ഛത്രപതി ശിവാജി മഹാരാജിന്റെ ജീവിതകഥ പറയുന്ന ‘രാജാ ശിവാജി’ എന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ചിനിടെ വികാരാധീനയായി നടി ജെനീലിയ ദേശ്മുഖ്. ഏപ്രിൽ 20-ന് മുംബൈയിൽ നടന്ന ചടങ്ങിൽ ഭർത്താവും ചിത്രത്തിന്റെ സംവിധായകനുമായ റിതേഷ് ദേശ്മുഖ് തന്റെ സിനിമാ യാത്രയിലെ വെല്ലുവിളികളെക്കുറിച്ച് സംസാരിക്കവേയാണ് ജെനീലിയയുടെ കണ്ണുനിറഞ്ഞത്.
ചിത്രത്തിന്റെ നിർമ്മാണ വേളയിൽ തനിക്ക് ലഭിച്ച ഏറ്റവും വലിയ പിന്തുണ ജെനീലിയ ആണെന്ന് റിതേഷ് വേദിയിൽ പറഞ്ഞു. തന്റെ സ്വപ്ന പദ്ധതിക്കായി കൂടെ നിന്ന ടീമിന് നന്ദി പറയുന്നതിനിടെ റിതേഷും വികാരാധീനനായി. റിതേഷിന്റെ വാക്കുകൾ കേട്ട് വേദിയിൽ നിന്നിരുന്ന ജെനീലിയയ്ക്ക് കണ്ണുനീർ അടക്കാനായില്ല. ചിത്രത്തിൽ ശിവാജി മഹാരാജിന്റെ ആദ്യ പത്നിയായ സായ്ബായ് ഭോസ്‌ലേയുടെ വേഷമാണ് ജെനീലിയ കൈകാര്യം ചെയ്യുന്നത്.
ചടങ്ങിൽ പങ്കെടുത്ത നടി ഭാഗ്യശ്രീ സെറ്റിലെ ഒരു ഹൃദ്യമായ അനുഭവം പങ്കുവെച്ചു. ഷൂട്ടിംഗിനിടയിൽ റിതേഷ് ഭക്ഷണം കഴിക്കാൻ പോലും സമയം കണ്ടെത്താനാകാതെ ജോലിയിൽ മുഴുകിയിരുന്നപ്പോൾ, ഒരു പ്ലേറ്റ് ഭക്ഷണവുമായി അദ്ദേഹത്തിന് പിന്നാലെ നടന്ന് ജെനീലിയ ഭക്ഷണം നൽകിയിരുന്ന കാര്യം ഭാഗ്യശ്രീ ഓർത്തെടുത്തു. സിനിമയിലെ ശിവാജിയെയും സായ്ബായിയെയും പോലെയാണ് ജീവിതത്തിലും ഇരുവരുമെന്ന് ഭാഗ്യശ്രീ കൂട്ടിച്ചേർത്തു.
മറ്റൊരു പ്രത്യേകത റിതേഷിന്റെ മകൻ റാഹിൽ ഈ ചിത്രത്തിൽ ശിവാജി മഹാരാജിന്റെ കുട്ടിക്കാലം അവതരിപ്പിക്കുന്നു എന്നതാണ്. സഞ്ജയ് ദത്ത്, അഭിഷേക് ബച്ചൻ തുടങ്ങിയ വൻ താരനിര അണിനിരക്കുന്ന ചിത്രം ജിയോ സ്റ്റുഡിയോസും മുംബൈ ഫിലിം കമ്പനിയും ചേർന്നാണ് നിർമ്മിക്കുന്നത്. മഹാരാഷ്ട്ര ദിനമായ 2026 മെയ് 1-ന് ചിത്രം തിയേറ്ററുകളിലെത്തും.
Genelia Deshmukh broke down in tears at the trailer launch of Raja Shivaji

