Home Blog Page 12

കെഎസ്ആർടിസി ബസിന്റെ ചില്ല് തകർത്തത് എന്‍റെ ഭാര്യയല്ല; വ്യാജ പ്രചാരണമെന്ന് വി വസീഫ്

0

തിരുവനന്തപുരം: കെഎസ്ആർടിസി ബസിന്റെ ചില്ല് തകർത്തത് തന്റെ ഭാര്യയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് . കോൺഗ്രസ്, ലീഗ്, ബിജെപി ഹാൻഡിലുകളിലൂടെയാണ് ഈ രീതിയിലുള്ള നുണപ്രചാരണങ്ങൾ വ്യാപകമായി നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു .

ഇത്തരം വ്യാജ പ്രചാരണങ്ങൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും വസീഫ് വ്യക്തമാക്കി.പൊതുജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്താൻ ലക്ഷ്യമിട്ടുള്ള ഇത്തരം നുണപ്രചാരണങ്ങൾ അവസാനിപ്പിക്കാൻ യുഡിഎഫും ബിജെപിയും തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു

പലരും സത്യാവസ്ഥ അറിയാതെ തനിക്ക് വ്യക്തിപരമായി സന്ദേശങ്ങൾ അയക്കുന്നുണ്ടെന്നും വസീഫ് പറഞ്ഞു.ഇത്തരം വ്യാജ പ്രൊഫൈലുകൾക്ക് പിന്നിൽ ആരാണെന്നും, അവ നിയന്ത്രിക്കുന്നത് ആരാണെന്നും ഉള്ള കാര്യങ്ങൾ അതീവ ഗൗരവത്തോടെ അന്വേഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

‘ദളപതിയോട് അന്വേഷിച്ചെന്ന് പറയൂ’ എന്ന് ആരാധകൻ; തൃഷയുടെ ആ ക്യൂട്ട് റിയാക്ഷൻ ? വീഡിയോ വൈറൽ!

0

തെന്നിന്ത്യൻ സിനിമാ പ്രേമികൾ ഒന്നടങ്കം കാത്തിരുന്ന സൂര്യ-തൃഷ ചിത്രം ‘കറുപ്പ്’ (Karuppu) ഒടുവിൽ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. റിലീസ് ദിനത്തിൽ ചെന്നൈയിലെ പ്രമുഖ തിയേറ്ററായ രോഹിണിയിൽ സിനിമയുടെ സ്ക്രീനിംഗിനായി നടി തൃഷയും എത്തിയിരുന്നു. എന്നാൽ അവിടെ തിയേറ്ററിന് പുറത്ത് വെച്ച് നടന്ന ഒരു മനോഹരമായ നിമിഷമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.

സിനിമ കണ്ടിറങ്ങി കാറിലേക്ക് കയറിയ തൃഷയെ ആരാധകർ വളയുകയായിരുന്നു. ഇതിനിടയിലാണ് ആൾക്കൂട്ടത്തിൽ നിന്നും ഒരു ആരാധകൻ തമിഴ്‌നാട് മുഖ്യമന്ത്രി കൂടിയായ ദളപതി വിജയ്‌യെ കുറിച്ച് താരത്തോട് ചോദിച്ചത്. “ദളപതിയോട് അന്വേഷിച്ചെന്ന് പറയൂ” (Thalapathy ah kettenu sollunga) എന്ന് ആരാധകൻ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു.

ഇത് കേട്ടയുടൻ അതീവ സന്തോഷത്തോടെ തിരിഞ്ഞുനോക്കി, മുഖത്ത് നാണം കലർന്ന ഒരു വലിയ പുഞ്ചിരിയോടെ “തീർച്ചയായും പറയാം” (Definitely) എന്ന് തൃഷ മറുപടി നൽകുകയായിരുന്നു. മറുപടി നൽകിയതിന് ശേഷം ഫോണിലേക്ക് നോക്കി താരം വീണ്ടും ചിരിക്കുന്നത് വീഡിയോയിൽ കാണാം.

വിജയ്‌യും തൃഷയും തമ്മിലുള്ള ആഴമേറിയ സൗഹൃദവും അവരെ ചുറ്റിപ്പറ്റിയുള്ള ചർച്ചകളും നിലനിൽക്കുന്ന സാഹചര്യത്തിൽ, തൃഷയുടെ ഈ മനോഹരമായ റിയാക്ഷൻ ദളപതി ആരാധകർ ഇതിനോടകം തന്നെ ഏറ്റെടുത്തു കഴിഞ്ഞു. ക്ലിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റാണ്.

Trisha’s Cute video goes viral

അമാനുഷ്യ മർമ്മ കഥയുമായി കോമളാ ഹരിയുടെ പുതിയ ബ്രഹ്മാണ്ട ചിത്രം !

0

ലിജിമോൾ ജോസ് നായികയായി അഭിനയിച്ച ‘ ജെൻ്റിൽ വുമൺ ‘ എന്ന സിനിമക്ക് ശേഷം കോമളാ ഹരി പിക്ചേഴ്സ് നാലാമത്തെ നിർമ്മാണമായ, ഇനിയും നാമകരണം ചെയ്തിട്ടില്ലാത്ത ( Production number 4 ) തമിഴ് സിനിമയുടെ ചിത്രീകരണം അടുത്ത ആഴ്ച പുതുക്കോട്ടയിൽ ആരംഭിക്കും.

തമിഴ് സമൂഹത്തിൽ നില നിന്നിരുന്ന സംസ്കാരം, ആചാരം എന്നിവയെ വെളിപ്പെടുത്തുന്ന വിസ്മൃതിയിലായ പഴയ കലാ രൂപങ്ങളുടെയും, ആയോധന കലകളുടെയും പശ്ചാത്തലത്തിലുള്ള ഇതിവൃത്തമാണ് സിനിമയുടേത്. 1980 കളുടെ മധ്യത്തിൽ തമിഴ് നാട്ടിലെ തെക്കൻ സംസ്ഥാനങ്ങളിൽ രക്തവും മാംസവുമായി അരങ്ങേറിയ ‘ അമാനുഷ്യ ‘ വുമായി ബന്ധപ്പെട്ട യഥാർഥ കഥയുടെ ( A Terrific Supernatural Folk Mystery) ചലച്ചിത്ര ആവിഷ്കാരമാണ് ഈ സിനിമ . അതു കൊണ്ട് തന്നെ സിനിമ ബ്രഹ്മാണ്ട കാൻവാസിൽ ചിത്രീകരിക്കേണ്ടത് അനിവാര്യതയാകുന്നു. ‘ വിഴാ ‘ എന്ന സിനിമ സംവിധാനം ചെയ്ത് ശ്രദ്ധേയനായ ഭാരതി ബാലകുമാരനാണ് രചയിതാവും സംവിധായകനും. അമാനുഷ്യത്തെ കുറിച്ചും കഥ നടന്ന സ്ഥലങ്ങളെ കുറിച്ചും ദീർഘ നാൾ ഗവേഷണം നടത്തിയ ശേഷമാണത്രേ തിരക്കഥ എഴുതിയത്.

സുശീന്ദ്രൻ സംവിധാനം ചെയ്ത ‘ ചാമ്പ്യൻ ‘ എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച വിശ്വായാണ് നായകൻ. ഇതിലെ കഥാപാത്രത്തിന് വേണ്ടി ആറ് മാസം ആയോധന കല പരിശീലിച്ച്, തന്നെ കഥാപാത്രമായി മാനസികവും ശാരീരികവുമായി സജ്ജമാക്കിയാണ് വിശ്വ ഇതിൽ അഭിനയിക്കുന്നത്. ചിത്രത്തിലെ നായകനൊപ്പം പ്രാധാന്യമുള്ള കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കാനായി പ്രശസ്തനായ ഒരു തെന്നിന്ത്യൻ നായക താരവുമായി ചർച്ച നടന്നു വരുന്നു. ‘ ആടുകളം ‘ നരേൻ
, ഋഷാ ജോക്കോബ്സ്, മുനീഷ് കാന്ത്, ബാബാ ഭാസ്കർ, അനുപമ കുമാർ, രമ്യാ സുരേഷ് തുടങ്ങി പ്രമുഖരായ ഒട്ടേറെ പേർ മറ്റു പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.
മലയാളത്തിൽ ‘ മിഡിൽ ക്ലാസ് മാത്തുക്കുട്ടി ‘ എന്ന ചിത്രം നിർമ്മിച്ചു കൊണ്ടിരിക്കുന്ന ഹരി ഭാസ്കർ – കോമളാ ദമ്പതികളാണ് നിർമ്മാതാക്കൾ.

കാലവർഷം ആൻഡമാനിലെത്തി; കേരളത്തിൽ മെയ് 26 ഓടെ എത്തിയേക്കും, സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0

തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ മൺസൂൺ (കാലവർഷം) തെക്കുകിഴക്കൻ അറബിക്കടലിന്റെ ചില ഭാഗങ്ങളിലും, തെക്കുപടിഞ്ഞാറൻ – തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും, ആൻഡമാൻ കടലിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും എത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നിക്കോബാർ ദ്വീപുകളിലുടനീളവും, ശ്രീ വിജയപുരം (പോർട്ട് ബ്ലെയർ) ഉൾപ്പെടെയുള്ള ആൻഡമാൻ ദ്വീപുകളുടെ ചില ഭാഗങ്ങളിലും കാലവർഷം ഇന്ന് എത്തിയിട്ടുണ്ട്.


കേരളത്തിൽ മെയ് 26-ഓടെ കാലവർഷം

ഇത്തവണ കേരളത്തിൽ സാധാരണയേക്കാൾ നേരത്തെ കാലവർഷം എത്തിയേക്കുമെന്നാണ് പ്രവചനം. മെയ് 26 ഓടെ മൺസൂൺ കേരളത്തിൽ എത്താൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നു. എന്നാൽ അന്തരീക്ഷ സാഹചര്യങ്ങൾക്കനുസരിച്ച് ഇതിൽ 4 ദിവസം മുന്നോട്ടോ പിന്നോട്ടോ വ്യത്യാസം വരാവുന്നതാണ്.

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം

തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്നുള്ള മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി നിലവിൽ ഒരു ന്യൂനമർദ്ദം (Low Pressure Area) നിലനിൽക്കുന്നുണ്ട്. ഇതും സംസ്ഥാനത്തെ മഴ സാധ്യതകളെ സ്വാധീനിക്കുന്നു.

വരും ദിവസങ്ങളിലെ മഴ മുന്നറിയിപ്പ്

ന്യൂനമർദ്ദത്തിന്റെയും മൺസൂൺ ആഗമനത്തിന്റെയും പശ്ചാത്തലത്തിൽ സംസ്ഥാനത്ത് വരും ദിവസങ്ങളിൽ പരക്കെ മഴയ്ക്ക് സാധ്യതയുണ്ട്:

  • മെയ് 16 മുതൽ 18 വരെ: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
  • ശക്തമായ കാറ്റും ഇടിമിന്നലും: മഴയോടൊപ്പം ശക്തമായ ഇടിമിന്നലിനും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.
  • അടുത്ത 5 ദിവസത്തേക്ക്: കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയും ശക്തമായ കാറ്റും തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

വിവാഹമോചനം ലഭിക്കും വരെ ഇനി സിനിമയിലേക്ക് ഇല്ല’; പൊട്ടിക്കരഞ്ഞ് നടൻ ജയം രവി

0

ചെന്നൈ: തെന്നിന്ത്യൻ സിനിമാലോകത്തെയാകെ നടുക്കിക്കൊണ്ട് വാർത്താസമ്മേളനത്തിൽ പൊട്ടിക്കരഞ്ഞ് പ്രമുഖ നടൻ രവി മോഹൻ (ജയം രവി). തന്റെ വിവാഹമോചന നടപടികൾ പൂർത്തിയാകുന്നത് വരെ സിനിമയിൽ നിന്ന് പൂർണ്ണമായി വിട്ടുനിൽക്കുമെന്ന് പ്രഖ്യാപിച്ച താരം, തന്റെ മുൻ കുടുംബത്തിൽ നിന്നും നേരിടേണ്ടി വന്ന ക്രൂരമായ അനുഭവങ്ങളും വാർത്താസമ്മേളനത്തിൽ തുറന്നടിച്ചു. കടുത്ത മാനസിക വിഷമത്തിലൂടെയാണ് താൻ കടന്നുപോകുന്നതെന്നും കോടികൾ വിലമതിക്കുന്ന സ്വന്തം വീട്ടിൽ നിന്നും പുറത്താക്കപ്പെട്ട് നിലവിൽ താൻ ഒരു വാടകവീട്ടിലാണ് താമസിക്കുന്നതെന്നും താരം വെളിപ്പെടുത്തി.

തുടർച്ചയായ സൈബർ ആക്രമണങ്ങളിലും അപമാനങ്ങളിലും മനംനൊന്താണ് താരം വാർത്താസമ്മേളനം വിളിച്ചുചേർത്തത്. വാർത്താസമ്മേളനത്തിൽ ജയം രവി പങ്കുവെച്ച ഞെട്ടിക്കുന്ന വിവരങ്ങൾ താഴെ നൽകുന്നു:

  • വിവാഹമോചനം ലഭിക്കും വരെ സിനിമയിലേക്ക് ഇല്ല: “എന്റെ ഡിവോഴ്സ് ലഭിക്കുന്നത് വരെ ഇനി ഞാൻ അഭിനയിക്കില്ല. എനിക്ക് നേരെ നടക്കുന്ന അനാവശ്യമായ അപമാനങ്ങൾ താങ്ങാൻ കഴിയുന്നതിലും അപ്പുറമാണ്. എന്നെ തകർക്കാൻ നോക്കുന്നവർക്ക് ഒളിച്ചിരുന്ന് ആക്രമിക്കാതെ നേരിട്ട് എന്റെ ഓഫീസിലേക്ക് വരാം. ഇത്രയും നാൾ മിണ്ടാതിരുന്നത് എന്റെ മണ്ടത്തരമായിപ്പോയി. ഇനി ഞാൻ ഈ സാതുവായിരിക്കില്ല,” താരം വിതുമ്പിക്കൊണ്ട് മുന്നറിയിപ്പ് നൽകി,.
  • എല്ലാം അവർക്ക് നൽകി, എനിക്ക് സ്വന്തമായി ഒരു അക്കൗണ്ട് പോലുമില്ല: “ഞാൻ സമ്പാദിച്ചതെല്ലാം അവരുടെ കൈകളിലാണ് ഏൽപ്പിച്ചത്. എന്റെ പേരിൽ സ്വന്തമായി ഒരു ബാങ്ക് അക്കൗണ്ട് പോലും ഉണ്ടായിരുന്നില്ല. മുൻ കുടുംബവുമായി ചേർന്നുള്ള ഒരൊറ്റ ജയിന്റ് അക്കൗണ്ട് മാത്രമാണ് എനിക്കുണ്ടായിരുന്നത്. ഞാൻ എവിടെ പണം സ്വൈപ്പ് ചെയ്താലും അവർ എന്നെ ചോദ്യം ചെയ്യുമായിരുന്നു. പറയാൻ പറ്റാത്തത്ര വലിയ അന്യായങ്ങളാണ് ആ വീട്ടിൽ എനിക്ക് നേരെ നടന്നത്,” താരം വെളിപ്പെടുത്തി.
  • മക്കളെ കാണാൻ അനുവദിക്കുന്നില്ല: തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾ തന്നെ പൂർണ്ണമായി ഇല്ലാതാക്കാൻ വേണ്ടിയുള്ളതാണെന്ന് താരം പറഞ്ഞു. “എന്നെ തകർക്കാൻ ഒരു സംഘം തന്നെ പ്രവർത്തിക്കുന്നുണ്ട്. ഞാൻ ജീവനോടെ ഇരിക്കരുതെന്നാണ് അവർ ആഗ്രഹിക്കുന്നത്. എന്റെ കുട്ടികളെപ്പോലും അവർ എന്നെ കാണാൻ അനുവദിക്കുന്നില്ല. എന്റെ പാസത്തെക്കുറിച്ച് സംസാരിക്കാൻ അവർക്ക് എന്ത് യോഗ്യതയാണുള്ളത്?,” അദ്ദേഹം ചോദിച്ചു,.
  • കെനിഷയ്ക്കെതിരെയുള്ള സൈബർ ആക്രമണം: ഗായിക കെനിഷ ഫ്രാൻസിസിനെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളിലും താരം ശക്തമായി പ്രതികരിച്ചു. “സൈബർ ബുല്ലിംഗ് നടത്തി നിങ്ങൾ കെനിഷയെ ഇല്ലാതാക്കി. എന്നെ മനസ്സിലാക്കിയ ഒരു പെൺകുട്ടിയാണവർ. മനോഹരമായ സ്ത്രീകളോടൊപ്പം അഭിനയിക്കുക എന്നത് എന്റെ ജോലിയുടെ ഭാഗമാണ്. എന്നെ തകർക്കാൻ വേണ്ടി മാത്രമാണ് അവർ ഈ വിവാദങ്ങൾ ഉണ്ടാക്കുന്നത്. ഇതിനെതിരെ ഞാൻ നിയമപരമായി മുന്നോട്ട് പോകും,” ജയം രവി വ്യക്തമാക്കി,.
  • മാതാപിതാക്കളുടെ മുന്നറിയിപ്പും ഫെമിനിസവും: ഈ വിവാഹബന്ധത്തിന് തുടക്കത്തിൽ തന്നെ മാതാപിതാക്കൾ എതിരായിരുന്നുവെന്ന് താരം ഓർത്തു. “എന്റെ അച്ഛനും അമ്മയും കൈകൂപ്പി കാലിൽ വീണ് പറഞ്ഞതാണ് ആ കുടുംബവുമായുള്ള ബന്ധം വേണ്ടെന്ന്. സ്ത്രീകൾക്ക് അവകാശങ്ങൾ വേണമെന്ന് സിനിമകളിലൂടെ സംസാരിച്ചവനാണ് ഞാൻ. ‘പേരാൺമൈ‘ പോലുള്ള ചിത്രങ്ങളിൽ സ്ത്രീകളുടെ ശക്തിയെക്കുറിച്ചാണ് ഞാൻ പറഞ്ഞത്. എന്താണ് ഫെമിനിസമെന്ന് ഇവർക്കറിയാമോ?,” ജയം രവി ചോദിച്ചു,.
  • സിനിമയിലെ ചിലർക്കെതിരെ കടുത്ത വിമർശനം: സിനിമാരംഗത്തുള്ള ചിലർക്കെതിരെയും താരം രൂക്ഷവിമർശനം ഉന്നയിച്ചു. തന്റെ കുടുംബജീവിതം തകർക്കാൻ ചില നടിമാരും പ്രമുഖ നടന്മാരും ശ്രമിച്ചുവെന്നും, മറ്റുള്ളവരുടെ ജീവിതം നശിപ്പിക്കാൻ നടക്കുന്ന ഇവർ ഇപ്പോൾ ഫെമിനിസത്തെക്കുറിച്ച് സംസാരിക്കുന്നത് വലിയ നാടകമാണെന്നും താരം ആഞ്ഞടിച്ചു,.

തന്റെ 23 വർഷത്തെ സിനിമാ ജീവിതത്തിൽ 95 ശതമാനം സിനിമകളും വിജയമായിരുന്നുവെന്നും സംസ്ഥാന അവാർഡും കലൈമാമണി പുരസ്കാരവും സ്വന്തം അധ്വാനം കൊണ്ട് നേടിയതാണെന്നും താരം ഓർമ്മിപ്പിച്ചു,. തന്റെ വ്യക്തിജീവിതത്തിലെ പ്രശ്നങ്ങൾ പരിഹരിച്ച്, നഷ്ടപ്പെട്ട പ്രതിച്ഛായ തിരിച്ചുപിടിച്ചതിന് ശേഷം മാത്രമേ ഇനി സിനിമയിലേക്ക് മടങ്ങിയെത്തുകയുള്ളൂ എന്ന് പറഞ്ഞാണ് താരം വാർത്താസമ്മേളനം അവസാനിപ്പിച്ചത്.

റാപ്പർ വേടൻ ധരിച്ചിരുന്നത് യഥാർഥ പുലിപ്പല്ല് തന്നെ; കേസിൽ വനംവകുപ്പ് ഉടൻ കുറ്റപത്രം നൽകും

0

കൊച്ചി: പ്രശസ്ത റാപ്പർ വേടൻ (ഹിരൺദാസ് മുരളി) ധരിച്ചിരുന്ന മാലയിലെ പല്ല് യഥാർഥ പുലിപ്പല്ല് തന്നെയാണെന്ന് സ്ഥിരീകരിച്ചു. കൊൽക്കത്തയിലെ സുവോളജി ലാബിൽ നടന്ന ശാസ്ത്രീയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. പരിശോധനാഫലം പോസിറ്റീവ് ആയതോടെ ഈ കേസിൽ വനംവകുപ്പ് വേടനെതിരെ ഉടൻ തന്നെ കുറ്റപത്രം സമർപ്പിക്കും.

കഴിഞ്ഞ വർഷം ഏപ്രിലിൽ വേടന്റെ തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിൽ വനംവകുപ്പ് പരിശോധന നടത്തിയിരുന്നു. അന്ന് ആറു ഗ്രാം കഞ്ചാവുമായി വേടനടക്കം ഒമ്പത് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനിടയിലാണ് വേടൻ കഴുത്തിൽ ധരിച്ചിരുന്ന പുലിപ്പല്ല് കെട്ടിയ മാല പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പോലീസ് ഈ വിവരം വനംവകുപ്പിന് കൈമാറുകയായിരുന്നു. ഇത് യഥാർഥ പുലിപ്പല്ല് തന്നെയാണെന്ന് വനംവകുപ്പിന്റെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരുന്നെങ്കിലും, കൂടുതൽ വ്യക്തതയ്ക്കായാണ് കൊൽക്കത്തയിലെ സുവോളജി ലാബിലേക്ക് അയച്ചത്.

2022-ൽ ചെന്നൈയിൽ വെച്ച് നടന്ന ഒരു ഷോയ്ക്കിടെ രഞ്ജിത് എന്ന ശ്രീലങ്കൻ വംശജനായ ഒരു ആരാധകനാണ് തനിക്ക് ഈ പുലിപ്പല്ല് സമ്മാനിച്ചതെന്നാണ് വേടൻ അന്വേഷണ സംഘത്തിന് മൊഴി നൽകിയിട്ടുള്ളത്. സമൂഹമാധ്യമം വഴിയാണ് രഞ്ജിത്തുമായി വേടൻ ബന്ധം സ്ഥാപിച്ചത്. ഇയാൾ പിന്നീട് യുകെയിലേക്കോ ഫ്രാൻസിലേക്കോ കുടിയേറിയതായാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. യഥാർഥ പുലിപ്പല്ല് കൈവശം വെക്കുന്നത് വന്യജീവി സംരക്ഷണ നിയമപ്രകാരം കുറ്റകരമായതിനാൽ പുതിയ പരിശോധനാ ഫലം വേടന് കനത്ത തിരിച്ചടിയാകും.

തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേറ്റ ദളപതി വിജയ്‌യെ നേരിൽ കണ്ട് ആദരിച്ച് നടികർ സംഘം

0

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റ സി. ജോസഫ് വിജയ്‌യെ നേരിൽ കണ്ട് ആദരിച്ച് തെന്നിന്ത്യൻ നടികർ സംഘം (South Indian Artistes’ Association). സിനിമയിൽ നിന്ന് രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ച്, തമിഴക വെട്രി കഴകം (TVK) എന്ന തന്റെ പാർട്ടിയിലൂടെ ചരിത്രവിജയം സ്വന്തമാക്കിയ അദ്ദേഹത്തിന് സിനിമാലോകത്തിന്റെ പൂർണ്ണ പിന്തുണയും അഭിനന്ദനങ്ങളും നടികർ സംഘം ഭാരവാഹികൾ അറിയിച്ചു.

മെയ് പത്തിനാണ് തമിഴ്‌നാടിന്റെ 17-ാമത് മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. തുടർന്ന് മെയ് 13-ന് നിയമസഭയിൽ നടന്ന വിശ്വാസവോട്ടെടുപ്പിലും 144 അംഗങ്ങളുടെ പിന്തുണയോടെ അദ്ദേഹം ഭൂരിപക്ഷം തെളിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിനിമാ സംഘടനകളുടെ ഭാരവാഹികൾ മുഖ്യമന്ത്രിയെ നേരിൽ കണ്ട് ആശംസകൾ അറിയിച്ചത്.

തമിഴ് സിനിമാ വ്യവസായത്തിന്റെ വികസനത്തിനും താരങ്ങളുടെ ക്ഷേമത്തിനുമായി പുതിയ സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും ഭാഗത്തുനിന്ന് മികച്ച പിന്തുണയുണ്ടാകുമെന്ന് നടികർ സംഘം പ്രതിനിധികൾ പ്രത്യാശ പ്രകടിപ്പിച്ചു. പതിറ്റാണ്ടുകൾ നീണ്ട ദ്രാവിഡ പാർട്ടികളുടെ ഭരണത്തിന് അന്ത്യം കുറിച്ച്, തമിഴ്‌നാട് മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുന്ന സിനിമാതാരമെന്ന നിലയിൽ ദളപതി വിജയ്‌യുടെ ഭരണനേതൃത്വത്തെ വലിയ പ്രതീക്ഷയോടെയാണ് തമിഴകം നോക്കിക്കാണുന്നത്.

Nadigar Sangam meet vijay

ചീഫ് മിനിസ്റ്റർ കരയാൻ പാടില്ല’; ജി. കാർത്തികേയന്റെ വസതിയിലെത്തി വികാരാധീനനായി നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശൻ

0

തിരുവനന്തപുരം: പുതിയ നേതൃചുമതലകളിലേക്ക് കടക്കുന്നതിന് മുന്നോടിയായി മുതിർന്ന കോൺഗ്രസ് നേതാവും മുൻ സ്പീക്കറുമായിരുന്ന അന്തരിച്ച ജി. കാർത്തികേയന്റെ വസതി സന്ദർശിക്കാനെത്തിയ വി.ഡി സതീശൻ വികാരാധീനനായി. തിരുവനന്തപുരം ശാസ്തമംഗലത്തുള്ള വീട്ടിലെത്തിയ അദ്ദേഹം കാർത്തികേയന്റെ ഭാര്യ എം.ടി സുലേഖ, മകനും മുൻ എം.എൽ.എയുമായ കെ.എസ് ശബരീനാഥൻ എന്നിവരുമായി സംസാരിക്കുന്നതിനിടെയാണ് കണ്ണീരണിഞ്ഞത്.

സതീശനെ ആശ്വസിപ്പിച്ചുകൊണ്ട് ‘ചീഫ് മിനിസ്റ്റർ കരയാൻ പാടില്ല’ എന്നാണ് കുടുംബാംഗങ്ങൾ സ്നേഹത്തോടെ പറഞ്ഞത്. കേരള രാഷ്ട്രീയത്തിൽ തിരുത്തൽ ശക്തിയായിരുന്ന ജി. കാർത്തികേയനുമായി വ്യക്തിപരമായും രാഷ്ട്രീയപരമായും ഏറെ അടുത്ത ബന്ധമായിരുന്നു വി.ഡി സതീശനുണ്ടായിരുന്നത്. പുതിയ പദവിയിലേക്ക് എത്തുമ്പോൾ തന്റെ പ്രിയപ്പെട്ട നേതാവ് ഒപ്പമില്ലല്ലോ എന്ന ഓർമ്മകളാകാം അദ്ദേഹത്തിന്റെ കണ്ണുകളെ ഈറനണിയിച്ചത്. പുതിയ തുടക്കത്തിന് പൂർണ്ണ പിന്തുണയും അനുഗ്രഹങ്ങളും നൽകിയാണ് കാർത്തികേയന്റെ കുടുംബം അദ്ദേഹത്തെ യാത്രയാക്കിയത്.

VDS Visit to Late G. Karthikeyan’s Residence

വൺ ടു ടോക്സ്- സ്റ്റാർ ആൻഡ് സക്സസ് അവാർഡ് 2025 പ്രഖ്യാപിച്ചു

0

കൊച്ചി: സിനിമാ ലോകത്തെ മൺമറഞ്ഞ അതുല്യ പ്രതിഭകളുടെ സ്മരണയിൽ വൺ ടു ടോക്സ് ഏർപ്പെടുത്തിയിരിക്കുന്ന സ്റ്റാർ ആൻഡ് സക്സസ് അവാർഡ് 2025 പ്രഖ്യാപിച്ചു. മോഹൻലാൽ, കല്യാണി പ്രിയദർശൻ എന്നിവർ മികച്ച നടനും നടിയ്ക്കുമുള്ള അവാർഡ് കരസ്ഥമാക്കി. തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും മികച്ച ചിത്രമായി. മികച്ച സംവിധായകനുൾപ്പെടെ ഏഴ് അവാർഡുകളാണ് തുടരും സിനിമ കരസ്ഥമാക്കിയത്. മികച്ച സംവിധായകൻ- ഷാഫി മെമ്മോറിയൽ പുരസ്ക്കാരം (തരുൺ മൂർത്തി- തുടരും), മികച്ച നടൻ – ശ്രീനിവാസൻ മെമ്മോറിയൽ പുരസ്ക്കാരം (മോഹൻലാൽ -തുടരും). മികച്ച നടി-കെപിഎസി ലളിത മെമ്മോറിയൽ പുരസ്ക്കാരം ( കല്യാണി പ്രിയദർശൻ (ലോക), മികച്ച സ്വഭാവ നടൻ -നവാസ് ബക്കർ മെമ്മോറിയൽ പുരസ്ക്കാരം- പ്രകാശ് വർമ്മ (തുടരും), മികച്ച സ്വഭാവ നടി – കൽപ്പന മെമ്മോറിയൽ പുരസ്ക്കാരം- സെറിൽ ഷിഹാബ് (ഇത്തിരി നേരം, രേഖാചിത്രം), മികച്ച സംഗീതസംവിധാനം – എസ്.പി വെങ്കിടേഷ് മെമ്മോറിയൽ പുരസ്കാരം- ജെയ്‌സ് ബിജോയ് – മിന്നൽവള (നരിവേട്ട), കൺമണിപ്പൂവേ (തുടരും), മികച്ച ഗാനരചന- ഗിരീഷ് പുത്തഞ്ചേരി മെമ്മോറിയൽ പുരസ്ക്കാരം കൈതപ്രം ദാമോദരൻ നമ്പൂതിരി (മിന്നൽ വള നരിവേട്ട), മികച്ച തിരക്കഥാകൃത്ത് സച്ചി മെമ്മോറിയൽ പുരസ്ക്കാരം ബാഹുൽ രമേഷ് -എക്കോ, മികച്ച ഛായാഗ്രഹണം – ഷാജി എൻ കരുൺ മെമ്മോറിയൽ പുരസ്ക്കാരം നിമിഷ് രവി (ലോക), മികച്ച എഡിറ്റർ – ഹരിഹരപുത്രൻ മെമ്മോറിയൽ പുരസ്ക്കാരം ചമൻ ചാക്കോ (ഓഫീസർ ഓൺ ഡ്യൂട്ടി, ലോക), മികച്ച കലാസംവിധാനം – സാബു പ്രവദ മെമ്മോറിയൽ പുരസ്ക്കാരം വിനീഷ് ബംഗ്ലൻ (ലോക), മികച്ച ഹാസ്യതാരം ഇന്നസെന്റ് മെമ്മോറിയൽ പുരസ്ക്കാരം ഷറഫുദ്ധീൻ (പടക്കളം), മികച്ച ഗായകൻ പി.ജയചന്ദ്രൻ മെമ്മോറിയൽ പുരസ്ക്കാരം എം.ജി ശ്രീകുമാർ (കൺമണിപ്പൂവേ തുടരും), മികച്ച ഗായിക-വാണി ജയറാം മെമ്മോറിയൽ പുരസ്ക്കാരം കെ.എസ് ചിത്ര-നെഞ്ചിൽ പണ്ടേ നോവായ് (പൊൻമാൻ), മികച്ച ബാലതാരം – തരുണി സച്‌ദേവ് മെമ്മോറിയൽ പുരസ്ക്കാരം ദുർഗാ സി വിനോദ് (ലോക) എന്നിങ്ങനെയാണ് പുരസ്കാരങ്ങൾ. മെയ് 24ന് എറണാകുളം കടവന്ത്രയിലുള്ള രാജീവ് ഗാന്ധി ഇന്റോർ സ്റ്റേഡിയത്തിൽ വൈകീട്ട് 6 മണിക്ക് ആരംഭിക്കുന്ന മെഗാ ഷോയിൽ പുരസ്ക്കാരങ്ങൾ വിതരണം ചെയ്യും. വാർത്താ സമ്മേളനത്തിൽ ഇടവേള ബാബു, കൈലാഷ്, ടിനി ടോം, ഹൈദരലി എന്നിവർ പങ്കെടുത്തു.

വനവാസമല്ല ഇനി പട്ടാഭിഷേകം’; കേരള മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്ന വി.ഡി സതീശന് ആശംസകളുമായി റിനി ആൻ ജോർജ്

0

ദിവസങ്ങൾ നീണ്ട ആകാംക്ഷകൾക്കൊടുവിൽ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി സതീശനെ കോൺഗ്രസ് ഹൈക്കമാൻഡ് പ്രഖ്യാപിച്ചതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ആശംസാപ്രവാഹം. രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ നിരവധി പേരാണ് അദ്ദേഹത്തിന് ആശംസകളുമായി രംഗത്തെത്തുന്നത്. ഇതിൽ ഏറെ ശ്രദ്ധ നേടുന്നത് നടിയും മുൻ അവതാരകയുമായ റിനി ആൻ ജോർജിന്റെ ഫേസ്ബുക് പോസ്റ്റാണ്. വി.ഡി സതീശൻ നേരിട്ട രാഷ്ട്രീയ പ്രതിസന്ധികളെയും വിമർശനങ്ങളെയും ഓർമ്മിപ്പിച്ചുകൊണ്ട്, അതിനെയെല്ലാം അതിജീവിച്ചുള്ള അദ്ദേഹത്തിന്റെ ഈ നേട്ടത്തെ ഹൃദയസ്പർശിയായ വാക്കുകളിലൂടെയാണ് റിനി വിവരിക്കുന്നത്.

“നിങ്ങൾ എല്ലാവരും കൂടി കുഴിച്ചു മൂടാൻ നോക്കിയ ഒരുത്തൻ ഇല്ലേ… നിങ്ങൾ ഓരോ തവണ താഴ്ത്താൻ ശ്രമിച്ചപ്പോഴും ഉയർന്നു വന്ന ഒരുത്തൻ… നിങ്ങൾ ഓരോ തവണ കെടുത്താൻ ശ്രമിച്ചപ്പോഴും ആളിക്കത്തിയ ഒരുത്തൻ…” എന്ന് കുറിച്ചുകൊണ്ടാണ് പോസ്റ്റ് ആരംഭിക്കുന്നത്. വിമർശകരുടെ എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിച്ചുകൊണ്ട് മുഖ്യമന്ത്രി പദത്തിലേക്ക് എത്തിയ അദ്ദേഹത്തിന്റെ യാത്രയെ “വനവാസമല്ല ഇനി പട്ടാഭിഷേകം” എന്നാണ് റിനി വിശേഷിപ്പിക്കുന്നത്. “പദ്മനാഭന്റെ മണ്ണിൽ ഇനി എന്റെ ശ്രീ പദ്മനാഭൻ വാഴും…” എന്ന് പറഞ്ഞുകൊണ്ടാണ് ഈ വൈകാരികമായ കുറിപ്പ് അവസാനിക്കുന്നത്.

കഴിഞ്ഞ കുറച്ചു നാളുകളായി പാർട്ടിക്കുള്ളിലും പുറത്തും അദ്ദേഹം നിരവധി വെല്ലുവിളികൾ നേരിട്ടിരുന്നു. ഇതിനെയെല്ലാം തരണം ചെയ്താണ് കോൺഗ്രസ് നിയമസഭാ കക്ഷി നേതാവായി വി.ഡി സതീശൻ തിരഞ്ഞെടുക്കപ്പെട്ടത്. അദ്ദേഹത്തിന്റെ ഈ രാഷ്ട്രീയ വിജയത്തെ പ്രകീർത്തിക്കുന്ന റിനിയുടെ വാക്കുകൾ കോൺഗ്രസ് പ്രവർത്തകർക്കിടയിലും സോഷ്യൽ മീഡിയയിലും ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു. നൂറുകണക്കിന് ആളുകളാണ് ഈ പോസ്റ്റ് ഷെയർ ചെയ്യുകയും തങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്തിരിക്കുന്നത്.

Actress Rini Ann George Pens a Post Congratulating New Kerala CM V.D. Satheesan

റാം പോത്തിനേനി സംവിധായകനാവുന്നു; നിർമ്മാണം റാപോ സിനിമാറ്റിക്‌സ് ബാനറിൽ കൃഷ്ണ പോത്തിനേനി

0

പ്രശസ്ത തെലുങ്കു താരം റാം പോത്തിനേനി സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നു. അദ്ദേഹം തന്നെ നായകനായി എത്തുന്ന ചിത്രം നിർമ്മിക്കുന്നത് റാപോ സിനിമാറ്റിക്‌സ് ബാനറിൽ കൃഷ്ണ പോത്തിനേനി ആണ്. റാം പോത്തിനേനിയുടെ 23 ആം ചിത്രമായാണ് ഒരുങ്ങുന്നത്. തന്റെ മുൻ ചിത്രമായ ആന്ധ്ര കിംഗ് താലൂക്കയിലൂടെ ഗായകനായും ഗാനരചയിതാവായും കൂടെ അരങ്ങേറ്റം കുറിച്ച റാം പോത്തിനേനി തന്റെ ബഹുമുഖ പ്രതിഭ പ്രേക്ഷകരിലെത്തിക്കാനുള്ള ഒരുക്കത്തിലാണ്. അദ്ദേഹത്തിന്റെ ജന്മദിനം പ്രമാണിച്ചാണ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന “റാപോ23” പ്രഖ്യാപിച്ചത്. തെലുങ്ക് സിനിമയിൽ അപൂർവമായി മാത്രം വന്നിട്ടുള്ള ഒരു സ്റ്റൈലിഷ് സൈക്കോളജിക്കൽ ആക്ഷൻ ത്രില്ലർ ആയാണ് ഈ ചിത്രം ഒരുക്കാൻ പോകുന്നത്.

ഇതിലൂടെ, സീനിയർ എൻ. ടി. ആർ, കൃഷ്ണ, പവൻ കല്യാൺ തുടങ്ങിയ , സംവിധായകരായി മാറിയ താരങ്ങളുടെ എലൈറ്റ് ലിസ്റ്റിലും റാം പോത്തിനേനി ഇടം പിടിച്ചു. ഇത് കൂടാതെ, റാം പോത്തിനേനിയുടെ വീര എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ശ്രദ്ധേയമായ ജന്മദിന സ്പെഷ്യൽ പോസ്റ്ററും നിർമ്മാതാക്കൾ പുറത്തിറക്കി. ലെതർ ജാക്കറ്റ് ധരിച്ച്, പിന്നിൽ നിന്ന് റാമിനെ ചിത്രീകരിക്കുന്ന, ഇരുണ്ടതും തീവ്രവും ആകർഷകവുമായ ടോണിലുള്ള പോസ്റ്റർ ആണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. കലാപം, അപകടം, ആധിപത്യം എന്നിവയുടെ പ്രതീകമായ ധീരമായ ചുവപ്പു കളറിലുള്ള “V” എന്ന അക്ഷരം അദ്ദേഹത്തിന്റെ ജാക്കറ്റിന്റെ പുറകിൽ രേഖപ്പെടുത്തിയിരിക്കുന്നു. കൂടാതെ, “ദ സ്റ്റോറി ഓഫ് എ ലോൺ വൂൾഫ്” എന്ന ടാഗ് ലൈൻ, ഏകാന്തത, അവബോധം, സങ്കീർണ്ണമായ മാനസികാവസ്ഥ എന്നിവയാൽ നയിക്കപ്പെടുന്ന ഒരു നായകനെ സൂചിപ്പിക്കുന്നു.

തന്റെ സംവിധാന അരങ്ങേറ്റത്തിനായി രാം പോത്തിനേനി തന്നെ വിഭാവനം ചെയ്ത ശക്തവും ഗംഭീരവുമായ ആഖ്യാനം വാഗ്ദാനം ചെയ്യുന്ന ചിത്രമായിരിക്കും ഇത്. പൂർണ്ണമായും പുതിയതും മുമ്പൊരിക്കലും കണ്ടിട്ടില്ലാത്തതുമായ അവതാരത്തിൽ വീരയെ അവതരിപ്പിക്കാൻ ആണ് അദ്ദേഹം ഒരുങ്ങുന്നത്. ചിത്രത്തിന്റെ പ്രഖ്യാപന പോസ്റ്ററിന്റെ ശൈലിയിലും മാനസികാവസ്ഥയിലും ഈ പരിവർത്തനം ഇതിനോടകം തന്നെ വ്യക്തമാണ്.

ജൂണിൽ ചിത്രത്തിന്റെ റെഗുലർ ചിത്രീകരണം ആരംഭിക്കുമെന്നും ഈ വർഷം ഡിസംബറിൽ ചിത്രം റിലീസ് ചെയ്യുമെന്നും നിർമ്മാതാക്കൾ പ്രതീക്ഷിക്കുന്നു. അഭിനേതാക്കളെയും സാങ്കേതിക സംഘത്തെയും കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ വരും ദിവസങ്ങളിൽ വെളിപ്പെടുത്തും. ഇത് രാം പോത്തിനേനിയുടെ കരിയറിലെ ഇതുവരെയുള്ള ഏറ്റവും വലിയ സംരംഭങ്ങളിലൊന്നായിരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

തിരക്കഥാകൃത്ത്, സംവിധായകൻ- രാം പോത്തിനേനി, നിർമ്മാതാവ്- കൃഷ്ണ പൊത്തിനേനി, ബാനർ- റാപോ സിനിമാറ്റിക്സ്, പിആർഒ- ശബരി

നീറ്റ് യുജി 2026: പുനർപരീക്ഷ ജൂൺ 21-ന് നടക്കും; പുതിയ അപേക്ഷയോ ഫീസോ ആവശ്യമില്ല

0

ന്യൂഡൽഹി: ചോദ്യപ്പേപ്പർ ചോർച്ചയെയും മറ്റ് ക്രമക്കേടുകളെയും തുടർന്ന് റദ്ദാക്കിയ നീറ്റ് യുജി (NEET UG) 2026 പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു. കേന്ദ്ര സർക്കാരിന്റെ അനുമതിയോടെ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) ആണ് തീയതി പ്രഖ്യാപിച്ചത്. ജൂൺ 21 ഞായറാഴ്ചയാണ് പുനർപരീക്ഷ നടക്കുക.

പരീക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് എൻടിഎയുടെ ഔദ്യോഗിക ആശയവിനിമയ മാർഗ്ഗങ്ങളെ മാത്രം ആശ്രയിക്കാൻ വിദ്യാർത്ഥികളോടും രക്ഷിതാക്കളോടും അഭ്യർത്ഥിക്കുന്നു. പുനർപരീക്ഷയുമായി ബന്ധപ്പെട്ട സംശയ നിവാരണങ്ങൾക്കായി വിദ്യാർത്ഥികൾക്ക് താഴെ പറയുന്ന ഔദ്യോഗിക ഇമെയിലിലോ ഹെൽപ്പ്‌ലൈൻ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്:

  • ഇമെയിൽ: [email protected]
  • ഫോൺ നമ്പറുകൾ: 011-40759000 / 011-69227700

മെയ് 3-നായിരുന്നു ആദ്യം നീറ്റ് പരീക്ഷ നടന്നത്. എന്നാൽ, ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് പരീക്ഷാ നടത്തിപ്പിൽ അന്വേഷണ ഏജൻസികൾ ആശങ്ക പ്രകടിപ്പിക്കുകയും, പിന്നീട് കേന്ദ്ര സർക്കാരിന്റെ അനുമതിയോടെ പരീക്ഷ റദ്ദാക്കുകയുമായിരുന്നു. പരീക്ഷയ്ക്ക് മുൻപ് തന്നെ ചോദ്യങ്ങൾ അടങ്ങിയ പിഡിഎഫുകൾ (PDF) സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചുവെന്ന റിപ്പോർട്ടുകൾ വന്നതോടെയാണ് വിവാദം രൂക്ഷമായത്.

പരീക്ഷ റദ്ദാക്കിയത് ലക്ഷക്കണക്കിന് മെഡിക്കൽ വിദ്യാർത്ഥികളെ വലിയ ആശങ്കയിലാക്കിയിരുന്നു. അഡ്മിഷൻ, കൗൺസിലിംഗ്, പഠനം എന്നിവയെ ഇത് ബാധിക്കുമെന്നതിനാൽ പുതിയ പരീക്ഷാ തീയതി എത്രയും വേഗം പ്രഖ്യാപിക്കണമെന്ന് വിദ്യാർത്ഥികൾ നിരന്തരം ആവശ്യപ്പെട്ടിരുന്നു. ജൂൺ 21-ന് പരീക്ഷ നടക്കുമെന്ന് ഉറപ്പായതോടെ വിദ്യാർത്ഥികൾക്ക് ഉടൻ തന്നെ പുതിയ അഡ്മിറ്റ് കാർഡുകൾ വിതരണം ചെയ്യും.

പുനർപരീക്ഷയ്ക്കായി വിദ്യാർത്ഥികൾ വീണ്ടും അപേക്ഷ സമർപ്പിക്കുകയോ അധിക പരീക്ഷാ ഫീസ് നൽകുകയോ ചെയ്യേണ്ടതില്ലെന്ന് എൻടിഎ വ്യക്തമാക്കിയിട്ടുണ്ട്. നിലവിലെ രജിസ്ട്രേഷനുകളും നേരത്തെ സമർപ്പിച്ച ഫോമുകളും പരീക്ഷാ കേന്ദ്രമായി തിരഞ്ഞെടുത്ത നഗരങ്ങളും തുടർന്നും സാധുവായിരിക്കും. പുതിയ അഡ്മിറ്റ് കാർഡുകളും സിറ്റി ഇന്റിമേഷൻ സ്ലിപ്പുകളും പരീക്ഷാ തീയതിയോട് അടുത്ത് തന്നെ പ്രസിദ്ധീകരിക്കുന്നതാണ്.