വാക്‌സിനേഷൻ കേന്ദ്രങ്ങൾ രോഗവ്യാപനകേന്ദ്രങ്ങളാക്കരുത്; ശ്രദ്ധവേണം: മുഖ്യമന്ത്രി

വാക്‌സിനേഷൻ സെന്ററുകൾ രോഗം പകർത്താനുള്ള കേന്ദ്രങ്ങളായി മാറരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ടാമത്തെ ഡോസിനു സമയമാകുന്നവരുടെ ലിസ്റ്റ് വാക്‌സിനേഷൻ കേന്ദ്രങ്ങളിലെ മാനേജർമാർ പ്രസിദ്ധീകരിക്കുകയും, അവരെ നേരിട്ട് വിളിച്ചറിയിക്കുകയും ചെയ്യും. അങ്ങനെ സമയം അറിയിക്കുമ്പോൾ മാത്രമേ വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ ചെല്ലാൻ പാടുകയുള്ളൂവെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
രണ്ടാമത്തെ ഡോസ്കിട്ടില്ലെന്ന പരിഭ്രാന്തി ആർക്കും ഉണ്ടാകേണ്ടതില്ല. 18 വയസ്സിനുശേഷമുള്ളവർക്കുള്ള വാക്‌സിനേഷൻ അല്പ ദിവസങ്ങൾ കൂടെ വൈകുന്നതായിരിക്കും. വാക്‌സിൻ നിർമ്മാതാക്കളിൽ നിന്നും വാക്‌സിൻ വാങ്ങുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. അതുകൊണ്ട് 18 വയസ്സിനു മുകളിൽ ഉള്ള എല്ലാവർക്കും വാക്‌സിൻ നാളെ മുതൽ നൽകാൻ സാധിക്കില്ല. ഇതു മനസ്സിലാക്കി വാക്‌സിൻ കേന്ദ്രങ്ങളിൽ തിരക്കുണ്ടാകാതെ നോക്കാൻ എല്ലാവരും ശ്രദ്ധിക്കണം.

ഇന്ത്യയിൽ 18 വയസ്സിനുമുകളിലുള്ളവരെ വാക്‌സിനേറ്റ് ചെയ്യണമെങ്കിൽ 93 കോടിയിൽ അധികം ആളുകൾക്ക് വാക്‌സിൻ നൽകേണ്ടതായി വരും. 45 വയസ്സിനുമുകളിലുള്ളത്30 കോടി ആളുകളാണ്. അതിൽ 12.95 കോടി ആളുകൾക്കാണ് കേന്ദ്ര സർക്കാർ ഇതുവരെ വാക്‌സിൻ ലഭ്യമാക്കിയിട്ടുള്ളത്. കേരളത്തിൽ മെയ് 30 നുള്ളിൽ 45 വയസ്സിനുമുകളിലുള്ള ആളുകൾക്ക് വാക്‌സിൻ നൽകാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ അതിനാവശ്യമായ വാക്‌സിൻ നമുക്കിതുവരെ ലഭിച്ചിട്ടില്ല.

ഇതുവരെ  രണ്ടാമത്തെ ഡോസ്കൂടെ കണക്കിലെടുത്താൽ 74 ലക്ഷത്തിൽ പരം ഡോസുകൾ വിതരണം ചെയ്തു കഴിഞ്ഞു. മെയ് 30-നുള്ളിൽ തീർക്കാൻ ലക്ഷ്യമിട്ടതിന്റെ 50 ശതമാനം പോലുമായിട്ടില്ല. അതിനാൽ കൂടുതൽ വാക്‌സിൻ ലഭ്യമാക്കാൻ വേണ്ട നടപടികൾ കേന്ദ്ര സർക്കാരിന്റെ ഭാഗത്തു നിന്നു ഉടനടി ഉണ്ടാകേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

English Summary :Vaccination centers should not be centers of transmission; Attention: CM

:

admin:
Related Post