ആര്‍ടിപിസിആര്‍ നിരക്ക് 500 തന്നെ; ലാബുകള്‍ വിസമ്മതിച്ചാല്‍ നിയമനടപടി: മുഖ്യമന്ത്രി

വിശദമായ പഠനത്തിനുശേഷമാണ് സ്വകാര്യ ലാബുകളിലെ ആര്‍ടിപിസിആര്‍ ടെസ്റ്റിന്റെ നിരക്ക് 1700 രൂപയില്‍ നിന്നും 500 രൂപയാക്കി പുതുക്കി നിശ്ചയിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ പുതിയ നിരക്കില്‍ ടെസ്റ്റ് ചെയ്യാന്‍ ചില ലാബുകള്‍ വിമുഖത കാണിക്കുന്നതായിശ്രദ്ധയില്‍പെട്ടു. ഇതുമായി ബന്ധപ്പെട്ട പരാതികള്‍ ഉണ്ടെങ്കില്‍ അതു ചര്‍ച്ച ചെയ്യാകുന്നതാണ്. പക്ഷേ, ആര്‍ടിപിസിആര്‍ ടെസ്റ്റ് ചെയ്യില്ല എന്ന നിലപാട് ഒരു കാരണവശാലും എടുക്കാന്‍ പാടില്ല. രോഗവ്യാപനം കൂടുന്ന സാഹചര്യത്തില്‍ അത്തരമൊരു നിഷേധാത്മക നിലപാട് ആരും സ്വീകരിക്കരുത്. സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍ ടെസ്റ്റ് നടത്തണം. വിസമ്മതിക്കുന്നവര്‍ക്കെതിരെ ആവശ്യമായ നിയമ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിപണി നിരക്കിനെ അടിസ്ഥാനമാക്കിഈ ടെസ്റ്റിനാവശ്യമായ സംവിധാനങ്ങള്‍ക്ക് വരുന്ന ചെലവ് 240 രൂപയോളമാണ്. ടെസ്റ്റ് നടത്താന്‍ ആവശ്യമായ മനുഷ്യവിഭവം കൂടെ കണക്കിലെടുത്താണ് 500 രൂപയായി നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. മറ്റു പല സംസ്ഥാനങ്ങളിലും ഇക്കാര്യം സമാനമായ രീതിയിലാണ് നടപ്പിലാക്കിയത്.

സംസ്ഥാനത്ത് ഭൂരിപക്ഷം സ്ഥാപനങ്ങളും ഇതുമായി പൂര്‍ണമായും സഹകരിക്കുന്നുണ്ട്. അല്ലാത്തവരും സഹകരിക്കണം എന്നാണ് സര്‍ക്കാര്‍  ആഗ്രഹിക്കുന്നത്. ടെസ്റ്റ് നടത്തുന്നതില്‍ വിമുഖത കാണിക്കുന്നത് ഒരു തരത്തിലും സര്‍ക്കാറിന് അംഗീകരിക്കാന്‍ സാധിക്കില്ല. ആര്‍ടിപിസിആറിന് പകരം ചെലവ് കൂടുതലുള്ള ട്രൂ നാറ്റ്  ടെസ്റ്റ് നടത്താന്‍ പ്രേരിപ്പിക്കുന്നു എന്ന വാര്‍ത്തയും വന്നു. ഇത് ഒരസാധാരണ സാഹചര്യമാണ് എന്ന് എല്ലാവരും മനസ്സിലാക്കണം. ലാഭമുണ്ടാക്കാനുള്ള സന്ദര്‍ഭമല്ല ഇതെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.

English Summary :RTPCR rate is 500; Legal action if labs refuse: CM

admin:
Related Post