Home Blog Page 23

ഇതിഹാസ ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു; ഓർമ്മയാകുന്നത് ഇന്ത്യൻ സംഗീതത്തിലെ അതുല്യ ശബ്ദം

0

മുംബൈ : പ്രശസ്ത പിന്നണി ഗായിക ആശാ ഭോസ്‌ലെ (92) അന്തരിച്ചു. പെട്ടെന്നുണ്ടായ ദേഹാസ്വാസ്ഥ്യത്തെയും ശ്വാസകോശത്തിലെ അണുബാധയെയും തുടർന്ന് മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഇന്ത്യൻ സംഗീത ലോകത്തെ ഇതിഹാസവും ഇതിഹാസ ഗായിക ലത മങ്കേഷ്ക്കറുടെ സഹോദരിയുമായ അവർ, ഗ്രാമി അവാർഡിന് നാമനിർദേശം ചെയ്യപ്പെട്ട ആദ്യ ഇന്ത്യക്കാരി കൂടിയാണ്.

മറാഠി നാടകവേദിയിലെ നടനും ഗായകനുമായിരുന്ന ദീനനാഥ് മങ്കേഷ്‌കറുടെ മകളായി ജനിച്ച ആശാ ഭോസ്‌ലെ തന്റെ എട്ടു പതിറ്റാണ്ട് നീണ്ട സംഗീത ജീവിതത്തിൽ 20 ഭാഷകളിലായി പതിനായിരത്തിലധികം ഗാനങ്ങൾക്ക് ശബ്ദം നൽകി. പിതാവിന്റെ മരണ ശേഷം തന്റെ ഒൻപതാം വയസ്സിലാണ് അവർ പിന്നണി ഗാനരംഗത്തേക്ക് എത്തുന്നത്. 1943 ൽ ‘മജാബാൽ’ എന്ന മറാഠി ചിത്രത്തിൽ പാടിക്കൊണ്ടായിരുന്നു അരങ്ങേറ്റം. 1948ൽ പുറത്തിറങ്ങിയ ‘ചുനാരിയ’ എന്ന ചിത്രത്തിലൂടെയാണ് ഹിന്ദി സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നത്.

ഒ.പി.നയ്യാർ, ആർ.ഡി.ബർമൻ തുടങ്ങി എ.ആർ.റഹ്മാൻ വരെയുള്ള പ്രമുഖ സംഗീത സംവിധായകർക്കൊപ്പം നിരവധി ഹിറ്റുകൾ അവർ സമ്മാനിച്ചു. പോപ്, കാബറെ, ഗസൽ, ക്ലാസ്സിക്കൽ എന്നിങ്ങനെ ഏതു ശൈലിയിലുള്ള ഗാനങ്ങളും ഒരുപോലെ വഴങ്ങുന്ന അതുല്യ പ്രതിഭയായിരുന്നു അവർ.

മികച്ച ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം രണ്ടുതവണ നേടിയിട്ടുണ്ട്. 2000-ൽ ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരവും 2008-ൽ പത്മവിഭൂഷണും നൽകി രാജ്യം ആദരിച്ചു. ഇന്ത്യൻ സംഗീതത്തിന്, പ്രത്യേകിച്ച് സിനിമാ ലോകത്തിന് നികത്താനാവാത്ത നഷ്ടമാണ് ഈ വിയോഗം.

പർപ്പിൾ ഹാൽസിയോൺ (അശ്വനി എ) ഇൻസ്റ്റാഗ്രാം അക്കൗണ്ട് അപ്രത്യക്ഷമായി: വൈറലായ കേരള ക്രിയേറ്റർക്ക് സംഭവിച്ചതെന്ത്?

0

സോഷ്യൽ മീഡിയയിൽ ‘പർപ്പിൾ ഹാൽസിയോൺ’ (Purple Halcyon) എന്ന പേരിൽ ശ്രദ്ധേയയായ പ്രശസ്ത കേരള ഡിജിറ്റൽ ക്രിയേറ്റർ അശ്വനി എ-യുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് കാണാനില്ല. ഇൻസ്റ്റാഗ്രാമിൽ തിരയുമ്പോൾ പ്രൊഫൈൽ ലഭ്യമല്ല എന്നാണ് കാണിക്കുന്നത്. യാതൊരു മുന്നറിയിപ്പുമില്ലാതെ അക്കൗണ്ട് അപ്രത്യക്ഷമായത് ഫോളോവേഴ്‌സിനെയും ആരാധകരെയും ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്.

അക്കൗണ്ട് അപ്രത്യക്ഷമാകുന്നതിന് മുമ്പ്, 2.85 ലക്ഷത്തിലധികം (285,000) ഫോളോവേഴ്‌സും നൂറിലധികം പോസ്റ്റുകളും പർപ്പിൾ ഹാൽസിയോൺ അക്കൗണ്ടിൽ ഉണ്ടായിരുന്നു. ഫാഷൻ, ട്രാവൽ, ലൈഫ്‌സ്റ്റൈൽ കണ്ടന്റുകളിലൂടെയാണ് അശ്വനി ഓൺലൈനിൽ വലിയൊരു ആരാധകവൃന്ദത്തെ സ്വന്തമാക്കിയത്. മറ്റ് ഇൻഫ്ലുവൻസർമാരിൽ നിന്ന് വ്യത്യസ്തമായി ബ്രാൻഡ് പ്രൊമോഷനുകളേക്കാൾ ഉപരി, ഇൻസ്റ്റാഗ്രാമിന്റെ സബ്‌സ്‌ക്രിപ്‌ഷൻ (Subscription) ഫീച്ചറിലൂടെയായിരുന്നു ഇവർ പ്രധാനമായും വരുമാനം കണ്ടെത്തിയിരുന്നത്.

ഇൻസ്റ്റാഗ്രാമിൽ 25,000-ത്തിലധികം പെയ്ഡ് സബ്‌സ്‌ക്രൈബർമാരെ നേടിയെന്ന വാർത്ത പുറത്തുവന്ന് അധികം വൈകാതെയാണ് അക്കൗണ്ട് കാണാതാകുന്നത്. പണം നൽകുന്ന ഫോളോവേഴ്‌സിന് മാത്രം കാണാൻ സാധിക്കുന്ന പ്രത്യേക സ്റ്റോറികൾ, റീലുകൾ, പോസ്റ്റുകൾ എന്നിവ പങ്കുവെക്കുന്ന രീതിയായിരുന്നു ഇത്. ഈ സബ്‌സ്‌ക്രിപ്‌ഷൻ മോഡലിലൂടെ വലിയൊരു തുക വരുമാനം നേടുന്ന ക്രിയേറ്റർമാരിൽ ഒരാളായി അശ്വനി മാറിയിരുന്നു.

അക്കൗണ്ട് ഒഴിവാക്കപ്പെടാനുള്ള കൃത്യമായ കാരണം ഇതുവരെ വ്യക്തമല്ല. നിരവധി പേർ അക്കൗണ്ട് റിപ്പോർട്ട് ചെയ്തതാണെന്നും, അതല്ല നേരിടേണ്ടി വന്ന സൈബർ ആക്രമണങ്ങളെയും നിയമപ്രശ്നങ്ങളെയും തുടർന്ന് ക്രിയേറ്റർ തന്നെ അക്കൗണ്ട് ഡീആക്ടിവേറ്റ് ചെയ്തതാണെന്നും അഭ്യൂഹങ്ങളുണ്ട്. അതിനിടെ അശ്വനിയുടെ ഫോട്ടോ ഉപയോഗിച്ച് ‘പർപ്പിൾ ഹാൽസിയോൺ 2’ (Purple Halcyon 2) പോലെയുള്ള നിരവധി വ്യാജ പ്രൊഫൈലുകളും ഇൻസ്റ്റാഗ്രാമിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എന്നാൽ ഇവയൊന്നും ഔദ്യോഗികമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല.

ഇൻസ്റ്റാഗ്രാമിന് പുറമെ അശ്വനി എ-യുടെ യൂട്യൂബ് ചാനലും ഇപ്പോൾ സെർച്ചിൽ കാണിക്കുന്നില്ല എന്നാണ് റിപ്പോർട്ടുകൾ. ഔദ്യോഗിക പേജുകൾ അപ്രത്യക്ഷമായെങ്കിലും ഇവരുടെ പഴയ വീഡിയോകളും കണ്ടന്റുകളും ഫാൻ പേജുകളിലൂടെയും ഹാഷ്‌ടാഗുകളിലൂടെയും ഇപ്പോഴും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

വിവാദങ്ങളും സൈബർ ആക്രമണങ്ങളും അശ്വനിക്ക് പുതിയ കാര്യമല്ല. ഇവരുടെ ചില റീലുകളുമായി ബന്ധപ്പെട്ട് മുമ്പും നിരവധി വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. തനിക്കെതിരെ വ്യാജപ്രചാരണങ്ങൾ നടത്തുകയും വ്യക്തിഹത്യ ചെയ്യുകയും ചെയ്യുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അടുത്തിടെ അവർ വ്യക്തമാക്കിയിരുന്നു.

ഏപ്രിൽ 12 വരെയുള്ള വിവരങ്ങൾ പ്രകാരം instagram.com/purplehalcyon എന്ന ഔദ്യോഗിക ലിങ്കിൽ ക്ലിക്ക് ചെയ്താൽ “പ്രൊഫൈൽ ലഭ്യമല്ല. ലിങ്ക് തകരാറിലായതാകാം അല്ലെങ്കിൽ പ്രൊഫൈൽ നീക്കം ചെയ്തതാകാം (Profile isn’t available. The link may be broken, or the profile may have been removed)” എന്ന സന്ദേശമാണ് ലഭിക്കുന്നത്. ഉപയോക്താവ് സ്വയം ഡീആക്ടിവേറ്റ് ചെയ്താലും, പേര് മാറ്റിയാലും, അല്ലെങ്കിൽ മെറ്റ (Meta) അക്കൗണ്ട് ഡിസേബിൾ ചെയ്താലും ഇതേ സന്ദേശമാണ് കാണിക്കുന്നത്. അതിനാൽ അക്കൗണ്ട് നഷ്ടപ്പെടാനുള്ള യഥാർത്ഥ കാരണം പ്ലാറ്റ്‌ഫോം വ്യക്തമാക്കിയിട്ടില്ല.

അക്കൗണ്ട് കാണാതായതുമായി ബന്ധപ്പെട്ട് അശ്വനിയോ മെറ്റയോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പുതിയ അക്കൗണ്ട് ആരംഭിച്ചതായോ അതോ ഇൻസ്റ്റാഗ്രാമിൽ നിന്ന് സ്ഥിരമായി വിലക്ക് ലഭിച്ചതായോ ഉള്ള വിവരങ്ങൾ ഈ വാർത്ത പ്രസിദ്ധീകരിക്കുന്ന സമയം വരെ പുറത്തുവന്നിട്ടില്ല. ഇത് തിരികെ ലഭിക്കുമോ അതോ എന്നെന്നേക്കുമായി നഷ്ടപ്പെട്ടുവോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ഫോളോവേഴ്സ്.

പ്രശസ്ത ഗായിക ആശാ ഭോസ്‌ലെ ആശുപത്രിയിൽ; ആശങ്ക വേണ്ടെന്ന് കുടുംബം

0

മുംബൈ: ഇതിഹാസ ഗായിക ആശാ ഭോസ്‌ലെയെ (92) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്ത ക്ഷീണവും നെഞ്ചിലെ അണുബാധയും (chest infection) കാരണമാണ് ശനിയാഴ്ച വൈകുന്നേരത്തോടെ ദക്ഷിണ മുംബൈയിലെ ബ്രീച്ച് കാൻഡി (Breach Candy) ആശുപത്രിയിൽ അവരെ പ്രവേശിപ്പിച്ചത്.

ഗായികയ്ക്ക് ഹൃദയാഘാതം സംഭവിച്ചുവെന്ന തരത്തിൽ നേരത്തെ വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇക്കാര്യത്തിൽ വ്യക്തത വരുത്തിക്കൊണ്ട് കൊച്ചുമകൾ സനായി ഭോസ്‌ലെ സമൂഹമാധ്യമമായ എക്സിലൂടെ (X) രംഗത്തെത്തി. അമിതമായ ക്ഷീണവും നെഞ്ചിലെ അണുബാധയും മൂലമാണ് മുത്തശ്ശിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും, അവരുടെ ചികിത്സ തുടരുകയാണെന്നും സനായി പോസ്റ്റിൽ വ്യക്തമാക്കി. കുടുംബത്തിന്റെ സ്വകാര്യത മാനിക്കണമെന്നും, കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കാമെന്നും അവർ അഭ്യർത്ഥിച്ചു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ഡോക്ടർമാരും സൂചിപ്പിക്കുന്നത്.

എട്ട് പതിറ്റാണ്ടിലേറെ നീളുന്ന സംഗീത ജീവിതമുള്ള ആശാ ഭോസ്‌ലെ ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച ഗായികമാരിൽ ഒരാളായാണ് അറിയപ്പെടുന്നത്. 1943-ൽ മറാത്തി സിനിമയിലൂടെയാണ് അവർ പിന്നണി ഗാനരംഗത്തേക്ക് കടന്നുവരുന്നത്. ഹിന്ദി, മറാത്തി തുടങ്ങി വിവിധ ഇന്ത്യൻ ഭാഷകളിലായി ആയിരക്കണക്കിന് ഗാനങ്ങൾ അവർ ആലപിച്ചിട്ടുണ്ട്.

സംഗീത ലോകത്തിന് നൽകിയ വിലപ്പെട്ട സംഭാവനകൾ പരിഗണിച്ച് 2000-ൽ രാജ്യം ദാദാസാഹിബ് ഫാൽക്കെ അവാർഡും 2008-ൽ പത്മവിഭൂഷണും നൽകി അവരെ ആദരിച്ചിട്ടുണ്ട്. തങ്ങളുടെ പ്രിയ ഗായികയുടെ വേഗത്തിലുള്ള രോഗമുക്തിക്കായി പ്രാർത്ഥിക്കുകയാണ് ഇപ്പോൾ സംഗീതലോകവും ആരാധകരും.

സിഎസ്‌കെയ്ക്കായി ചരിത്രം കുറിച്ച് സഞ്ജു സാംസൺ; ധോണിക്കും നേടാനാവാത്ത റെക്കോർഡുമായി മലയാളി താരം

0

ചെന്നൈ: ഐപിഎൽ 2026 സീസണിൽ ചെന്നൈ സൂപ്പർ കിങ്‌സിന് (CSK) കന്നി വിജയം സമ്മാനിച്ച് മലയാളി താരം സഞ്ജു സാംസൺ. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ തകർപ്പൻ സെഞ്ചുറി നേടിയ സഞ്ജു, ചെന്നൈ കുപ്പായത്തിൽ ഒരു ചരിത്ര നേട്ടവും സ്വന്തമാക്കി. സിഎസ്‌കെയ്ക്കായി ഐപിഎല്ലിൽ സെഞ്ചുറി നേടുന്ന ആദ്യ വിക്കറ്റ് കീപ്പർ ബാറ്റർ എന്ന റെക്കോർഡാണ് സഞ്ജു തൻ്റെ പേരിലാക്കിയത്. സാക്ഷാൽ എം.എസ്. ധോണിക്ക് പോലും നേടാൻ കഴിയാതിരുന്ന നേട്ടമാണിത്. വിക്കറ്റ് കീപ്പറായിരിക്കെ 84 റൺസാണ് ഐപിഎല്ലിൽ ധോണിയുടെ ഉയർന്ന സ്‌കോർ.

എം.എ. ചിദംബരം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ വെറും 56 പന്തിൽ നിന്നാണ് സഞ്ജു പുറത്താകാതെ 115 റൺസ് അടിച്ചുകൂട്ടിയത്. 15 ഫോറുകളും 5 കൂറ്റൻ സിക്സറുകളും അടങ്ങുന്നതായിരുന്നു ഈ വെടിക്കെട്ട് ഇന്നിംഗ്സ്. 205.36 എന്ന മികച്ച സ്ട്രൈക്ക് റേറ്റിൽ ബാറ്റ് വീശിയ താരം, 18-ാം ഓവറിൽ ടി. നടരാജനെതിരെ ബൗണ്ടറി നേടിയാണ് മൂന്നക്കത്തിൽ എത്തിയത്. ഐപിഎൽ കരിയറിലെ സഞ്ജുവിൻ്റെ നാലാമത്തെ സെഞ്ചുറിയാണിത്. മുൻപ് ഡൽഹിക്കായും രാജസ്ഥാനായും താരം സെഞ്ചുറി നേടിയിട്ടുണ്ട്.

സിഎസ്‌കെയ്ക്ക് ആദ്യ ജയം; പോയിൻ്റ് പട്ടികയിൽ മുന്നേറ്റം

സഞ്ജുവിൻ്റെ ബാറ്റിംഗ് കരുത്തിൽ ആദ്യം ബാറ്റ് ചെയ്ത സിഎസ്‌കെ നിശ്ചിത 20 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 212 റൺസ് എന്ന വമ്പൻ സ്കോർ പടുത്തുയർത്തി. 36 പന്തിൽ 59 റൺസ് നേടിയ ആയുഷ് മ्हाത്രെയും മികച്ച പിന്തുണ നൽകി. ക്യാപ്റ്റൻ ഋതുരാജ് ഗെയ്‌ക്‌വാദ് 15 റൺസും ശിവം ദുബെ പുറത്താകാതെ 20 റൺസുമെടുത്തു.

കൂറ്റൻ ലക്ഷ്യം പിന്തുടർന്നിറങ്ങിയ ഡൽഹി ക്യാപിറ്റൽസിനെതിരെ 23 റൺസിൻ്റെ മികച്ച വിജയമാണ് ചെന്നൈ സ്വന്തമാക്കിയത്. സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളിലും പരാജയപ്പെട്ട് പോയിൻ്റ് പട്ടികയിൽ അവസാന സ്ഥാനത്തായിരുന്ന സിഎസ്‌കെയ്ക്ക് ഈ വിജയം വലിയ ആശ്വാസമായി. ഡൽഹിക്കെതിരായ വിജയത്തോടെ ചെന്നൈ പോയിൻ്റ് പട്ടികയിൽ അവസാന സ്ഥാനത്ത് നിന്നും മുകളിലേക്ക് കയറി.

ഐപിഎൽ 2026 മിനി ലേലത്തിന് മുന്നോടിയായി ട്രേഡിങ്ങിലൂടെ രാജസ്ഥാൻ റോയൽസിൽ നിന്നും ചെന്നൈയിലെത്തിയ സഞ്ജു, ധോണിയുടെ അഭാവത്തിൽ വിക്കറ്റ് കീപ്പറുടെ ഗ്ലൗസ് അണിഞ്ഞാണ് ടീമിനായി ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്. തുടക്കത്തിലെ ഫോമില്ലായ്മയ്ക്ക് ശേഷമുള്ള സഞ്ജുവിൻ്റെ ഈ വമ്പൻ തിരിച്ചുവരവ് ആരാധകർക്കും വലിയ ആവേശമാണ് നൽകുന്നത്.

പങ്കാളി സംവിധായകനാകുന്നു; അഭിമാനവും സന്തോഷവും പങ്കുവെച്ച് നടി അനാർക്കലി മരിക്കാർ

0

തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരവും അഭിമാനകരവുമായ നിമിഷം ആരാധകരുമായി പങ്കുവെച്ച് നടി അനാർക്കലി മരിക്കാർ. അനാർക്കലിയുടെ പങ്കാളിയായ അമീൻ ബാരിഫ് ആദ്യമായി സംവിധാനം ചെയ്യുന്ന ‘കാക്കി സർക്കസ്’ (Kaaki Circus) എന്ന ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നതിന്റെ ആവേശത്തിലാണ് താരം.

പങ്കാളിയുടെ കരിയറിലെ ഈ വലിയ ചുവടുവെയ്പ്പിന് സാക്ഷിയാകാൻ കഴിഞ്ഞതിലും ആ യാത്രയുടെ ഭാഗമാകാൻ സാധിച്ചതിലും വലിയ സന്തോഷമുണ്ടെന്ന് അനാർക്കലി പറയുന്നു. “ഇന്ന് എനിക്ക് വളരെ വികാരനിർഭരമായ ഒരു ദിവസമാണ്. ചെറിയ പരിഭ്രമവും അതേസമയം വലിയ അഭിമാനവും ആവേശവുമുണ്ട്. ഈ യാത്രയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ ഭാഗ്യവതിയാണ്,” അനാർക്കലി സോഷ്യൽ മീഡിയയിൽ കുറിച്ചു.

ചിത്രത്തിൽ ഒരു ഗാനം ആലപിച്ചിട്ടുള്ള അനാർക്കലി, നടി ഗൗതമി നായർക്ക് വേണ്ടി ഡബ്ബ് ചെയ്യാനും ഈ സിനിമയിലൂടെ അവസരം ലഭിച്ചതായി വ്യക്തമാക്കി. സീ5 (ZEE5) ഒടിടി പ്ലാറ്റ്‌ഫോമിലൂടെയാണ് കാക്കി സർക്കസ് റിലീസ് ചെയ്തിരിക്കുന്നത്.

മുമ്പൊരു അഭിമുഖത്തിൽ തനിക്കൊരു കാമുകനുണ്ടെന്നും തങ്ങൾ ലിവിങ് ടുഗെദർ ആണെന്നും അനാർക്കലി വെളിപ്പെടുത്തിയിരുന്നു. സംവിധായകനാകുക എന്നതാണ് അവന്റെ സ്വപ്നമെന്നും അന്ന് താരം പറഞ്ഞിരുന്നു. ഇരു കുടുംബങ്ങൾക്കും ഇതേക്കുറിച്ച് അറിവുണ്ടെന്നും താരം വ്യക്തമാക്കിയിരുന്നു.

2016-ൽ പുറത്തിറങ്ങിയ ‘ആനന്ദം’ എന്ന ചിത്രത്തിലൂടെയായിരുന്നു അനാർക്കലിയുടെ സിനിമാ പ്രവേശനം. തുടർന്ന് വിമാനം, മന്ദാരം, ഉയരെ, ഗഗനചാരി തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടാൻ താരത്തിന് കഴിഞ്ഞു.

actress Anarkali Marikar has shared joy and excitement as her partner

ഭാമയുടെ പുതിയ സോഷ്യൽ മീഡിയ പോസ്റ്റ് ഏറ്റെടുത്ത് ആരാധകർ

0

മലയാളികളുടെ പ്രിയ നായിക ഭാമ തന്റെ മകൾ ഗൗരിക്കൊപ്പമുള്ള പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ്. മകൾക്കൊപ്പമുള്ള മനോഹരമായ നിമിഷങ്ങൾ എപ്പോഴും ആരാധകരുമായി പങ്കുവെക്കുന്ന താരം, ഇത്തവണ ഹൃദ്യമായ ഒരു അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

“Life with her ‘G'” എന്നാണ് ഭാമ ചിത്രത്തിന് നൽകിയിരിക്കുന്ന ക്യാപ്ഷൻ. ഇതിലെ ‘G’ എന്നത് മകളായ ഗൗരിയെയാണ് സ്നേഹത്തോടെ സൂചിപ്പിക്കുന്നത്.

സിനിമയിൽ നിന്ന് താൽക്കാലികമായി മാറിനിൽക്കുകയാണെങ്കിലും, മകൾക്കൊപ്പമുള്ള ഓരോ നിമിഷവും താരം എത്രത്തോളം ആസ്വദിക്കുന്നുണ്ടെന്ന് ഈ പോസ്റ്റിൽ നിന്ന് വ്യക്തമാണ്. ക്യൂട്ട് ചിത്രത്തിന് താഴെ സ്നേഹം അറിയിച്ചുകൊണ്ട് നിരവധി സിനിമാ താരങ്ങളും ആരാധകരുമാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.

Actress Bhama with her daughter

മലയാളത്തിലാദ്യമായി കോടതി റിസീവർഷിപ്പിലൊരു സിനിമ

0

മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി കോടതി റിസീവർഷിപ്പിൽ ഒരു സിനിമ റിലീസിന് തയ്യാറെടുക്കുന്നു. റോഷൻ മാത്യുവും നിമിഷ സജയനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന സസ്പെൻസ് ത്രില്ലർ ചിത്രം “ചേര”.

ലൈൻ ഓഫ് കളേഴ്‌സിൻ്റെ ബാനറിൽ നിർമ്മാതാവ് എം സി അരുണും എൻ എൻ ജി ഫിലിംസിൻ്റെ ബാനറിൽ കോ- പ്രൊഡൂസർ നിരൂപ് ഗുപ്‌തയും തമ്മിലുണ്ടായ സാമ്പത്തിക തർക്കത്തെ തുടർന്നുള്ള കേസ്സിലാണ്, കോടതി ഒരു റിസീവറിനെ നിയമിക്കുന്ന നടപടിയിലേക്ക് എത്തിച്ചേർന്നത്. ചേര സിനിമയുമായി ബന്ധപ്പെട്ട തുടർ കാര്യങ്ങൾ റിസീവറുടെ നിയന്ത്രണത്തിലായിരിക്കും ഇനി മുന്നോട്ട് പോകുന്നത്.

ലൈൻ ഓഫ് കളേഴ്‌സ് ഇൻ അസ്സോസിയേഷൻ വിത്ത് എൻ എൻ ജി ഫിലിംസിൻ്റെ ബാനറിൽ എം സി അരുൺ നിർമ്മാണവും നിരൂപ് ഗുപ്‌ത കോ-പ്രൊഡ്യൂസറുമായ ചേര സംവിധാനം ചെയ്തിരിക്കുന്നത് ലിജിൻ ജോസ് ആണ്.
അലക്സ് ജെ പുളിക്കൽ ഛായാഗ്രഹണം നിർവ്വഹിച്ച ചിത്രത്തിൻ്റെ പിആർഓ അജയ് തുണ്ടത്തിലാണ്.

അഡ്വക്കേറ്റ് രശ്‌മി ഗോപാലകൃഷ്‌ണനെയാണ് എറണാകുളം അഡീഷണൽ കോമേഴ്സ്യൽ കോർട്ട് ജഡ്ജ് രശ്മി ബി ചിറ്റൂർ ചേര സിനിമയുടെ റിസീവർ ആയി നിയമിച്ച് ഉത്തരവിട്ടിട്ടുള്ളത്. ഈ കേസ്സിൽ വാദി എൻ എൻ ജി ഫിലിംസ് (NNG Films) നിരൂപ് ഗുപ്ത (Niroup Gupta) യ്ക്ക് വേണ്ടി കോടതിയിൽ ഹാജരായത് അഡ്വ. റെയിൻ കെ രവിയും അഡ്വ. ജീമോൻ പി എബ്രഹാമും ആയിരുന്നു ….

സീ 5ൻ്റെ വിഷുക്കൈനീട്ടം ! കോമഡി ത്രില്ലറായി കാക്കി സർക്കസ് പ്രേക്ഷകർക്ക് മുന്നിൽ

0

തമിഴ്നാട്ടിലെ ഒരു ഗ്രാമത്തിൽ ചിത്രശലഭം ചിറകിട്ടടിച്ചാൽ കേരളത്തിൽ സുനാമി ഉണ്ടാകുമോ…? ഈ ബട്ടർഫ്ലൈ എഫക്ട് ചോദ്യത്തിൽ നിന്നാണ് കാക്കി സർക്കസിന്റെ തുടക്കം. കൗതുകം ഉണർത്തുന്ന ഈ ചോദ്യത്തിന്റെ രസകരമായ മറുപടിയാണ് 7 എപ്പിസോഡുകൾ നീണ്ടുനിൽക്കുന്ന കാക്കി സർക്കസിലൂടെയുള്ള രസകരമായ യാത്ര. ഇന്ത്യയിലെ നമ്പർവൺ സ്ട്രീമിംഗ് പ്ലാറ്റ്ഫോം ആയ സീ 5 വഴി ഇന്നുമുതലാണ് അമീൻ ബാരിഫ് രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന കാക്കി സർക്കസ് പുറത്തിറങ്ങിയത്.

തമിഴ്നാട്ടിലെ ഒരു ജയിൽ പശ്ചാത്തലം ആക്കിയാണ് ചിത്രത്തിൻറെ കഥ പുരോഗമിക്കുന്നത്. സ്വന്തമായി പുസ്തകങ്ങൾ എഴുതുകയും അത് തടവി ശിക്ഷയ്ക്ക് എത്തുന്ന കുറ്റവാളികളെ കൊണ്ട് വായിപ്പിക്കുകയും, ജയിലിൽ തന്നെ ഒരു അമ്പലം ഉണ്ടാക്കി അതിൽ തടവുപുള്ളികളെ കൊണ്ട് നേർച്ച ഇടുന്ന ഒരു ജയിലും അതിലെ ജയിൽ സൂപ്രണ്ടിലൂടെയുമാണ് സീരീസ് ആരംഭിക്കുന്നത്. ഒരു ദിവസം ജയിലിലെ ഭണ്ഡാര പെട്ടി കളവു പോകുന്നു, ജയിലിൽ തന്നെ മോഷണം നടക്കുകയും അത് പുറത്തിറങ്ങാൻ ഉണ്ടാകുന്ന പ്രശ്നങ്ങളെ ആലോചിച്ച് അത് മൂടി വയ്ക്കുവാൻ ശ്രമിക്കുകയും, മോഷണം നടത്തുകയാ പ്രതിയെ കണ്ടെത്തുവാൻ ശ്രമിക്കുന്നതും ആണ് കാക്കി സർക്കസിന്റെ കഥാഗതി. ഏറെ രസകരമായ പ്രമേയം അതിൻറെ രസിച്ച ഒട്ടും പൊട്ടാതെ തന്നെ ഗംഭീരമായി ഏഴ് എപ്പിസോഡുകളായി പ്രേക്ഷകർക്ക് മുന്നിൽ ഒരുക്കിയിട്ടുണ്ട്. ഒരു പോലീസ് കഥയ്ക്ക് വേണ്ട ത്രില്ലിംഗ് സ്വഭാവവും, ഏറെ വ്യത്യസ്തകരമായി അതിനെ ട്രീറ്റ് ചെയ്ത കോമഡിയിൽ ഊന്നിയ മേക്കിങ്ങുമാണ് കാക്കി സർക്കസിനെ വ്യത്യസ്തമാക്കുന്നത്.

മുനിഷ്കാന്ത്,സുഭാഷ് സെൽവം,രാജേഷ് മാധവൻ,ഗൗതമി നായർ,അമൃത,അബ്ദുൾ ലീ,വിൻസു റേച്ചൽ,രാകേഷ് ഉഷാർ,സാവിത്രി,മരുതുപാണ്ടിയൻ,ചിത്തിരസേനൻ, അരുൺ, വിഘ്നേശ്വർ എന്നിവരടങ്ങുന്ന ഒരു വലിയ താരനിര തന്നെ സീരീസിൽ അണിനിരക്കുന്നുണ്ട്. അതിൽ എടുത്തുപറയേണ്ടത് മുനീഷ് കാന്തിന്റെയും മലയാളി താരമായ രാജേഷ് മാധവന്റെയും പ്രകടനങ്ങളാണ്.

തമിഴ്, മലയാളം ഭാഷകളിലായി   ZEE5ന്റെ  ഒറിജിനൽ സീരീസ് ആയാണ് കാക്കി സർക്കസ് പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. ഈ സീരീസ് റൈസ് ഈസ്റ്റ് എന്റർടെയ്ൻമെന്റ് ബാനറിൽ ശ്രീനിധി സാഗർ ആണ്.

തമിഴ് മലയാളം ഭാഷകളിലായി ഒരുങ്ങിയ കാക്കി സർക്കസ് ഒരു വ്യത്യസ്തമായ പോലീസ് കഥയെ കോമഡിയും ത്രില്ലും ചേർത്ത് അവതരിപ്പിക്കുന്ന സീരീസാണ്. ശക്തമായ താരനിരയും മികച്ച സാങ്കേതിക സംഘവും ചേർന്ന ഈ സീരീസ് പ്രേക്ഷകർക്ക് ഒരു രസകരമായ അനുഭവം സമ്മാനിക്കുന്നു.
റേറ്റിംഗ് : 3.5/5

വാ വാ വീരവ; നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം “സ്വയംഭൂ” ആദ്യ ഗാനം ഏപ്രിൽ 16 ന്

0

തെലുങ്ക് താരം നിഖിലിനെ നായകനാക്കി ഭരത് കൃഷ്ണമാചാരി സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം “സ്വയംഭൂ” വിലെ ആദ്യ ഗാനം ഏപ്രിൽ 16 ന് റിലീസ് ചെയ്യും. രവി ബസ്‌റൂർ സംഗീതം നൽകിയ, “വാ വാ വീരവ” എന്ന വരികളോടെ ആരംഭിക്കുന്ന ഈ ഗാനം യോദ്ധാക്കളുടെ ആവേശവും വീര്യവും പ്രതിഫലിപ്പിക്കുന്ന ഒരു “വാരിയർ ആന്തം” ആയാണ് അവതരിപ്പിക്കുന്നത്. നിഖിൽ ഒരു ഇതിഹാസ യോദ്ധാവായി വേഷമിടുന്ന ഈ ചിത്രം പിക്സൽ സ്റ്റുഡിയോസിന്റെ ബാനറിൽ ഭുവനും ശ്രീകറും ചേർന്നാണ് നിർമ്മിക്കുന്നത്. ടാഗോർ മധുവാണ് ചിത്രം അവതരിപ്പിക്കുന്നത്.

അടുത്തിടെ ചിത്രത്തിന്റെ ആദ്യ ടീസർ പുറത്തു വരികയും മികച്ച പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. സ്വയംഭൂവിന്റെ തീവ്രമായ ലോകത്തിലേക്കുള്ള ആദ്യ കാഴ്ചയാണ് സമ്മാനിച്ച ടീസർ,. ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തിൽ വേരൂന്നിയ ഒരു ഇതിഹാസ യുദ്ധകഥയുടെ സൂചനയും നൽകി. മെഗാ കാൻവാസിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും ടീസർ കാണിച്ചു തന്നിരുന്നു. ഇന്ത്യൻ ചരിത്രത്തെയും പുരാണത്തെയും സംയോജിപ്പിച്ച് 985 എ. ഡിയുടെ പശ്ചാത്തലത്തിൽ ഒരു ആകർഷകമായ ഇതിഹാസ യുദ്ധകഥയാണ് ഇതിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നത്.

നീണ്ട മുടി, ചുരുണ്ട മീശ, പരുക്കൻ താടി, കടഞ്ഞെടുത്ത പോലത്തെ ശരീരം എന്നിവയുമായി ഒരു ഇതിഹാസ യോദ്ധാവിന്റെ രൂപത്തിലാണ് നിഖിൽ ഈ ചിത്രത്തിൽ എത്തുന്നത്. ഗാനത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു കൊണ്ടുള്ള പോസ്റ്ററിലും അദ്ദേഹത്തെ മികച്ച ലുക്കിലാണ് അവതരിപ്പിച്ചിരിക്കുന്നത്.
അദ്ദേഹത്തിന്റെ ഗംഭീര ആക്ഷൻ ആയിരിക്കും ചിത്രത്തിന്റെ ഹൈലൈറ്റ് എന്ന് ടീസർ സൂചിപ്പിച്ചിരുന്നു. കാർത്തികേയ 2 എന്ന ചിത്രത്തിലൂടെ രാജ്യം മുഴുവൻ ശ്രദ്ധ നേടിയ നിഖിലിൻ്റെ ഇരുപതാമത്തെ ചിത്രമാണ് “സ്വയംഭൂ”.

മലയാളി താരം സംയുക്തയും നഭാ നടേഷും ആണ് ചിത്രത്തിലെ നായികാതാരങ്ങൾ. സുബ്ബരാജു, സുനിൽ എന്നിവരും ചിത്രത്തിൽ നിർണ്ണായക വേഷങ്ങളിൽ എത്തുന്നുണ്ട്. വമ്പൻ ബജറ്റും ഉയർന്ന സാങ്കേതിക നിലവാരവുമുള്ള പീരിയോഡിക് യുദ്ധ പശ്ചാത്തലത്തിലാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്. ഭരത് കൃഷ്ണമാചാരി തന്നെയാണ് ചിത്രം രചിച്ചത്. സമ്മർ റിലീസായി ചിത്രം തീയേറ്ററുകളിലെത്തും. തെലുങ്ക്, കന്നഡ, തമിഴ്, ഹിന്ദി, മലയാളം ഭാഷകളിൽ ചിത്രം ആഗോള റിലീസായെത്തും.

ഛായാഗ്രഹണം- കെ. കെ. സെന്തിൽ കുമാർ, സംഗീതം- രവി ബസ്രൂർ, എഡിറ്റിംഗ് – തമ്മി രാജു , പ്രൊഡക്ഷൻ ഡിസൈനർസ്- എം. പ്രഭാകരൻ, രവീന്ദർ, സംഭാഷണം – വിജയ് കാമിസേട്ടി, ആക്ഷൻ – കിങ് സോളമൻ, സ്റ്റണ്ട് സിൽവ, ജോഷുവ, വരികൾ – രാമജോഗയ്യ ശാസ്ത്രി, ശിവ ശക്തി ദത്ത, കെ കെ, നൃത്ത സംവിധാനം- വിജയ് ബിന്നി, ഭാനു, വസ്ത്രങ്ങൾ- അനുറെഡ്ഢി അക്കന്റി, എക്സികുട്ടീവ് പ്രൊഡ്യൂസർ- BBHR പ്രസാദ് , വിഎഫ്എക്സ്- ഫാന്റം എഫ്എക്സ്, പബ്ലിസിറ്റി ഡിസൈൻ- ധനി എലായ്, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ – ശബരി.

നാസയുടെ ആർട്ടെമിസ് II ദൗത്യം വിജയകരം: ബഹിരാകാശ യാത്രികർ സുരക്ഷിതരായി ഭൂമിയിൽ തിരിച്ചെത്തി

0

പത്ത് ദിവസത്തെ ചരിത്രപ്രധാനമായ ചാന്ദ്രദൗത്യത്തിന് ശേഷം നാസയുടെ ആർട്ടെമിസ് II (Artemis II) പേടകം സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തി. നാല് ബഹിരാകാശ യാത്രികരുമായി പോയ ഒറൈയോൺ (Orion – ‘Integrity’) ക്യാപ്‌സ്യൂൾ പസഫിക് സമുദ്രത്തിലാണ് ലാൻഡ് ചെയ്തത്. യാത്രികരെല്ലാം പൂർണ്ണ ആരോഗ്യവാന്മാരാണെന്ന് ദൗത്യത്തിന്റെ കമാൻഡർ റീഡ് വൈസ്മാൻ അറിയിച്ചു.

വെള്ളിയാഴ്ച രാത്രി 8:07-നാണ് (EDT സമയക്രമം) അമേരിക്കയിലെ സാൻ ഡിയാഗോ തീരത്തിന് സമീപം പസഫിക് സമുദ്രത്തിൽ പേടകം കൃത്യമായി വന്നിറങ്ങിയത് (സ്പ്ലാഷ്ഡൗൺ). തുടർന്ന് ഹെലികോപ്റ്ററിന്റെ സഹായത്തോടെ യാത്രികരെ നാവികസേനയുടെ യുഎസ്എസ് ജോൺ പി മർത്ത (USS John P. Murtha) എന്ന കപ്പലിലേക്ക് സുരക്ഷിതമായി മാറ്റി. പത്ത് ദിവസങ്ങൾ കൊണ്ട് ഏകദേശം 6,95,000 മൈൽ ദൂരം സഞ്ചരിച്ച് ചന്ദ്രനെ വലംവെച്ചാണ് ഈ സംഘം മടങ്ങിയെത്തിയത്.

വിക്ടർ ഗ്ലോവർ, ജെറമി ഹാൻസൺ, ക്രിസ്റ്റീന കോച്ച്, റീഡ് വൈസ്മാൻ എന്നിവരായിരുന്നു ഈ ദൗത്യത്തിലെ യാത്രികർ. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുമ്പോൾ 5,000 ഡിഗ്രി ഫാരൻഹീറ്റ് (2,800 ഡിഗ്രി സെൽഷ്യസ്) വരെ ഉയർന്ന താപനിലയെ അതിജീവിച്ചാണ് പേടകം കടലിൽ പതിച്ചത്. തികച്ചും കൃത്യതയാർന്ന ഒരു ലാൻഡിംഗ് (bullseye landing) ആണ് നടന്നതെന്ന് നാസ അധികൃതർ വ്യക്തമാക്കി.

മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ ശ്രമങ്ങളിലെ നിർണായക കാൽവെപ്പാണ് ആർട്ടെമിസ് II ദൗത്യത്തിന്റെ വൻവിജയം. 2027-ൽ നടക്കാനിരിക്കുന്ന ആർട്ടെമിസ് III ദൗത്യത്തിൽ മനുഷ്യൻ വീണ്ടും ചന്ദ്രനിൽ കാലുകുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുടർന്ന് ഭാവിയിൽ ചന്ദ്രനിൽ സ്ഥിരമായ ഒരു മനുഷ്യവാസം (Lunar Base) ഉറപ്പാക്കുക എന്ന ബൃഹത്തായ ലക്ഷ്യവും നാസയ്ക്കുണ്ട്.

മഞ്ജു വാര്യരും ആര്യയും ഒന്നിക്കുന്ന ‘മിസ്റ്റർ എക്സ്’; തീപാറുന്ന ആക്ഷനുമായി ട്രെയിലർ പുറത്ത്!

0

തമിഴ് സൂപ്പർതാരം ആര്യയും മലയാളത്തിന്റെ പ്രിയതാരം മഞ്ജു വാര്യരും ഒന്നിക്കുന്ന ബിഗ് ബജറ്റ് സ്പൈ ആക്ഷൻ ത്രില്ലർ ‘മിസ്റ്റർ എക്സ്’ (Mr. X) ട്രെയിലർ പുറത്തിറങ്ങി. ആവേശം നിറക്കുന്ന ആക്ഷൻ രംഗങ്ങളും സസ്പെൻസും നിറഞ്ഞ ട്രെയിലർ ഇതിനോടകം സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു.

ചിത്രത്തിന്റെ പ്രധാന വിശേഷങ്ങൾ:

സംവിധാനം: ‘എഫ്.ഐ.ആർ’ (FIR) എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മനു ആനന്ദ് ഒരുക്കുന്ന ചിത്രമാണിത്.

പ്രമേയം: രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന അഞ്ച് യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കാണാതായ ഒരു ആണവ ഉപകരണം കണ്ടെത്താനുള്ള രഹസ്യ അന്വേഷണ ഉദ്യോഗസ്ഥരുടെ പോരാട്ടമാണ് ഇതിവൃത്തം.

താരനിര: ആര്യയോടൊപ്പം ഗൗതം കാർത്തിക്, ശരത് കുമാർ, മഞ്ജു വാര്യർ എന്നിവർ കരുത്തുറ്റ വേഷങ്ങളിൽ എത്തുന്നു. അനഘ, റൈസ വിൽസൺ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

ലൊക്കേഷൻ: ഇന്ത്യയിലെ വിവിധ നഗരങ്ങൾക്ക് പുറമെ അസർബൈജാൻ തുടങ്ങിയ വിദേശ രാജ്യങ്ങളിലും വെച്ചാണ് ചിത്രം ചിത്രീകരിച്ചിരിക്കുന്നത്.

ഏപ്രിൽ 17-ന് ചിത്രം ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ പ്രദർശനത്തിനെത്തും. മഞ്ജു വാര്യരുടെ സ്റ്റൈലിഷ് ലുക്കും ആര്യയുടെ ആക്ഷൻ പ്രകടനവും കാണാൻ കാത്തിരിക്കുകയാണ് ആരാധകർ!

Mr X Movie Trailer Manju Warrier Arya

ലൈംഗികാതിക്രമക്കേസ്: സംവിധായകൻ രഞ്ജിത്ത് ജയിലിൽ നിന്ന് പുറത്തിറങ്ങി

0

കൊച്ചി: യുവനടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്ത് ജാമ്യത്തിലിറങ്ങി. എറണാകുളം സബ് ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന അദ്ദേഹം ജാമ്യ ഉത്തരവ് ജയിലിലെത്തിയതിനെത്തുടർന്നാണ് പുറത്തിറങ്ങിയത്. മാധ്യമങ്ങളോട് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല.

കോടതിയുടെ കർശന ഉപാധികൾ: എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് രഞ്ജിത്തിന് ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത്, അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കണം, അന്വേഷണ ഉദ്യോഗസ്ഥർ എപ്പോൾ ആവശ്യപ്പെട്ടാലും ഹാജരാകണം തുടങ്ങിയ കർശന ഉപാധികളോടെയാണ് ജാമ്യം. നേരത്തെ അദ്ദേഹം നൽകിയ ഇടക്കാല ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.

കേസിനാസ്പദമായ സംഭവം: കഴിഞ്ഞ ജനുവരി 30-ന് ഇടുക്കി തൊടുപുഴയിലെ സിനിമാ സെറ്റിലെ കാരവാനിൽ വെച്ച് തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് യുവനടിയുടെ പരാതി. ഇതേത്തുടർന്ന് മാർച്ച് 31-ന് തൊടുപുഴയിൽ വെച്ച് നാടകീയമായാണ് പോലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.

വാദങ്ങൾ: നടിയുടെ അഭിനയം മോശമായതിനെത്തുടർന്ന് താൻ വഴക്കുപറഞ്ഞിരുന്നെന്നും ഇതിലുള്ള വൈരാഗ്യം മൂലമാണ് തനിക്കെതിരെ പരാതി നൽകിയതെന്നുമാണ് രഞ്ജിത്തിന്റെ വാദം. കൂടാതെ താൻ ചികിത്സയിലാണെന്ന കാര്യവും അദ്ദേഹം കോടതിയെ ബോധിപ്പിച്ചു. എന്നാൽ രഞ്ജിത്ത് സ്വാധീനശക്തിയുള്ള ആളാണെന്നും സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചിരുന്നു.