മലപ്പുറം: ദീർഘനാളായ കെഎസ്ആര്‍ടിസി ജീവനക്കാരുടെ അഭ്യർത്ഥനയ്ക്ക് പരിഹാരവുമായി ഗതാഗതമന്ത്രി കെ.ബി ഗണേഷ് കുമാർ. അര്‍ഹരായ എല്ലാ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കും പ്രമോഷന്‍ ലഭ്യമാക്കുമെന്ന് ഗണേഷ് കുമാര്‍ പ്രതികരിച്ചു. രണ്ടുദിവസത്തിനകം ഇതുസംബന്ധിച്ച് ഉത്തരവ് നല്‍കുമെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി.
ഈ വര്‍ഷം വിവിധ തസ്തികളില്‍ നിന്നായി ഒരുപാട് ജീവനക്കാര്‍ വിരമിക്കുന്നുണ്ട്. ഇൗ ഒഴിവുകള്‍ പരിഗണിച്ചാണ് പ്രമോഷന്‍ നല്‍കുന്നത്. നിലവിലുള്ള ജീവനക്കാരില്‍ ഏറെയും ദീര്‍ഘനാള്‍ സര്‍വീസുള്ളവരാണ്. ഇവര്‍ക്ക് പ്രമോഷന്‍ നല്‍കുന്നതിലൂടെ കെഎസ്ആര്‍ടിസി പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ കഴിയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
Promotion to all eligible KSRTC employees; KB Ganesh Kumar
പാലക്കാട്: കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് രാജി വെച്ച് പികെ ശശി. സിപിഎം നേതാവും ഷൊർണൂർ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള മുൻ എംഎൽഎയുമാണ് പികെ ശശി. വ്യക്തിപരമായ കാരണങ്ങളെത്തുടർന്നാണ് രാജിയെന്നാണ് പികെ ശശിയുടെ വിശദീകരണം. ശശിയെ ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയാക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് വാർത്തകൾ പുറത്തുവരുന്നതിനിടെയാണ് അദ്ദേഹം കെടിഡിസി ചെയർമാൻ സ്ഥാനം രാജി വെയ്ക്കുന്നത്.
പാലക്കാട് ജില്ലാ കമ്മിറ്റി അംഗമായിരുന്ന പികെ ശശിയെ സിപിഐ(എം) ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയിരുന്നു. നേരത്തേ പാർട്ടിയുടെ സംസ്ഥാന സെക്രട്ടേറിയേറ്റംഗമായും ശശി പ്രവർത്തിച്ചിരുന്നു. എന്നാൽ രണ്ടു വർഷമായി ശശി പാർട്ടി നേതൃത്വവുമായി അകൽച്ചയിലാണ്.
തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സംവിധായകനും സോഷ്യല്‍മീഡിയാ താരവുമായ അഖില്‍ മാരാര്‍. എന്‍ഡിഎയ്‌ക്കൊപ്പം ട്വന്റി-ട്വന്റി സ്ഥാനാര്‍ത്ഥിയായി കൊട്ടാരക്കരയില്‍ മത്സരിക്കുമെന്നാണ് ഏറ്റവും പുതിയ വിവരം. ട്വന്റി-ട്വന്റി നേതാവ് സാബു എം ജേക്കബുമായി ചര്‍ച്ചനടന്നതായും രണ്ട് ദിവസത്തിനകം അഖില്‍ മാരാര്‍ ട്വന്റി -ട്വന്റിയുടെ ഭാഗമായേക്കുമെന്നുമാണ് സൂചന.
ഇന്ന് വൈകിട്ട് കിറ്റക്‌സിന്റെ ഓഫീസില്‍ വെച്ച് നടത്തുന്ന വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം ട്വന്റി-ട്വന്റി ചെയര്‍മാന്‍ സാബു എം ജേക്കബിനൊപ്പം ഔദ്യോഗിക പ്രഖ്യാപനം നടത്തും. സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപിനേതൃത്വം ശ്രീജിത്ത് പണിക്കര്‍, അഖില്‍ മാരാര്‍ എന്നിവരുമായി ചര്‍ച്ച നടത്തിയതായിട്ടാണ് സൂചന. ഇതില്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ല എന്ന നിലപാട് ശ്രീജിത് പണിക്കര്‍ എടുത്തു. അതേസമയം ട്വന്റിട്വന്റിയ്‌ക്കൊപ്പം മത്സരിക്കാനാണ് അഖില്‍ മാരാര്‍ താല്‍പ്പര്യം പ്രകടിപ്പിച്ചത്. ഇതേ തുടര്‍ന്നാണ് അഖില്‍മാരാരെ ട്വന്റി-20 സ്ഥാനാര്‍ഥിയായി കൊട്ടാരക്കരയില്‍ പരിഗണിച്ചത്. നേരത്തേ യുഡിഎഫിനും കോണ്‍ഗ്രസിനും അനുകൂല നിലപാട് എടുത്തിരുന്നയാളാണ് അഖില്‍ മാരാര്‍.
Akhil marar will be the twenty twenty candidate at kottarakkara
തിരുവനന്തപുരം: ജനപ്രിയ ബ്രാൻഡായ ‘ജവാന്’ ശേഷം കേരള സർക്കാർ നേരിട്ട് വിപണിയിലിറക്കുന്ന പുതിയ വിദേശമദ്യ ബ്രാൻഡിന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ‘മലബാർ മിസ്റ്ററി’ (Malabar Mystery) എന്നാണ് പുതിയ മദ്യത്തിന് പേര് നൽകിയിരിക്കുന്നത്.
ചിറ്റൂർ മേനോൻപാറയിലുള്ള മലബാർ ഡിസ്റ്റിലറീസ് പ്ലാന്റിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച്, ഈ മാസം 21-ന് പുതിയ ബ്രാൻഡിന്റെ ഔദ്യോഗിക ലോഞ്ച് നടക്കും. പുതിയ മദ്യത്തിന് പേര് നിർദ്ദേശിക്കാൻ പൊതുജനങ്ങൾക്ക് അവസരം നൽകിയിരുന്നു. ഇതിൽ നിന്നും ‘മലബാർ മിസ്റ്റ്’ എന്ന പേരായിരുന്നു ആദ്യം പരിഗണിച്ചിരുന്നതെങ്കിലും സാങ്കേതിക കാരണങ്ങളാൽ ‘മലബാർ മിസ്റ്ററി’ എന്ന് മാറ്റുകയായിരുന്നു.
ആദ്യഘട്ടത്തിൽ അര ലിറ്റർ കുപ്പികളിലായിരിക്കും ‘മലബാർ മിസ്റ്ററി’ വിപണിയിലെത്തുക. പ്രതിദിനം 13,500 കെയ്‌സ് മദ്യം ഉൽപ്പാദിപ്പിക്കാനുള്ള ശേഷിയാണ് പ്ലാന്റിനുള്ളത്. സാധാരണക്കാരുടെ ഇഷ്ട ബ്രാൻഡായ ‘ജവാന്’ സമാനമായ വിലയിലായിരിക്കും പുതിയ മദ്യവും ലഭ്യമാവുക എന്നാണ് സൂചന. ഗുണനിലവാരത്തിലും മിതമായ നിരക്കിലും ജനങ്ങളിലേക്ക് എത്തുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ പുതിയ ബ്രാൻഡ് അവതരിപ്പിക്കുന്നത്.
Title ‘Malabar Mystery’; Kerala government’s new liquor at a low price will soon be in the market
കൊച്ചി: രാഷ്ട്രീയ അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ബിഗ് ബോസ് ജേതാവും സംവിധായകനുമായ അഖിൽ മാരാർ ഔദ്യോഗികമായി ട്വന്റി 20 (Twenty20) പാർട്ടിയിൽ ചേർന്നു. കൊച്ചിയിൽ നടന്ന പ്രസ് മീറ്റിലാണ് അഖിൽ മാരാർ പാർട്ടി അംഗത്വം സ്വീകരിച്ച കാര്യം പ്രഖ്യാപിച്ചത്. സാബു എം. ജേക്കബിന്റെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം.
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അഖിൽ മാരാർ എവിടെ മത്സരിക്കുമെന്ന കാര്യത്തിൽ എൻ.ഡി.എ (NDA) നേതൃത്വം തീരുമാനമെടുക്കുമെന്ന് സാബു എം. ജേക്കബ് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ട്വന്റി 20 എൻ.ഡി.എ സഖ്യത്തിന്റെ ഭാഗമായ സാഹചര്യത്തിൽ, സഖ്യകക്ഷികൾക്കിടയിലെ സീറ്റ് വിഭജന ചർച്ചകൾക്ക് ശേഷമായിരിക്കും മണ്ഡലത്തിന്റെ കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുക.
ജനപക്ഷത്ത് നിൽക്കുന്ന വികസന രാഷ്ട്രീയമാണ് ട്വന്റി 20 മുന്നോട്ട് വെക്കുന്നതെന്നും അതുകൊണ്ടാണ് ഈ പാർട്ടി തിരഞ്ഞെടുത്തതെന്നും അഖിൽ മാരാർ പറഞ്ഞു.
നേരത്തെ കോൺഗ്രസ് നേതൃത്വവുമായി അഖിൽ ചർച്ചകൾ നടത്തിയിരുന്നുവെങ്കിലും സീറ്റ് നൽകുന്ന കാര്യത്തിൽ വ്യക്തത ലഭിക്കാത്തതാണ് ട്വന്റി 20-യിലേക്കുള്ള മാറ്റത്തിന് പ്രധാന കാരണമായത് എന്നാണ് റിപ്പോർട്ടുകൾ. അഖിൽ മാരാറുടെ കടന്നുവരവ് യുവാക്കൾക്കിടയിൽ മുന്നണിക്ക് വലിയ സ്വാധീനം നൽകുമെന്നാണ് എൻ.ഡി.എ കേന്ദ്രങ്ങളുടെ വിലയിരുത്തൽ.
തിരുവനന്തപുരം: കേരളത്തിൽ വരും ദിവസങ്ങളിൽ മഴ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഫെബ്രുവരി 19 മുതൽ 23 വരെ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ നേരിയതോ ഇടത്തരമോ ആയ മഴ ലഭിച്ചേക്കും. ഫെബ്രുവരി 21, 22 തീയതികളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും ഏറ്റവും പുതിയ കാലാവസ്ഥാ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു.
ഇന്ത്യൻ മഹാസമുദ്രത്തിലും ബംഗാൾ ഉൾക്കടലിലുമായി രൂപപ്പെട്ട വിവിധ കാലാവസ്ഥാ സിസ്റ്റങ്ങളാണ് സംസ്ഥാനത്ത് മഴയ്ക്ക് അനുകൂലമായ സാഹചര്യം ഒരുക്കുന്നത്.
പ്രധാന കാലാവസ്ഥാ മാറ്റങ്ങൾ:
ന്യൂനമർദ്ദം (Low Pressure Area): ഭൂമധ്യരേഖാ പ്രദേശത്തുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും അതിനോട് ചേർന്നുള്ള തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി നിലവിൽ ഒരു ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. ഇത് പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ശ്രീലങ്കൻ തീരത്തേക്ക് നീങ്ങുകയും, അടുത്ത 24 മണിക്കൂറിനുള്ളിൽ ദുർബലമാകാനും സാധ്യതയുണ്ട്.
ചക്രവാതച്ചുഴി (Cyclonic Circulation): ഭൂമധ്യരേഖാ പ്രദേശത്തെ ഇന്ത്യൻ മഹാസമുദ്രത്തിനും തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ഒരു ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. ഇത് വരും മണിക്കൂറുകളിൽ ശക്തി പ്രാപിച്ച് മറ്റൊരു ന്യൂനമർദ്ദമായി മാറാൻ സാധ്യതയുണ്ട്.
ന്യൂനമർദ്ദ പാത്തി (Trough): നിലവിലെ ന്യൂനമർദ്ദത്തിൽ നിന്നും ആരംഭിച്ച് തെക്കൻ തമിഴ്‌നാടിനും തെക്കൻ കേരളത്തിനും കുറുകെ ലക്ഷദ്വീപ് വരെ ഒരു ന്യൂനമർദ്ദ പാത്തിയും രൂപപ്പെട്ടിട്ടുണ്ട്.
ഈ സാഹചര്യത്തിലാണ് കേരളത്തിൽ വരുന്ന അഞ്ച് ദിവസങ്ങളിൽ മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പൊതുജനങ്ങൾ കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും നിർദ്ദേശമുണ്ട്.
നിവിൻ പോളി ചിത്രം ‘സർവം മായ’യിലെ പ്രകടനത്തിലൂടെ പ്രേക്ഷകമനം കവർന്ന നടി റിയ ഷിബുവിന് തെന്നിന്ത്യൻ സൂപ്പർ താരങ്ങളായ സൂര്യയുടെയും ജ്യോതികയുടെയും അഭിനന്ദനം. ചിത്രത്തിലെ ‘ഡെലുലു’ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട റിയയ്ക്ക് സർപ്രൈസ് സമ്മാനപ്പൊതിയും അഭിനന്ദനക്കത്തും അയച്ചാണ് താരദമ്പതികൾ ഞെട്ടിച്ചത്.
സൂര്യയുടെയും ജ്യോതികയുടെയും ഈ സ്നേഹസമ്മാനത്തെക്കുറിച്ച് റിയ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. “സന്തോഷം കൊണ്ട് പറക്കാൻ തോന്നുന്നു” എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചത്.
“സർവം മായയിലെ റിയയുടെ പ്രകടനം കണ്ടു. വളരെ സ്വാഭാവികവും സ്വാധീനമുണ്ടാക്കുന്നതുമായ പ്രകടനമായിരുന്നു അത്. അഭിനന്ദനങ്ങൾ, ഇനിയും മികച്ച വേഷങ്ങൾ റിയയെ തേടിയെത്തട്ടെ,” എന്നാണ് സൂര്യയും ജ്യോതികയും കത്തിൽ കുറിച്ചത്. തിരക്കുകൾക്കിടയിലും തന്റെ പ്രകടനം കണ്ട് അഭിനന്ദിക്കാൻ സമയം കണ്ടെത്തിയ താരദമ്പതികളോട് റിയ നന്ദി അറിയിച്ചു. റിയയെ കൂടാതെ സിനിമയുടെ സംഗീത സംവിധായകൻ ജസ്റ്റിൻ വർഗീസിനും സൂര്യ-ജ്യോതിക ദമ്പതികളുടെ അഭിനന്ദനം ലഭിച്ചിട്ടുണ്ട്.
അഖിൽ സത്യൻ സംവിധാനം ചെയ്ത ‘സർവം മായ’ ബോക്സ് ഓഫീസിൽ വലിയ വിജയമാണ് നേടിയത്. 150 കോടിയിലധികം രൂപ ആഗോളതലത്തിൽ ചിത്രം ഇതിനോടകം സ്വന്തമാക്കി കഴിഞ്ഞു. ഒരു ഹൊറർ കോമഡി ചിത്രമായ ഇതിൽ നിവിൻ പോളിക്കൊപ്പം അജു വർഗീസും പ്രധാന വേഷത്തിൽ എത്തിയിരുന്നു. ഒടിടി റിലീസിന് ശേഷവും തിയറ്ററുകളിൽ മികച്ച പ്രതികരണം തുടരുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
മലയാള സിനിമയിലെ യുവതാരങ്ങളെ പ്രോത്സാഹിപ്പിക്കാൻ തെന്നിന്ത്യൻ സൂപ്പർ താര ദമ്പതികൾ നേരിട്ട് രംഗത്തെത്തിയത് സോഷ്യൽ മീഡിയയിലും മലയാള സിനിമ മേഖലയിലും ഇപ്പോൾ ചർച്ചയാകുന്നുണ്ട്.
Simplyyy over the mooonnn!!!! Thank youuu so so muchh @Suriya_offl sir #jyothika maam !! 🥹❤️ to take the time and effort to send me this hamper as a token of appreciation for my performance really means a lot to me. Accepting this on behalf of the entire team of #SarvamMaya ❤️🌟 pic.twitter.com/JtIMQ4hCsm
ന്യൂഡൽഹി: ആഗോള ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) ഭൂപടത്തിൽ ഭാരതത്തിന്റെ സ്ഥാനം ഉറപ്പിച്ചുകൊണ്ട് ‘ഇന്ത്യ AI ഇംപാക്ട് സമ്മിറ്റ് 2026’-ന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈയും കൂടിക്കാഴ്ച നടത്തി. ഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ നടന്ന ചർച്ചയിൽ സാങ്കേതിക വിദ്യയിലൂടെയുള്ള ഇന്ത്യയുടെ ഭാവി വികസനത്തെക്കുറിച്ചും AI മേഖലയിലെ ആഗോള സഹകരണത്തെക്കുറിച്ചും ഇരുവരും സംസാരിച്ചു.
മാനവികതയ്ക്കായി AI “സർവ്വജന ഹിതായ, സർവ്വജന സുഖായ” (എല്ലാവരുടെയും ക്ഷേമത്തിനും സന്തോഷത്തിനും വേണ്ടി) എന്ന ഭാരതീയ ദർശനത്തിലൂന്നി വേണം AI വികസിപ്പിക്കേണ്ടതെന്ന് കൂടിക്കാഴ്ചയിൽ ചർച്ചയായി. സാധാരണക്കാരുടെ ജീവിതനിലവാരം ഉയർത്തുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സാങ്കേതിക വിദ്യയെ എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിനാണ് കേന്ദ്ര സർക്കാർ മുൻഗണന നൽകുന്നത്.
ആഗോള ശ്രദ്ധാകേന്ദ്രം ഭാരത് മണ്ഡപത്തിൽ ഫെബ്രുവരി 16 മുതൽ 20 വരെയാണ് ഉച്ചകോടി നടക്കുന്നത്. ഗ്ലോബൽ സൗത്തിൽ (Global South) ഇത്തരമൊരു വൻകിട AI ഉച്ചകോടി നടക്കുന്നത് ഇതാദ്യമാണ്. 110-ലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും 30-ഓളം അന്താരാഷ്ട്ര സംഘടനകളും ഇതിൽ പങ്കുചേരുന്നുണ്ട്. 20-ഓളം രാഷ്ട്രത്തലവന്മാരും വിവിധ രാജ്യങ്ങളിൽ നിന്നുള്ള 45 മന്ത്രിമാരും ഉച്ചകോടിയുടെ ഭാഗമാകും.
സുന്ദർ പിച്ചൈയുടെ മുഖ്യപ്രഭാഷണം ഉച്ചകോടിയുടെ ഭാഗമാകുന്നതിനായി ഇന്ത്യയിലെത്തിയ സുന്ദർ പിച്ചൈ ഫെബ്രുവരി 20-ന് സമ്മിറ്റിൽ മുഖ്യപ്രഭാഷണം നടത്തും. ഭാരതത്തിലേക്കുള്ള തന്റെ മടങ്ങി വരവിൽ ഏറെ സന്തോഷമുണ്ടെന്നും പ്രധാനമന്ത്രിയുമായുള്ള ചർച്ചകൾ ഫലപ്രദമായിരുന്നുവെന്നും അദ്ദേഹം എക്സിലൂടെ (X) അറിയിച്ചു.
സാങ്കേതിക രംഗത്ത് ലോകത്തിന് തന്നെ മാതൃകയാകുന്ന തരത്തിലുള്ള സുപ്രധാന തീരുമാനങ്ങൾ ഈ ഉച്ചകോടിയിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Prime Minister Narendra Modi met with Google CEO Sundar Pichai
കൊച്ചി: ഓൺലൈൻ ലേല ആപ്പായ ‘സെയ്‌വ് ബോക്‌സ്’ (Save Box) മുഖേന നടത്തിയ നിക്ഷേപ തട്ടിപ്പ് കേസിൽ നടൻ ജയസൂര്യക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) നടപടി. ജയസൂര്യയുടെ 38.74 ലക്ഷം രൂപയുടെ സ്വത്തുവകകളാണ് ഇ.ഡി മരവിപ്പിച്ചത്. കേസിലെ മുഖ്യപ്രതി സ്വാതിക് റഹീം ഉൾപ്പെടെയുള്ളവരുടെ ആകെ മൂന്ന് കോടിയോളം രൂപയുടെ സ്വത്തുക്കൾ മരവിപ്പിച്ചതിനൊപ്പമാണ് ജയസൂര്യക്കെതിരെയുള്ള നടപടിയും.
എന്താണ് കേസ്? ഇന്ത്യയിലെ ആദ്യത്തെ ഓൺലൈൻ ലേല പ്ലാറ്റ്‌ഫോം എന്ന് അവകാശപ്പെട്ട് 2021-ലാണ് സ്വാതിക് റഹീമിന്റെ ഉടമസ്ഥതയിലുള്ള ‘സെയ്‌വ് ബോക്‌സ്’ പ്രവർത്തനം ആരംഭിച്ചത്. വിലകൂടിയ ഇലക്ട്രോണിക് ഉപകരണങ്ങളും മറ്റും ലേലത്തിലൂടെ വളരെ കുറഞ്ഞ വിലയ്ക്ക് നൽകാമെന്നും ഫ്രാഞ്ചൈസികൾ നൽകാമെന്നും വാഗ്ദാനം ചെയ്ത് നൂറിലധികം നിക്ഷേപകരിൽ നിന്നായി ഏകദേശം 25 കോടിയോളം രൂപ തട്ടിയെടുത്തതായാണ് പരാതി.
ജയസൂര്യയുടെ പങ്കെന്ത്? സെയ്‌വ് ബോക്‌സിന്റെ ബ്രാൻഡ് അംബാസഡറായിരുന്നു ജയസൂര്യ. സ്ഥാപനത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചതും പരസ്യങ്ങളിൽ അഭിനയിച്ചതും അദ്ദേഹമായിരുന്നു. ബ്രാൻഡ് അംബാസഡർ എന്ന നിലയിൽ താൻ വാങ്ങിയ പ്രതിഫലം മാത്രമാണ് ഇതെന്നായിരുന്നു ജയസൂര്യയുടെ വിശദീകരണം. എന്നാൽ, നിക്ഷേപകരിൽ നിന്ന് തട്ടിയെടുത്ത പണമാണ് പ്രതിഫലമായി നൽകിയതെന്നും ഇത് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ (PMLA) പരിധിയിൽ വരുമെന്നുമാണ് ഇ.ഡിയുടെ കണ്ടെത്തൽ.
അന്വേഷണം ഊർജിതം കേസുമായി ബന്ധപ്പെട്ട് ജയസൂര്യയെ നേരത്തെ കൊച്ചിയിലെ ഇ.ഡി ഓഫീസിൽ വിളിപ്പിച്ചു ചോദ്യം ചെയ്തിരുന്നു. തട്ടിപ്പ് ആപ്പുകളുടെ പരസ്യങ്ങളിൽ അഭിനയിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന കേന്ദ്ര സർക്കാർ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ ഏജൻസികൾ മുന്നോട്ട് പോകുന്നത്. സ്വാതിക് റഹീമിനെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിൽ കൂടുതൽ സിനിമാ താരങ്ങൾക്ക് പങ്കുണ്ടോ എന്ന കാര്യവും ഇ.ഡി പരിശോധിക്കുന്നുണ്ട്.
Save box scam: ED freezes assets worth Rs 39 lakh of actor Jayasurya
കൊല്ലം: ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസുകളിൽ റിമാൻഡിലായിരുന്ന തന്ത്രി കണ്ഠര് രാജീവർക്ക് ജാമ്യം അനുവദിച്ചു. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. സന്നിധാനത്തെ ശ്രീകോവിൽ കട്ടിളപ്പടിയിലെ സ്വർണ്ണം മോഷ്ടിച്ച കേസ്, ദ്വാരപാലക ശില്പങ്ങളിലെ സ്വർണ്ണം തട്ടിയെടുത്ത കേസ് എന്നിങ്ങനെ രണ്ട് കേസുകളിലും തന്ത്രിക്ക് കോടതി ജാമ്യം നൽകി.
അന്വേഷണ സംഘത്തിന്റെ കടുത്ത എതിർപ്പ് മറികടന്ന് ജാമ്യം തന്ത്രിയുടെ ജാമ്യാപേക്ഷയെ പ്രത്യേക അന്വേഷണ സംഘം (SIT) കോടതിയിൽ ശക്തമായി എതിർത്തിരുന്നു. തന്ത്രിയുടെയും കുടുംബാംഗങ്ങളുടെയും പേരിൽ വിവിധ ബാങ്കുകളിൽ കോടിക്കണക്കിന് രൂപയുടെ അനധികൃത നിക്ഷേപമുണ്ടെന്നും, ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ, തന്ത്രിക്ക് കൊള്ളയിൽ നേരിട്ട് പങ്കില്ലെന്നും ആചാരപരമായ കാര്യങ്ങളിൽ മാത്രമാണ് അദ്ദേഹം ഇടപെട്ടിട്ടുള്ളതെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദം കോടതി പരിഗണിക്കുകയായിരുന്നു.
കൃഷാന്ദ് ഒരുക്കിയ പുതിയ ചിത്രം മസ്തിഷ്ക മരണം;സൈമൺസ് മെമ്മറീസിലെ ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്ത്. ചിത്രത്തിൽ നിർണ്ണായക വേഷങ്ങൾ ചെയ്യുന്ന ജഗദീഷ്, സുരേഷ് കൃഷ്ണ എന്നിവരുടെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന പോസ്റ്റർ ആണ് റിലീസ് ചെയ്തിരിക്കുന്നത്. പ്രവീൺ ശശാങ്ക് എന്ന കഥാപാത്രമായി ജഗദീഷ് എത്തുമ്പോൾ, ചാർളി എന്ന് പേരുള്ള കഥാപാത്രമായാണ് സുരേഷ് കൃഷ്ണ അഭിനയിച്ചിരിക്കുന്നത്. മാസ്സ്, സ്റ്റൈലിഷ് ലുക്കിലാണ് ഇരുവരേയും ചിത്രത്തിൽ അവതരിപ്പിക്കുന്നതെന്നും ക്യാരക്ടർ പോസ്റ്ററിൽ നിന്ന് വ്യക്തമാണ്. 2026, ഫെബ്രുവരി 27 ന് ആണ് ചിത്രം ആഗോള തലത്തിൽ തീയേറ്ററുകളിൽ എത്തുക. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് ആണ് ചിത്രം നിർമ്മിക്കുന്നത്. “മസ്തിഷ്ക മരണം- എ ഫ്രാങ്കെന്ബൈറ്റിങ് ഓഫ് സൈമൺസ് മെമ്മറീസ്” എന്നാണ് ചിത്രത്തിന്റെ മുഴുവൻ ടൈറ്റിൽ. ആവാസവ്യൂഹം, പുരുഷ പ്രേതം എന്നീ വൻ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ ചിത്രങ്ങൾക്ക് ശേഷം കൃഷാന്ദ് രചിച്ചു സംവിധാനം ചെയ്യുന്ന ഈ ചിത്രം, ‘ഗഗനചാരി’ എന്ന ചിത്രത്തിന് ശേഷം അജിത് വിനായക ഫിലിംസ്, കൃഷാന്ദ് ഫിലിംസ് എന്നിവർ ഒന്നിക്കുന്ന സയൻസ് ഫിക്ഷൻ ചിത്രം കൂടിയാണ്.
ജഗദീഷ്, സുരേഷ് കൃഷ്ണ എന്നിവരുടെ കരിയറിലെ ഏറെ വ്യത്യസ്തമായ കഥാപാത്രങ്ങളാണ് ഈ ചിത്രത്തിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തുക എന്നാണ് റിപ്പോർട്ട്. 2046 കാലഘട്ടത്തിൽ കഥ പറയുന്ന ഒരു സയൻസ് ഫിക്ഷൻ ഇൻവെസ്റ്റിഗേഷൻ കോമഡി ചിത്രമായാണ് ഇതൊരുക്കിയിരിക്കുന്നത്. 2046 ലെ കൊച്ചി നഗരത്തിന്റെ (നിയോ കൊച്ചി) പശ്‌ചാത്തലത്തിലാണ് ചിത്രം അവതരിപ്പിക്കുന്നത്. വിഎഫ്എക്‌സിനു വലിയ പ്രാധാന്യമുള്ള രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
ചിത്രത്തിൻ്റെ 2 ടീസറുകൾ ഇതിനോടകം പുറത്ത് വരികയും, മികച്ച ശ്രദ്ധ സമൂഹ മാധ്യമങ്ങളിലുൾപ്പെടെ നേടുകയും ചെയ്തിരുന്നു. തദ്ദേശീയമായ പശ്‌ചാത്തലത്തിൽ, സയൻസ് ഫിക്ഷൻ ഉൾപ്പെടുത്തി, ഏറെ മാഡ്‌നെസ്സ് നിറഞ്ഞ ഒരു അവതരണ ശൈലിയാണ് ചിത്രം സ്വീകരിച്ചിരിക്കുന്നതെന്ന് ടീസറുകൾ കാണിച്ചു തരുന്നു. ഫ്യൂച്ചറിസ്റ്റിക് നിയോ നോയിർ മൂഡ് നിലനിർത്തുന്ന ചിത്രത്തിന്, അന്താരാഷ്ട്ര സിനിമകളുടെ നിലവാരമുള്ള ദൃശ്യഭാഷയാണുള്ളത് എന്നതും ഇതിൽ നിന്ന് വ്യക്തമാകുന്നുണ്ട്. ചിത്രത്തിലെ ഗാനങ്ങളും സൂപ്പർ ഹിറ്റായിട്ടുണ്ട്. ചിത്രത്തിൽ നിന്ന് ആദ്യം പുറത്തു വന്ന “കോമള താമര” എന്ന ഗാനവും, പിന്നീട് എത്തിയ “ആരാധകൻ” എന്ന ഗാനവും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ഏറെ വ്യത്യസ്തമായ മേക്കിങ് ശൈലി ആണ് ചിത്രത്തിൻ്റേത് എന്ന് ഈ ഗാനങ്ങളും കാണിച്ചു തരുന്നുണ്ട്. മലയാള പ്രേക്ഷകർ ഇതുവരെ കാണാത്ത ശൈലിയിൽ ആണ് ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
ലോക, ബ്ലേഡ് റണ്ണർ പോലെയുള്ള ചിത്രങ്ങളുടേത് പോലെ ഒരു വ്യത്യസ്ടതമായ കഥാലോകം ആണ് ഈ ചിത്രത്തിലൂടെ ഒരുക്കുന്നതെന്നും, ഇതിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ഈ വർഷം ജൂലൈയിൽ ആരംഭിക്കും എന്നും ആണ് റിപ്പോർട്ട്. രജിഷ വിജയൻ, നിരഞ്ച് മണിയൻ പിള്ള രാജു, നന്ദു, ദിവ്യ പ്രഭ, ആൻ ജമീല സലീം, ശാന്തി ബാലചന്ദ്രൻ, വിഷ്ണു അഗസ്ത്യ, ശംഭു, സായ് ഗായത്രി, ശ്രീനാഥ് ബാബു, മനോജ് കാന, ഷിൻസ് ഷാൻ, മിഥുൻ വേണുഗോപാൽ, സച്ചിൻ ജോസഫ്, ആഷ്‌ലി ഐസക്, അനൂപ് മോഹൻദാസ്, ജയിൻ ആൻഡ്രൂസ്, സഞ്ജു ശിവറാം എന്നിവരും ചിത്രത്തിൽ നിർണ്ണായക വേഷങ്ങൾ ചെയ്യുന്നു. സാരേഗാമ ആണ് ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത്.
ഛായാഗ്രഹണം- പ്രയാഗ് മുകുന്ദൻ, സംഗീതം- വർക്കി, എഡിറ്റർ-കൃഷാന്ദ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- നിഖിൽ പ്രഭാകർ, പ്രൊജക്റ്റ് ഡിസൈനർ- രഞ്ജിത്ത് കരുണാകരൻ, കലാസംവിധാനം- കൃഷാന്ദ്, ആൽവിൻ ജോസഫ്, മേക്കപ്പ്- അർഷാദ് വർക്കല, സംഘട്ടനം- ശ്രാവൺ സത്യ, വസ്ത്രാലങ്കാരം- ദിവ്യ ജോബി, ചീഫ് അസ്സോസിയേറ്റ് സിനിമാട്ടോഗാഫി- നിഖിൽ സുരേന്ദ്രൻ, ചീഫ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- രാഹുൽ മേനോൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ജയേഷ് എൽ ആർ, കളറിസ്റ്റ്- അർജുൻ മേനോൻ (കാൻപ്രോ), സ്‌റ്റിൽസ്- കിരൺ വി എസ്, പ്രൊഡക്ഷൻ മാനേജർ- ആരോമൽ പയ്യന്നുർ, പിആർഒ- ശബരി
തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളുടെ പ്രവർത്തനസമയം വർധിപ്പിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കി. പുതിയ തീരുമാനപ്രകാരം സംസ്ഥാനത്തെ 884 ബാറുകൾക്കും ബിയർ-വൈൻ പാർലറുകൾക്കും ഇനി മുതൽ രാവിലെ 10 മണി മുതൽ രാത്രി 12 മണി വരെ പ്രവർത്തിക്കാം. നേരത്തെ ടൂറിസം മേഖലകളിൽ മാത്രം അനുവദിച്ചിരുന്ന ഈ ഇളവാണ് ഇപ്പോൾ സംസ്ഥാനത്തെ എല്ലാ ബാറുകൾക്കുമായി ഏകീകരിച്ചിരിക്കുന്നത്.
പ്രധാന മാറ്റങ്ങൾ ഒറ്റനോട്ടത്തിൽ:
ബാറുകൾ & ബിയർ പാർലറുകൾ: പ്രവർത്തനസമയം രാത്രി 12 മണി വരെയാക്കി നീട്ടി.
പഞ്ചനക്ഷത്ര ബാറുകൾ: പ്രത്യേക അനുമതിയോടെ പുലർച്ചെ 3 മണി വരെ പ്രവർത്തിക്കാം. ഇതിനായി വർഷം 5 ലക്ഷം രൂപ അധികം നൽകണം.
ക്ലബ്ബുകൾ: ക്ലബ്ബുകളുടെ പ്രവർത്തനസമയത്തിൽ നിലവിൽ മാറ്റമില്ല.
സമയ ഏകീകരണം; പിന്നിൽ ബാറുടമകളുടെ ആവശ്യം
സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലകളുടെ എണ്ണം വർധിപ്പിച്ചതോടെ ബാറുകളുടെ പ്രവർത്തനസമയത്തിൽ വലിയ അസമത്വം നിലനിന്നിരുന്നു. ഒരു റോഡിന്റെ ഇരുവശങ്ങളിലുമുള്ള ബാറുകൾക്ക് വ്യത്യസ്ത സമയക്രമം വന്നത് ക്രമസമാധാന പ്രശ്നങ്ങൾക്കും ജീവനക്കാരും മദ്യപാനികളും തമ്മിലുള്ള തർക്കത്തിനും വഴിവെച്ചിരുന്നതായി എക്സൈസ് റിപ്പോർട്ട് ചെയ്തിരുന്നു. ഈ പരാതികൾ പരിഗണിച്ചാണ് സർക്കാർ സമയക്രമം ഏകീകരിച്ചത്.
രാഷ്ട്രീയ വിവാദം
നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ബാറുടമകളെ സഹായിക്കാനാണ് സർക്കാർ ഈ നീക്കം നടത്തുന്നതെന്ന ആരോപണം ശക്തമാണ്. 2016-ൽ ഒന്നാം പിണറായി സർക്കാർ അധികാരമേൽക്കുമ്പോൾ വെറും 29 ബാറുകൾ മാത്രമായിരുന്നത്, ഇപ്പോൾ രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് 131 പുതിയ ബാറുകൾക്ക് കൂടി അനുമതി നൽകിക്കൊണ്ട് വലിയ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.