Home Blog Page 426

ഡാല്‍ഗോണ കോഫി ഉണ്ടാക്കി നവ്യനായര്‍ – ചിത്രം

0

കൊച്ചി: സോഷ്യല്‍ മീഡിയയില്‍ ഡാല്‍ഗോണ കോഫിയാണ് താരം. സൗത്ത് കൊറിയന്‍ സ്‌പെഷലായ ഡാല്‍ഗോണ വീട്ടില്‍ പരീക്ഷിച്ച് വിജയിച്ച സന്തോഷം ആരാധകരുമായി പങ്കിടുകയാണ് നവ്യ നായര്‍. കാഴ്ചയിലും നല്ല ഭംഗിയുണ്ട് നവ്യ തയ്യാറാക്കിയ ഡാല്‍ഗോണ കോഫിക്ക്.
തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് ദാല്‍ഗോന കോഫി തയ്യാറാക്കിയ വിശേഷങ്ങള്‍ നവ്യ പങ്കുവച്ചത്. ഒപ്പം രുചികരമായ കോഫിക്കായി ഒരു ടിപ്പും നവ്യ നല്‍കുന്നുണ്ട്.” അങ്ങനെ ഞാനും ഉണ്ടാക്കി ദാല്‍ഗോന കോഫി. കോഫിയുടെ കടുത്ത ആരാധകര്‍ക്ക് ഇത് പാലും പഞ്ചസാരയുമില്ലാതെ കുടിക്കാം, അല്ലാത്തവര്‍ അല്‍പം പാലും പഞ്ചസാരയും ചേര്‍ത്ത് തയ്യാറാക്കുന്നതാണ് നല്ലത്. ഞാനങ്ങനെയാണ് ചെയ്തത്, വളരെയധികം രുചികരമായി” – നവ്യ കുറിച്ചു.

വീട്ടില്‍ വളരെ എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന ഡാല്‍ഗോണയ്ക്ക് ഏറെ ആരാധകരാണ് ഉള്ളത്. കോഫി പൗഡര്‍, പഞ്ചസാര, പാല്‍, ഐസ് ക്യൂബ്‌സ് എന്നിവ ചേര്‍ത്താണ് ഡാല്‍ഗോണ കോഫി തയ്യാറാക്കുന്നത്. കോഫി പൗഡര്‍, രണ്ട് ടേബിള്‍ സ്പൂണ്‍ പഞ്ചസാര, 2 ടേബിള്‍ സ്പൂണ്‍ ചൂട് വെള്ളം എന്നിവ നല്ലതുപോലെ മിക്‌സ് ചെയ്ത ശേഷം ഇലക്ട്രിക് ബീറ്റര്‍ ഉപയോഗിച്ച് മൂന്നു നാല് വട്ടം ബീറ്റ് ചെയ്യുക. ഒരു ഗ്ലാസ്സില്‍ ഐസ്‌ക്യൂബ് ഇട്ടശേഷം മുക്കാല്‍ ഭാഗം തണുത്ത പാല്‍ ഒഴിക്കാം. മുകളിലായി ഉണ്ടാക്കിയ കോഫീ ക്രീം വയ്ക്കുകയാണ് ചെയ്യുന്നത്. തന്റേതായ ചില ടിപ്‌സ് കൂടെ പോസ്റ്റിനൊപ്പം നവ്യ പങ്കുവയ്ക്കുന്നുണ്ട്.

നീണ്ട ഇടവേളയ്ക്കുശേഷം മലയാള സിനിമയിലേക്ക് മടങ്ങിയെത്തുകയാണ് നവ്യ നായര്‍. വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’ എന്ന ചിത്രത്തിലൂടെയാണ് നവ്യയുടെ മടങ്ങി വരവ്.
വിനായകന്‍, സൈജു കുറുപ്പ്, സന്തോഷ് കീഴാറ്റൂര്‍, മുകുന്ദന്‍, ജയശങ്കര്‍, മനു രാജ് , മാളവിക മേനോന്‍, കൃഷ്ണപ്രസാദ് എന്നിങ്ങനെ ഒരു വലിയ താര നിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

തിരുവനന്തപുരത്ത് 142 പേരുടെ ഫലം നെഗറ്റീവ്; ആലപ്പുഴയില്‍ ഒരാള്‍കൂടി ആശുപത്രി വിട്ടു

0

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരാള്‍ക്ക് കൂടി അസുഖം ഭേദമായി. ഹരിപ്പാട് സ്വദേശിയാണ് കോവിഡ് ഭേദമായി ആശുപത്രി വിട്ടത്.

അതേസമയം, പത്തനംതിട്ടയില്‍ കോവിഡ് പരിശോധന നടത്തിയതില്‍ 95 ഫലങ്ങള്‍ കൂടി നെഗറ്റീവായി. തിരുവനന്തപുരത്ത് 142പേരുടെ ഫലം കൂടി നെഗറ്റീവായി. തലസ്ഥാനത്ത് 1000 റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ കൂടിയെത്തി.

കഴിഞ്ഞദിവസം സംസ്ഥാനത്ത് ആറുപേരുടെ പരിശോധന ഫലം നെഗറ്റീവായിരുന്നു. കണ്ണൂര്‍ ജില്ലയില്‍ നിന്നും 4 പേരുടെയും തിരുവനന്തപുരം (മലപ്പുറം സ്വദേശി), കോഴിക്കോട് ജില്ലകളില്‍ നിന്നും ഓരോരുത്തരുടേയും പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്. നിലവില്‍ 314പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും കൊറോണ; മുംബൈയിലെ ആശുപത്രി അടച്ചു

0

മുംബൈ: ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മുംബൈയിലെ വോക്ക്ഹാര്‍ട്ട് ആശുപത്രി അടച്ചു പൂട്ടി. ആശുപത്രിയിലെ മൂന്ന് ഡോക്ടര്‍മാര്‍ക്കും 26 നഴ്സുമാര്‍ക്കുമാണ് വൈറസ് സ്ഥിരീകരിച്ചത്.

നഴ്സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ബിഎംസിയാണ് ആശുപത്രി അടച്ചു പൂട്ടാന്‍ തീരുമാനിച്ചത്. മാര്‍ച്ച് 27 ന് ഹൃദയാഘാതത്തെ തുടര്‍ന്ന് വോക്ക്ഹാര്‍ട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ച എഴുപതുകാരന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.

ഇയാളില്‍ നിന്നും പരിചരിച്ച നഴ്സിനും, നഴ്സില്‍ നിന്നും സഹപ്രവര്‍ത്തകരിലേക്കും വൈറസ് പടര്‍ന്നു എന്നാണ് സൂചന.നഴ്സുമാരെയും ഡോക്ടര്‍മാരെയും മുംബൈയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

പിഷാരടിയുടെ പോസ്റ്റ് ഏറ്റെടുത്ത് ആരാധകര്‍

0

എന്തു പറയുമ്പോഴും നര്‍മം  കലര്‍ത്തി സംസാരിക്കുന്ന ആളാണ് രമേഷ് പിഷാരടി. പിഷാരടിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളും ആരാധകര്‍ക്ക് ആവേശമാണ്. എല്ലാ ചിത്രങ്ങള്‍ക്കൊപ്പവും കാണും, ചിരിപ്പിക്കുന്നതോ ചിന്തിക്കുന്നതോ ആയ വേറിട്ടൊരു ക്യാപ്ഷന്‍. പിഷാരടി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോള്‍ ചിന്തിപ്പിക്കുന്നത്. വലിയൊരു തിരിച്ചറിവാണ് പിഷാരടി പങ്കുവയ്ക്കുന്നത്.

വെറുതേ പൂത്തുമ്പിയേയും പൂമ്പാറ്റയെയും സംശയിച്ചു, ലോണ്‍ എടുക്കാനുള്ള എലിജിബിലിറ്റി ഇല്ലാതിരുന്നതാണ് ബാല്യത്തെ കൂടുതല്‍ സുന്ദരമാക്കിയത്, എന്നാണ് തന്റെ കുട്ടിക്കാലത്തെ ചിത്രം പങ്കുവച്ചുകൊണ്ട് പിഷാരടി കുറിക്കുന്നത്.

പതിവു പോലെ രസകരമായ കമന്റുകളാണ് പിഷാരടിയുടെ പുതിയ പോസ്റ്റിനും ലഭിക്കുന്നത്. കലങ്ങാത്തവര്‍ ഒന്നില്‍ കൂടുതല്‍ പ്രാവശ്യം വായിച്ച് കലക്കിയെടുക്കേണ്ട അവസ്ഥയാണല്ലോ മനുഷ്യാ എന്നാണ് ഒരു കമന്റ്. ക്യാപ്ഷന്‍ സിംഹമേ, ഏതോ പഴയ ആല്‍ബം കിട്ടിയെന്നു തോന്നുന്നു എല്ലാം കുത്തിപൊക്കികൊണ്ടു വരികയാണല്ലോ, ബാല്യത്തില്‍ കിട്ടാത്ത ലോണ്‍, ഇപ്പോള്‍ എടുത്ത് മുടിച്ചോളൂ എന്നിങ്ങനെ പോവുന്നു ചിത്രത്തിന് താഴെ വരുന്ന കമന്റുകള്‍.

മിമിക്രി വേദികളില്‍ നിന്നായിരുന്നു രമേഷ് പിഷാരടിയുടെയും സിനിമാ അരങ്ങേറ്റം. സലിം കുമാറിന്റെ മിമിക്രി ട്രൂപ്പായ കൊച്ചിന്‍ സ്റ്റാലിയന്‍സില്‍ പ്രവര്‍ത്തിച്ച രമേഷ് പിഷാരടി ശ്രദ്ധ നേടുന്നത് ഏഷ്യാനെറ്റ് പ്ലസില്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയ്ക്ക് ഒപ്പം അവതരിപ്പിച്ച ബ്ലഫ് മാസ്റ്റേഴ്സ് എന്ന ഹാസ്യപരിപാടിയിലൂടെയാണ്. സ്റ്റേജ് ഷോകളിലും ടെലിവിഷന്‍ പരിപാടികളിലും സജീവമായ താരം 2008-ല്‍ പുറത്തിറങ്ങിയ പോസിറ്റീവ് എന്ന സിനിമയിലൂടെ അഭിനയത്തിലും അരങ്ങേറ്റം കുറിച്ചു.

കോവിഡിന് അതിവേഗം: രോഗികള്‍ 10.15 ലക്ഷം, മരണം 53,167

0

ജനീവ: ലോകത്തെയാകെ ആശങ്കയിലാക്കി കോവിഡ്ബാധിതരുടെ എണ്ണവും മരണസംഖ്യയും കുതിക്കുന്നു.   ഇന്നലെ വരെ ലോകത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 10,15,059 ആയി. ആകെ മരണം 53,167 ആണ്.  2,12,035 പേര്‍ രോഗമുക്തരായി. രോഗബാധിതരുടെ എണ്ണത്തില്‍ യുഎസ് ആണ് മുന്നില്‍ 2,44,877 പേര്‍. യുഎസിലെ മരണസംഖ്യ 6070 ആയി. മരണനിരക്കില്‍ ഇറ്റലിയാണു മുന്നില്‍. 1,15,242 പേര്‍ക്കു രോഗം വന്ന ഇവിടെ 13,915 പേര്‍ക്കു ജീവന്‍ നഷ്ടപ്പെട്ടു.

ഒരു ദിവസം മാത്രം  950 പേര്‍ മരിച്ചതോടെ സ്‌പെയിനില്‍ കോവിഡ് മരണം 10,348 ആയി. രാജ്യത്തു മാത്രമല്ല, ലോകത്തുതന്നെ ആദ്യമായാണ് ഒരു ദിവസം ഇത്രയധികം കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്‌പെയിനില്‍ രോഗബാധിതര്‍ 1,12,065 ആണ്. ലാറ്റിനമേരിക്കന്‍ കരീബിയന്‍ രാജ്യങ്ങളിലായി ആകെ രോഗികള്‍ 20,000 കവിഞ്ഞു. മരണം 500. ബ്രസീലില്‍ ആണ് ഏറ്റവും കൂടുതല്‍ രോഗികള്‍. ഇക്വഡോറിലെ തുറമുഖ നഗരമായ ഗുവാക്വിലിലെ വീടുകളില്‍ നിന്ന്് സൈന്യം 150 മൃതദേഹങ്ങള്‍ കണ്ടെടുത്തു.
യുകെയില്‍ കോവിഡ് മരണം 24% വര്‍ദ്ധിച്ച് 2921 ആയി.  ആകെ രോഗികള്‍ 33,718. ഇറാനില്‍ മരണം 3,000 കടന്നു.  രാജ്യത്തെ രോഗികള്‍ അരലക്ഷം. ബിസിനസ് സ്ഥാപനങ്ങള്‍ 27% ജീവനക്കാരെ വെട്ടിക്കുറച്ചു. ഇസ്രയേലില്‍ ആരോഗ്യമന്ത്രി യാക്കോവ് ലിറ്റ്സ്മനും (71) ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. ലിറ്റ്സ്മനുമായി അടുത്തിടപഴകിയ മൊസാദ് തലവന്‍ യോസി കോയെന്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മേര്‍ ബിന്‍ ഷബാത് അടക്കം ഒട്ടേറെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ഐസലേഷനിലായി. ആകെ രോഗികള്‍ 6857. മരണം 36.

കോവിഡ് രോഗികള്‍ ലക്ഷങ്ങളായി പെരുകിയതോടെ യുഎസില്‍ മാസ്‌ക്, ഗൗണ്‍, കയ്യുറകള്‍ എന്നീ അടിയന്തര മെഡിക്കല്‍ ഉപകരണങ്ങള്‍ക്ക് ക്ഷാമമുണ്ട്. വെന്റിലേറ്ററുകള്‍ അടക്കം 60 ടണ്‍ മെഡിക്കല്‍ ഉപകരണങ്ങളുമായി റഷ്യന്‍ വിമാനം ബുധനാഴ്ച ന്യൂയോര്‍ക്കിലിറങ്ങി. തിങ്കളാഴ്ച യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും റഷ്യ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ അടിസ്ഥാനത്തില്‍ ഇറക്കുമതിക്കു ധാരണയായിരുന്നു. ഫ്‌ലോറിഡ, ജോര്‍ജിയ, മിസിസിപ്പി, നെവാഡ എന്നീ സംസ്ഥാനങ്ങളിലും വീടിനു പുറത്തിറങ്ങുന്നതിനു നിയന്ത്രണം ഏര്‍പ്പെടുത്തി. ഇതോടെ 80 % അമേരിക്കക്കാരും ലോക്ഡൗണിലായി.
കൊറോണ വൈറസിന്റെ അതിവേഗ വ്യാപനത്തിലും മരണസംഖ്യ ഒരാഴ്ചയ്ക്കിടെ ഇരട്ടിയായതിലും ലോകാരോഗ്യ സംഘടന ആശങ്ക പ്രകടിപ്പിച്ചു.

അതിര്‍ത്തി തുറക്കണമെന്ന ഹൈക്കോടതി വിധിക്ക് സ്റ്റേ ഇല്ല;

0

ന്യൂഡല്‍ഹി: അതിര്‍ത്തികള്‍ തുറക്കണമെന്ന കേരള ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യണമെന്ന കര്‍ണ്ണാടകത്തിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. കാസര്‍കോടുള്ള രോഗികളെ മംഗലാപുരത്തേയ്ക്ക് ചികിത്സയ്ക്ക് കൊണ്ടുപോകാന്‍ കര്‍ണാടക അതിര്‍ത്തി തുറന്നു കൊടുക്കണമെന്ന കേരള ഹൈക്കോടതി ഉത്തരവിനെതിരെയാണ് കര്‍ണാടകം സുപ്രീം കോടതിയെ സമീപിച്ചത്.എന്നാല്‍ ഹൈക്കോടതി ഉത്തരവ് പൂര്‍ണമായി നടപ്പാക്കാന്‍ സുപ്രീം കോടതി ഇരുസംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടതുമില്ല. കാസര്‍കോട് നിന്ന് അടിയന്തര ചികിത്സാ ആവശ്യങ്ങള്‍ക്കായി പോകാന്‍ സൗകര്യം ഒരുക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. എന്നാല്‍ ഏതൊക്കെ രോഗികളെ കൊണ്ടുപോകാം എന്ന കാര്യത്തില്‍ വ്യക്തതയില്ല.
രോഗികളെ കൊണ്ടുപോകുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്ത് തയ്യാറാക്കാന്‍ ഇരുസംസ്ഥാനങ്ങളുടെയും ചീഫ് സെക്രട്ടറിമാരോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറിമാര്‍ തയ്യാറാക്കുന്ന മാര്‍ഗരേഖ പരിഗണിച്ച ശേഷം വിഷയത്തില്‍ അന്തിമവിധി സുപ്രീം കോടതി ചൊവ്വാഴ്ച പുറപ്പെടുവിക്കും.

രോഗികളുടെ സഞ്ചാരസ്വാതന്ത്ര്യത്തിനു മാത്രമാണ് ഈ ഉത്തരവ് ബാധകം. ചരക്കുനീക്കത്തിന് ബാധകമല്ലെന്നും ജസ്റ്റിസ് എല്‍.നാഗേശ്വര റാവുവിന്റെ അദ്ധ്യക്ഷതയിലുള്ള ബഞ്ച് അറിയിച്ചു.
രാജ്യത്തെ ഏറ്റവും വലിയ കോവിഡ് ഹോട്ട് സ്‌പോട്ടുകളില്‍ ഒന്നാണ് കാസര്‍കോട് എന്നും അതിനാല്‍ കാസര്‍കോട്‌നിന്ന് മംഗലാപുരത്തേക്ക് വാഹനങ്ങള്‍ കടത്തിവിടാനാകില്ലെന്നും കര്‍ണാടക അഡ്വക്കേറ്റ് ജനറല്‍ പറഞ്ഞു.എന്നാല്‍ കര്‍ണാടകയുടെ ഈ നിലപാടു മൂലം രണ്ടു ജീവനുകളാണ് നഷ്ടമായതെന്ന് കേരളത്തിനു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ജയദീപ് ഗുപ്തയും ഹര്‍ജിക്കാര്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ റോമി ചാക്കോയും വ്യക്തമാക്കി.

കേരള കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയില്‍ അടച്ചിട്ട ദേശീയപാത തുറക്കണമെന്ന് കേരള ഹൈക്കോടതി വിധിച്ചിട്ടും നടപ്പാക്കാന്‍ കര്‍ണാടക തയാറായിരുന്നില്ല

ഭക്ഷ്യവസ്തുക്കളുടെ ഓണ്‍ലൈന്‍ വിതരണം രാത്രി 8 വരെ

0

തിരുവനന്തപുരം: ഹോട്ടലുകളിലെ പാചകം ചെയ്്തവയുള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കളുടെ ഓണ്‍ലൈന്‍/ഡോര്‍ വിതരണ സമയപരിധി രാത്രി എട്ടു വരെയാക്കി സര്‍ക്കാര്‍ ഉത്തരവായി. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്കൊപ്പമാണ് ഹോട്ടലുകള്‍ക്കും പ്രവര്‍ത്തിക്കാന്‍ അനുതി നല്‍കിയിരിക്കുന്നത്.

നിലവില്‍ അതിന്റെ പ്രവര്‍ത്തന സമയം രാവിലെ ഏഴു മുതല്‍ വൈകിട്ട് അഞ്ചുവരെയാണ്. എന്നാല്‍ ഓണ്‍ലൈന്‍ വഴി ഭക്ഷണ വിതരണം നടത്തുന്ന ഹോട്ടലുകള്‍ക്ക് എട്ടു മണി വരെ പ്രവര്‍ത്തിക്കാനുള്ള ഇളവ് നല്‍കിക്കൊണ്ടാണ് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്. ഓണ്‍ലൈന്‍ വിതരണം മാത്രമാണ് രാത്രി എട്ടുവരെ അനുവദിച്ചിരിക്കുന്നത്. കടകള്‍ അഞ്ചു മണിക്ക് തന്നെ അടയ്ക്കണം. ചീഫ് സെക്രട്ടറി ടോം ജോസാണ് ഉത്തരവ് പുറത്തിറക്കിയത്.

പത്തനംതിട്ടയിലും മലപ്പുറത്തും നിരോധനാജ്ഞ നീട്ടി

0

മലപ്പുറം: കോവിഡ് 19 ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മലപ്പുറം,പത്തനംതിട്ട ജില്ലകളില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ഏപ്രില്‍ 14 അര്‍ദ്ധരാത്രിവരെ നീട്ടി . ഏപ്രില്‍ 14 അര്‍ദ്ധരാത്രിവരെ രാജ്യ വ്യാപകമായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക് ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് നിരോധനാജ്ഞ ദീര്‍ഘിപ്പിച്ചത്.

ജനങ്ങള്‍ കൂട്ടം കൂടുന്നത് നിരോധിച്ചും ക്രമീകരണങ്ങളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയുമാണ് ഉത്തരവ്.
കെഎസ്ആര്‍ടിസി, സ്വകാര്യ ബസ് ഉള്‍പ്പടെയുളള പൊതുഗതാഗത സംവിധാനങ്ങള്‍ ഈ കാലയളവില്‍ നിര്‍ത്തിവയ്ക്കണം. എന്നാല്‍ അവശ്യ സാധനങ്ങള്‍വാങ്ങുന്നതിനും എമര്‍ജന്‍സി മെഡിക്കല്‍സഹായത്തിനും സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കാം.

രാജ്യത്തെ ഹോട്ട് സ്പോട്ടുകളിലൊന്നായി നിസാമുദ്ദീന്‍, തിരിച്ചറിയേണ്ടത് പതിനായിരങ്ങളെ

0

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് 19 വ്യാപനം വന്‍ തോതില്‍ വര്‍ദ്ധിക്കുന്നതിനിടെ ഡല്‍ഹിയിലെ നിസാമുദ്ദീനിലെമതസമ്മേ കോവിഡ് 19 വൈറസ് ബാധയുടെ രാജ്യത്തെ ഹോട്ട് സ്‌പോട്ടുകളിലൊന്നാണ് നിസാമുദ്ദീന്‍. മാര്‍ച്ച് 19ന് നിസാമുദ്ദീനിലെ അലാമി മര്‍ക്കസ് ബാഗ്ലിവാലി മസ്ജിദില്‍ നടന്ന മതസമ്മേളനത്തില്‍ പങ്കെടുത്ത രണ്ടായിരത്തോളം പേരില്‍നിന്ന് വൈറസ് വലിയതോതില്‍ വ്യാപിച്ചിട്ടുണ്ടാകുമെന്നാണ് കണക്ക് കൂട്ടല്‍.

വിവിധ പ്രദേശങ്ങളില്‍നിന്ന് 1,500 ഓളം പേരാണ് മത സമ്മേളനത്തില്‍ പങ്കെടുത്തത്.വീണ്ടും 500 പേര്‍ പങ്കെടുത്തു. ഇതില്‍ 280 പേര്‍ വിദേശികളാണ്. നിലവില്‍ 300ലധികം പേര്‍ വൈറസ് ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. നിസാമുദ്ദീനില്‍ ഇതുവരെ ഏഴ് പേര്‍ കൊറോണ ബാധിച്ച് മരിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വൈറസ് സ്ഥിരീകരിച്ചവര്‍  ഈ മത സമ്മേളനത്തില്‍ പങ്കെടുത്തവരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ടായിരം പേരില്‍നിന്ന് എത്ര ആളുകളിലേയ്ക്ക് വൈറസ് പകര്‍ന്നിരിക്കാമെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇന്തോനേഷ്യ, മലേഷ്യ, കിര്‍ഗിസ്ഥാന്‍ എന്നിവിടങ്ങളില്‍നിന്നും ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുമുള്ളവര്‍ ഈ മാസം വിവിധ ദിവസങ്ങളില്‍ പള്ളി സന്ദര്‍ശിച്ചിട്ടുണ്ട്.

സൗജന്യ റേഷന്‍ വിതരണം ഇന്ന് മുതല്‍

0

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ റേഷന്‍ ഇന്ന് മുതല്‍ വിതരണം ചെയ്തു തുടങ്ങും. 20നകം വിതരണം പൂര്‍ത്തിയാക്കും. ഇതിനു പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ഭക്ഷ്യധാന്യവും വിതരണംചെയ്യും. 87 ലക്ഷം കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ ഭക്ഷ്യധാന്യ കിറ്റ് നല്‍കും. ഇതിന്റെ വിതരണം ഏഴ് ദിവസത്തിനുള്ളില്‍ ആരംഭിക്കും. എഎവൈ കാര്‍ഡുടമകള്‍ക്കും വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും ട്രാന്‍സ്ജന്‍ഡര്‍ വിഭാഗങ്ങള്‍ക്കുമാണ് ആദ്യം കിറ്റ് നല്‍കുക.

തിരക്കൊഴിവാക്കാന്‍ ഉച്ചവരെ മുന്‍ഗണനാ വിഭാഗങ്ങള്‍ക്കും ഉച്ചയ്ക്കുശേഷം മുന്‍ഗണനേതര വിഭാഗങ്ങള്‍ക്കുമായി വിതരണം ക്രമീകരിച്ചിട്ടുണ്ട്. ഒരു സമയം അഞ്ചുപേരില്‍ കൂടുതല്‍ റേഷന്‍കടയ്ക്കു മുന്നില്‍ നില്‍ക്കാന്‍ പാടില്ല. സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. എല്ലാ റേഷന്‍ കടകളിലും മാസ്‌കുകള്‍ വിതരണം ചെയ്തിട്ടുണ്ട്. റേഷന്‍കടയില്‍ നേരിട്ടെത്താന്‍ കഴിയാത്തവര്‍ക്ക് സന്നദ്ധ പ്രവര്‍ത്തകര്‍വഴി വീടുകളിലെത്തിക്കും. സപ്ലൈകോയുടെ 56 ഡിപ്പോയുടെ കീഴില്‍ ഭക്ഷ്യധാന്യ കിറ്റ് തയ്യാറാക്കിവരികയാണെന്നും മന്ത്രി അറിയിച്ചു.

നടൻ നിതിന്റെ വിവാഹം മാറ്റിവെച്ചു

0

തെലുങ്ക് സിനിമപ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് നിതിന്‍. ജയം എന്ന ആദ്യ സിനിമയിലൂടെ തന്നെ വന്‍ വിജയം സ്വന്തമാക്കിയ നടന്‍. നിതിന്റെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ തന്റെ വിവാഹം മാറ്റിവെച്ചെന്നതാണ് നിതിന്റെ ഭാഗത്തു നിന്നുള്ള പുതിയ വാര്‍ത്ത.  അടുത്ത മാസം, 16ന് ആയിരുന്നു വിവാഹം തീരുമാനിച്ചിരുന്നത്.

ഏറെക്കാലത്തെ പ്രണയത്തിന് ശേഷം നിതിനും ശാലിനിയും തമ്മിലുള്ള പ്രണയം വിവാഹത്തിലേക്ക് എത്തിയിരുന്നത്. എട്ട് വര്‍ഷമായി പരിചയമുള്ള ഇരുവരും കഴിഞ്ഞ അഞ്ച് വര്‍ഷമായി പ്രണയത്തിലായിരുന്നു. കുടുംബവും അംഗീകരിച്ചതോടെയാണ് വിവാഹത്തിലേക്ക് എത്തിയത്.

ചൈന പറഞ്ഞത് കള്ളക്കണക്കോ?

0

ബെയ്ജിങ്: ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ചൈന ഔദ്യോഗികമായി പുറത്തുവിട്ടതിനേക്കാള്‍ നിരവധി മടങ്ങ് അധികമാണെന്ന് റിപ്പോര്‍ട്ട്. 3,300 പേര്‍ മരിച്ചുവെന്നാണ് ചൈനീസ് അധികൃതര്‍ പറയുന്നത്. എന്നാല്‍  വുഹാനില്‍മാത്രം 42,000 പേരെങ്കിലും മരണപ്പെട്ടിട്ടുണ്ടെന്നാണ് പ്രദേശവാസികളെ ഉദ്ധരിച്ച് ബ്രിട്ടിഷ് മാദ്ധ്യമമായ ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ചൈനയില്‍ 81,000 പേര്‍ക്കാണ് ആകെ രോഗബാധയുണ്ടായതെന്നും ഹുബെയ് പ്രവിശ്യയില്‍മാത്രം 3,182 പേരാണ് മരിച്ചതെന്നുമാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ ചൈന പുറത്തുവിട്ട ആകെ മരണ സംഖ്യയേക്കാള്‍ പത്തിലധികം ഇരട്ടിയാണ് വുഹാന്‍ നഗരത്തിലുണ്ടായതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഏറ്റവും ഉയര്‍ന്ന മരണനിരക്ക് രേഖപ്പെടുത്തിയ 12 ദിവസങ്ങളിലായി വുഹാന്‍ നഗരത്തിലെ ഏഴ് ശ്മശാനങ്ങളില്‍നിന്നും പ്രതിദിനം 500 ചിതാഭസ്മ കലശങ്ങളാണ് അധികൃതര്‍ കുടുംബാംഗങ്ങള്‍ക്ക് വിട്ടുനല്‍കിയിരുന്നതെന്നാണ് നഗരവാസികള്‍ പറയുന്നത്.അതായത് 24 മണിക്കൂറിനുള്ളില്‍ 3,500 പേരുടെ ശവസംസ്‌കാരം നടന്നെന്നു വേണം കരുതാന്‍. അപ്പോള്‍ ഇക്കാലയളവില്‍ ആകെ 42,000 പേരെങ്കിലും മരിച്ചിട്ടുണ്ടാകുമെന്നാണ് വിലയിരുത്തേണ്ടത്.


കൊറോണ ബാധിച്ചാണ് മരണമെന്നുപോലും ഉറപ്പിക്കാനാകാതെ നിരവധി പേര്‍ വീടുകളില്‍ മരിച്ചിട്ടുണ്ടെന്നും നഗരവാസികളില്‍ ചിലര്‍ പറയുന്നു. ഈ മരണങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍ പെടുകയോ കണക്കുകളില്‍ ഉള്‍പ്പെടുകയോ ചെയ്തിട്ടില്ലെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. അതുകൊണ്ട് തന്നെ ഒരു മാസം 28,000 മൃതദേഹങ്ങളെങ്കിലും ദഹിപ്പിച്ചിട്ടുണ്ടാകാം.


ഹാന്‍കൗ, വുചാങ്, ഹന്‍യാങ് എന്നിവിടങ്ങളിലെ ദഹിപ്പിക്കല്‍ കേന്ദ്രങ്ങളില്‍നിന്ന് ഏപ്രില്‍ അഞ്ചിനു മുന്‍പായി ചിതാഭസ്മ കലശങ്ങള്‍ നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്. നേരത്തേ, ഹാന്‍കുവില്‍നിന്ന് 5000 കലശങ്ങള്‍ വിട്ടുനല്‍കിയതായി പ്രാദേശിക മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

50 ദശലക്ഷം പേര്‍ തിങ്ങിപ്പാര്‍ക്കുന്ന ഹുബി പ്രവിശ്യ രണ്ടുമാസത്തെ ലോക്ഡൗണിനുശേഷം മാര്‍ച്ച് 25നാണ് തുറന്നുകൊടുത്തത്. ഇതോടെ വൈറസ് ബാധയില്ലെന്നു കാണിക്കുന്ന ഗ്രീന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നവര്‍ക്ക് ഹുബിയില്‍നിന്ന് പുറത്തേയ്ക്ക് യാത്ര ചെയ്യാന്‍ അനുമതി കൊടുത്തിട്ടുണ്ട്. രോഗവ്യാപനം പിടിച്ചുനിര്‍ത്താനായതോടെ ജനുവരി 23 മുതലാണ് ഹുബെയ് പ്രവിശ്യ അടച്ചിടാന്‍ തീരുമാനിച്ചത്.

എന്നാല്‍ വുഹാന്‍ നഗരത്തില്‍ ഇപ്പോഴും സമ്പൂര്‍ണ ലോക്ക് ഡൗണ്‍ തുടരുകയാണ്. ഏപ്രില്‍ എട്ട് വരെയാണ് ഇവിടെ നിയന്ത്രണം തുടരുകയെന്നാണ് റിപ്പോര്‍ട്ട്.