HomeNewsതൃശൂർ വെടിക്കെട്ട് ദുരന്തം: മരണം പന്ത്രണ്ടായി; വിറങ്ങലിച്ച് നാട്

തൃശൂർ വെടിക്കെട്ട് ദുരന്തം: മരണം പന്ത്രണ്ടായി; വിറങ്ങലിച്ച് നാട്

തൃശൂർ: മുണ്ടത്തിക്കോടുള്ള വെടിക്കെട്ട് നിർമ്മാണ ശാലയിലുണ്ടായ അതിഭീകരമായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 12 ആയി ഉയർന്നു. പരിക്കേറ്റ് ആശുപത്രികളിൽ ചികിത്സയിലായിരുന്ന നാലുപേർ കൂടി വൈകുന്നേരത്തോടെ മരണത്തിന് കീഴടങ്ങിയതായാണ് ഒടുവിൽ ലഭിക്കുന്ന വിവരം. തൃശൂർ പൂരത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഉണ്ടായ ഈ ദുരന്തം നാടിനെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.

സ്ഫോടനത്തിന്റെ ആഘാതത്തിൽ മൃതദേഹങ്ങൾ പലതും തിരിച്ചറിയാൻ കഴിയാത്ത വിധം ചിന്നിച്ചിതറിയ നിലയിലായിരുന്നു. എട്ട് മൃതദേഹങ്ങൾ സംഭവസ്ഥലത്തുനിന്നും പരിസരങ്ങളിൽ നിന്നുമായി നേരത്തെ കണ്ടെടുത്തിരുന്നു. ഇതിൽ പലതും വെറും ശരീരഭാഗങ്ങൾ മാത്രമായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. പരിക്കേറ്റ മറ്റു പലരുടെയും നില ഇപ്പോഴും അതീവ ഗുരുതരമായി തുടരുന്നത് മരണസംഖ്യ ഇനിയും ഉയരുമോ എന്ന ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്.

അഗ്നിശമന സേനയുടെ കഠിനമായ പരിശ്രമത്തിനൊടുവിൽ വൈകുന്നേരം ആറ് മണിയോടെ തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. എങ്കിലും വെടിമരുന്നിന്റെ അംശം അവശേഷിക്കുന്നത് കണക്കിലെടുത്ത് പ്രദേശം ഇപ്പോഴും സുരക്ഷാ സേനയുടെ കർശന നിരീക്ഷണത്തിലാണ്.

ജില്ലാ കളക്ടർ ശിഖ സുരേന്ദ്രനും ഉന്നത പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്ത് ക്യാമ്പ് ചെയ്ത് സ്ഥിതിഗതികൾ വിലയിരുത്തുന്നു. അപകടത്തെക്കുറിച്ച് സമഗ്രമായ അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു.

RELATED ARTICLES
- Advertisment -
Google search engine

Most Popular