തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ ചരിത്രം കുറിച്ച് സൂപ്പർസ്റ്റാർ ജോസഫ് വിജയ് ചന്ദ്രശേഖർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചെന്നൈ നെഹ്‌റു സ്റ്റേഡിയത്തിൽ സജ്ജീകരിച്ച വേദിയിൽ ഗവർണർ രാജേന്ദ്ര ആർലേകറാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ആഭ്യന്തര വകുപ്പടക്കം സുപ്രധാന വകുപ്പുകൾ വിജയ് തന്നെ കൈകാര്യം ചെയ്യും. എം.ജി.ആറിന് ശേഷം തമിഴ്‌നാട് മുഖ്യമന്ത്രിയാകുന്ന ആദ്യ സിനിമാ താരമാണ് വിജയ്. 1967-ന് ശേഷം ഡിഎംകെ, എഐഎഡിഎംകെ എന്നീ പാർട്ടികൾക്ക് പുറത്തുനിന്ന് തമിഴ്‌നാട് ഭരിക്കുന്ന ആദ്യ ഭരണാധികാരിയുമാണ് അദ്ദേഹം.
സ്വന്തം പാർട്ടിയായ ടിവികെയുടെ 108 എംഎൽഎമാരടക്കം 120 പേരുടെ പിന്തുണയോടെയാണ് സർക്കാരുണ്ടാക്കിയിരിക്കുന്നത്. വിജയ്‌ക്കൊപ്പം ഒമ്പത് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. കോൺഗ്രസ് പതിറ്റാണ്ടുകൾക്ക് ശേഷം തമിഴ്‌നാട് മന്ത്രിസഭയുടെ ഭാഗമാകുന്നു എന്ന പ്രത്യേകതയും പുതിയ സർക്കാരിനുണ്ട്. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും വിജയ്‌യുടെ മാതാപിതാക്കളും ഉൾപ്പെടെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. മെയ് 13-നകം സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ ഗവർണർ നിർദേശിച്ചിട്ടുണ്ട്. പെരമ്പൂർ, തൃച്ചി ഈസ്റ്റ് എന്നീ രണ്ട് മണ്ഡലങ്ങളിൽ നിന്നും വിജയിച്ച വിജയ്, ഇതിൽ ഒരെണ്ണം ഉടൻ രാജിവെക്കുമെന്നാണ് റിപ്പോർട്ട്.
Thalapathy” is now the Chief Minister

