Home Blog Page 427

‘ചില സാങ്കേതിക കാരണങ്ങളാൽ’

0

മതവും,വിശ്വാസങ്ങളും മനുഷ്യർക്കിടയിൽ തീർക്കുന്ന വേലിക്കെട്ടുകൾ നർമ്മത്തിൽ പൊതിഞ്ഞ്‌ അവതരിപ്പിക്കുന്ന ഷോർട്ട്‌ ഫിലിമാണ്‌ റഷീദ്‌ പറമ്പിൽ സംവിധാനം ചെയ്ത ‘ചില സാങ്കേതിക കാരണങ്ങളാൽ’.
ഫെബിൻ സിദ്ധാർത്തിന്റെ തിരക്കഥയിൽ ഒരുക്കിയ ഷോർട്ട്‌ ഫിലിം വർത്തമാന ജീവിതത്തിൽ കാലാകാരമാർക്ക്‌ പോലും നേരിടേണ്ടി വരുന്ന മാറ്റിനിർത്തലുകളും, അതിക്രമങ്ങളും ചർച്ച ചെയ്യുന്നു.
വിവിധ ഫെസ്റ്റിവലുകളിൽ നിന്നായി മികച്ച ചിത്രത്തിന്‌ ഉൾപ്പെടെ 20ഓളം അവാർഡുകൾ ഈ ചെറുചിത്രം നേടി കഴിഞ്ഞു.
പുത്തൻ ഫിലിംസിന്റെ ബാനറിൽ സന്തോഷ്‌ പുത്തൻ നിർമ്മിച്ച ഷോർട്ട്‌ ഫിലിം സാങ്കേതികമായും മുന്നിട്ട്‌ നിൽക്കുന്നു.
ചിത്രത്തിന്റെ ചായാഗ്രഹണം ശിഹാബ്‌ ഓങ്ങല്ലൂരും,സംഗീതം പി.എസ്‌ ജയ്ഹരിയും, എഡിറ്റിംഗ്‌ ഫെബിൻ സിദ്ധാർത്തും,കലാ സംവിധാനം ജയദേവൻ അലനല്ലൂരും നിർവ്വഹിച്ചിരിക്കുന്നു.

ഒരു ബാലേ ട്രൂപ്പിന്റെ ഒരു ദിവസത്തെ ഉത്സവപറമ്പിലേക്കുള്ള യാത്രയുടെ പശ്ച്ചാത്തലത്തിലാണ്‌ ഷോർട്ട്‌ ഫിലിം മുന്നോട്ട്‌ പോവുന്നത്‌.
സന്തോഷ്‌ പുത്തൻ, അഫ്സൽ കെ അസീസ്‌,വിനോദ്‌ തോമസ്‌ (അയ്യപ്പനും കോശിയും ഫെയിം),അരുൺ കുമാർ തുടങ്ങിയ നിരവധി കലാകാരൻമാർ ഷോർട്ട്‌ ഫിലിമിൽ വേഷമിട്ടിരിക്കുന്നു.

ഇതിനോടകം നിരവധി വേദികളിൽ നിന്നായി നിരൂപക പ്രശംസയും,പ്രേക്ഷക പിന്തുണയും നേടിയ ‘ചില സാങ്കേതിക കാരണങ്ങളാൽ’  യൂടൂബിൽ റിലീസ്‌ ആയിരിക്കുന്നു.

സംസ്ഥാനത്തെ വിചാരണ തടവുകാര്‍ക്ക് പ്രത്യേക ജ്യാമം അനുവദിച്ച് ഹൈക്കോടതി

0

കൊച്ചി: സംസ്ഥാനത്തെ വിചാരണ തടവുകാര്‍ക്കും റിമാന്‍ഡ് പ്രതികള്‍ക്കും ഹൈക്കോടതി പ്രത്യേക ജാമ്യം അനുവദിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഏഴ് വര്‍ഷത്തിന് താഴെ ശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്തപ്പെട്ടവരില്‍ സ്ഥിരം കുറ്റവാളികള്‍ അല്ലാത്ത പ്രതികള്‍ക്കാണ് ജാമ്യം അനുവദിച്ചത്. ഏപ്രില്‍ 30വരെയാണ് ജാമ്യം ലഭിക്കുക. സംസ്ഥാനത്ത് 54 ജയിലുകളിലായി കഴിയുന്ന 8400ഓളം തടവുകാരില്‍ 1000ത്തോളം പേര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.
ജാമ്യത്തില്‍ പുറത്തിറങ്ങിയതിന് ശേഷം താമസസ്ഥലത്തിന് അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യാനും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. കൊവിഡ് വ്യാപനം തടയുന്നതിനായി രാജ്യത്താകെ ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഹൈക്കോടതി ഫുള്‍ ബൈഞ്ച് വിചാരണ തടവുകാരുടെ പ്രശ്‌നം പ്രത്യേകമായി പരിഗണിച്ചത്. കോടതികള്‍ അടച്ച സാഹചര്യത്തില്‍ ജാമ്യഹര്‍ജികള്‍ പരിഗണിക്കാന്‍ സാധിക്കില്ല. തുടര്‍ന്നാണ് വിവിധ കേസുകളില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതിള്‍ക്കും വിചാരണ തടവുകാര്‍ക്കും ഏപ്രില്‍ 30വരെ ഇടക്കാല ജാമ്യം അനുവദിക്കുന്നത്. അതേ സമയം ലോക്ഡൗണ്‍ നടപടികള്‍ ലംഘിച്ചാല്‍ ജാമ്യം റദ്ദാക്കി തിരികെ ജയിലലിടക്കാനും ഹൈക്കോടതി നിര്‍ദേശിക്കുന്നു.

മെഗാ ബാങ്ക് ലയനം: ഏപ്രില്‍ ഒന്നിന് പുതിയ ബാങ്കുകള്‍ പ്രാബല്യത്തില്‍ വരുമെന്ന് ആര്‍ബിഐ

0

ന്യൂഡല്‍ഹി: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് 21 ദിവസം ലോക്ക്ഡൗണ്‍ ആയിരുന്നിട്ടും ഏപ്രില്‍ 1 മുതല്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന പത്ത് ബാങ്കുകളെ നാല് വലിയ ബാങ്കുകളായി ലയിപ്പിക്കാനുള്ള പദ്ധതിയുമായി മുന്നോട്ട് പോകാന്‍ റിസര്‍വ് ബാങ്ക് തീരുമാനം. ലയിപ്പിക്കുന്ന ബാങ്കുകളുടെ ശാഖകള്‍ അടുത്ത മാസം മുതല്‍ സംയോജിപ്പിച്ച പുതിയ ബാങ്കുകളായി പ്രവര്‍ത്തിക്കും. മെഗാ ബാങ്ക് ഏകീകരണ പദ്ധതി പുരോഗതിയിലാണെന്നും ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ വ്യാഴാഴ്ച വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് റിസര്‍വ് ബാങ്കിന്റെ പ്രസ്താവന.

പൊതുമേഖലയില്‍ വലിയ ബാങ്കുകള്‍ സൃഷ്ടിക്കുന്നതിനുള്ള ഏകീകരണ പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള 10 ബാങ്കുകളുടെ സംയോജന പദ്ധതി സംബന്ധിച്ച് മാര്‍ച്ച് 4 ന് സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയിരുന്നു. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് ബാങ്കുകളുടെ ലയന പദ്ധതികള്‍ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് ഉദ്യോഗസ്ഥരുടെ യൂണിയനുകള്‍ ഈ ആഴ്ച ആദ്യം പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു.

ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സും യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയും പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ലയിപ്പിക്കും. കാനറ ബാങ്കിലേക്ക് സിന്‍ഡിക്കേറ്റ് ബാങ്കും അലഹബാദ് ബാങ്കിലേയ്ക്ക് ഇന്ത്യന്‍ ബാങ്കും ലയിപ്പിക്കും. ആന്ധ്ര, കോര്‍പ്പറേഷന്‍ ബാങ്കുകള്‍ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയിലേക്ക് ലയിപ്പിക്കും. ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സിന്റെയും യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയുടെയും ശാഖകള്‍ ഏപ്രില്‍ 1 മുതല്‍ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ശാഖകളായും സിന്‍ഡിക്കേറ്റ് ബാങ്കിന്റെ ശാഖകള്‍ കാനറ ബാങ്കിന്റെ ശാഖകളായും പ്രവര്‍ത്തിക്കുമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു

അലഹബാദ് ബാങ്ക് ശാഖകള്‍ ഇന്ത്യന്‍ ബാങ്കിന്റെ ശാഖകളായി പ്രവര്‍ത്തിക്കുമെന്നും ആന്ധ്ര ബാങ്കിന്റെയും കോര്‍പ്പറേഷന്‍ ബാങ്കിന്റെയും ശാഖകള്‍ അടുത്ത 2020-21 സാമ്പത്തിക വര്‍ഷം ആരംഭം മുതല്‍ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖകളായി പ്രവര്‍ത്തിക്കുമെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു. ലയിപ്പിക്കുന്ന ബാങ്കുകളുടെ നിക്ഷേപകര്‍ ഉള്‍പ്പെടെയുള്ള ഉപഭോക്താക്കളെ ഈ ബാങ്കുകള്‍ ലയിപ്പിച്ച ബാങ്കുകളുടെ ഉപഭോക്താക്കളായി ഏപ്രില്‍ 1 മുതല്‍ കണക്കാക്കുമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു.

ടീ പ്ലാന്റേഷന്‍ കമ്പനികള്‍ക്ക് നഷ്ടം 2000 കോടി

0

ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ വിവിധ മേഖലകള്‍ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. പല മേഖലകള്‍ക്കും കോടികളുടെ നഷ്ടമാണ് കണക്കാക്കുന്നത്.  രാജ്യത്തെ ടീ പ്ലാന്റേഷന്‍ കമ്പനികള്‍ക്ക് 2000 കോടിയുടെ സംയോജിത നഷ്ടമുണ്ടാകുമെന്നാണ് സൂചന. എസ്റ്റേറ്റ് ജീവനക്കാര്‍ക്ക് വൈറസ് ബാധയേല്‍ക്കാനുള്ള സാധ്യത തീരെ കുറവാണെന്ന ന്യായ വാദത്തില്‍ ടീ പ്ലാന്റേഷന്‍ കമ്പനികള്‍ തുറന്നിരുന്നുവെങ്കിലും പ്രധാനമന്ത്രി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ അടക്കേണ്ടി വന്നു.
രാജ്യത്ത് 1422 രജിസ്റ്റേര്‍ഡ് എസ്റ്റേറ്റുകളാണ് ഉള്ളത്. ഇത് കൂടാതെ രണ്ടര ലക്ഷത്തിലേറെ മൈക്രോസ്മോള്‍ പ്ലാന്റര്‍മാര്‍ വേറെയുമുണ്ട്. ഇവരെല്ലാം ജീവനക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തി ഉല്‍പ്പാദനം നിര്‍ത്തിയിരിക്കുകയാണ്. കയറ്റുമതി തടസപ്പെട്ടതും ചരക്ക് ഗതാഗതത്തില്‍ ബുദ്ധിമുട്ട് നേരിട്ടതും ഇതിന് കാരണമാണ്.

ഈ 21 ദിവസം നിയന്ത്രണം തുടര്‍ന്നാല്‍ എല്ലാ കമ്പനികള്‍ക്കുമായി 100 ദശലക്ഷം കിലോഗ്രാം ഉല്‍പ്പാദനം കുറയും. 2000 കോടി മൂല്യം വരും ഇത്. അസമിലും പശ്ചിമ ബംഗാളിലും മാര്‍ച്ച് ഏപ്രില്‍ മാസത്തിലാണ് തങ്ങളുടെ ഉല്‍പ്പാദനത്തിന്റെ 15 ശതമാനവും ഉല്‍പ്പാദിപ്പിക്കുന്നത്.അസമില്‍ നിന്നാണ് രാജ്യത്ത് 50 ശതമാനത്തോളം ഉല്‍പ്പാദനം.

പാര്‍വൈ മുനിയമ്മ അന്തരിച്ചു

0

മധുരൈ: നാടന്‍ പാട്ട് കലാകാരിയും തെന്നിന്ത്യന്‍ അഭിനേത്രിയുമായ പാര്‍വൈ മുനിയമ്മ അന്തരിച്ചു. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. മധുരൈയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. 83 വയസായിരുന്നു. നിരവധി തമിഴ് സിനിമകളില്‍ പാടി അഭിനയിച്ച മുനിയമ്മ മമ്മൂട്ടി ചിത്രം ‘പോക്കിരിരാജ’യിലും പാടി അഭിനയിച്ചിട്ടുണ്ട്.

ക്ഷേത്രങ്ങളില്‍ നാടന്‍ പാട്ടുകള്‍ പാടിയാണ് മുനിയമ്മ കലാജീവിതം തുടങ്ങുന്നത്. ലക്ഷ്മണ്‍ ശ്രുതി എന്ന ട്രൂപ്പില്‍ അംഗമായതോടെ മുനിയമ്മയുടെ പാട്ടുകള്‍ ശ്രദ്ധ നേടി. വിക്രം നായകനായ ‘ധൂള്‍’ എന്ന ചിത്രത്തിലൂടെയായിരുന്നു ചലച്ചിത്ര പിന്നണിഗാനരംഗത്തും സിനിമയിലേക്കും എത്തുന്നത്.

മുനിയമ്മ പാടി അഭിനയിച്ച് ധൂളിലെ ”സിങ്കം പോല” എന്ന ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു. ‘തൊരണൈ’, ‘കോവില്‍’, ‘തമിഴ്പടം’, ‘മാന്‍കരാട്ടെ’, ‘വെങ്കൈ’, ‘വീരം’, ‘ഒരു സെക്കന്റ് ക്ലാസ് യാത്ര’ തുടങ്ങി മുപ്പത്തിയഞ്ചോളം ചിത്രങ്ങളില്‍ വേഷമിടുകയും ചിലതില്‍ ഗാനം ആലപിക്കുകയും ചെയ്തിട്ടുണ്ട്.

കോവിഡ്19 പ്രതിരോധം: കല്യാണ്‍ ജൂവലേഴ്സ് 10 കോടി രൂപ നല്കും

0

തൃശൂര്‍: കല്യാണ്‍ ജൂവലേഴ്സ് കൊറോണ വൈറസ് (കോവിഡ് 19) പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി പത്ത് കോടി രൂപ നല്കും. സര്‍ക്കാരിന്‍റെയും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെയും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായിരിക്കും കല്യാണ്‍ ജൂവലേഴ്സ് ഈ തുക നല്കുക. ഭക്ഷ്യവസ്തുക്കളും അവശ്യസാധനങ്ങളും എത്തിക്കുന്നതിനാകും മുന്‍ഗണന.

കൊറോണ വൈറസ് ബാധ ആഗോള തലത്തില്‍ മനുഷ്യരാശിക്ക് വലിയ നാശമാണുണ്ടാക്കിയിരിക്കുന്നതെന്ന് കല്യാണ്‍ ജൂവലേഴ്സ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്.കല്യാണരാമന്‍ പറഞ്ഞു. വലിയ വെല്ലുവിളിയുടെ ഈ സമയത്ത് കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ അവര്‍ക്കാകുന്നതെല്ലാം ചെയ്യുന്നുണ്ട്. ഈ പ്രതിസന്ധിയുടെ ഗൗരവം ഉള്‍ക്കൊണ്ടുകൊണ്ടാണ് കല്യാണ ജൂവലേഴ്സ് 10 കോടി രൂപയുടെ സഹായപദ്ധതിയുമായി കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നത്.
തുക അര്‍ഹമായ പദ്ധതികള്‍ക്കായി വിനിയോഗിക്കുമെന്ന് ഉറപ്പുവരുത്തിക്കൊണ്ടായിരിക്കും കല്യാണ്‍ വിവിധ സഹായ ദൗത്യങ്ങളുമായി സഹകരിക്കുക. കൊറോണ വൈറസ് വ്യാപനം മൂലം പ്രതിസന്ധിയിലായവര്‍ക്ക് ഭക്ഷ്യവസ്തുക്കളും അവശ്യസാധനങ്ങളും ലഭ്യമാക്കുന്നതിനായിരിക്കും ആദ്യഘട്ടത്തില്‍ തുക ഉപയോഗപ്പെടുത്തുക. കല്യാണ്‍ ജൂവലേഴ്സിന്‍റെ കാരുണ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് 10 കോടി രൂപ നീക്കിവയ്ക്കുന്നത്.

ലോക്ക് ഡൗണ്‍ മൂലം കല്യാണ്‍ ജൂവലേഴ്സ് ഷോറൂമുകള്‍ അടഞ്ഞു കിടക്കുകയാണെങ്കിലും എണ്ണായിരത്തിലധികം ജീവനക്കാര്‍ക്കും ശമ്പളം പൂര്‍ണമായും നല്കുമെന്ന് കാട്ടി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്‍ എല്ലാ ജീവനക്കാര്‍ക്കും കത്തയച്ചിരുന്നു.

കോവിഡ് പ്രതിസന്ധി മറികടന്ന് ആടുജീവിതം ചിത്രീകരണം

0

പൃഥ്വിരാജിനെ നായകനാക്കി ബ്ലസ്സി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആടുജീവിതം. പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച വേഷമായിരിക്കും ആടുജീവിതത്തിലേത് എന്നാണ് കരുതുന്നത്. ജോര്‍ദാനിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്. എന്നാല്‍ കോവിഡ് 19 ലോകവ്യാപകമായി പടര്‍ന്നതോടെ ചിത്രീകരണം തുടരുന്നതിലും പ്രതിസന്ധി നേരിട്ടിരുന്നു. എന്നാല്‍ പ്രതിസന്ധി മറികടന്ന് ചിത്രീകരണം തുടരുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെ ഇടപെടലിനെ തുടര്‍ന്നാണ്  ചിത്രീകരണം തുടരാന്‍ അനുമതി ലഭിച്ചത്.
കോവിഡ് രാജ്യങ്ങളില്‍ വ്യാപിക്കുന്നതിനിടെയായിരുന്നു ആടു ജീവിതത്തിന്റെ ചിത്രീകരണം വിദേശത്ത് നടന്നത്. ജോര്‍ദാനിലായിരുന്നു ചിത്രീകരണം. നായകന്‍ പൃഥ്വിരാജ് ഉള്‍പ്പടെയുള്ളവരാണ് അവിടെ ഉള്ളത്. ജോര്‍ദാന്‍ ഗവണ്‍മെന്റിന്റെ അനുമതിയോടെ വാദിറം  മരുഭൂമിയില്‍ ആയിരുന്നു ചിത്രീകരണം. എന്നാല്‍ കൊവിഡ് സ്ഥിരീകരിച്ചതോടെ ജോര്‍ദാനില്‍ കര്‍ഫ്യു പ്രഖ്യാപിച്ചു. അതോടെ ചിത്രീകരണ സംഘത്തിനും അഭിനേതാക്കള്‍ക്കും അവിടത്തെ ക്യാംപ് വിട്ടു പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലായി. ഭക്ഷണ സാധനങ്ങള്‍ക്കും പ്രതിസന്ധിയാകുമെന്ന ഘട്ടം വന്നു. അതോടെ സംവിധായകന്‍ ആന്റോ ആന്റണി എംപിയെ ബന്ധപ്പെട്ട് സഹായം തേടി. തുടര്‍ന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കറിനെ ഇക്കാര്യം അറിയിക്കുകയും അദ്ദേഹം ഇടപെടുകയുമായിരുന്നു. അടുത്തമാസം 10വരെ ചിത്രീകരണം തുടരാന്‍ അനുമതി ലഭിച്ചിട്ടുണ്ട്.
ചിത്രീകരണ സംഘത്തിന് അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കിട്ടുണ്ട്.

ഒഴിവ് വേളയില്‍ നൃത്തം ചെയ്ത് അനുസിതാര

0

കൊറോണ കാലത്ത് അപ്രതീക്ഷിതമായി കിട്ടിയ ഒഴിവുവേള പല രീതിയില്‍ ഉപയോഗിക്കുകയാണ് എല്ലാവരും. ഒഴിവുവേളയില്‍  നൃത്തം ചെയ്യുകയാണ് നടി അനു സിതാര. തന്റെ പുതിയ വീട്ടിലാണ് അനു സിത്താര നൃത്തം പരിശീലിക്കുന്നത്. ഇതിന്റെ വീഡിയോ ആരാധകരുമായി പങ്കു വച്ചിരിക്കുകയാണ് താരം. നിരവധി ആരാധകരാണ് വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയിരിക്കുന്നത്. അതേസമയം വിമര്‍ശനവുമായും ഒരു സംഘം എത്തിയിട്ടുണ്ട്. വിമര്‍ശകര്‍ക്ക് കൃത്യമായ മറുപടി നല്‍കാന്‍ ആരാധകരും മുന്‍പന്തിയിലുണ്ട്.


കൊറോണ സമയത്ത് വൈറലാക്കാനാണ് താരം ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നതെന്ന് പറഞ്ഞ വിമര്‍ശകന്  ആരാധകന്‍ നല്‍കിയ മറുപടിയാണ് എല്ലാവരും ഏറ്റെടുത്തിരിക്കുന്നത്. സഹോദരന്മാരേ, ഇത് ഡാന്‍സ് വൈറലാക്കാനുള്ള വീഡിയോ അല്ല. വീട്ടിലിരിക്കുന്നവര്‍ ഹെല്‍ത്തി ആയി ഇരിക്കുക, ഡാന്‍സ്, എക്സര്‍സൈസ് പോലുള്ള സംഗതികള്‍ ചെയ്ത് ആരോഗ്യം മെയിന്റൈന്‍ ചെയ്യുക. അല്ലാതെ വെറുതെ ഭക്ഷണം കഴിച്ച് ഉറങ്ങി കൊണ്ടിരുന്നാല്‍ മറ്റു ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകും, പോസിറ്റീവായി ചിന്തിക്കൂ എന്നായിരുന്നു ഒരു ആരാധകന്റെ മറുപടിക്കുറിപ്പ്

സുപ്രിയയുടെ സംശയത്തിന് പൂര്‍ണിമയുടെ മറുപടി

0

പൃഥ്വിരാജിന്റേയും സുപ്രിയയുടേയും മകളാണ് അലംകൃതയെന്ന അല്ലി. ഇപ്പോഴിതാ സുപ്രിയക്ക് മകളെ എങ്ങനെ ബോറടിപ്പിക്കാതെ വീട്ടിലിരുത്തും എന്ന സംശയത്തിന് മറുപടി നല്‍കുകയാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. കൊറോണ വൈറസ് ലോകമെമ്പാടും പടര്‍ന്നു പിടിക്കുന്ന ഈ സാഹചര്യത്തില്‍ സ്‌കൂളുകള്‍ നേരത്തെ അടച്ചതിനാല്‍ വീട്ടിലിരിക്കുന്ന മക്കളെ എങ്ങനെ ബോറടിപ്പിക്കാതെ വീട്ടിലിരുത്താം എന്ന ചിന്തയാണ് പലരുടെയും മനസില്‍. ഈ ആശങ്ക തന്നെയാണ് സുപ്രിയയും പങ്ക് വച്ചത്.
മകളെ മുഷിപ്പിക്കാതെ വീട്ടില്‍ ഇരുത്തുവാന്‍ താനേറെ കഷ്ടപ്പെടുന്നു എന്ന് ഇന്ദ്രജിത്തിന്റെ മകള്‍ നക്ഷത്രക്ക് ഒപ്പമിരുന്ന് ചിത്രം വരയ്ക്കുന്ന അല്ലിയുടെ ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് സുപ്രിയ കുറിക്കുന്നത്. നിങ്ങള്‍ എങ്ങനെയാണ് മക്കളെ എങ്കേജ് ചെയ്യുന്നത് എന്നും സുപ്രിയ ചോദിക്കുന്നുണ്ട്. ഇതിനോടൊപ്പം നിരവധി അമ്മമാര്‍ തങ്ങള്‍ ചെയ്യുന്ന കാര്യങ്ങള്‍ ടിപ്സ് ആയി കമന്റ് ബോക്സില്‍ ഇട്ടിട്ടുണ്ട്. ഒപ്പം ഇന്ദ്രജിത്തിന്റെ ഭാര്യ പൂര്‍ണിമ ഇന്ദ്രജിത്ത് നല്‍കുന്ന ഒരു കമന്റ് ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കൂടെ ഇരുന്ന് കളിക്കൂ സുപ്പൂ, അതായിരിക്കും ചെയ്യാന്‍ പറ്റുന്ന ഏറ്റവും മികച്ച കാര്യം. എന്നാണ് പൂര്‍ണിമ പറയുന്നത്. പുത്തന്‍ ഐഡിയകള്‍ പങ്കുവച്ച അമ്മമാര്‍ക്ക് സുപ്രിയ നന്ദിയും അറിയിക്കുന്നുണ്ട്.

ഭാര്യയ്ക്ക് പുരികം ത്രെഡ് ചെയ്ത് സിജു വില്‍സണ്‍

0

മലയാളത്തിലെ യുവ നടന്‍മാരില്‍ ശ്രദ്ധേയനാണ് സിജു വില്‍സണ്‍. ചെറിയ വേഷങ്ങളില്‍ എത്തി നായക വേഷങ്ങലും ചെയ്ത് പ്രേഷകര്‍ക്കിടയില്‍ ശ്രദ്ധ നേടിയ താരമാണ് സിജു. സോഷ്യല്‍ മീഡിയകളിലും സജീവമാണ് താരം. കോവിഡ് കാലത്തെ
സിജു വില്‍സണിന്റെ ഒരു ഫോട്ടോയാണ് ഇപ്പോള്‍ ചര്‍ച്ചയാക്കുന്നത്. സിജു വില്‍സണ്‍ തന്നെയാണ് സാമൂഹ്യ മാധ്യമത്തിലൂടെ ഫോട്ടോ ഷെയര്‍ ചെയ്തത്. ഭാര്യ ശ്രുതി വിജയന് ഒപ്പമുള്ള ഫോട്ടോയാണ് സിജു വില്‍സണ്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ശ്രുതി വിജയന് പുരികം ത്രെഡ് ചെയ്തു കൊടുക്കുന്ന സിജു വില്‍സണാണ് ഫോട്ടോയില്‍. കൊവിഡ് 19ന് എതിരെയുള്ള ജാഗ്രതയിലാണ് താരവും. പുറത്തിറങ്ങാതെ വീട്ടില്‍ തന്നെ ഇരിക്കുകയാണ്. വീട്ടിലിരിക്കുമ്പോള്‍ പുതിയ കഴിവുകള്‍ പരിശീലിക്കുന്നു. സഹായിക്കാന്‍ പ്രിയതമ ശ്രുതിയും എന്നാണ് സിജു വില്‍സണ്‍ ഫോട്ടോയ്ക്ക് അടിക്കുറിപ്പ് എഴുതിയത്.

കിക് ബോക്സിംഗ് പഠിച്ച് അന്ന ബെന്‍

0

പുതിയ സിനിമക്കായി അന്ന ബെന്‍ കിക് ബോക്സിംഗ് പഠിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജന്‍ പ്രമോദ് ഒരുക്കുന്ന ചിത്രത്തിനായാണ് അന്ന കിക് ബോക്സിംഗ് പഠിക്കുന്നത്. കോവിഡ് 19ന്റെ ആശങ്കകള്‍ കുറയുന്നതോടെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ദേശീയ പുരസ്‌ക്കാര ജേതാവ് മുഹമ്മദ് മുസ്തഫ ഒരുക്കിയ ‘കപ്പേള’ ആയിരുന്നു അന്ന ബെന്നിന്റെ ഒടുവില്‍ തിയേറ്ററിലെത്തിയ ചിത്രം. കൊറോണ ലോകമെമ്പാടും പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ മാര്‍ച്ച് 6ന് റിലീസ് ചെയ്ത ചിത്രം തിയേറ്ററുകളില്‍ നിന്നും പിന്‍വലിക്കുകയായിരുന്നു.
‘കുമ്പളങ്ങി നൈറ്റ്സ്’ ആണ് അന്നയുടെ ആദ്യ ചിത്രം. താരത്തിന്റെ രണ്ടാമത്തെ ചിത്രം ‘ഹെലനും’ ശ്രദ്ധേയമായിരുന്നു.

അവധി ആഘോഷമാക്കി ദീപികയും രണ്‍വീറും

0

സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് നടി ദീപിക പദുകോണും രണ്‍വീര്‍ സിംഗും. സിനിമ പ്രെമോഷന് പുറമേ തങ്ങളുടെ ജീവിതത്തിലെ രസകരമായ സംഭവങ്ങളും പരസ്പരമുളള ട്രോളുകളും താരങ്ങള്‍ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. സിനിമ തിരക്കുകള്‍ക്കിടയിലും തങ്ങളുടേതായ നിമിഷങ്ങള്‍ ആസ്വദിക്കാന്‍ താരങ്ങള്‍ സമയം കണ്ടെത്താറുണ്ട്. കുടുംബവും കരിയറും ഒരുപോലെയാണ് ഇരുവരും കൊണ്ട് പോകുന്നത്. സിനിമ ഷൂട്ടിംഗിനിടെ വീണു കിട്ടുന്ന അവസരങ്ങളില്ലെല്ലാം ഒന്നിച്ചു നില്‍ക്കാന്‍ സമയം കണ്ടെത്തുന്ന താരങ്ങള്‍ കൊറോണ വ്യാപനത്തിനെ തുടര്‍ന്ന് അപ്രതീക്ഷിതമായി ലഭിച്ച അവധി ആഘോഷമാക്കുകയാണ്. കൊറോണ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഭൂരിഭാഗം താരങ്ങളും വീട്ടിനുള്ളില്‍ തന്നെ ഇരിക്കുകയാണ്, അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രമാണ് പുറത്തിറങ്ങുന്നത്.
ഇപ്പോഴിതാ വീട്ടിനുള്ളിലെ രണ്‍വീറുമായുള്ള രസകരമായ നിമിഷം പങ്കുവെയ്ക്കുകയാണ് ദീപിക. ഇന്‍സ്റ്റഗ്രാം സ്റ്റോറിയായിട്ടാണ് താരം വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.ചോക്ലേറ്റ് കഴിക്കുന്നതിന്റെ  ബൂമറിങ്ങ് വീഡിയോയാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി ദീപിക നല്‍കിയത്. ചിയേഴ്സ് എന്ന് കുറിച്ചു കൊണ്ടാണ് ചോക്ലേറ്റുകളുമായുള്ള കൈകളുടെ ബൂമറിങ്ങ് വീഡിയോ താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. താരങ്ങളുടെ രസകരമയ വീഡിയോ ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്. കൂടാതെ അതേസമയം കൊവിഡ് 19 പടരാതിരിക്കാന്‍ എങ്ങനെ ജാഗ്രത പാലിക്കാമെന്ന് വ്യക്തമാക്കുന്ന വീഡിയോകളും സന്ദേശങ്ങളും താരങ്ങള്‍ പങ്കുവച്ചിട്ടുണ്ട്.

View this post on Instagram

A post shared by • яαηνєєя ѕιηgн • (@ranveerfcs) on Mar 22, 2020 at 7:04am PDT