
മുംബൈ: ഇന്ത്യക്കാരുടെ ഇഷ്ട സ്കോച്ച് വിസ്കി ബ്രാൻഡുകളായ ജോണി വാക്കറിനും ഗ്ലെൻഫിഡിച്ചിനുമൊക്കെ വില കുത്തനെയിടിഞ്ഞേക്കും. സ്വതന്ത്ര വ്യാപാര കരാറിന്റെ ഭാഗമായി സ്കോച്ച് വിസ്കി വ്യവസായത്തിന് വൻ നികുതിയിളവുകൾക്കാണ് യുകെയുമായി ധാരണയാവുന്നത്. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയിർ സ്റ്റാർമറുടെ ആദ്യ ഇന്ത്യാ സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് സ്കോച്ച് വിസ്കി വ്യവസായവുമായി ബന്ധപ്പെട്ടാണ്.
ഇന്ത്യ-യുകെ വ്യാപാര കരാറിലൂടെ സ്കോച്ച് വിസ്കികളുടെ നികുതി 150 ശതമാനത്തിൽ നിന്ന് 75 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ഇതിനനുസരിച്ച് വിലക്കുറവുണ്ടായാൽ ഇന്ത്യയിലെ സ്കോച്ച് വിസ്കി പ്രേമികൾക്ക് സന്തോഷവാർത്തയാണത്. പ്രീമിയം സ്കോച്ചു വിസ്കികളുടെ ഏറ്റവും വലിയ മാർക്കറ്റുകളിലൊന്നാണ് ഇന്ത്യ.
കഴിഞ്ഞ ജൂലായിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലണ്ടൻ സന്ദർശനത്തിൽ ഇന്ത്യ യുകെയുമായി സ്വതന്ത്ര വ്യാപാര കരാർ ഒപ്പു വെച്ചത്. കരാറനുസരിച്ച് ടെക്സ്റ്റൈൽ വ്യവസായം, കാറുകൾ, വിസ്കി തുടങ്ങിയവയ്ക്കൊക്കെ നികുതി കുറയും. ഇതിലൂടെ സ്കോട്ടിഷ് സമ്പദ് വ്യവസ്ഥയിൽ 190 മില്യൺ പൗണ്ടിന്റെ ഉത്തേജനമാണ് പ്രതീക്ഷിക്കുന്നത്. റിപ്പോർട്ടുകളനുസരിച്ച് ഇന്ത്യയിലെത്തിയ സ്റ്റാർമർ കേന്ദ്രമന്ത്രിമാരുമായും വ്യവസായികളുമായും കൂടിക്കാഴ്ച നടത്തും.
സ്കോച്ച് വിസ്കി അസോസിയേഷൻ അംഗങ്ങളും വ്യവസായികളും സ്റ്റാർമറുടെ കരാറിന് പൂർണ പിന്തുണയുമായി രംഗത്തുണ്ട്. വിസ്കി വിൽപ്പനയിൽ വർഷം ഒരു ബില്യൺ പൗണ്ട് നേടാനും 1000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ആണ് യുകെ ലക്ഷ്യമിടുന്നത്. ഇംഗ്ലണ്ടിലെ പ്രധാന മദ്യ കമ്പനിയായ ഡിയാജിയോ പിഎൽസിയുടേയും സ്കോച്ച് വിസ്കി അസോസിയേഷൻ പ്രതിനിധികളും സ്റ്റാർമറുടെ സംഘത്തിനൊപ്പമുണ്ട്.
As tariffs on Scotch whisky get slashed
