ന്യുഡൽഹി: തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ രണ്ടും കൽപ്പിച്ച് ഇറങ്ങുകയാണ് ബീഹാർ. ബിഹാറിൽ ഇന്ത്യാ സഖ്യം അധികാരത്തിലെത്തിയാൽ ഒരു വീട്ടിൽ ഒരാൾക്ക് സർക്കാർ ജോലി നൽകുമെന്ന വമ്പൻ പ്രഖ്യാപനവുമായി ആർജെഡി നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്. അധികാരമേറ്റു കഴിഞ്ഞാൽ ആദ്യത്തെ മന്ത്രിസഭായോഗത്തിൽ തന്നെ ഈ നിർദേശത്തിൽ ഒപ്പുവയ്ക്കുമെന്നും 20 മാസത്തിനുള്ളിൽ സർക്കാർ ജോലിക്കാരില്ലാത്ത ഒരു വീടുപോലും ബിഹാറിൽ ഉണ്ടാകില്ലെന്നും അദ്ദേഹം വാക്ക് നൽകി.
‘‘20 വർഷമായി യുവാക്കൾക്കു ജോലി നൽകാൻ എൻഡിഎ സർക്കാരിനു സാധിക്കുന്നില്ല. ഞങ്ങൾ അധികാരത്തിലെത്തിയാൽ എല്ലാ വീടുകളിലും സർക്കാർ ജോലിയുള്ള ഒരാളെങ്കിലും ഉണ്ടായിരിക്കുമെന്ന് ഉറപ്പു നൽകുകയാണ്. സർക്കാർ രൂപീകരിച്ച് 20 ദിവസത്തിനകം ഇതിനായി നിയമമുണ്ടാക്കും. 20 മാസത്തിനുള്ളിൽ സർക്കാർ ജോലിക്കാരില്ലാത്ത ഒരു വീടുപോലും ബിഹാറിൽ ഉണ്ടാകില്ല.’’ – തേജസ്വി വാർത്താസമ്മേളനത്തിൽ പ്രതികരിച്ചു.
മുംബൈ: കിയെർ സ്റ്റാർമർ ബ്രിട്ടീഷ് പ്രധാനമന്ത്രി ആയ ശേഷമുള്ള ആദ്യ ഇന്ത്യ സന്ദർശനം തുടരുന്നു. സ്വതന്ത്ര വ്യാപാര കരാർ ഇരു രാജ്യങ്ങൾക്കും ഗുണകരമായെന്ന് സന്ദർശനത്തിനു ശേഷമുള്ള സംയുക്ത പ്രസ്ഥാവനയിൽ മോദിയും സ്റ്റാർമറും വ്യക്തമാക്കി. പത്ത് വര്‍ഷത്തെ കര്‍മ്മപദ്ധതിയായ വിഷന്‍2-035 അനുസരിച്ചുള്ള പങ്കാളിത്തത്തിന്റെ പുരോഗതി ഇരു നേതാക്കളും വിലയിരുത്തും.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഇന്ത്യയിലേക്കുള്ള പ്രവേശനമാണ് പ്രധാനമായും ചർച്ചയായത്. യുകെയിലെ 9 സർവകലാശാലകൾ ഇന്ത്യയിൽ കാമ്പസുകളാരംഭിക്കും. നേരത്തേയുണ്ടായ കരാറനുസരിച്ച് ഗുരുഗ്രാമിൽ ആദ്യ വിദ്യാഭ്യാസ സ്ഥാപനം ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. ഇസ്രായേൽ പലസ്തീൻ യുദ്ധവും റഷ്യ യുക്രൈൻ യുദ്ധവും ചർച്ചയായി. കിയെർ സ്റ്റാര്‍മറിന്റെ സന്ദര്‍ശനത്തെ ‘ചരിത്രപരം’ എന്നാണ് മോദി വിശേഷിപ്പിച്ചത്. ഇന്ത്യയും ബ്രിട്ടൻ ബന്ധങ്ങൾ ശക്തമാണെന്ന് ഇരു രാജ്യങ്ങളും വ്യക്തമാക്കുന്നു.
100-ലധികം ബ്രിട്ടീഷ് ബിസിനസ് പ്രമുഖരടങ്ങുന്ന സംഘമാണ് സ്റ്റാര്‍മറിനൊപ്പം ഇന്ത്യയിലെത്തിയത്. ചരിത്രത്തിലെ ഏറ്റവും വലിയ വ്യാപാര പ്രതിനിധി സംഘമാണ് ബ്രിട്ടിഷ് പ്രധാനമന്ത്രിയോടൊപ്പമുള്ളത്. സ്കോച്ച് വിസ്കി കമ്പനികളും സംഘത്തിലുണ്ടെന്ന് നേരത്തേ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. സ്വതന്ത്ര വ്യാപാര കരാറിന്റെ ഭാഗമായി വിസ്കിയുടെ നികുതി 150 ശതമാനത്തിൽ നിന്ന് 75 ശതമാനമായി കുറഞ്ഞിരുന്നു.
തിരുവനന്തപുരം: കേരളത്തിന് പുതിയ വന്ദേ ഭാരത് ട്രെയിൻ അനുവദിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് മൂന്നാം വന്ദേ ഭാരത് ട്രെയിൻ കേരളത്തിന് അനുവദിച്ചത് അദ്ദേഹം അറിയിച്ചത്. എറണാകുളത്ത് നിന്ന് തൃശൂർ, പാലക്കാട് വഴി ബംഗളൂരുവിലേക്കാണ് ട്രെയിൻ സർവീസ് നടത്തുക. നവംബർ പകുതിയോടെ സർവീസ് തുടങ്ങുമെന്ന് റെയിൽവേ മന്ത്രി അറിയിച്ചതായി രാജീവ് ചന്ദ്രശേഖർ പോസ്റ്റിൽ പറഞ്ഞു.
ഫെയ്സ്ബിക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം:
എറണാകുളത്ത് നിന്നും തൃശൂർ, പാലക്കാട് വഴി ബെംഗലൂരുവിലേക്ക് വന്ദേഭാരത് ട്രെയിൻ അനുവദിച്ച കേന്ദ്ര സർക്കാരിന് നന്ദി.
ഐടി മേഖലയിലടക്കം ഒട്ടേറെ മലയാളികൾ ജോലി ചെയ്യുന്ന നഗരമാണ് ബെംഗലൂരു. അവിടേയ്ക്ക് കേരളത്തിൽ നിന്നും കൂടുതൽ ട്രെയിനുകൾ അനുവദിക്കണമെന്നത് വളരെ നാളായുള്ള ആവശ്യമാണ്. ഇക്കാര്യം ഒരു മാസം മുൻപ് റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ് ജിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഉടൻ തന്നെ അനുകൂല തീരുമാനം ഉണ്ടായതിന് അദ്ദേഹത്തിന് നന്ദി അറിയിക്കുന്നു.നവംബർ പകുതിയോടെ ഈ ട്രെയിൻ സർവ്വീസ് തുടങ്ങുമെന്ന് അദ്ദേഹം ഉറപ്പ് നൽകിയിട്ടുണ്ട്. നിലവിൽ ഉത്സവ സീസണിലും വിശേഷ ദിവസങ്ങളിലും ഈ റൂട്ടിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. മാത്രമല്ല, മറ്റ് ഗതാഗത മാർഗങ്ങൾ തേടുന്നവർക്ക് അമിത യാത്രാക്കൂലിയും നൽകേണ്ടി വരുന്നുണ്ട്.
പുതിയ വന്ദേഭാരത് സർവ്വീസ് ബെംഗലൂരു മലയാളികളെ സംബന്ധിച്ച് ഏറെ ആശ്വാസകരമാകും. കേരളത്തിൻ്റെ സമഗ്ര വികസനം മുന്നിൽക്കണ്ട് അനുകൂല തീരുമാനങ്ങളെടുക്കുന്ന കേന്ദ്ര സർക്കാരിന് ഒരിക്കൽ കൂടി നന്ദി അറിയിക്കുന്നു.
മുംബൈ: ഇന്ത്യക്കാരുടെ ഇഷ്ട സ്കോച്ച് വിസ്കി ബ്രാൻഡുകളായ ജോണി വാക്കറിനും ഗ്ലെൻഫിഡിച്ചിനുമൊക്കെ വില കുത്തനെയിടിഞ്ഞേക്കും. സ്വതന്ത്ര വ്യാപാര കരാറിന്റെ ഭാഗമായി സ്കോച്ച് വിസ്കി വ്യവസായത്തിന് വൻ നികുതിയിളവുകൾക്കാണ് യുകെയുമായി ധാരണയാവുന്നത്. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയിർ സ്റ്റാർമറുടെ ആദ്യ ഇന്ത്യാ സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് സ്കോച്ച് വിസ്കി വ്യവസായവുമായി ബന്ധപ്പെട്ടാണ്.
ഇന്ത്യ-യുകെ വ്യാപാര കരാറിലൂടെ സ്കോച്ച് വിസ്കികളുടെ നികുതി 150 ശതമാനത്തിൽ നിന്ന് 75 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ഇതിനനുസരിച്ച് വിലക്കുറവുണ്ടായാൽ ഇന്ത്യയിലെ സ്കോച്ച് വിസ്കി പ്രേമികൾക്ക് സന്തോഷവാർത്തയാണത്. പ്രീമിയം സ്കോച്ചു വിസ്കികളുടെ ഏറ്റവും വലിയ മാർക്കറ്റുകളിലൊന്നാണ് ഇന്ത്യ.
കഴിഞ്ഞ ജൂലായിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലണ്ടൻ സന്ദർശനത്തിൽ ഇന്ത്യ യുകെയുമായി സ്വതന്ത്ര വ്യാപാര കരാർ ഒപ്പു വെച്ചത്. കരാറനുസരിച്ച് ടെക്സ്റ്റൈൽ വ്യവസായം, കാറുകൾ, വിസ്കി തുടങ്ങിയവയ്ക്കൊക്കെ നികുതി കുറയും. ഇതിലൂടെ സ്കോട്ടിഷ് സമ്പദ് വ്യവസ്ഥയിൽ 190 മില്യൺ പൗണ്ടിന്റെ ഉത്തേജനമാണ് പ്രതീക്ഷിക്കുന്നത്. റിപ്പോർട്ടുകളനുസരിച്ച് ഇന്ത്യയിലെത്തിയ സ്റ്റാർമർ കേന്ദ്രമന്ത്രിമാരുമായും വ്യവസായികളുമായും കൂടിക്കാഴ്ച നടത്തും.
സ്കോച്ച് വിസ്കി അസോസിയേഷൻ അംഗങ്ങളും വ്യവസായികളും സ്റ്റാർമറുടെ കരാറിന് പൂർണ പിന്തുണയുമായി രംഗത്തുണ്ട്. വിസ്കി വിൽപ്പനയിൽ വർഷം ഒരു ബില്യൺ പൗണ്ട് നേടാനും 1000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ആണ് യുകെ ലക്ഷ്യമിടുന്നത്. ഇംഗ്ലണ്ടിലെ പ്രധാന മദ്യ കമ്പനിയായ ഡിയാജിയോ പിഎൽസിയുടേയും സ്കോച്ച് വിസ്കി അസോസിയേഷൻ പ്രതിനിധികളും സ്റ്റാർമറുടെ സംഘത്തിനൊപ്പമുണ്ട്.
കോഴിക്കോട്: താമരശേരി താലൂക്ക് ആശുപത്രിയിൽ ഡോക്റ്റർക്ക് വെട്ടേറ്റു. ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. വിപിന്‍റെ തലയ്ക്കാണു വെട്ടേറ്റത്. താമരശേരിയിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച ഒമ്പതു വയസുകാരിയുടെ അച്ഛൻ സനൂപാണ് ഡോ. വിപിനെ വെട്ടിപ്പരുക്കേൽപ്പിച്ചത്.
മകളെ കൊന്നവനല്ലേ എന്ന് ആക്രോശിച്ചായിരുന്നു ഡോക്റ്റർക്കു നേരെ ആക്രമണം നടന്നത്. വെട്ടേറ്റ ഡോക്റ്ററുടെ പരുക്ക് ഗുരുതരമല്ല. 2025 ആഗസ്റ്റ് 14 നായിരുന്നു അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സനൂപിന്‍റെ മകൾ അനയ മരിച്ചത്. ഡോക്റ്ററെ വെട്ടിപ്പരുക്കേൽപ്പിച്ച സനൂപിനെ പൊലീസ് അറസ്റ്റ് ചെയ്തു.
കണ്ണൂർ : ന്യൂമാഹിയിൽ ബിജെപി-ആർഎസ്എസ് പ്രവർത്തകരെ ബൈക്ക് തടഞ്ഞുനിർത്തി ബോംബെറിഞ്ഞ് വെട്ടിക്കൊലപ്പെടുത്തിയ കേസിൽ കൊടി സുനിയടക്കം മുഴുവൻ പ്രതികളെയും വെറുതെ വിട്ടു.14 പ്രതികളെയാണ് വെറുതെവിട്ടത്. തലശ്ശേരി അഡീഷണൽ ജില്ല സെഷൻസ് കോടതിയുടെതാണ് വിധി. തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്. മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവർ ഉൾപ്പെടെ 16 സിപിഐഎം പ്രവർത്തകരാണ് കേസിലെ പ്രതികൾ.
2010 മേയ് 28ന് രാവിലെ 11ന് ന്യൂമാഹി പെരിങ്ങാടി റോഡിൽ കല്ലായിയിൽ വെച്ചാണ് കൊലപാതകം.മാഹി കോടതിയിൽ ഹാജരായി തിരിച്ചു വരുമ്പോൾ ബൈക്ക് തടഞ്ഞുനിർത്തി ബോംബെറിഞ്ഞ് വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. ജനുവരി 22നാണ് കേസിൻറെ വിചാരണ തുടങ്ങുന്നത്.ബോബേറിഞ്ഞ സ്ഥലം സാഹചര്യ തെളിവുകൾ എന്നിവയെല്ലാം കണ്ടെത്താൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി കണ്ടെത്തി.
ലാഹോർ: അഫ്ഗാൻ അതിർത്തിക്ക് സമീപം ഇസ്ലാമിക് ഭീകരർ നടത്തിയ ആക്രമണത്തിൽ രണ്ട് ഓഫീസർമാർ ഉൾപ്പെടെ പാകിസ്ഥാൻ അർദ്ധസൈനിക വിഭാഗത്തിലെ പതിനൊന്ന് അംഗങ്ങൾ കൊല്ലപ്പെട്ടു. അർദ്ധസൈനിക വിഭാഗത്തിന്റെ ഒരു സംഘത്തെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്ന് വൃത്തങ്ങൾ പറയുന്നു. അക്രമികളെ കണ്ടെത്താൻ സുരക്ഷാ സേന തിരച്ചിൽ ആരംഭിച്ചിട്ടുണ്ടെങ്കിലും സർക്കാർ ഇതുവരെ ഔദ്യോഗിക പ്രസ്താവന പുറപ്പെടുവിച്ചിട്ടില്ല.
വടക്കുപടിഞ്ഞാറൻ ജില്ലയായ കുറാമിൽ ഒരു വലിയ കൂട്ടം തീവ്രവാദികൾ വെടിയുതിർക്കുന്നതിനുമുമ്പ് വാഹനവ്യൂഹത്തിന് നേരെ ഓഡ്‌സൈഡ് ബോംബുകൾ പതിച്ചതായി അഞ്ച് പാകിസ്ഥാൻ സുരക്ഷാ ഉദ്യോഗസ്ഥർ റോയിട്ടേഴ്‌സിനോട് പറഞ്ഞു. റോയിട്ടേഴ്‌സ് റിപ്പോർട്ടർക്ക് നൽകിയ പ്രസ്താവനയിൽ ആക്രമണത്തിന്റെ ഉത്തരവാദിത്തം പാകിസ്ഥാൻ താലിബാൻ ഏറ്റെടുത്തു. അഭിപ്രായത്തിനായുള്ള അഭ്യർത്ഥനകളോട് സൈന്യത്തിന്റെ പബ്ലിക് റിലേഷൻസ് വിഭാഗം ഉടൻ പ്രതികരിച്ചില്ല.
സമീപ മാസങ്ങളിൽ, സർക്കാരിനെ അട്ടിമറിക്കാനും ഇസ്ലാമിക ഭരണത്തിന്റെ കർശനമായ വ്യാഖ്യാനം അടിച്ചേൽപ്പിക്കാനും ശ്രമിക്കുന്ന തെഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ (ടിടിപി) സുരക്ഷാ സേനയ്‌ക്കെതിരെ ആക്രമണം ശക്തമാക്കിയിട്ടുണ്ട്. പാകിസ്ഥാനിൽ ആക്രമണങ്ങൾ ആസൂത്രണം ചെയ്യാനും അയൽരാജ്യമായ അഫ്ഗാനിസ്ഥാനെ ഉപയോഗിക്കുന്നതായി ഇസ്ലാമാബാദ് ആരോപിച്ചു, എന്നാൽ അഫ്ഗാൻ ഭരണകൂടം ഈ ആരോപണം നിഷേധിക്കുന്നു.
ആറ്റിങ്ങൽ : തെങ്ങുകയറ്റ തൊഴിലാളി കടന്നൽ കുത്തേറ്റ് മരിച്ചു. നഗരൂർ വെള്ളല്ലൂർ കുറക്കോട്ടുകോണം പാറവിള വീട്ടിൽ ജി. ആനന്ദൻ (64) ആണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം വെള്ളല്ലൂർ സ്വദേശിയുടെ സ്വകാര്യ പുരയിടത്തിൽ നിന്നും തേങ്ങ വെട്ടുവാനായി തെങ്ങിന്റെ മുകളിൽ കയറിയപ്പോൾ തെങ്ങിൽ കൂടു വച്ചിരുന്ന കൂറ്റൻ കടന്നൽ ആനന്ദനെ കൊത്തുകയായിരുന്നു. തലയിലും, ശരീര ഭാഗങ്ങളിൽ കടന്നൽ കൂട്ടമായി ആക്രമിച്ച് കൊത്തുകയായിരുന്നു. ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. രക്തത്തിൽ പൂർണ്ണമായും വിഷാംശം കലർന്നതാകാം മരണകാരണമെന്നാണ് ആശുപത്രി അധികാരികൾ പറയുന്നത്.
ആസിഫ് അലി, തുളസി ഹരിദാസ്, ശ്രേയ രുക്മിണി എന്നിവർ പ്രധാന കഥാപാത്രങ്ങളായി, സേതുനാഥ് പത്മകുമാർ ആദ്യമായി സംവിധാനം ചെയ്ത ‘ആഭ്യന്തര കുറ്റവാളി’ ഒക്ടോബർ 17-ന് ZEE5 ഇൽ പ്രീമിയർ ചെയ്യും.
ആസിഫ് അലിയെ കൂടാതെ, ജഗദീഷ്, വിജയകുമാർ,അസീസ് നെടുമങ്ങാട്, ആനന്ദ് മന്മഥൻ, സിദ്ധാർഥ് ഭരതൻ, ഹരിശ്രീ അശോകൻ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ വേഷമിടുന്നു.നൈസാം സലാം ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. കുടുംബജീവിതത്തിൽ തോറ്റു പോകുന്ന ചില പുരുഷന്മാരുടെ നേർക്കാഴ്ചയാണ് ചിത്രം പങ്കുവയ്ക്കുന്നത്. ആസിഫ് അലിയുടെ ശക്തമായ പ്രകടനവും റിയലിസ്റ്റിക് സമീപനവും കൊണ്ട് ശ്രദ്ധേയമാണ് ആഭ്യന്തര കുറ്റവാളി.
ഗാർഹിക പീഡന നിയമത്തിന്റെ മറുവശം, അല്ലെങ്കിൽ അതിന്റെ ദുരുപയോഗം എന്ന വിഷയം ഇന്ന് സമൂഹത്തിൽ വലിയ ചർച്ചകൾക്ക് വഴിവയ്ക്കുന്ന ഒന്നാണ്. ഈ വിഷയത്തെ റിയലിസ്റ്റിക് ആയി കോമഡിയുടെ മേമ്പൊടിയോടെ അവതരിപ്പിച്ചിരിക്കുകയാണ് സേതുനാഥ് പത്മകുമാർ.തെറ്റുചെയ്യാതെ ശിക്ഷിക്കപ്പെടുന്ന ചില മനുഷ്യരുടെ കഥയാണ് ആഭ്യന്തര കുറ്റവാളി പറയുന്നത്.
ചിത്രത്തിലെ പശ്ചാത്തല സംഗീതം രാഹുൽ രാജിന്റേതാണ്. ഗാനങ്ങൾക്ക് ഈണം പകർന്നത് ബിജിബാലും ക്രിസ്റ്റി ജോബിയുമാണ്. അജയ് ഡേവിഡ് കാച്ചപ്പള്ളി ഛായാഗ്രഹണവും സോബിൻ കെ സോമൻ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു.ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ OTT പ്ലാറ്റ്ഫോമായ ZEE5, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആഭ്യന്തര കുറ്റവാളി.
സ്ത്രീകളെ സംരക്ഷിക്കുന്നതിൽ 498A വകുപ്പ് നിർണായകമാണെങ്കിലും, ഒരാളെ തെറ്റായി കുറ്റപ്പെടുത്തുമ്പോൾ എന്താണ് സംഭവിക്കുന്നത് എന്ന ചോദ്യവും ചിത്രം മുന്നോട്ടു വെക്കുന്നു. ആഭ്യന്തര കുറ്റവാളി ഇന്നത്തെ സമൂഹം ചർച്ച ചെയ്യപ്പെടേണ്ട ഒരു പ്രമേയം ആണെന്ന് ചിത്രം ZEE5 ഇൽ പ്രീമിയർ ചെയ്യുന്നതിൽ ഒരുപാട് സന്തോഷം ഉണ്ടെന്ന് സംവിധായകൻ സേതുനാഥ് പത്മകുമാർ പറഞ്ഞു.
ഈ ചിത്രം ലോകമെമ്പാടുമുള്ള പ്രേക്ഷകരിലെത്തിക്കാൻ ZEE5 മുന്നോട്ടു വന്നതിൽ ഒരുപാട് സന്തോഷം ഉണ്ടെന്ന് അസിഫ് അലി കൂട്ടിച്ചേർത്തു. പ്രേക്ഷകർ കാത്തിരുന്ന വേൾഡ് പ്രീമിയർ “ആഭ്യന്തര കുറ്റവാളി” ഒക്ടോബർ 17 ന് ZEE5-ൽ മാത്രം.
തമിഴ് താരം സിലമ്പരസനെ നായകനാക്കി വെട്രിമാരൻ ഒരുക്കുന്ന ചിത്രം ‘അരസൻ. വി ക്രിയേഷൻസിന്റെ ബാനറിൽ കലൈപ്പുലി എസ് താണു ആണ് ചിത്രം നിർമ്മിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ ആരാധകരെ ആവേശം കൊള്ളിക്കുന്ന ഒരു എക്സ്ക്ലൂസീവ് പോസ്റ്റർ പുറത്ത് വിട്ടു കൊണ്ടാണ് ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചത്. ‘അസുരൻ” എന്ന ചിത്രത്തിന് ശേഷം വെട്രിമാരൻ – കലൈപ്പുലി എസ് താണു ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
ദേശീയ പുരസ്‍കാര ജേതാവായ വെട്രിമാരൻ ആദ്യമായാണ് സിലമ്പരസൻ എന്ന സിമ്പുവുമായി ഒരു ചിത്രത്തിനായി ഒന്നിക്കുന്നത്. അതിശക്തമായ ഒരു കഥാപാത്രമാണ് ചിത്രത്തിൽ സിമ്പു അവതരിപ്പിക്കുക എന്ന സൂചനയാണ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ നൽകുന്നത്. ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ, അണിയറ പ്രവർത്തകർ, സാങ്കേതിക പ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിശദാംശങ്ങൾ വൈകാതെ പുറത്ത് വിടും.
തൻ്റെ അഭിനയവും വൈവിധ്യവും കൊണ്ട് പ്രേക്ഷകരെ നിരന്തരം ആകർഷിച്ച സിലമ്പരസൻ, തന്റെ കരിയറിലെ നാഴികല്ലായി തീരാവുന്ന ഒരു കഥാപാത്രമായി അരസനിലൂടെ മാറാനൊരുങ്ങുകയാണ്. തങ്ങളുടെ പ്രിയപ്പെട്ട താരത്തിന്റെ രാജകീയ തിരിച്ചുവരവിനായി കാത്തിരിക്കുന്ന ആരാധകരിൽ വലിയ പ്രതീക്ഷയാണ് ഈ ചിത്രം ഇതിനോടകം സൃഷ്ടിച്ചിരിക്കുന്നത്.
പൊല്ലാതവൻ, ആടുകളം, വിസാരണൈ, വട ചെന്നൈ, അസുരൻ, വിടുതലൈ 1, വിടുതലൈ 2 എന്നിവക്ക് ശേഷം വെട്രിമാരൻ ഒരുക്കുന്ന ചിത്രമാണ് “അരസൻ” . പിആർഒ- ശബരി
ഫാസിൽ മുഹമ്മദ് രചനയും സംവിധാനവും നിർവഹിച്ച “ഫെമിനിച്ചി ഫാത്തിമ” എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്ത്. ഒക്ടോബർ 10 ന് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തീയേറ്ററുകളിലെത്തിക്കുന്നത്. എഎഫ്ഡി സിനിമാസുമായി സഹകരിച്ച് സുധീഷ് സ്കറിയയും താമർ കെവിയും ചേർന്ന് നിർമ്മിച്ച ഈ ചിത്രം അവതരിപ്പിക്കുന്നത് താമർ. ഫാത്തിമ എന്ന് പേരുള്ള ഒരു സ്ത്രീയുടെ കുടുംബ ജീവിതത്തിലൂടെയും ഒരു പഴയ “കിടക്ക” അവരുടെ ജീവിതത്തിൽ കൊണ്ട് വരുന്ന മാറ്റങ്ങളിലൂടെയുമാണ് ചിത്രം സഞ്ചരിക്കുന്നതെന്ന് ട്രെയ്‌ലർ സൂചിപ്പിക്കുന്നു. വളരെ റിയലിസ്റ്റിക് ആയാണ് ചിത്രത്തിന്റെ കഥ അവതരിപ്പിച്ചിരിക്കുന്നതെന്നും ട്രെയ്‌ലർ കാണിച്ചു തരുന്നുണ്ട്.
ടൈറ്റിൽ കഥാപാത്രമായ ഫാത്തിമയായി ഷംല ഹംസ അഭിനയിച്ച ചിത്രത്തിൽ കുമാർ സുനിൽ, വിജി വിശ്വനാഥ്, പ്രസീത, രാജി ആർ ഉൻസി, ബബിത ബഷീർ, ഫാസിൽ മുഹമ്മദ് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. ഹാസ്യത്തിനും വൈകാരിക മുഹൂർത്തങ്ങൾക്കും പ്രാധാന്യം കൊടുത്താണ് ചിത്രം കഥ പറയുന്നത്. ഇതിനോടകം തന്നെ പ്രശസ്ത ചലച്ചിത്രമേളകളിൽ വലിയ നിരൂപക പ്രശംസ നേടിയെടുത്ത ചിത്രം കൂടിയാണ് “ഫെമിനിച്ചി ഫാത്തിമ”
IFFK FIPRESCI – മികച്ച അന്താരാഷ്ട്ര ചിത്രം, NETPAC മികച്ച മലയാള ചിത്രം, സ്പെഷ്യൽ ജൂറി അന്താരാഷ്ട്ര ചിത്രം, ഓഡിയൻസ് പോൾ അവാർഡ് – IFFK, FFSI കെ ആർ മോഹനൻ അവാർഡ്, BIFF-ലെ ഏഷ്യൻ മത്സരത്തിൽ പ്രത്യേക ജൂറി പരാമർശം, ബിഷ്കെക് ഫിലിം ഫെസ്റ്റിവൽ കിർഗിസ്ഥാനിലെ ഔദ്യോഗിക തിരഞ്ഞെടുപ്പ്, FIPRESCI ഇന്ത്യ 2024 ലെ മികച്ച രണ്ടാമത്തെ ചിത്രം, 2024 ലെ കേരളത്തിലെ മികച്ച ചിത്രത്തിനും മികച്ച രണ്ടാമത്തെ നായികക്കുമുള്ള ക്രിട്ടിക്സ് അവാർഡ്, മികച്ച സംവിധായകനും മികച്ച തിരക്കഥക്കും ഉള്ള പത്മരാജൻ അവാർഡ്, മികച്ച ചിത്രത്തിനും മികച്ച രണ്ടാമത്തെ നടനും ഉള്ള ജെസി ഡാനിയേൽ ഫൗണ്ടേഷൻ അവാർഡ്, മികച്ച നടിക്കും മികച്ച തിരക്കഥക്കും ഉള്ള പ്രേംനസീർ ഫൗണ്ടേഷൻ അവാർഡ്, മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സത്യജിത്ത് റായ് ഫിലിം സൊസൈറ്റി അവാർഡ്, ഇന്തോ-ജർമ്മൻ ഫിലിം ഫെസ്റ്റിവലിൽ ഔദ്യോഗിക തിരഞ്ഞെടുപ്പ്, മെൽബൺ ഫിലിം ഫെസ്റ്റിവൽ തിരഞ്ഞെടുപ്പ് എന്നിവയുൾപ്പെടെ ഒട്ടേറെ അംഗീകാരങ്ങളും വേദികളുമാണ് ചിത്രത്തിന് ഇതിനോടകം ലഭിച്ചത്.
ഛായാഗ്രഹണം – പ്രിൻസ് ഫ്രാൻസിസ്, എഡിറ്റിംഗ്- ഫാസിൽ മുഹമ്മദ്, പശ്ചാത്തല സംഗീതം – ഷിയാദ് കബീർ, സൗണ്ട് ഡിസൈൻ – ലോ എൻഡ് സ്റ്റുഡിയോ, റീ റെക്കോർഡിങ് – സച്ചിൻ ജോസ്, ഡിഐ, കളറിസ്റ്റ് – ജോജിൽ ഡി. പാറക്കൽ, അസോസിയേറ്റ് ഡയറക്ടർ – പ്രശോഭ് കുന്നംകുളം, മുസ്തഫ സർഗം, വിഷ്വൽ ഇഫക്റ്റ്സ് – വിനു വിശ്വൻ, അസിസ്റ്റന്റ് ഡയറക്ടർ- ആഗ്നി, അഭിലാഷ് സി, ഡിഐ എഡിറ്റിംഗ് – ഹിഷാം യൂസഫ് പിവി, സബ്ടൈറ്റിൽ – ഫിൽ ഇൻ ദി ബ്ലാങ്ക്സ്, ടൈറ്റിൽ ഡിസൈൻ – നജീഷ് പി എൻ, പിആർഒ- ശബരി
മുൻനിര ശാസ്ത്രജ്ഞരുടെ പട്ടികയിൽ 37 പേരുമായി അമൃത സർവകലാശാല
അമൃതപുരി (കൊല്ലം) : അമേരിക്കയിലെ സ്റ്റാൻഫോർഡ് സർവ്വകലാശാല പുറത്തിറക്കിയ ലോകത്തിലെ ഏറ്റവും മികച്ച 2 ശതമാനം ശാസ്ത്രജ്ഞരുടെ പട്ടികയിൽ തുടർച്ചയായി ആറാം തവണയും ഇടം നേടി അമൃത വിശ്വവിദ്യാപീഠത്തിലെ ശാസ്ത്രജ്ഞർ. അമൃത വിശ്വവിദ്യാപീഠത്തിന്റെ വിവിധ ക്യാമ്പസുകളിൽ നിന്നുള്ള 37 ശാസ്ത്രജ്ഞരാണ് ഇത്തവണ സ്റ്റാൻഫോർഡ് സർവകലാശാലയുടെ, ഏറ്റവും മികച്ച ശാസ്ത്രജ്ഞരുടെ പട്ടികയിൽ ഇടം നേടിയത്. പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധങ്ങളുടെ സമഗ്രമായ വിലയിരുത്തലിന്റെയും ഗവേഷണ ശ്രമങ്ങൾക്കായി നീക്കിവച്ചിട്ടുള്ള വർഷങ്ങളുടെയും അടിസ്ഥാനത്തിലാണ് ലോകത്തെ മികച്ച ശാസ്ത്രജ്ഞരുടെ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ശാസ്ത്ര നേട്ടങ്ങൾ അളക്കുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട ഡാറ്റാ ബെയ്‌സുകളിൽ ഒന്നായ സ്റ്റാൻഫോർഡ്-എൽസെവിയർ ഗ്ലോബലിന്റെ എച്ച്-ഇൻഡക്സ്, സൈറ്റേഷനുകൾ, ഇമ്പാക്റ്റ് കോമ്പോസിറ്റ് ഇൻഡിക്കേറ്ററുകൾ എന്നിവ പോലുള്ള കർശനമായ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് സ്റ്റാൻഫോർഡ് സർവ്വകലാശാല ലോകത്തിലെ ഏറ്റവും മികച്ച ശാസ്ത്രജ്ഞരുടെ പട്ടിക തയ്യാറാക്കുന്നത്. മെഡിസിൻ, എഞ്ചിനീയറിംഗ്, കമ്പ്യൂട്ടിംഗ്, ബിസിനസ്സ്, പൊതുജനാരോഗ്യം, ബയോടെക്നോളജി, ദന്തശാസ്ത്രം, ഭൗതികശാസ്ത്രം എന്നിവയുൾപ്പെടെ നിരവധി മേഖലകളിൽ നിന്നുള്ളവർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ജീവൻ രക്ഷാ മരുന്നുകൾ ഉൾപ്പെടെയുള്ള ആരോഗ്യ രംഗത്തെ സുപ്രധാന ഗവേഷണങ്ങൾ മുതൽ സുസ്ഥിര സാങ്കേതികവിദ്യകൾ, സാമൂഹികമായി സ്വാധീനമുള്ള കണ്ടെത്തലുകൾ എന്നിവ നടത്തിയവരാണ് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. അംഗീകാരം ലഭിച്ചവരിൽ നാലുപേർ അമൃത വിശ്വവിദ്യാപീഠത്തിലെ തന്നെ പൂർവ്വവിദ്യാർത്ഥികളുമാണ്. പട്ടികയിലെ ഓരോരുത്തരുടെ പേരിനു പിന്നിലും വർഷങ്ങളുടെ സമർപ്പണത്തിന്റെയും ഗവേഷണത്തിന്റെയും കഥയുണ്ടെന്നും ഞങ്ങളുടെ കുടുംബത്തിലെ 37 ഫാക്കൽറ്റി അംഗങ്ങളെ സ്റ്റാൻഫോർഡിന്റെ പട്ടിക പോലുള്ള ഒരു ആഗോള പ്ലാറ്റ്‌ഫോമിൽ അംഗീകരിച്ചത് ഞങ്ങൾക്ക് വളരെയധികം പ്രചോദനമാണെന്നും അമൃത വിശ്വവിദ്യാപീഠം വൈസ് ചാൻസലർ ഡോ. പി. വെങ്കട് രംഗൻ അഭിപ്രായപ്പെട്ടു. ഇത് അവരുടെ വ്യക്തിപരമായ മികവിനെ മാത്രമല്ല, അനുകമ്പയും സമൂഹത്തിന്റെ ഏറ്റവും അടിയന്തിര പ്രശ്നങ്ങൾ പരിഹരിക്കാനുള്ള പ്രതിബദ്ധതയും മുൻ നിർത്തിയുള്ള അമൃതയുടെ ഗവേഷണ മനോഭാവത്തെയും പ്രതിഫലിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.