കപ്പലിടിച്ച് ബോട്ട് അപകടം; മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി

മംഗലാപുരം: കോഴിക്കോട് ബേപ്പൂരിൽ നിന്ന് മത്സ്യബന്ധനത്തിനു പോയി ബോട്ടപകടത്തില്‍പ്പെട്ട മൂന്ന് മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. നാവിക സേനയുടെ മുങ്ങല്‍ വിദഗ്ധരാണ് ആഴക്കടലില്‍ നിന്ന് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.

150 മീറ്ററോളം മുങ്ങി പോയാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ആറായി. ഇനി ആറ് മത്സ്യത്തൊഴിലാളികളെ കൂടി കണ്ടെത്താനുണ്ട്. ഇവര്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ നാവിക സേന തുടരും. അപകടത്തില്‍ രണ്ടു പേരെ ജീവനോടെ രക്ഷപ്പെടുത്തിയിരുന്നു.

കഴിഞ്ഞ ഞായറാഴ്ച കോഴിക്കോട് ബേപ്പൂരില്‍ നിന്ന് മീന്‍ പിടിക്കാനായി 14 തൊഴിലാളികളുമായി പുറപ്പെട്ട ബോട്ടാണ് തിങ്കളാഴ്ച അര്‍ധരാത്രിയോടെ വിദേശ ചരക്കുകപ്പലിടിച്ച് തകര്‍ന്ന് ആഴക്കടലില്‍ മുങ്ങിപ്പോയത്. അതേസമയം അപകടമുണ്ടാക്കിയ ചരക്കുകപ്പല്‍ മംഗാലാപുരം തീരത്തെത്തിച്ചു. എപിഎല്‍ ലി ഹാവ്‌റെ കപ്പലാണ് അന്വേഷണത്തിന്റെ ഭാഗമായി തുറമുഖത്ത് എത്തിച്ചത്. കപ്പലില്‍ സര്‍ക്കാര്‍ അധികൃതര്‍ പരിശോധന നടത്തും.

English Summary : Boat accident; The bodies of three more people were found