
മുൻനിര ശാസ്ത്രജ്ഞരുടെ പട്ടികയിൽ 37 പേരുമായി അമൃത സർവകലാശാല
അമൃതപുരി (കൊല്ലം) : അമേരിക്കയിലെ സ്റ്റാൻഫോർഡ് സർവ്വകലാശാല പുറത്തിറക്കിയ ലോകത്തിലെ ഏറ്റവും മികച്ച 2 ശതമാനം ശാസ്ത്രജ്ഞരുടെ പട്ടികയിൽ തുടർച്ചയായി ആറാം തവണയും ഇടം നേടി അമൃത വിശ്വവിദ്യാപീഠത്തിലെ ശാസ്ത്രജ്ഞർ. അമൃത വിശ്വവിദ്യാപീഠത്തിന്റെ വിവിധ ക്യാമ്പസുകളിൽ നിന്നുള്ള 37 ശാസ്ത്രജ്ഞരാണ് ഇത്തവണ സ്റ്റാൻഫോർഡ് സർവകലാശാലയുടെ, ഏറ്റവും മികച്ച ശാസ്ത്രജ്ഞരുടെ പട്ടികയിൽ ഇടം നേടിയത്. പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധങ്ങളുടെ സമഗ്രമായ വിലയിരുത്തലിന്റെയും ഗവേഷണ ശ്രമങ്ങൾക്കായി നീക്കിവച്ചിട്ടുള്ള വർഷങ്ങളുടെയും അടിസ്ഥാനത്തിലാണ് ലോകത്തെ മികച്ച ശാസ്ത്രജ്ഞരുടെ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ശാസ്ത്ര നേട്ടങ്ങൾ അളക്കുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട ഡാറ്റാ ബെയ്‌സുകളിൽ ഒന്നായ സ്റ്റാൻഫോർഡ്-എൽസെവിയർ ഗ്ലോബലിന്റെ എച്ച്-ഇൻഡക്സ്, സൈറ്റേഷനുകൾ, ഇമ്പാക്റ്റ് കോമ്പോസിറ്റ് ഇൻഡിക്കേറ്ററുകൾ എന്നിവ പോലുള്ള കർശനമായ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് സ്റ്റാൻഫോർഡ് സർവ്വകലാശാല ലോകത്തിലെ ഏറ്റവും മികച്ച ശാസ്ത്രജ്ഞരുടെ പട്ടിക തയ്യാറാക്കുന്നത്. മെഡിസിൻ, എഞ്ചിനീയറിംഗ്, കമ്പ്യൂട്ടിംഗ്, ബിസിനസ്സ്, പൊതുജനാരോഗ്യം, ബയോടെക്നോളജി, ദന്തശാസ്ത്രം, ഭൗതികശാസ്ത്രം എന്നിവയുൾപ്പെടെ നിരവധി മേഖലകളിൽ നിന്നുള്ളവർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ജീവൻ രക്ഷാ മരുന്നുകൾ ഉൾപ്പെടെയുള്ള ആരോഗ്യ രംഗത്തെ സുപ്രധാന ഗവേഷണങ്ങൾ മുതൽ സുസ്ഥിര സാങ്കേതികവിദ്യകൾ, സാമൂഹികമായി സ്വാധീനമുള്ള കണ്ടെത്തലുകൾ എന്നിവ നടത്തിയവരാണ് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. അംഗീകാരം ലഭിച്ചവരിൽ നാലുപേർ അമൃത വിശ്വവിദ്യാപീഠത്തിലെ തന്നെ പൂർവ്വവിദ്യാർത്ഥികളുമാണ്.
പട്ടികയിലെ ഓരോരുത്തരുടെ പേരിനു പിന്നിലും വർഷങ്ങളുടെ സമർപ്പണത്തിന്റെയും ഗവേഷണത്തിന്റെയും കഥയുണ്ടെന്നും ഞങ്ങളുടെ കുടുംബത്തിലെ 37 ഫാക്കൽറ്റി അംഗങ്ങളെ സ്റ്റാൻഫോർഡിന്റെ പട്ടിക പോലുള്ള ഒരു ആഗോള പ്ലാറ്റ്‌ഫോമിൽ അംഗീകരിച്ചത് ഞങ്ങൾക്ക് വളരെയധികം പ്രചോദനമാണെന്നും അമൃത വിശ്വവിദ്യാപീഠം വൈസ് ചാൻസലർ ഡോ. പി. വെങ്കട് രംഗൻ അഭിപ്രായപ്പെട്ടു. ഇത് അവരുടെ വ്യക്തിപരമായ മികവിനെ മാത്രമല്ല, അനുകമ്പയും സമൂഹത്തിന്റെ ഏറ്റവും അടിയന്തിര പ്രശ്നങ്ങൾ പരിഹരിക്കാനുള്ള പ്രതിബദ്ധതയും മുൻ നിർത്തിയുള്ള അമൃതയുടെ ഗവേഷണ മനോഭാവത്തെയും പ്രതിഫലിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
