വാരാന്ത്യ കർഫ്യൂ : ഡൽഹി നിശ്ചലമായി

കോവിഡ് വ്യാപനത്തെ തുടർന്ന് കർഫ്യു ഏർപ്പെടുത്തിയ ഡൽഹി നിശ്ചലമായി. ചന്തകൾ , ഷോപ്പിംഗ് മാളുകൾ, ഔഡിറ്റോറിയങ്ങൾ, ജിമ്മുകൾ ഉൾപ്പടെയുള്ളവ അടച്ചു. അവശ്യ സർവീസുകളെ കർഫ്യുവിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ജനങ്ങൾ കോവിഡ് പ്രോട്ടോകോൾ പാലിക്കണമെന്നും കർഫ്യുവുമായി സഹകരിക്കണമെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ വ്യക്തമാക്കി വെള്ളിയാഴ്ച്ച രാത്രി 10 മുതൽ തിങ്കളാഴ്ച രാവിലെ 5 മണി വരെയാണ് കർഫ്യു. കർഫ്യു നിയന്ത്രിക്കാൻ  പോലിസ് സേനയെ  വിന്യസിച്ചിട്ടുണ്ട്. പ്രോട്ടോകോൾ ലംഘിക്കുന്നവർക്ക് കനത്ത പിഴയും ഏർപ്പെടുത്തുന്നുണ്ട്.  ഡൽഹിയിലെ ഏറ്റവും ഉയർന്ന ഏകദിന കോവിഡ്  കണക്കുകളാണ് വെള്ളിയാഴ്ച രേഖപ്പെടുത്തിയത് .

 24 മണിക്കൂറിനിടെ 19,486 കേസുകളും 141 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്. കോവിഡ് കേസുകൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ ഡൽഹിയിലെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ വ്യക്തമാക്കി.

അന്തർസംസ്ഥാന യാത്രകൾ, റെയിൽവേ സ്റ്റേഷൻ, എയർപോർട്ട് എന്നിവടങ്ങളിലേക്ക് പോകുന്ന യാത്രികർ പാസുകളും ടിക്കറ്റുകളും കയ്യിൽ കരുതണെന്ന് അധികാരികൾ വ്യക്തമാക്കി. പൊതുഗതാഗതം ആരോഗ്യപ്രവർത്തകർ, സർക്കാർ ജീവനക്കാർ, മാധ്യമ പ്രവർത്തകർ ഉൾപ്പടെയുള്ളവർക്ക് മാത്രമായി ചുരുക്കിയിട്ടുണ്ട്.

English Summary : Weekend curfew: Delhi comes to a standstill