മലയാളിയുടെ പോയ കാല ഓണപ്പാട്ടിൻ്റെ വീണ്ടെടുപ്പിനായി പോളിഗൺ ഐ മീഡിയ പുറത്തിറക്കിയ ഈ വർഷത്തെ ഓണപ്പാട്ട് പൂവാലെ തുമ്പപ്പൂവാലെ കേരള നിയമസഭ സ്പീക്കർ ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ തിരുവനന്തപുരം സൗത്ത് പാർക്ക് ഹോട്ടലിൽ വച്ച് പ്രകാശനം ചെയ്തു. സിനിമ ടൂറിസം വിനോദ സഞ്ചാര മന്ത്രിയും ഓണപ്പാട്ടിൻ്റെ ഗായകനുമായ ശീ .പി.സി വിഷ്ണുനാഥ്. സിനിമ സംവിധായകനും ഓണപ്പാട്ടിന് ദൃശ്യമികവ് ഒരുക്കിയ ശ്രീ ഡിജോ ജോസ് ആൻ്റ് ണി വിൻസൻ്റ് എം എൽ എ. മുൻ മന്ത്രിയും ഗാന രചിയതാവുമായ പന്തളം സുധാകരൻ ശ്രീ. പാലോട് രവി. ടൂറിസം സെക്രട്ടറി ശ്രീ ബിജു ഐ. എ എസ്. ശ്രീമതി അഞ്ജന ഐ. എ എസ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അഡ്വ. ജോൺ എഡ്വർഡ്. പി. ആർ. സാബു എന്നിവർ സംസാരിച്ചു. ഓണപ്പാട്ടിൻ്റെ നിർമാണം നിർവ്വഹിച്ച പോളിഗൺ ഐ മീഡിയ ഡയറക്ടർ ഡി. സജീവ് സ്വാഗതം പറഞ്ഞു.
കഴിഞ്ഞ 20 വർഷമായി റേഡിയോ മേഖലയിൽ പ്രവർത്തിക്കുന്ന ആർ. ജെ രാഹുലും വ്യത്യസ്ത ആശയങ്ങളിലൂടെ തിരഞ്ഞെടുപ്പ് രംഗങ്ങളിലും പരസ്യരംഗങ്ങളിലും പ്രവർത്തിക്കുന്ന പോളിഗൺ ഐ.മീഡിയ ഡയറക്ടർ ഡി. സജീവ് എന്നിവരുമായുള്ള ചർച്ചയിലൂടെയാണ് ഈ വർഷം ഒരു ഓണപ്പാട്ട് എന്ന ആശയം രൂപപ്പെടുന്നതും. സംസ്ഥാന സാംസ്‌കാരിക ടൂറിസം സിനിമ മന്ത്രി തന്നെ ഗായകനാകണമെന്ന നിർദേശം രൂപപ്പെടുകയും. പി.സി.വിഷ്ണുനാഥ് സമ്മതം മൂളുകയും ചെയ്ത് . സംഗീത നിർവ്വഹണം സൗത്ത് ഇന്ത്യൻ സിനിമ ഹിറ്റ് മേക്കർ ജെക്സ് ബിജോയിയാണ് നിർവ്വഹിച്ചത്. അസോസിയേറ്റ് മ്യൂസിക് ഡയറക്ടർ അഖിലും ചേർന്ന് സ്റ്റീഫൻ ദേവസ്വയുടെ എം. ലോഞ്ച് സ്‌റ്റുഡിയോയിലാണ് റിക്കാർഡിംഗ് പൂർത്തീകരിച്ചത്.
മികവാർന്ന ഗാനത്തിന് ദൃശ്യവിസ്മയം ഒരുക്കിയത് പ്രശസ്ത യുവ സിനിമ സംവിധായകൻ ഡിജോ ജോസ് ആൻണി ലൈൻ പ്രൊഡ്യൂസർ റിജിൻ ക്യാമറ സുദേവ് എന്നിവർ ചേർന്ന് ചിത്രീകരിച്ചു. മലയാളിയുടെ നഷ്ടമായ ഓണാനുഭവം തിരികെയെത്തിക്കുവാൻ നടത്തിയ ചെറിയ പരിശ്രമം വലിയ വിജയമായി മാറുവാൻ കഴിയുമെന്ന് പോളിഗൺ ഐ മീഡിയ ഡയക്ടർ ഡി സജീവ് പറഞ്ഞു.
സംസ്ഥന ചരിത്രത്തിൽ ആദ്യമായി ഒരു സാംസ്കാരികമന്ത്രി ഗായകനായെത്തുന്ന ഓണപ്പാട്ട് മലയാളി ഏറ്റെടുത്തു കഴിഞ്ഞു. തൃപ്പുണ്ണിത്തറ ഹിൽ പാലസ് വൈലോപ്പിള്ളി സംസ്കൃതി ഭവൻ എന്നിവടങ്ങളിലാണ് ചിത്രീകരണം പൂർത്തിയാക്കിയത്
തൃശൂർ: ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യ (DYFI) കേരള സംസ്ഥാന കമ്മിറ്റിയുടെ പുതിയ പ്രസിഡന്റായി ചിന്ത ജെറോമിനെ തെരഞ്ഞെടുത്തു. ഡിവൈഎഫ്ഐയുടെ ചരിത്രത്തിൽ സംസ്ഥാന പ്രസിഡന്റ് പദവിയിലെത്തുന്ന ആദ്യ വനിതയാണ് ചിന്ത ജെറോം. കല്യാശ്ശേരി എം.എൽ.എയും എസ്.എഫ്.ഐ മുൻ സംസ്ഥാന സെക്രട്ടറിയുമായ എം. വിജിനാണ് പുതിയ സംസ്ഥാന സെക്രട്ടറി. അഡ്വ. ആർ. രാഹുൽ പുതിയ ട്രഷററായി തെരഞ്ഞെടുക്കപ്പെട്ടു.
തൃശൂരിൽ നടക്കുന്ന ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന വേദിയിലാണ് പുതിയ നേതൃത്വത്തെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. നേരത്തെ ചേർന്ന മുതിർന്ന നേതൃയോഗത്തിലാണ് ഭാരവാഹികളെ സംബന്ധിച്ച് അന്തിമ തീരുമാനമായത്.
പുതിയ നേതൃത്വത്തെ അറിയാം
ഡോ. ചിന്ത ജെറോം (സംസ്ഥാന പ്രസിഡന്റ്)
അധ്യാപക ദമ്പതികളായ സി. ജെറോമിന്റെയും എസ്തർ ജെറോമിന്റെയും മകളായി കൊല്ലത്താണ് ചിന്തയുടെ ജനനം. കൊല്ലം വിമല ഹൃദയ ഹയർ സെക്കൻഡറി സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസവും, കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി. കർമ്മല റാണി ബി.എഡ് കോളേജിൽ നിന്നും ബി.എഡ് നേടിയ ശേഷം കേരള സർവകലാശാലയിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ഗവേഷണം പൂർത്തിയാക്കി ഡോക്ടറേറ്റ് നേടി. യു.ജി.സി നെറ്റ്-ജെ.ആർ.എഫ് യോഗ്യത നേടിയിട്ടുണ്ട്.
വിദ്യാർത്ഥികാലം മുതൽ എസ്.എഫ്.ഐയിലൂടെ പൊതുരംഗത്തെത്തി. എസ്.എഫ്.ഐ കൊല്ലം ഏരിയ പ്രസിഡന്റ്, ജില്ലാ ജോയിന്റ് സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ്, കേന്ദ്ര കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. 2007-2008 കാലഘട്ടത്തിൽ കേരള സർവകലാശാല യൂണിയൻ ചെയർപേഴ്സണായിരുന്നു. സർവകലാശാല സെനറ്റ്, സിൻഡിക്കേറ്റ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
2016 മുതൽ 2023 വരെ രണ്ട് ടേമുകളിലായി കേരള സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്സണായി സേവനമനുഷ്ഠിച്ചു. ഈ കാലയളവിൽ ദുരന്തഘട്ടങ്ങളിലും പകർച്ചവ്യാധി സമയങ്ങളിലും യുവാക്കളെ സന്നദ്ധസേവനത്തിന് സജ്ജരാക്കുന്ന ‘യൂത്ത് ബ്രിഗേഡ്’ പദ്ധതിക്ക് തുടക്കമിട്ടു. സി.പി.ഐ.എം സംസ്ഥാന കമ്മിറ്റിയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗങ്ങളിൽ ഒരാളാണ്.
2019-ൽ ജർമ്മനിയിലെ ബോണിൽ നടന്ന ഐക്യരാഷ്ട്രസഭയുടെ ഡിസാസ്റ്റർ റിസ്ക് റിഡക്ഷൻ കോൺക്ലേവിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തു. 2016-ൽ ചൈനയും 2025-ൽ ക്യൂബയും സന്ദർശിച്ച സി.പി.ഐ.എം പ്രതിനിധി സംഘത്തിൽ അംഗമായിരുന്നു. ‘ചുംബനം – സമരം ഇടതുപക്ഷം’, ‘ചങ്കിലെ ചൈന’, ‘അതിശയപത്ത്’ എന്നീ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.
എം. വിജിൻ (സംസ്ഥാന സെക്രട്ടറി)
കണ്ണൂർ എടാട്ട് ടി. കെ. ഭാസ്കരന്റെയും വസന്തയുടെയും മകനാണ്. എടനാട് വെസ്റ്റ് എൽ.പി സ്കൂൾ, എടനാട് യു.പി സ്കൂൾ, ഗവ. ബോയ്സ് ഹൈസ്കൂൾ പയ്യന്നൂർ എന്നിവിടങ്ങളിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം പയ്യന്നൂർ കോളേജിൽ നിന്ന് ബി.എസ്.സി ഫിസിക്സ് പൂർത്തിയാക്കി. കാലടി സംസ്കൃത സർവ്വകലാശാലയിൽ നിന്ന് ഫിലോസഫിയിൽ ബിരുദാനന്തര ബിരുദം നേടി.
ബാലസംഘത്തിലൂടെ പ്രവർത്തനം തുടങ്ങിയ വിജിൻ ബാലസംഘം കണ്ണൂർ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, സംസ്ഥാന സെക്രട്ടറി എന്നീ പദവികൾ വഹിച്ചു. തുടർന്ന് എസ്.എഫ്.ഐ കണ്ണൂർ ജില്ലാ സെക്രട്ടറി, പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി എന്നീ നിലകളിലും, ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ ട്രഷറർ, സംസ്ഥാന വൈസ് പ്രസിഡന്റ്, കേന്ദ്ര കമ്മിറ്റി അംഗം എന്നീ ചുമതലകളിലും പ്രവർത്തിച്ചു.
കൊച്ചിൻ യൂണിവേഴ്സിറ്റി (CUSAT) സിൻഡിക്കേറ്റ് അംഗം, സംസ്ഥാന ഹയർ എഡ്യൂക്കേഷൻ കൗൺസിൽ അംഗം, പയ്യന്നൂർ കോളേജ് യൂണിയൻ ചെയർമാൻ എന്നീ നിലകളിലും സജീവമായിരുന്നു. സി.പി.ഐ.എം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമായ വിജിൻ 2021 മുതൽ കല്യാശ്ശേരി മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എയാണ്. ഭാര്യ: അശ്വതി (അധ്യാപിക), മകൻ: നെയ്തൽ.
അഡ്വ. ആർ. രാഹുൽ (സംസ്ഥാന ട്രഷറർ)
വിദ്യാർത്ഥി–യുവജന പ്രസ്ഥാനങ്ങളിലെ സജീവ സാന്നിധ്യമായ അഡ്വ. ആർ. രാഹുൽ (37) സി.പി.ഐ.എം ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗമാണ്. ആലപ്പുഴ ജില്ലാ പഞ്ചായത്ത് പുന്നപ്ര ഡിവിഷൻ അംഗവും പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമാണ്.
സംസ്ഥാന യുവജന കമ്മീഷൻ അംഗമായി പ്രവർത്തിച്ചിട്ടുള്ള രാഹുൽ, എസ്.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം, സംസ്ഥാന ജോയിന്റ് സെക്രട്ടറി, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എന്നീ പദവികളും വഹിച്ചിട്ടുണ്ട്. ചരിത്രത്തിൽ ബിരുദാനന്തര ബിരുദവും എൽ.എൽ.ബിയും പൂർത്തിയാക്കിയ അദ്ദേഹം സംസ്കൃത സർവകലാശാല യൂണിയൻ ചെയർമാനായിരുന്നു. നിലവിൽ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ പബ്ലിക് അഡ്മിനിസ്ട്രേഷനിൽ എം.എ ബിരുദവിദ്യാർത്ഥിയാണ്.
ന്യൂഡൽഹി: ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിനിടെ വിദ്യാർത്ഥിക്ക് പെല്ലറ്റേറ്റ സംഭവത്തിൽ, രാഹുൽ ഗാന്ധിയുടെ ശക്തമായ പ്രതിഷേധത്തിനൊടുവിൽ ഡൽഹി പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. പരിക്കേറ്റ വിദ്യാർത്ഥി സാഹിൽ ലോചാബിനൊപ്പം രാഹുൽ ഗാന്ധി പോലീസ് സ്റ്റേഷന് മുന്നിൽ നടത്തിയ മണിക്കൂറുകൾ നീണ്ട ഉപരോധമാണ് ഒടുവിൽ ഫലം കണ്ടത്.
ആദ്യം കേസ് രജിസ്റ്റർ ചെയ്യാൻ പോലീസ് വിസമ്മതിച്ചിരുന്നു. എന്നാൽ, “എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തില്ലെങ്കിൽ 30 ദിവസമോ ആറുമാസമോ വേണമെങ്കിലും ഞാൻ ഈ പോലീസ് സ്റ്റേഷന് മുന്നിൽ ധർണയിരിക്കും” എന്ന് രാഹുൽ ഗാന്ധി പോലീസിന് കർശന മുന്നറിയിപ്പ് നൽകി. രാവിലെയോടെ ആരംഭിച്ച പ്രതിഷേധം ഏഴു മണിക്കൂറോളം നീണ്ടതിനൊടുവിലാണ് കേസ് എടുക്കാൻ പോലീസ് തയ്യാറായത്. കേസിന്റെ തുടർനടപടികൾക്കായി വിദ്യാർത്ഥിയുടെ മെഡിക്കൽ റിപ്പോർട്ടും മറ്റ് അനുബന്ധ രേഖകളും പോലീസ് ശേഖരിച്ചിട്ടുണ്ട്.
കണ്ണൂർ: കഴിഞ്ഞ 7 വർഷത്തിനിടെ 9 ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിക്കെതിരെ കാപ്പ (KAPPA – Kerala Anti-Social Activities (Prevention) Act) ചുമത്തി. കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണറുടെ ശുപാർശ അംഗീകരിച്ച് ജില്ലാ കളക്ടർ പി. വിഷ്ണുരാജാണ് ഉത്തരവിറക്കിയത്.
അർജുൻ ആയങ്കി സമൂഹത്തിന് ഭീഷണിയാണെന്നും, നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള പ്രതിക്ക് ജാമ്യം ലഭിച്ചാൽ തുടർന്നും കുറ്റകൃത്യങ്ങളിൽ ഏർപ്പെടാൻ സാധ്യതയുണ്ടെന്നും വിലയിരുത്തിയാണ് നടപടി.
ഉത്തരവിന്റെ അടിസ്ഥാനത്തിൽ അർജുൻ ആയങ്കിയെ കരുതൽ തടങ്കലിനായി കണ്ണൂർ സെൻട്രൽ ജയിലിൽ അടയ്ക്കാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്.
പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയിയുടെ ജനനായകൻ ആഗസ്റ്റ് 21 മുതൽ സീ5-ൽ സ്ട്രീമിങ് ആരംഭിക്കും.എച്ച്. വിനോദ് സംവിധാനം ചെയ്ത പൊളിറ്റിക്കൽ ആക്ഷൻ ഡ്രാമ ചിത്രം തമിഴിന് പുറമെ തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലും ZEE5-ൽ പ്രീമിയർ ചെയ്യും.
‘ജനനായകൻ’, അഴിമതിക്കും അനീതിക്കുമെതിരെ പോരാടുന്ന വെട്രി കൊണ്ടാൻ എന്ന മുൻ പോലീസ് ഉദ്യോഗസ്ഥന്റെ കഥയാണ് പറയുന്നത്. ശക്തരായ ശക്തികൾക്കെതിരെയുള്ള പോരാട്ടത്തിലൂടെ അവൻ ജനങ്ങളുടെ നായകനായും പ്രതീക്ഷയുടെ പ്രതീകമായും വളരുന്നു. ആക്ഷനും വൈകാരിക മുഹൂർത്തങ്ങൾക്കും കുടുംബബന്ധങ്ങൾക്കും പ്രാധാന്യം നൽകുന്ന ചിത്രത്തിൽ ബോബി ഡിയോൾ, പൂജ ഹെഗ്‌ഡെ, മമിത ബൈജു, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, പ്രിയാമണി, നാസർ, നരേൻ എന്നിവരടങ്ങുന്ന വലിയ താരനിര തന്നെയുണ്ട്.
നീതിക്കായി നിലകൊള്ളുന്ന ഒരു സാധാരണക്കാരന്റെ കഥ പറയുന്ന ചിത്രം പ്രേക്ഷകർക്ക് മികച്ചൊരു ആക്ഷൻ എന്റർടെയ്‌നർ സമ്മാനിക്കുന്നു.സി. ജോസഫ് വിജയിയുടെ സിനിമാ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു നാഴികക്കല്ലാണ് ‘ജനനായകൻ’. രാഷ്ട്രീയ പ്രവേശത്തിന് ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ റിലീസും വെള്ളിത്തിരയിലെ അവസാന ചിത്രവുമാണിത്.വിജയിനെ സ്നേഹിക്കുന്ന ദശലക്ഷക്കണക്കിന് വരുന്ന ആരാധകർക്ക് ‘ജനനായകൻ’ വലിയ വൈകാരിക പ്രാധാന്യമുള്ള ചിത്രമാണ്.
വിജയുടെ അവസാന ഫീച്ചർ ഫിലിം എന്ന നിലയിൽ, തമിഴ് സിനിമയിലെ ഒരു സുപ്രധാന നിമിഷത്തെ അടയാളപ്പെടുത്തുന്ന ചിത്രമാണിത്.തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ നാല് ഭാഷകളിൽ ZEE5-ൽ ഈ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കാൻ കഴിയുന്നതിൽ സന്തോഷമുണ്ട് എന്ന് ZEE5യുടെ മാർക്കറ്റിംഗ് സൗത്ത് വിഭാഗത്തിലെ സീനിയർ വൈസ് പ്രസിഡന്റ് (തമിഴ് & മലയാളം) ബിസിനസ്സ് ഹെഡ് ആയ ലോയിഡ് സി സേവ്യർ പറഞ്ഞു.
ജനനായകൻ ഓഗസ്റ്റ് 21 മുതൽ തമിഴ് ZEE5-ൽ എക്സ്ക്ലൂസീവായി പ്രീമിയർ ചെയ്യും. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ നാല് ഭാഷകളിലും ചിത്രം ലഭ്യമാകും.
കൊച്ചി: കേരളത്തെ നടുക്കിയ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും കുപ്രസിദ്ധ ഗുണ്ടാനേതാവുമായ മരട് അനീഷ് പോലീസ് പിടിയിൽ. കേരള അസോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട് (കാപ്പ – KAAPA) പ്രകാരമാണ് മരട് പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഒരു വർഷത്തേക്ക് കരുതൽ തടങ്കൽ ചുമത്തിയ അനീഷിനെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.
കഴിഞ്ഞ മാസം ഏലൂരിൽ ഇരുചക്രവാഹനത്തിലെത്തി ഒരാളെ വധഭീഷണി നടത്തിയ കേസിൽ അനീഷിനെതിരെ മരട് പോലീസ് കേസ് എടുത്തിരുന്നു. ഈ കേസിൽ പിടിയിലാകുമെന്ന് ഉറപ്പായതോടെ ഇയാൾ കർണാടകയിലെ മൈസൂരിലേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നു.
മറ്റൊരു കേസിന്റെ ചോദ്യം ചെയ്യലിനായി ഇയാളെ നെടുമ്പാശ്ശേരി പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ ശേഷം മരട് പോലീസ് എത്തി രഹസ്യമായി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
കേരളം, തമിഴ്‌നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലായി അമ്പതിലധികം ക്രിമിനൽ കേസുകളിലെ പ്രതിയാണ് മരട് അനീഷ്. അടുത്തിടെ കേരളത്തിൽ രജിസ്റ്റർ ചെയ്ത അഞ്ച് കേസുകളിൽ നാലെണ്ണവും വധശ്രമത്തിനാണ്.
കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മാധ്യമങ്ങളിലൂടെയും സാമൂഹ്യമാധ്യമങ്ങളിലൂടെയും അപകീർത്തികരമായ പരാമർശം നടത്തിയെന്ന കേസിൽ പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ജാൻമണി ദാസ് അറസ്റ്റിൽ. കോഴിക്കോട് സിറ്റി സൈബർ പൊലീസാണ് ജാൻമണിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
മഹിളാമോർച്ച നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരുന്നത്. തുടർന്ന് ചോദ്യം ചെയ്യലിനായി നോട്ടീസ് നൽകി വിളിച്ചുവരുത്തിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ ഇവരെ വിട്ടയച്ചു.
ഡൽഹിയിൽ നടന്ന സമരത്തിൽ പങ്കെടുത്ത ശേഷം കൊച്ചിയിലെത്തിയ ജാൻമണി, മാധ്യമങ്ങളോട് സംസാരിക്കവേ പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ മാതാപിതാക്കളെയും അവഹേളിക്കുന്ന രീതിയിൽ സംസാരിച്ചെന്നാണ് ബി.ജെ.പി – മഹിളാമോർച്ച നേതൃത്വത്തിന്റെ ആരോപണം.
സംഭവം വിവാദമായതോടെ, തനിക്ക് മലയാള ഭാഷ കൈകാര്യം ചെയ്യുന്നതിലുള്ള പരിമിതി മൂലമാണ് വാക്കുകളിൽ തെറ്റിദ്ധാരണ ഉണ്ടായതെന്നും ആരെയും വ്യക്തിപരമായി അപമാനിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും വ്യക്തമാക്കി ജാൻമണി മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരുന്നു. പൊലീസിന് നൽകിയ വിശദീകരണത്തിലും ഇതേ കാര്യമാണ് ജാൻമണി വ്യക്തമാക്കിയത്.
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്യുമായി കേരള മുഖ്യമന്ത്രി വി. ഡി. സതീശൻ കൂടിക്കാഴ്ച നടത്തി. ചെന്നൈ മഹാബലിപുരത്ത് നടക്കുന്ന 31-ാമത് ദക്ഷിണ മേഖലാ കൗൺസിൽ യോഗത്തിന് മുന്നോടിയായാണ് ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ തമ്മിൽ ചർച്ച നടത്തിയത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ തമ്മിലുള്ള പരസ്പര സഹകരണവും വിവിധ വികസന വിഷയങ്ങളുമായിരുന്നു കൂടിക്കാഴ്ചയിലെ പ്രധാന ചർച്ചാവിഷയം. കേരളത്തിൽ നിന്നുള്ള വ്യവസായ മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടിയും മുഖ്യമന്ത്രിയോടൊപ്പം ഈ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
അതേസമയം, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ മഹാബലിപുരത്ത് ദക്ഷിണ മേഖലാ കൗൺസിൽ യോഗം ആരംഭിച്ചു. രാവിലെ 10 മണിക്ക് ആരംഭിച്ച യോഗത്തിൽ കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും മുഖ്യമന്ത്രിമാരും മന്ത്രിമാരും മുതിർന്ന ഭരണതല ഉദ്യോഗസ്ഥരും പങ്കെടുക്കുന്നുണ്ട്.
ഭർത്താവും ജനപ്രിയ സോഷ്യൽ മീഡിയ താരവുമായ അഖിൽ എൻ.ആർ.ഡിയുമായി ബന്ധപ്പെട്ട വ്യാജപ്രചരണങ്ങൾക്കും റൂമറുകൾക്കും മറുപടിയുമായി ഭാര്യ മേഘ നായർ. സോഷ്യൽ മീഡിയയിൽ തനിക്കെതിരെ ഉയരുന്ന ഒളിച്ചോടിപ്പോയി എന്ന തരത്തിലുള്ള പരിഹാസങ്ങൾക്കും കിസുകിസുപ്പുകൾക്കും മറുപടിയെന്നോണം താൻ ഇപ്പോൾ ചെങ്ങന്നൂരിലെ സ്വന്തം അച്ഛന്റെ വീട്ടിലാണ് ഉള്ളതെന്ന് മേഘ വ്യക്തമാക്കി.
‘At my father’s 🏠 home @ chengannoor’ എന്ന അടിക്കുറിപ്പോടെയാണ് മേഘ തന്റെ പുതിയ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. താൻ മറ്റാരുടെയെങ്കിലും കൂടെ പോയി എന്ന രീതിയിൽ നടക്കുന്ന പ്രചരണങ്ങൾ തെറ്റാണെന്ന് പറയാതെ പറയുകയാണ് ഈ ചിത്രങ്ങളിലൂടെയെന്ന് ആരാധകർ അഭിപ്രായപ്പെടുന്നു.
റീൽസ് വീഡിയോകളിലൂടെ ശ്രദ്ധേയരായ അഖിലും മേഘയും 2024-ലാണ് വിവാഹിതരായത്. എന്നാൽ അടുത്തിടെയായി ഇരുവരുടെയും വേർപിരിയലുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. നിലവിലെ വിഷയങ്ങളിൽ അഖിലും പുതിയ വീഡിയോയുമായി രംഗത്തെത്തിയിട്ടുണ്ട്.
ഹനുമാൻ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലൂടെ പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്‌സ് സൃഷ്‌ടിച്ച സംവിധായകൻ പ്രശാന്ത് വർമയുടെ രചനയിൽ ഒരുങ്ങുന്ന പുതിയ ചിത്രമായ “മഹാകാളി” യുടെ ആദ്യ ഗ്ലിമ്പ്സ് ഓഗസ്റ്റ് 24 ന്. ചിത്രത്തിൽ നിർണായക വേഷം ചെയ്യുന്ന ബോളിവുഡ് താരം അക്ഷയ് ഖന്നയുടെ ഒരു സ്റ്റിൽ പുറത്ത് വിട്ട് കൊണ്ടാണ് ചിത്രത്തിൻ്റെ ആദ്യ ഗ്ലിമ്പ്സ് പുറത്ത് വരുന്ന വിവരം അണിയറ പ്രവർത്തകർ പുറത്ത് വിട്ടത്. ഇന്ത്യൻ സിനിമയിലേക്ക് ഒരു വനിതാ സൂപ്പർ ഹീറോയെ അവതരിപ്പിക്കുന്ന ചിത്രം പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്സിലെ മൂന്നാം ചിത്രമായി ആണ് ഒരുങ്ങുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് പൂജ അപർണ്ണ കൊല്ലുരുവാണ്. ആർകെഡി സ്റ്റുഡിയോയുടെ ബാനറിൽ റിവാസ് രമേശ് ദുഗ്ഗൽ നിർമ്മിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ആർകെ ദുഗ്ഗൽ.
മഹാകാളി “ദി എൻഡ് ബിഗിൻസ്” എന്ന ടൈറ്റിലോടെയാണ് ഗ്ലിമ്പ്സ് വീഡിയോ എത്തുന്നത്. ഭൂമി ഷെട്ടി ആണ് ചിത്രത്തിലെ ടൈറ്റിൽ വേഷത്തിൽ നായികയായി എത്തുന്നത്. ശുക്രാചര്യ എന്ന കഥാപാത്രം ആയാണ് അക്ഷയ് ഖന്ന ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. ആ കഥാപാത്രത്തിൻ്റെ ലുക്കിലുള്ള അദ്ദേഹത്തിൻ്റെ സ്റ്റിൽ ആണ് ഇപ്പൊൾ പുറത്ത് വന്നിരിക്കുന്നത്.
ചിത്രം ഇപ്പൊൾ പ്രൊഡക്ഷൻ്റെ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ് എന്നാണ് റിപ്പോർട്ട്. 150 ന് മുകളിൽ ദിവസങ്ങൾ ആണ് ഇതിനോടകം ഈ ചിത്രം ചിത്രീകരിച്ചത് എന്നാണ് വിവരം. ഐമാക്സ് ഫോർമാറ്റിൽ ആണ് ചിത്രം ഒരുക്കുന്നത്. നേരത്തെ പുറത്ത് വന്ന, ഭൂമിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ബോളിവുഡ് താരം രോഹിത് സറഫും ചിത്രത്തിൻ്റെ താരനിരയിൽ ഉണ്ട്. അക്ഷയ് ഖന്നയും രോഹിത് സറഫും ചിത്രത്തിലെ തങ്ങളുടെ ഭാഗങ്ങൾ പൂർത്തിയാക്കിയിരുന്നു. ശ്രിയ റെഡ്ഡി, രാകേഷ് ബേദി, രജത് കപൂർ, മുരളി ശർമ്മ, സമുദ്രക്കനി, ഖുശ്ബു സുന്ദർ, നാസർ, പൃഥ്വീരാജ്, സുരേഷ് രഘു, ജിതിൻ എന്നിവരും ചിത്രത്തിൻ്റെ താരനിരയിലുണ്ട്.
വമ്പൻ കാൻവാസിൽ, അതിനൂതനമായ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചാണ് ഈ ബ്രഹ്മാണ്ഡ മിത്തോളജിക്കൽ ഡ്രാമ ഒരുക്കുന്നത്. ആത്മീയതയും പുരാണവും സമകാലിക പ്രശ്നങ്ങളുമായി സംയോജിപ്പിച്ച് കൊണ്ടാണ് “മഹാകാളി” ഒരുക്കുന്നത്. ഇന്ത്യൻ സിനിമയിലെ സ്റ്റീരിയോടൈപ്പുകൾ തകർത്ത് കൊണ്ട്, ഈ ശക്തമായ സാമൂഹിക പ്രസക്തിയുള്ള ചിത്രത്തിലൂടെ കറുത്ത നിറമുള്ള ഒരു നായികയെ സൂപ്പർഹീറോ മഹാകാളി ആയി അവതരിപ്പിക്കുകയാണ്.
കാളി ദേവിയുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്ന ബംഗാളിന്റെ പശ്ചാത്തലത്തിലാണ് ഈ ചിത്രം ഒരുക്കുന്നത്. ഹനുമാനിൽ ആരംഭിച്ച, പ്രശാന്ത് വർമ്മയുടെ സിനിമാറ്റിക് യൂണിവേഴ്സിലെ അടുത്ത അധ്യായമായി ആണ് ‘മഹാകാളി’ എത്തുന്നത്. ഇന്ത്യൻ, വിദേശ ഭാഷകളിൽ ഐമാക്സ് ത്രീഡി ഫോർമാറ്റിലാകും ചിത്രം പുറത്തു വരിക. ചിത്രത്തിൻ്റെ കൂടുതൽ അപ്ഡേറ്റുകൾ വൈകാതെ പുറത്ത് വരും എന്നാണ് പ്രതീക്ഷിക്കുന്നത്.
രചന- പ്രശാന്ത് വർമ്മ, സംഗീതം- സ്മരൻ സായ്, ഛായാഗ്രഹണം – സുരേഷ് രഗത്, ക്രിയേറ്റീവ് ഡയറക്ടർ- സ്നേഹ സമീറ, തിരക്കഥാകൃത്ത്- സ്ക്രിപ്റ്റ്സ് വില്ലെ , കോസ്റ്റ്യൂം ഡിസൈനർ – ശില്പ GNS, പ്രൊഡക്ഷൻ ഡിസൈനർ- ശ്രീ നാഗേന്ദ്ര തംഗല, എക്സികുട്ടീവ് പ്രൊഡ്യൂസർ- വെങ്കട് കുമാർ ജെട്ടി, പബ്ലിസിറ്റി ഡിസൈനർ- അനന്ത് കാഞ്ചർല, പിആർഒ- ശബരി .
തിരുവനന്തപുരം: സൈബർ തട്ടിപ്പുകളിൽ നിന്നും വാഹനാപകടങ്ങളിൽ നിന്നും ജനങ്ങൾക്ക് സംരക്ഷണം ഉറപ്പാക്കാൻ പുതിയ മൂന്ന് ഡിജിറ്റൽ സാങ്കേതിക പദ്ധതികൾ ആരംഭിച്ച് കേരള പോലീസ്. പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ആഭ്യന്തര, വിജിലൻസ് മന്ത്രി രമേശ് ചെന്നിത്തല പദ്ധതികൾ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന പോലീസ് മേധാവി രവാഡ എ. ചന്ദ്രശേഖർ ഐ.പി.എസ്, സൈബർ ഓപ്പറേഷൻസ് എ.ഡി.ജി.പി പി. വിജയൻ ഐ.പി.എസ് തുടങ്ങിയ ഉന്നത പോലീസ് ഉദ്യോഗസ്ഥർ ചടങ്ങിൽ പങ്കെടുത്തു.
സൈബർവാൾ (CyberWall): സൈബർ ഓപ്പറേഷൻസ് എസ്.പി അങ്കിത് അശോകൻ ഐ.പി.എസിന്റെ മേൽനോട്ടത്തിൽ വികസിപ്പിച്ച എ.ഐ അധിഷ്ഠിത ഡിജിറ്റൽ സുരക്ഷാ പ്ലാറ്റ്‌ഫോം. തട്ടിപ്പ് ഫോൺ കോളുകൾ, എസ്.എം.എസുകൾ, ലിങ്കുകൾ, ബാങ്ക് അക്കൗണ്ടുകൾ, യു.ആർ.എല്ലുകൾ എന്നിവ ജനങ്ങൾക്ക് മുൻകൂട്ടി പരിശോധിക്കാം. STOP – CHECK – VERIFY – ACT എന്ന തത്വമാണ് സൈബർവാൾ മുന്നോട്ട് വെക്കുന്നത്.
AI-TRACK (അപകട പ്രവചന സംവിധാനം): മുൻകാല അപകട വിവരങ്ങളും ട്രാഫിക് ഡാറ്റയും നിർമ്മിത ബുദ്ധി ഉപയോഗിച്ച് വിശകലനം ചെയ്ത് അപകട സാധ്യതയുള്ള സ്ഥലങ്ങളും സമയങ്ങളും മുൻകൂട്ടി പ്രവചിച്ച് മുൻകരുതൽ ഉറപ്പാക്കുന്ന സംവിധാനം.
iCoPS ബീറ്റ് & പട്രോൾ മോഡ്യൂൾ: പോലീസ് പട്രോളിംഗും ഫീൽഡ് ഡ്യൂട്ടികളും തത്സമയം നിരീക്ഷിക്കാനും, റേഞ്ച് കുറഞ്ഞ സ്ഥലങ്ങളിൽ ഓഫ്‌ലൈനായി വിവരങ്ങൾ ശേഖരിക്കാനും സഹായിക്കുന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോം.
കേരള പോലീസിന്റെ POLapp, വാട്ട്‌സ്ആപ്പ് ബോട്ട്, ടെലഗ്രാം ബോട്ട്, വെബ് പോർട്ടൽ എന്നിവ വഴി സൈബർവാൾ സേവനം പൊതുജനങ്ങൾക്ക് ഉപയോഗിക്കാം
ശ്രീനാഥ് ഭാസിയെ നായകനാക്കി ശശിധര കെ.എം. സംവിധാനം ചെയ്യുന്ന ‘ക്രെഡിറ്റ് സ്കോർ’ കേരളത്തിലെ തീയേറ്ററുകളിൽ എത്തിക്കുന്നത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ്. ഇഎഫ്ജി പ്രൊഡക്ഷൻസ് ബാനറിൽ വിവേകാനന്ദ എസ് നിർമ്മിക്കുന്ന ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ ഉമേഷ് തിമ്മെഗൗഡ, പ്രീതി ഉമേഷ്, അവന്തിക വന്ദനാപു എന്നിവരാണ്. “എ ട്രൂ സ്റ്റോറി ഓഫ് മില്യൺസ്” എന്നാണ് ചിത്രത്തിൻ്റെ ടൈറ്റിൽ ടാഗ് ലൈൻ.
ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സ്വാതന്ത്ര്യ ദിനത്തിൽ പുറത്ത് വരികയും മികച്ച പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഒരു ഫിനാൻഷ്യൽ സർവൈവൽ ത്രില്ലർ ആയി ഒരുക്കിയ ചിത്രത്തിൽ ശ്രീനാഥ് ഭാസിക്കൊപ്പം സുഹാസിനി മണിരത്നം, സോഹൻ സീനുലാൽ, ചാന്ദിനി, മാല പാർവതി, സാബുമോൻ, ബാലാജി ശർമ, പ്രമോദ് (ഉപ്പ്), അയ്യപ്പ ബൈജു, മനോജ് ഗിന്നസ്, ജാസിം (ചൂരൽ), ബിനോജ് കുളത്തൂർ, അജി ധന്വന്തരി, സുമിൻ, ഹരി നമ്പൂതിരി, നിഖിൽ, ലെന, ജഗദീഷ് പ്രസാദ്, ശരത് വിനായക്, ഷാജി ഫ്രാൻസിസ് എന്നിവരും വേഷമിട്ടിരിക്കുന്നു.
സീ മ്യൂസിക് ആണ് ചിത്രത്തിൻ്റെ ഓഡിയോ/മ്യൂസിക് അവകാശം സ്വന്തമാക്കിയത്. 2026-ൽ തന്നെ പ്രദർശനത്തിന് എത്തുന്ന ചിത്രത്തിൻ്റെ റിലീസ് സംബന്ധിച്ച വിവരങ്ങൾ വൈകാതെ പുറത്ത് വിടും.
ഛായാഗ്രഹണം – പ്രദീപ് നായർ, എഡിറ്റിംഗ് – ജെകെ, സംഗീതം – പി എസ് ജയഹരി, കോ-ഡയറക്ടർ – സാംജി എം. ആന്റണി, സംഭാഷണം – അർജുൻ ടി എസ്, കലാസംവിധാനം – ത്യാഗു തവനൂർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് – ഡോ. സതീഷ് ഷേന്ദ്രെ, ഷാജി ഫ്രാൻസിസ്, ശ്രീകാന്ത് സി.ആർ., ജഗദീഷ് വരട്ടി, റീ-റെക്കോർഡിംഗ് മിക്സിംഗ് – ഡോ. ആഷിഷ് ജോസ് ഇല്ലിക്കൽ, വരികൾ – വിനായക് ശശികുമാർ, സൗണ്ട് ഡിസൈൻ – അനൂപ് അനിൽകുമാർ, സൗണ്ട് എഫക്ട്സ് – ധീരജ്, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് – സുമിൻ എസ്.എൻ, ശ്രീരാജ് ശ്യാമ ശേഖർ, മേക്കപ്പ് – പ്രദീപ് വിതുര, വസ്ത്രാലങ്കാരം – ബുസി ബേബി ജോൺ, ആക്ഷൻ – മാഫിയ ശശി, പ്രൊഡക്ഷൻ കൺട്രോളർ – മുരുകൻ എസ്, വിഎഫ്എക്സ്– ഡോട്ട് വിഎഫ്എക്സ് , ഡിഐ– രമേഷ് അയ്യർ, പ്രോജക്ട് കൺസൾട്ടന്റ് – സ്ലീബ വർഗീസ്, ബിസിനസ് ഹെഡ് – രാജേഷ് ജനാർദ്ദനൻ, അസോസിയേറ്റ് ക്യാമറാമാൻമാർ – കനകരാജ്, സുജിൽ, പബ്ലിസിറ്റി ഡിസൈൻ – മാമിജോ, വേഫെറർ ഫിലിംസ് ഹെഡ് – ദേവദേവൻ, ഓഡിയോ – സീ മ്യൂസിക്, ഓൾ ഇന്ത്യ റിലീസ് – സിനിപോളിസ്, ഡിജിറ്റൽ മാർക്കറ്റിംഗ് – അനൂപ് സുന്ദരൻ, പിആർഒ – ശബരി.