ നേതൃത്വം. മുൻ ഗ്ലോബൽ ഹെഡ് എന്ന നിലയിൽ ഒരു ദശാബ്ദത്തിലേറെ കോർപ്പറേറ്റ് അനുഭവമുള്ള ദീപ, മിസ് കേരളം, മിസിസ് ഇന്ത്യ എന്നിവയിൽ പങ്കാളിയായി മത്സര ലോകത്തേക്ക് മാറി. ഗ്ലിറ്റ്സ് എൻ ഗ്ലാം സംഘടിപ്പിച്ച ഈ സീസൺ, പരമ്പരാഗത സൗന്ദര്യ മാനദണ്ഡങ്ങളെ നേരിട്ട് വെല്ലുവിളിച്ചുകൊണ്ടാണ് വേറിട്ടു നിന്നത്. പരമ്പരാഗത സൗന്ദര്യ മത്സരങ്ങളിൽ നിന്ന് മാറി, പ്രായം, ഭാരം, ഉയരം എന്നിവയ്ക്ക് നിയന്ത്രണങ്ങളൊന്നും ഏർപ്പെടുത്തിയിട്ടില്ല, സമചിത്തതയും ആത്മവിശ്വാസവും സാർവത്രികമാണെന്ന് ഊന്നിപ്പറഞ്ഞു. 59 വയസ്സുള്ള പരിചയസമ്പന്നയായ പ്രേമലത നായർ ഉൾപ്പെടെ വൈവിധ്യമാർന്ന ഫൈനലിസ്റ്റുകൾ പ്ലാറ്റ്‌ഫോമിന്റെ ഉൾപ്പെടുത്തലിനെ എടുത്തുകാണിച്ചു, അവരുടെ റാമ്പിലെ സാന്നിധ്യം പ്രേക്ഷകർക്ക് പ്രചോദനമായി.

മൂന്ന് വിഭാഗങ്ങളായി നടന്ന ഷോയിൽ മിസ് വിഭാഗത്തിൽ ഡോ. ഇന്ദുജ എസ് കുമാർ തെരഞ്ഞെടുക്കപ്പെട്ടു. ഗായത്രി എസ് നായർ, ഡോ. ജൂബി തോമസ് റണ്ണേഴ്സ് അപ്പുകളായി. മിസിസ് സിൽവർ വിഭാഗത്തിൽ നിവേദ്യ ഡെൽജിത്ത് കിരീടം നേടി. ഡോ. കെ ശ്രീലക്ഷ്മി ശങ്കരൻകുട്ടി, പൂജ മോഹൻ എന്നിവർ റണ്ണേഴ്‌സ് അപ്പുകളായി. ഗോൾഡ് കാറ്റഗറിയിൽ ചിക്കു ലിസ ജോൺ കിരീടം നേടി. ആതിര സനിൽ,തങ്കം കുറ്റിക്കാട് എന്നിവർ റണ്ണേഴ്‌സ് അപ്പുകളുമായി. ഡോ. അശ്വിനി (മിസ് ഗ്രാൻഡ് കേരള 2026), പ്രശസ്ത ഫാഷൻ കൊറിയോഗ്രാഫർമാരായ ജൂഡ് ഫെലിക്സ്, ദാലു കൃഷ്ണദാസ്, കാൾ (ദിവ പേജന്റ്‌സിന്റെ എംഡി), ഡോ. സുമി ജോസ്, ഡോ. ആര്യ, പൂജ എന്നിവരുൾപ്പെടെ നിരവധി വ്യവസായ വിദഗ്ധരുടെ ഒരു വിശിഷ്ട പാനലാണ് ജിഎൻജി മിസ് & മിസിസ് കേരളം – ദി ക്രൗൺ ഓഫ് ഗ്ലോറിയുടെ ഗ്രാൻഡ് ഫിനാലെ, ഫൈനലിസ്റ്റുകളെ വിലയിരുത്തിയത്.

“അതിരുകളില്ലാത്ത സ്ത്രീകളുടെ ആത്മാവും സത്തയും ആഘോഷിക്കുക എന്നതാണ് ഞങ്ങളുടെ ദൗത്യം,” ദീപ പ്രസന്ന പറഞ്ഞു. “ശാരീരിക നിയന്ത്രണങ്ങൾ നീക്കം ചെയ്യുന്നതിലൂടെ, ഈ സ്ത്രീകളുടെ യഥാർത്ഥ കഴിവുകളും കഥകളും കേന്ദ്രബിന്ദുവാകാൻ ഞങ്ങൾ അനുവദിക്കുന്നു. 59 വയസ്സുള്ള ഒരാൾ 22 വയസ്സുള്ള ഒരാളുടെ അതേ റാമ്പിൽ നടക്കുന്നത് കാണുന്നത് സ്വപ്നങ്ങൾക്ക് കാലഹരണ തീയതിയില്ലെന്ന് തെളിയിക്കുന്നു.” സ്വയം കണ്ടെത്തലിലും ആത്മവിശ്വാസം വളർത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ച പ്രൊഫഷണൽ ഗ്രൂമിംഗിന്റെ പിന്തുണയോടെ, കേരളത്തിന്റെ സമ്പന്നമായ പൈതൃകവും സമകാലിക ശൈലിയും എടുത്തുകാണിക്കുന്ന ക്യൂറേറ്റഡ് സെഗ്‌മെന്റുകൾ ഈ പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഗ്ലിറ്റ്സ് എൻ ഗ്ലാമിനെക്കുറിച്ച് (GNG): ദീപ പ്രസന്ന സ്ഥാപിച്ച GNG, സ്ത്രീകളെ ശാക്തീകരിക്കുന്നതിന് പ്രൊഫഷണൽ കോർപ്പറേറ്റ് മാനദണ്ഡങ്ങൾ പ്രയോജനപ്പെടുത്തുന്ന ഒരു പ്രമുഖ ടാലന്റ് പ്ലാറ്റ്‌ഫോമാണ്. “ദി ക്രൗൺ ഓഫ് ഗ്ലോറി”യിലൂടെ, ഭൗതിക സ്ഥിതിവിവരക്കണക്കുകളേക്കാൾ വ്യക്തിത്വത്തിലും സാമൂഹിക സംഭാവനയിലും ശ്രദ്ധ കേന്ദ്രീകരിച്ച് കേരളത്തിലെ സ്ത്രീകൾക്ക് ദേശീയവും ആഗോളവുമായ അവസരങ്ങൾ സൃഷ്ടിക്കാൻ GNG ശ്രമിക്കുന്നു.

തിരുപ്പതി തിരുമല ക്ഷേത്രത്തിൽ ദർശനം നടത്തി ദിലീപും കാവ്യ മാധവനും

0

തിരുപ്പതി: മലയാളികളുടെ പ്രിയ താരദമ്പതികളായ ദിലീപും കാവ്യ മാധവനും തിരുമല ശ്രീവരി ക്ഷേത്രത്തിൽ ദർശനം നടത്തി. ഇന്ന് രാവിലെയായിരുന്നു ഇരുവരും ആന്ധ്രാപ്രദേശിലെ പ്രശസ്തമായ തിരുപ്പതി ക്ഷേത്രത്തിലെത്തി വെങ്കടേശ്വര സ്വാമിയുടെ അനുഗ്രഹം തേടിയത്.

ക്ഷേത്രത്തിലെ കർശനമായ ആചാരങ്ങൾ പാലിച്ചുകൊണ്ട് പരമ്പരാഗത വസ്ത്രധാരണ രീതിയിലാണ് താരങ്ങൾ എത്തിയത്. കേരള തനിമയുള്ള വെള്ള മുണ്ടും മേൽമുണ്ടും ധരിച്ച് ലളിതമായ ലുക്കിൽ ദിലീപ് എത്തിയപ്പോൾ, മഞ്ഞ നിറത്തിലുള്ള മനോഹരമായ ചുരിദാർ ആയിരുന്നു കാവ്യയുടെ വേഷം. ക്ഷേത്ര പരിസരത്ത് നിന്നുള്ള ഇവരുടെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്.

സിനിമ തിരക്കുകൾക്കിടയിലും കുടുംബത്തോടൊപ്പം ക്ഷേത്രദർശനങ്ങൾ നടത്താറുള്ള ദിലീപിന്റെയും കാവ്യയുടെയും പുതിയ വിശേഷങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. നിരവധി ഭക്തർ എത്തുന്ന തിരുമലയിൽ വളരെ ലളിതമായാണ് താരങ്ങൾ ദർശനം പൂർത്തിയാക്കിയത്.

നീ എന്നും എന്റെ ആ കുഞ്ഞു വാവയായിരിക്കും.. പിറന്നാൾ ദിനത്തിൽ അനുജത്തി കീർത്തനയ്ക്ക് ആശംസകൾ നേർന്ന് ഗോപിക അനിൽ

0

പിറന്നാൾ ദിനത്തിൽ അനുജത്തി കീർത്തനയ്ക്ക് ആശംസകൾ നേർന്ന് സ്നേഹനിർഭരമായ പോസ്റ്റുമായി ഗോപിക അനിൽ

പോസ്റ്റിന്റെ പൂർണരൂപം :

“ജന്മദിനാശംസകൾ മിട്ടൂൂൂൂ
നിനക്ക് എത്ര വയസ്സായെന്ന് പറഞ്ഞാലും, നീ എന്നും എന്റെ ആ കുഞ്ഞു വാവയായിരിക്കും… നിന്നെ ചേർത്തുപിടിക്കാനും ഒരിക്കലും തളരാൻ അനുവദിക്കാതെ സംരക്ഷിക്കാനും ആഗ്രഹിക്കുന്ന എന്റെ സ്വന്തം അനിയത്തിക്കുട്ടി

ജീവിതത്തിൽ എന്ത് സംഭവിച്ചാലും, നിനക്കൊപ്പം നിഴലായി ഞാനുണ്ടാകും; ഏത് പ്രതിസന്ധിയെയും നമുക്ക് ഒരുമിച്ച് നേരിടാം
മറ്റുള്ളവരോട് നീ കാണിക്കുന്ന ആ ബഹുമാനവും കരുണയും കരുതലും കാണുമ്പോൾ എനിക്ക് നിന്നോട് എന്നും ആരാധന തോന്നിയിട്ടുണ്ട്..
നീ എത്തുന്ന ഒരിടം സന്തോഷം കൊണ്ട് നിറയ്ക്കാനും, ചുറ്റുമുള്ളവർക്ക് ആനന്ദം പകരാനും, ഓരോ നിമിഷവും ഒരു ആഘോഷമാക്കി മാറ്റാനും നിനക്ക് പ്രത്യേക കഴിവുണ്ട്

നിന്റെ ജന്മദിനത്തിൽ ഒരുപാട് ഓർമ്മകൾ എന്റെ മനസ്സിലേക്ക് ഓടിയെത്തുകയാണ്, അവ എന്നെന്നും ഞാൻ ഹൃദയത്തോട് ചേർത്തുപിടിക്കും…
എന്റെ കൊച്ചു പെങ്ങളായി നീ ജീവിതത്തിലേക്ക് കടന്നുവരികയും എന്നെ ആദ്യമായി “ചേച്ചി” എന്ന് വിളിക്കുകയും ചെയ്ത ആ ദിവസം മുതൽ എന്റെ കുട്ടിക്കാലം കൂടുതൽ സുന്ദരമായി
നിന്നെ ഞാൻ എത്രത്തോളം സ്നേഹിക്കുന്നു എന്ന് വാക്കുകൾ കൊണ്ട് വിവരിക്കാൻ എനിക്കറിയില്ല നീയില്ലാത്ത ഒരു ജീവിതം എനിക്ക് സങ്കൽപ്പിക്കാൻ പോലും കഴിയില്ല… നീ എന്റെ പകുതിയാണ്!

എന്റെ ആ കുസൃതിക്കാരിയെയും ഉരുണ്ടുതടിച്ച പാവക്കുട്ടിയെയും കാണാൻ അവസാനം വരെ സ്ലൈഡ് ചെയ്യൂ!!
ഐ ലവ് യു സോ മച്ച്”

കുറിപ്പിനൊപ്പം ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും ഗോപിക പങ്കുവെയ്ക്കുന്നുണ്ട്

gopika anil birthday wishes to sister keerthana

തൃശൂർ വെടിക്കെട്ട് ദുരന്തം: മരണം പന്ത്രണ്ടായി; വിറങ്ങലിച്ച് നാട്

0

തൃശൂർ: മുണ്ടത്തിക്കോടുള്ള വെടിക്കെട്ട് നിർമ്മാണ ശാലയിലുണ്ടായ അതിഭീകരമായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 12 ആയി ഉയർന്നു. പരിക്കേറ്റ് ആശുപത്രികളിൽ ചികിത്സയിലായിരുന്ന നാലുപേർ കൂടി വൈകുന്നേരത്തോടെ മരണത്തിന് കീഴടങ്ങിയതായാണ് ഒടുവിൽ ലഭിക്കുന്ന വിവരം. തൃശൂർ പൂരത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഉണ്ടായ ഈ ദുരന്തം നാടിനെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.

സ്ഫോടനത്തിന്റെ ആഘാതത്തിൽ മൃതദേഹങ്ങൾ പലതും തിരിച്ചറിയാൻ കഴിയാത്ത വിധം ചിന്നിച്ചിതറിയ നിലയിലായിരുന്നു. എട്ട് മൃതദേഹങ്ങൾ സംഭവസ്ഥലത്തുനിന്നും പരിസരങ്ങളിൽ നിന്നുമായി നേരത്തെ കണ്ടെടുത്തിരുന്നു. ഇതിൽ പലതും വെറും ശരീരഭാഗങ്ങൾ മാത്രമായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. പരിക്കേറ്റ മറ്റു പലരുടെയും നില ഇപ്പോഴും അതീവ ഗുരുതരമായി തുടരുന്നത് മരണസംഖ്യ ഇനിയും ഉയരുമോ എന്ന ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്.

അഗ്നിശമന സേനയുടെ കഠിനമായ പരിശ്രമത്തിനൊടുവിൽ വൈകുന്നേരം ആറ് മണിയോടെ തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. എങ്കിലും വെടിമരുന്നിന്റെ അംശം അവശേഷിക്കുന്നത് കണക്കിലെടുത്ത് പ്രദേശം ഇപ്പോഴും സുരക്ഷാ സേനയുടെ കർശന നിരീക്ഷണത്തിലാണ്.

ജില്ലാ കളക്ടർ ശിഖ സുരേന്ദ്രനും ഉന്നത പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്ത് ക്യാമ്പ് ചെയ്ത് സ്ഥിതിഗതികൾ വിലയിരുത്തുന്നു. അപകടത്തെക്കുറിച്ച് സമഗ്രമായ അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു.

തൃശൂർ പൂരത്തിന്റെ ഒരുക്കങ്ങൾക്കിടെ വൻ ദുരന്തം; മുണ്ടത്തിക്കോട്ടെ വെടിമരുന്ന് പുരകളിൽ സ്ഫോടനം; എട്ട് മരണം

0

തൃശൂർ: തൃശൂർ പൂരത്തിന് വെടിക്കെട്ട് സാമഗ്രികൾ നിർമ്മിക്കുന്ന മുണ്ടത്തിക്കോടിലെ അഞ്ച് വെടിമരുന്ന് പുരകളിലുണ്ടായ വൻ സ്ഫോടനത്തിൽ എട്ടുപേർ കൊല്ലപ്പെട്ടു. വൈകുന്നേരം അഞ്ചര മണിയോടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. തിരുവമ്പാടി ദേവസ്വം ബോർഡിന് വേണ്ടി വെടിക്കെട്ട് ഒരുക്കുന്ന നിർമ്മാണ ശാലയിലാണ് സ്ഫോടനം നടന്നത്.

പ്രധാന വിവരങ്ങൾ:

  • മരണം: എട്ട് മരണങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചു. അഞ്ച് മൃതദേഹങ്ങളും മൂന്ന് പേരുടെ ശരീരഭാഗങ്ങളുമാണ് ഇതുവരെ ലഭിച്ചതെന്ന് ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ അറിയിച്ചു.
  • പരിക്ക്: നാൽപ്പതോളം പേർക്ക് സ്ഫോടനത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇവരെ മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് ദൃക്സാക്ഷികൾ പറയുന്നു.
  • രക്ഷാപ്രവർത്തനം: അഗ്നിശമന സേനയുടെയും പോലീസിന്റെയും മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ വൈകുന്നേരം ആറ് മണിയോടെ തീ പൂർണ്ണമായും അണച്ചു.

സ്ഫോടനത്തിന്റെ വ്യാപ്തി:

അഞ്ച് വെടിമരുന്ന് പുരകൾ പൂർണ്ണമായും തകർന്നു. കിലോമീറ്ററുകളോളം ശബ്ദം കേട്ടതായും സമീപത്തെ വീടുകൾക്ക് കുലുക്കം അനുഭവപ്പെട്ടതായും നാട്ടുകാർ അറിയിച്ചു. സ്ഫോടനത്തിന്റെ ആഘാതത്തിൽ മൃതദേഹങ്ങൾ ചിന്നിച്ചിതറിയ നിലയിലായിരുന്നു.

അന്വേഷണം:

തൃശൂർ പൂരം പടിവാതിൽക്കൽ എത്തിനിൽക്കെ ഉണ്ടായ ഈ വൻ സ്ഫോടനം വലിയ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നോ എന്നും സ്ഫോടനത്തിലേക്ക് നയിച്ച സാഹചര്യം എന്താണെന്നും പരിശോധിക്കാൻ ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടു. ദുരന്തത്തെത്തുടർന്ന് പൂരത്തിന്റെ വെടിക്കെട്ടുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്.

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിൽ വൻ സ്ഫോടനം; മൂന്ന് മരണം, നിരവധി പേർക്ക് പരുക്ക്

0

തൃശൂർ: തൃശൂർ പൂരത്തിനായുള്ള വെടിക്കെട്ട് സാമഗ്രികൾ നിർമിക്കുന്ന മുണ്ടത്തിക്കോട്ടെ കേന്ദ്രത്തിലുണ്ടായ വൻ സ്ഫോടനത്തിൽ മൂന്ന് മരണം. തിരുവമ്പാടി വിഭാഗത്തിന്റെ സാമ്പിൾ വെടിക്കെട്ട് പുരയിലാണ് തീപിടുത്തവും സ്ഫോടനവുമുണ്ടായത്. അപകടത്തിൽ നിരവധി തൊഴിലാളികൾക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്.

സ്ഫോടനം നടക്കുമ്പോൾ നാൽപ്പതോളം തൊഴിലാളികൾ നിർമാണ കേന്ദ്രത്തിൽ ഉണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്. പരുക്കേറ്റവരെ ഉടൻ തന്നെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. ഇതിൽ ചിലരുടെ നില ഗുരുതരമാണ്. വിവരമറിഞ്ഞ് നിരവധി ആംബുലൻസുകളും ഫയർ എഞ്ചിനുകളും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടരുകയാണ്.

സ്ഫോടനത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്ന തരത്തിൽ പ്രദേശത്ത് വലിയ പുകപടലങ്ങൾ ഉയരുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല. തൃശൂർ പൂരത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് നാടിനെ നടുക്കിയ ഈ ദാരുണമായ സംഭവം നടന്നിരിക്കുന്നത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിക്കൊണ്ടിരിക്കുന്നതേയുള്ളൂ.

വേദിയിൽ വികാരാധീനയായി ജെനീലിയ; ‘രാജാ ശിവാജി’ ട്രെയ്‌ലർ ലോഞ്ചിനിടെ കൈയടി നേടി റിതേഷും കുടുംബവും

0

ഛത്രപതി ശിവാജി മഹാരാജിന്റെ ജീവിതകഥ പറയുന്ന ‘രാജാ ശിവാജി’ എന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ചിനിടെ വികാരാധീനയായി നടി ജെനീലിയ ദേശ്മുഖ്. ഏപ്രിൽ 20-ന് മുംബൈയിൽ നടന്ന ചടങ്ങിൽ ഭർത്താവും ചിത്രത്തിന്റെ സംവിധായകനുമായ റിതേഷ് ദേശ്മുഖ് തന്റെ സിനിമാ യാത്രയിലെ വെല്ലുവിളികളെക്കുറിച്ച് സംസാരിക്കവേയാണ് ജെനീലിയയുടെ കണ്ണുനിറഞ്ഞത്.

ചിത്രത്തിന്റെ നിർമ്മാണ വേളയിൽ തനിക്ക് ലഭിച്ച ഏറ്റവും വലിയ പിന്തുണ ജെനീലിയ ആണെന്ന് റിതേഷ് വേദിയിൽ പറഞ്ഞു. തന്റെ സ്വപ്ന പദ്ധതിക്കായി കൂടെ നിന്ന ടീമിന് നന്ദി പറയുന്നതിനിടെ റിതേഷും വികാരാധീനനായി. റിതേഷിന്റെ വാക്കുകൾ കേട്ട് വേദിയിൽ നിന്നിരുന്ന ജെനീലിയയ്ക്ക് കണ്ണുനീർ അടക്കാനായില്ല. ചിത്രത്തിൽ ശിവാജി മഹാരാജിന്റെ ആദ്യ പത്നിയായ സായ്ബായ് ഭോസ്‌ലേയുടെ വേഷമാണ് ജെനീലിയ കൈകാര്യം ചെയ്യുന്നത്.

ചടങ്ങിൽ പങ്കെടുത്ത നടി ഭാഗ്യശ്രീ സെറ്റിലെ ഒരു ഹൃദ്യമായ അനുഭവം പങ്കുവെച്ചു. ഷൂട്ടിംഗിനിടയിൽ റിതേഷ് ഭക്ഷണം കഴിക്കാൻ പോലും സമയം കണ്ടെത്താനാകാതെ ജോലിയിൽ മുഴുകിയിരുന്നപ്പോൾ, ഒരു പ്ലേറ്റ് ഭക്ഷണവുമായി അദ്ദേഹത്തിന് പിന്നാലെ നടന്ന് ജെനീലിയ ഭക്ഷണം നൽകിയിരുന്ന കാര്യം ഭാഗ്യശ്രീ ഓർത്തെടുത്തു. സിനിമയിലെ ശിവാജിയെയും സായ്ബായിയെയും പോലെയാണ് ജീവിതത്തിലും ഇരുവരുമെന്ന് ഭാഗ്യശ്രീ കൂട്ടിച്ചേർത്തു.

മറ്റൊരു പ്രത്യേകത റിതേഷിന്റെ മകൻ റാഹിൽ ഈ ചിത്രത്തിൽ ശിവാജി മഹാരാജിന്റെ കുട്ടിക്കാലം അവതരിപ്പിക്കുന്നു എന്നതാണ്. സഞ്ജയ് ദത്ത്, അഭിഷേക് ബച്ചൻ തുടങ്ങിയ വൻ താരനിര അണിനിരക്കുന്ന ചിത്രം ജിയോ സ്റ്റുഡിയോസും മുംബൈ ഫിലിം കമ്പനിയും ചേർന്നാണ് നിർമ്മിക്കുന്നത്. മഹാരാഷ്ട്ര ദിനമായ 2026 മെയ് 1-ന് ചിത്രം തിയേറ്ററുകളിലെത്തും.

Genelia Deshmukh broke down in tears at the trailer launch of Raja Shivaji