HomeSportsസിഎസ്‌കെയ്ക്കായി ചരിത്രം കുറിച്ച് സഞ്ജു സാംസൺ; ധോണിക്കും നേടാനാവാത്ത റെക്കോർഡുമായി മലയാളി താരം

സിഎസ്‌കെയ്ക്കായി ചരിത്രം കുറിച്ച് സഞ്ജു സാംസൺ; ധോണിക്കും നേടാനാവാത്ത റെക്കോർഡുമായി മലയാളി താരം

ചെന്നൈ: ഐപിഎൽ 2026 സീസണിൽ ചെന്നൈ സൂപ്പർ കിങ്‌സിന് (CSK) കന്നി വിജയം സമ്മാനിച്ച് മലയാളി താരം സഞ്ജു സാംസൺ. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ തകർപ്പൻ സെഞ്ചുറി നേടിയ സഞ്ജു, ചെന്നൈ കുപ്പായത്തിൽ ഒരു ചരിത്ര നേട്ടവും സ്വന്തമാക്കി. സിഎസ്‌കെയ്ക്കായി ഐപിഎല്ലിൽ സെഞ്ചുറി നേടുന്ന ആദ്യ വിക്കറ്റ് കീപ്പർ ബാറ്റർ എന്ന റെക്കോർഡാണ് സഞ്ജു തൻ്റെ പേരിലാക്കിയത്. സാക്ഷാൽ എം.എസ്. ധോണിക്ക് പോലും നേടാൻ കഴിയാതിരുന്ന നേട്ടമാണിത്. വിക്കറ്റ് കീപ്പറായിരിക്കെ 84 റൺസാണ് ഐപിഎല്ലിൽ ധോണിയുടെ ഉയർന്ന സ്‌കോർ.

എം.എ. ചിദംബരം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ വെറും 56 പന്തിൽ നിന്നാണ് സഞ്ജു പുറത്താകാതെ 115 റൺസ് അടിച്ചുകൂട്ടിയത്. 15 ഫോറുകളും 5 കൂറ്റൻ സിക്സറുകളും അടങ്ങുന്നതായിരുന്നു ഈ വെടിക്കെട്ട് ഇന്നിംഗ്സ്. 205.36 എന്ന മികച്ച സ്ട്രൈക്ക് റേറ്റിൽ ബാറ്റ് വീശിയ താരം, 18-ാം ഓവറിൽ ടി. നടരാജനെതിരെ ബൗണ്ടറി നേടിയാണ് മൂന്നക്കത്തിൽ എത്തിയത്. ഐപിഎൽ കരിയറിലെ സഞ്ജുവിൻ്റെ നാലാമത്തെ സെഞ്ചുറിയാണിത്. മുൻപ് ഡൽഹിക്കായും രാജസ്ഥാനായും താരം സെഞ്ചുറി നേടിയിട്ടുണ്ട്.

സിഎസ്‌കെയ്ക്ക് ആദ്യ ജയം; പോയിൻ്റ് പട്ടികയിൽ മുന്നേറ്റം

സഞ്ജുവിൻ്റെ ബാറ്റിംഗ് കരുത്തിൽ ആദ്യം ബാറ്റ് ചെയ്ത സിഎസ്‌കെ നിശ്ചിത 20 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 212 റൺസ് എന്ന വമ്പൻ സ്കോർ പടുത്തുയർത്തി. 36 പന്തിൽ 59 റൺസ് നേടിയ ആയുഷ് മ्हाത്രെയും മികച്ച പിന്തുണ നൽകി. ക്യാപ്റ്റൻ ഋതുരാജ് ഗെയ്‌ക്‌വാദ് 15 റൺസും ശിവം ദുബെ പുറത്താകാതെ 20 റൺസുമെടുത്തു.

കൂറ്റൻ ലക്ഷ്യം പിന്തുടർന്നിറങ്ങിയ ഡൽഹി ക്യാപിറ്റൽസിനെതിരെ 23 റൺസിൻ്റെ മികച്ച വിജയമാണ് ചെന്നൈ സ്വന്തമാക്കിയത്. സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളിലും പരാജയപ്പെട്ട് പോയിൻ്റ് പട്ടികയിൽ അവസാന സ്ഥാനത്തായിരുന്ന സിഎസ്‌കെയ്ക്ക് ഈ വിജയം വലിയ ആശ്വാസമായി. ഡൽഹിക്കെതിരായ വിജയത്തോടെ ചെന്നൈ പോയിൻ്റ് പട്ടികയിൽ അവസാന സ്ഥാനത്ത് നിന്നും മുകളിലേക്ക് കയറി.

ഐപിഎൽ 2026 മിനി ലേലത്തിന് മുന്നോടിയായി ട്രേഡിങ്ങിലൂടെ രാജസ്ഥാൻ റോയൽസിൽ നിന്നും ചെന്നൈയിലെത്തിയ സഞ്ജു, ധോണിയുടെ അഭാവത്തിൽ വിക്കറ്റ് കീപ്പറുടെ ഗ്ലൗസ് അണിഞ്ഞാണ് ടീമിനായി ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്. തുടക്കത്തിലെ ഫോമില്ലായ്മയ്ക്ക് ശേഷമുള്ള സഞ്ജുവിൻ്റെ ഈ വമ്പൻ തിരിച്ചുവരവ് ആരാധകർക്കും വലിയ ആവേശമാണ് നൽകുന്നത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular