തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിൽ വൻ സ്ഫോടനം; മൂന്ന് മരണം, നിരവധി പേർക്ക് പരുക്ക്

തൃശൂർ: തൃശൂർ പൂരത്തിനായുള്ള വെടിക്കെട്ട് സാമഗ്രികൾ നിർമിക്കുന്ന മുണ്ടത്തിക്കോട്ടെ കേന്ദ്രത്തിലുണ്ടായ വൻ സ്ഫോടനത്തിൽ മൂന്ന് മരണം. തിരുവമ്പാടി വിഭാഗത്തിന്റെ സാമ്പിൾ വെടിക്കെട്ട് പുരയിലാണ് തീപിടുത്തവും സ്ഫോടനവുമുണ്ടായത്. അപകടത്തിൽ നിരവധി തൊഴിലാളികൾക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്.

സ്ഫോടനം നടക്കുമ്പോൾ നാൽപ്പതോളം തൊഴിലാളികൾ നിർമാണ കേന്ദ്രത്തിൽ ഉണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്. പരുക്കേറ്റവരെ ഉടൻ തന്നെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. ഇതിൽ ചിലരുടെ നില ഗുരുതരമാണ്. വിവരമറിഞ്ഞ് നിരവധി ആംബുലൻസുകളും ഫയർ എഞ്ചിനുകളും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടരുകയാണ്.

സ്ഫോടനത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്ന തരത്തിൽ പ്രദേശത്ത് വലിയ പുകപടലങ്ങൾ ഉയരുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല. തൃശൂർ പൂരത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് നാടിനെ നടുക്കിയ ഈ ദാരുണമായ സംഭവം നടന്നിരിക്കുന്നത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിക്കൊണ്ടിരിക്കുന്നതേയുള്ളൂ.

By admin