തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരവും അഭിമാനകരവുമായ നിമിഷം ആരാധകരുമായി പങ്കുവെച്ച് നടി അനാർക്കലി മരിക്കാർ. അനാർക്കലിയുടെ പങ്കാളിയായ അമീൻ ബാരിഫ് ആദ്യമായി സംവിധാനം ചെയ്യുന്ന ‘കാക്കി സർക്കസ്’ (Kaaki Circus) എന്ന ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നതിന്റെ ആവേശത്തിലാണ് താരം.
പങ്കാളിയുടെ കരിയറിലെ ഈ വലിയ ചുവടുവെയ്പ്പിന് സാക്ഷിയാകാൻ കഴിഞ്ഞതിലും ആ യാത്രയുടെ ഭാഗമാകാൻ സാധിച്ചതിലും വലിയ സന്തോഷമുണ്ടെന്ന് അനാർക്കലി പറയുന്നു. “ഇന്ന് എനിക്ക് വളരെ വികാരനിർഭരമായ ഒരു ദിവസമാണ്. ചെറിയ പരിഭ്രമവും അതേസമയം വലിയ അഭിമാനവും ആവേശവുമുണ്ട്. ഈ യാത്രയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ ഭാഗ്യവതിയാണ്,” അനാർക്കലി സോഷ്യൽ മീഡിയയിൽ കുറിച്ചു.
ചിത്രത്തിൽ ഒരു ഗാനം ആലപിച്ചിട്ടുള്ള അനാർക്കലി, നടി ഗൗതമി നായർക്ക് വേണ്ടി ഡബ്ബ് ചെയ്യാനും ഈ സിനിമയിലൂടെ അവസരം ലഭിച്ചതായി വ്യക്തമാക്കി. സീ5 (ZEE5) ഒടിടി പ്ലാറ്റ്‌ഫോമിലൂടെയാണ് കാക്കി സർക്കസ് റിലീസ് ചെയ്തിരിക്കുന്നത്.
മുമ്പൊരു അഭിമുഖത്തിൽ തനിക്കൊരു കാമുകനുണ്ടെന്നും തങ്ങൾ ലിവിങ് ടുഗെദർ ആണെന്നും അനാർക്കലി വെളിപ്പെടുത്തിയിരുന്നു. സംവിധായകനാകുക എന്നതാണ് അവന്റെ സ്വപ്നമെന്നും അന്ന് താരം പറഞ്ഞിരുന്നു. ഇരു കുടുംബങ്ങൾക്കും ഇതേക്കുറിച്ച് അറിവുണ്ടെന്നും താരം വ്യക്തമാക്കിയിരുന്നു.
2016-ൽ പുറത്തിറങ്ങിയ ‘ആനന്ദം’ എന്ന ചിത്രത്തിലൂടെയായിരുന്നു അനാർക്കലിയുടെ സിനിമാ പ്രവേശനം. തുടർന്ന് വിമാനം, മന്ദാരം, ഉയരെ, ഗഗനചാരി തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടാൻ താരത്തിന് കഴിഞ്ഞു.
actress Anarkali Marikar has shared joy and excitement as her partner

