Home Blog Page 17

പയ്യന്നൂരിൽ അട്ടിമറി വിജയം; ടി.ഐ. മധുസൂദനനെ വീഴ്ത്തി വി. കുഞ്ഞികൃഷ്ണൻ

0

പയ്യന്നൂർ: കണ്ണൂരിലെ ഇടതുകോട്ടയായ പയ്യന്നൂർ നിയോജക മണ്ഡലത്തിൽ അപ്രതീക്ഷിത അട്ടിമറി. കോൺഗ്രസ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച വി. കുഞ്ഞികൃഷ്ണൻ മിന്നും വിജയം കൈവരിച്ചു. സി.പി.എം സ്ഥാനാർത്ഥിയും നിലവിലെ എം.എൽ.എയുമായ ടി.ഐ. മധുസൂദനനെ 7,487 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കുഞ്ഞികൃഷ്ണൻ പരാജയപ്പെടുത്തിയത്.

തെരഞ്ഞെടുപ്പ് ഫലം ഒരൊറ്റനോട്ടത്തിൽ:

  • വി. കുഞ്ഞികൃഷ്ണൻ: 76,640 വോട്ടുകൾ.
  • ടി.ഐ. മധുസൂദനൻ: 69,153 വോട്ടുകൾ.
  • ഭൂരിപക്ഷം: 7,487 വോട്ടുകൾ.

മുൻ സി.പി.എം ഏരിയ സെക്രട്ടറി കൂടിയായിരുന്ന വി. കുഞ്ഞികൃഷ്ണന്റെ വിജയം പയ്യന്നൂരിലെ രാഷ്ട്രീയ ചരിത്രത്തിൽ വലിയ മാറ്റങ്ങൾക്കാണ് വഴിതെളിച്ചിരിക്കുന്നത്. 2021-ൽ നടന്ന തെരഞ്ഞെടുപ്പിൽ 49,780 വോട്ടിന്റെ വൻ ഭൂരിപക്ഷത്തിലായിരുന്നു ടി.ഐ. മധുസൂദനൻ ഇതേ മണ്ഡലത്തിൽ നിന്ന് വിജയിച്ചത്. എന്നാൽ ഇത്തവണ വലിയ ഭൂരിപക്ഷം മറികടന്ന് കുഞ്ഞികൃഷ്ണൻ വിജയിച്ചതോടെ കണ്ണൂരിലെ പാർട്ടി കോട്ടയിൽ ആദ്യ വിള്ളൽ വീഴ്ത്താൻ അദ്ദേഹത്തിനായി.

“എന്റെ ആദ്യത്തെ പ്രണയം ഉമ്മിച്ചിയാണ്”; ഉമ്മയ്ക്ക് ഹൃദ്യമായ പിറന്നാൾ ആശംസകളുമായി ദുൽഖർ സൽമാൻ

0

മലയാളികളുടെ പ്രിയതാരം ദുൽഖർ സൽമാൻ തന്റെ ഉമ്മ സുൽഫത്തിന് നേർന്ന ഹൃദ്യമായ ജന്മദിനാശംസകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട വ്യക്തിയായ ഉമ്മയോടുള്ള സ്നേഹം നിറഞ്ഞ വാക്കുകളാണ് താരം ആരാധകരുമായി പങ്കുവെച്ചത്.

“എന്റെ ജീവിതത്തിലെ ആദ്യത്തെ പ്രണയത്തിന്, എന്റെ സുന്ദരിയായ ഉമ്മിച്ചിക്ക് ഏറ്റവും സന്തോഷം നിറഞ്ഞ ജന്മദിനാശംസകൾ! എന്നും എപ്പോഴും ഞാൻ സ്നേഹിക്കുന്നു മാ…” എന്നാണ് ദുൽഖർ സൽമാൻ തന്റെ സോഷ്യൽ മീഡിയ പേജുകളിൽ കുറിച്ചത്. സ്നേഹചുംബനങ്ങളുടെ ഇമോജികളും താരം പോസ്റ്റിനൊപ്പം നൽകിയിട്ടുണ്ട്.

മമ്മൂട്ടിയുടെയും സുൽഫത്തിന്റെയും കുടുംബവിശേഷങ്ങൾ സിനിമാപ്രേമികൾ എപ്പോഴും വലിയ ആഘോഷമാക്കാറുണ്ട്. ഉമ്മയ്ക്ക് ആശംസകളുമായി എത്തിയ ദുൽഖറിന്റെ പോസ്റ്റിന് താഴെ നിരവധി ആരാധകരും സഹപ്രവർത്തകരും സിനിമാ താരങ്ങളും സുൽഫത്തിന് ആശംസകൾ അറിയിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്.

Dulquer Salmaan Pens Heartwarming Birthday Wish for Mother Sulfath

ഹരിപ്പാട് കോട്ട കാത്ത് രമേശ് ചെന്നിത്തല; ഭൂരിപക്ഷം 23,377 വോട്ടുകൾ

0

ഹരിപ്പാട്: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ഹരിപ്പാട് മണ്ഡലത്തിൽ നിന്നും യുഡിഎഫ് സ്ഥാനാർത്ഥി രമേശ് ചെന്നിത്തലയ്ക്ക് മിന്നും ജയം. കടുത്ത മത്സരം കാഴ്ചവെച്ച എതിർ സ്ഥാനാർത്ഥികളെ വലിയ ഭൂരിപക്ഷത്തിൽ പിന്നിലാക്കിയാണ് ചെന്നിത്തല തന്റെ മണ്ഡലം കാത്തത്.

ആകെ പോൾ ചെയ്ത വോട്ടുകളിൽ 68,184 വോട്ടുകൾ നേടിയാണ് അദ്ദേഹം വിജയം ഉറപ്പിച്ചത്. എൽഡിഎഫ് സ്ഥാനാർത്ഥിയായ സി.പി.ഐയിലെ ടി.ടി. ജിസ്മോന് 44,807 വോട്ടുകൾ ലഭിച്ചപ്പോൾ, എൻഡിഎ സ്ഥാനാർത്ഥി സന്ദീപ് വാചസ്പതി 31,022 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്തെത്തി.

പ്രധാന കണക്കുകൾ ഒറ്റനോട്ടത്തിൽ:

സ്ഥാനാർത്ഥിപാർട്ടി / മുന്നണിലഭിച്ച വോട്ടുകൾ
രമേശ് ചെന്നിത്തലയുഡിഎഫ് (INC)68,184
ടി.ടി. ജിസ്മോൻഎൽഡിഎഫ് (CPI)44,807
സന്ദീപ് വാചസ്പതിഎൻഡിഎ (BJP)31,022

ബ്ലോക്ക്ബസ്റ്റർ ചിത്രം ‘ആട് 3’ ZEE5-ൽ പുറത്തിറങ്ങി

0

മലയാള സിനിമയിലെ ഏറ്റവും ജനപ്രിയമായ ‘ആട്’ പരമ്പരയിലെ മൂന്നാം ഭാഗം ‘ആട് 3’ മെയ് 1-ന് മലയാളം സീ5-ൽ പുറത്തിറങ്ങി.മിഥുൻ മാനുവൽ തോമസ് രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രം ​ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവും കാവ്യ ഫിലിം കമ്പനിയുടെ ബാനറിൽ വേണു കുന്നപ്പിള്ളിയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.മലയാളത്തിലെ ആദ്യത്തെ ‘എപിക്’ ഫാന്റസി’സിനിമയായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.ആട് 3, 4 ദക്ഷിണേന്ത്യൻ ഭാഷകളിലും കൂടാതെ ഹിന്ദിയിലും പ്രേക്ഷകർക്ക് ഇപ്പോൾ കാണാവുന്നതാണ്.

ജയസൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ആദ്യദിന കേരളാഗ്രോസും ആഗോളഗ്രോസും നേടിയ ചിത്രം, ഇതിനോടകം തന്നെ അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബോക്‌സ്ഓഫീസ് ഹിറ്റായിട്ടുണ്ട്.സൗഹൃദവും ആവേശവും നിറഞ്ഞ പഴയ ചേരുവകൾ നിലനിർത്തിക്കൊണ്ടുതന്നെ വലിയ ബജറ്റിലും സാങ്കേതിക തികവിലുമാണ് ചിത്രം ഒരുക്കിയത്.

ജയസൂര്യയെ കൂടാതെ, വിനായകൻ, ഇന്ദ്രൻസ്, ധർമജൻ ബോൾഗാട്ടി, വിജയ് ബാബു, നോബി, നിർമൽ പാലാഴി, സൈജു കുറുപ്പ്, ഹരികൃഷ്ണൻ, ഭഗത് മാനുവൽ, സണ്ണി വെയ്ൻ, സുധി കോപ്പ, ബിജുക്കുട്ടൻ എന്നിവരാണ് ചിത്രത്തിലെ പ്രധാനവേഷങ്ങൾ അവതരിപ്പിച്ചത്. ചിരിയും ഫാന്റസിയും നിറഞ്ഞ ഫൺ റൈഡ് ആണ് ഷാജി പാപ്പനും പിള്ളേരും ചേർന്ന് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.

തിയേറ്ററുകൾക്ക് അപ്പുറം വലിയൊരു പ്രേക്ഷകശ്രദ്ധ നേടിയവയാണ് ആട് സിനിമകൾ. ആ നിലയിലുള്ള സിനിമാ പ്രേക്ഷകർക്ക് മികച്ച ഒരു ഓ ടി ടി എക്സ്പീരിയൻസ് ആയിരിക്കുമെന്ന് ചിത്രത്തിന്റെ സംവിധായകൻ മിഥുൻ മാനുവൽ തോമസ് പറയുന്നു.
ഒരേ സിനിമയിൽ തന്നെ ഈ രണ്ട് കഥാപാത്രങ്ങളെയും അവതരിപ്പിക്കുക എന്നത് വെല്ലുവിളി നിറഞ്ഞതും എന്നാൽ സന്തോഷം നൽകുന്നതുമായ കാര്യമായിരുന്നു.സീ5-ൽ ചിത്രം റിലീസ് ചെയ്യ്തതിൽ അതിയായ സന്തോഷം ഉണ്ടെന്ന് ജയസൂര്യ കൂട്ടിചേർത്തു.

മാമ്പറയ്ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം “ഖലീഫ” ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

0

പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം കൂട്ടുകെട്ടിലൊരുങ്ങുന്ന ” ഖലീഫ”യുടെ ആഗോള റിലീസ് തീയതി പുറത്ത്. ഈ വർഷം ഓണം റിലീസായി ഓഗസ്റ്റ് 20 നാണ് ചിത്രം ആഗോള റിലീസായി തീയേറ്ററുകളിലെത്തുന്നത്. മാമ്പറയ്ക്കൽ ആമിർ അലി എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് ഈ ചിത്രത്തിൽ വേഷമിടുന്നത്. മാമ്പറയ്ക്കൽ അഹമ്മദ് അലി എന്ന കഥാപാത്രമായി ചിത്രത്തിൽ അതിഥി താരമായി മോഹൻലാലും എത്തുന്നുണ്ട്. രണ്ട് ഭാഗങ്ങളായി ഒരുക്കുന്ന ഖലീഫയുടെ രണ്ടാം ഭാഗത്തിൽ മാമ്പറയ്ക്കൽ അഹമ്മദ് അലിയായി മോഹൻലാൽ നായകനായി എത്തും. ആദ്യ ഭാഗത്തിലെ നായകനായ പൃഥ്വിരാജ് സുകുമാരനും ഈ രണ്ടാം ഭാഗത്തിന്റെ താരനിരയിൽ ഉണ്ടാകും. ജിനു ഇന്നോവേഷൻ്റെ ബാനറിൽ ജിനു എബ്രഹാമും സൂരജ് കുമാറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സഹനിർമ്മാതാവ് – സിജോ സെബാസ്റ്റ്യൻ.

മാമ്പറയ്ക്കൽ അഹമ്മദ് അലി എന്ന മോഹൻലാൽ കഥാപാത്രത്തിന്റെ കൊച്ചു മകനായ കഥാപാത്രമാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്ന മാമ്പറയ്ക്കൽ ആമിർ അലി. കഴിഞ്ഞ വർഷം, പൃഥ്വിരാജ് സുകുമാരന്റെ ജന്മദിനമായ ഒക്ടോബർ പതിനാറിന് റിലീസ് ചെയ്ത ഗ്ലിമ്പ്സ് വീഡിയോയിൽ, ചിത്രത്തിൽ ഇന്ദ്രൻസ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ സംഭാഷങ്ങളിലൂടെയാണ് മാമ്പറയ്ക്കൽ അഹമ്മദ് അലി, മാമ്പറയ്ക്കൽ ആമിർ അലി എന്നീ കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നത്. സ്വർണ്ണ കള്ളക്കടത്തിന്റെ പശ്‌ചാത്തലത്തിൽ വലിയ കാൻവാസിൽ കഥപറയുന്ന ഒരു ബിഗ് ബഡ്ജറ്റ് എന്റെർറ്റൈനെർ ആണ് ഖലീഫ എന്ന സൂചനയാണ് ഈ വീഡിയോ നൽകിയത്. ബോളിവുഡ് താരം നീൽ നിതിൻ മുകേഷും ചിത്രത്തിന്റെ താരനിരയുടെ ഭാഗമാണ്. നീൽ ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണ് ഖലീഫ.

മാസ്സ് സ്റ്റൈലിഷ് ആക്ഷൻ ത്രില്ലറായി ഒരുക്കുന്ന ചിത്രം, ത്രസിപ്പിക്കുന്ന ചേസ് രംഗങ്ങൾ കൊണ്ടും ആക്ഷൻ രംഗങ്ങൾ കൊണ്ടും സമ്പന്നമാണ് . ‘പ്രതികാരം സുവർണ്ണ ലിപികളാൽ എഴുതപ്പെടും’ എന്നാണ് സിനിമയുടെ ടാഗ്‌ലൈൻ. ‘പോക്കിരി രാജ’യ്ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന ഈ ചിത്രം ലണ്ടൻ, ദുബായ്, കേരളം, നേപ്പാൾ എന്നിവിടങ്ങളിലെ വിവിധ ലൊക്കേഷനുകളിൽ ആയാണ് ഒരുക്കുന്നത്. ആദം ജോൺ, ലണ്ടൻ ബ്രിഡ്ജ്, മാസ്റ്റേഴ്സ്, കടുവ എന്നീ സിനിമകൾക്കു ശേഷം ജിനു എബ്രഹാം – പൃഥ്വിരാജ് ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

ഛായാഗ്രഹണം – ജോമോൻ ടി ജോൺ, സംഗീതം – ജേക്സ് ബിജോയ്, എഡിറ്റിംഗ് – ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ – മോഹൻദാസ്, ആക്ഷൻ – യാനിക്ക് ബെൻ, കോ ഡയറക്ടർ – സുരേഷ് ദിവാകർ, കോസ്റ്റ്യൂംസ് – മഷർ ഹംസ, കലാസംവിധാനം – വിശ്വനാഥ് അരവിന്ദ്, മേക്കപ്പ് – അമൽ ചന്ദ്രൻ, സൗണ്ട് ഡിസൈൻ – സിങ്ക് സിനിമ, അഡീഷണൽ മ്യൂസിക് – ജാബിർ സുലൈം, ഫൈനൽ മിക്സ് – എം ആർ രാജാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ – റെനി ദിവാകർ, വിനോഷ് കൈമൾ, കളറിസ്റ്റ് – ശ്രീക്ക് വാര്യർ, പോസ്റ്റർ ഡിസൈൻ – എയ്സ്തെറ്റിക്ക് കുഞ്ഞമ്മ, ഡി ഐ – കളർ പ്ലാനറ്റ്, വിഎഫ്എക്സ് – പ്രശാന്ത് നായർ (3ഡിഎസ്), സ്റ്റിൽസ് – സിനറ്റ് സേവ്യർ

“ഈ വിജയം നിനക്കുള്ളതാണ്”; ചിരുവിന്റെ ഓർമ്മകളിൽ വികാരഭരിതയായി മേഘ്ന രാജ്. തലൈവർക്കൊപ്പമുള്ള പുതിയ സിനിമ ചിരുവിന്റെ സ്വപ്നം

0

അന്തരിച്ച പ്രിയ ഭർത്താവും നടനുമായ ചിരഞ്ജീവി സർജയെ (ചിരു) കുറിച്ചുള്ള നടി മേഘ്ന രാജിന്റെ വിവാഹ വാർഷിക കുറിപ്പ് സമൂഹമാധ്യമങ്ങളിൽ നൊമ്പരമാകുന്നു. തങ്ങളുടെ വിവാഹ വാർഷികം വെറുമൊരു തീയതിയല്ലെന്നും, അതൊരു വലിയ വികാരമാണെന്നും പറഞ്ഞുകൊണ്ടാണ് മേഘ്ന കുറിപ്പ് ആരംഭിക്കുന്നത്.

ജീവിതത്തിൽ താൻ വയ്ക്കുന്ന ഓരോ ചുവടിലും ചിരുവിന്റെ സാന്നിധ്യം അറിയുന്നുണ്ടെന്നും, വാക്കുകൾ കൊണ്ട് വിവരിക്കാനാവാത്ത വിധം ചിരു തന്നിലൂടെ ജീവിക്കുകയാണെന്നും അവർ കുറിച്ചു. ഇതിനൊപ്പം തന്റെ കരിയറിലെ ഏറ്റവും വലിയൊരു സന്തോഷവും താരം ആരാധകരുമായി പങ്കുവെച്ചു. ഇന്ത്യൻ സിനിമയുടെ ദൈവം, സാക്ഷാൽ രജനികാന്തിനൊപ്പമുള്ള പുതിയ സിനിമയെക്കുറിച്ചാണ് മേഘ്ന പരാമർശിച്ചത്.

ചിരു അങ്ങേയറ്റം ആരാധിച്ചിരുന്ന വ്യക്തിയാണ് രജനികാന്ത് എന്നും, അദ്ദേഹത്തിനൊപ്പം ഒരു സിനിമ ചെയ്യാൻ കഴിഞ്ഞത് തങ്ങൾ ഒരുമിച്ച് കണ്ട സ്വപ്നത്തിന്റെ സാക്ഷാത്കാരമാണെന്നും മേഘ്ന പറയുന്നു. “നമ്മളത് സാധിച്ചു, ഈ വിജയം നിനക്കുള്ളതാണ്” എന്ന് പറഞ്ഞ്, തന്റെ നേട്ടം പ്രിയപ്പെട്ടവന് സമർപ്പിച്ചുകൊണ്ടാണ് മേഘ്ന ഹൃദയസ്പർശിയായ ഈ കുറിപ്പ് അവസാനിപ്പിക്കുന്നത്.

Actress Meghana Raj shares a heart-touching anniversary note for her late husband

ഹൃദയം കീഴടക്കി റാപ്പർ വേടന്റെ പ്രൊപ്പോസൽ കഥ; കോൾഡ് കോഫിയും മോതിരവും പിന്നെ കുറച്ച് തമാശകളും!

0

കോൾഡ് കോഫിക്ക് ഒപ്പം ഒരു പ്രൊപ്പോസൽ മോതിരം! കേൾക്കുമ്പോൾ ഏതെങ്കിലും റൊമാന്റിക് സിനിമയിലെ രംഗം പോലെ തോന്നുമെങ്കിലും ഇതൊരു യഥാർത്ഥ പ്രൊപ്പോസൽ കഥയാണ്. പ്രശസ്ത മലയാളം റാപ്പർ വേടന്റെയും ഭാര്യ നവമിലതയുടെയും എൻഗേജ്മെൻറ് വീഡിയോയിലാണ് രസകരമായ ഈ പ്രൊപ്പോസൽ കഥ വരച്ചുകാട്ടുന്നത്.

നവമിലതയെ പ്രൊപ്പോസ് ചെയ്ത കഥ വേടൻ സുഹൃത്തുക്കളോട് വിവരിക്കുന്നതാണ് വീഡിയോയുടെ ആകർഷണം. ഒരു കോൾഡ് കോഫിയുടെ സോസറിനടിയിൽ മോതിരം ഒളിപ്പിച്ചു വെച്ചും, അതിനിടയിൽ നടന്ന രസകരമായ സംഭവവികാസങ്ങളും ചിരിയോടെയാണ് അദ്ദേഹം ഓർത്തെടുക്കുന്നത്. വളരെ സിനിമാറ്റിക് ആയി ചിത്രീകരിച്ചിരിക്കുന്ന വീഡിയോയിൽ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഒപ്പം പാട്ടും ഡാൻസും കേക്ക് കട്ടിങ്ങും ആയി ആഘോഷിക്കുന്ന മനോഹരമായ നിമിഷങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. സ്പാർക്ലറുകളും വെടിക്കെട്ടുമൊക്കെയായി ഒരു ഗംഭീര ആഘോഷം തന്നെയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. ഇതിനോടകം തന്നെ നിരവധി പേരാണ് പ്രിയ താരത്തിന്റെ ഈ മനോഹരമായ വീഡിയോ ഏറ്റെടുത്തിരിക്കുന്നത്.

Malayalam Rapper Vedan’s proposal story

രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ യുടെ ചിത്രീകരണം പൂർത്തിയായി; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂൺ 4 ന്

0

തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായി അഭിനയിക്കുന്ന പാൻ ഇന്ത്യൻ ചിത്രമായ ‘പെദ്ധി’ യുടെ ചിത്രീകരണം പൂർത്തിയായി. 2026 ജൂൺ 4 ന് ആണ് ചിത്രം ആഗോള തലത്തിൽ തീയേറ്ററുകളിലെത്തുക. ദേശീയ അവാർഡ് ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രം വൃദ്ധി സിനിമാസിൻ്റെ ബാനറിൽ വെങ്കട സതീഷ് കിലാരു ആണ് നിർമ്മിക്കുന്നത്. മൈത്രി മൂവി മേക്കർസ്, സുകുമാർ റൈറ്റിങ്സ് എന്നിവർ ചേർന്നാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം അവതരിപ്പിക്കുന്നത്. നേരത്തെ മാർച്ചിലും, അതിന് ശേഷം ഏപ്രിലിലും റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം, ചിത്രീകരണ ജോലികൾ തീരാൻ സമയം എടുത്തതിനാലാണ് റിലീസ് തീയതി നീട്ടിയത് എന്നാണ് റിപ്പോർട്ട്.

റിലീസ് തീയതി പുലർത്തു വിട്ടു കൊണ്ടുള്ള ചിത്രത്തിന്റെ പോസ്റ്ററിൽ മാസ്സ് അവതാരമായി ആണ് രാം ചരണിനെ അവതരിപ്പിച്ചിരിക്കുന്നത്. അദ്ദേഹം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ തീവ്രതയും ആ പോസ്റ്ററിലെ ലുക്കിൽ നിന്ന് വ്യക്തമാണ്. വേനലവധികാലത്തിന്റെ അവസാനം നിശ്ചയിച്ച റിലീസ് തീയതി ചിത്രത്തിന് ഏറെ ഗുണകരമായി മാറുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ. എ ആർ റഹ്മാൻ ഈണം നൽകിയ ഒരു സ്പെഷ്യൽ ഗാനം ഹൈദരാബാദിൽ നിർമ്മിച്ച വമ്പൻ സെറ്റിൽ ചിത്രീകരിച്ചു പൂർത്തിയാക്കികൊണ്ടാണ് ചിത്രത്തിന്റെ പാക്കപ്പ് ആയത്. ഈ ഗാനം ചിത്രത്തിന്റെ ഹൈലൈറ്റ് ആയി മാറുമെന്നാണ് പ്രതീക്ഷ. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളും സമാന്തരമായി നടക്കുകയാണ്.

അടുത്തിടെ ചിത്രത്തിനായി രാം ചരൺ നടത്തിയ വമ്പൻ ശാരീരിക പരിവർത്തനം അവതരിപ്പിക്കുന്ന ഗ്ലിമ്പ്സ് വീഡിയോ പുറത്തു വരികയും മികച്ച ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഒരു പെഹൽവാൻ ആയി ഗുസ്തിയുടെ പശ്‌ചാത്തലത്തിലാണ് രാം ചരൺ കഥാപാത്രത്തെ ഗ്ലിമ്പ്സ് വീഡിയോയിൽ അവതരിപ്പിച്ചത് എന്നതും ശ്രദ്ധേയമായി. ഗുസ്തിക്ക് ഒപ്പം ക്രിക്കറ്റും ചിത്രത്തിന്റെ കഥാ പശ്‌ചാത്തലമായി വരുന്നുണ്ട് എന്നതും പ്രേക്ഷകർക്ക് കൗതുകം പകരുന്നുണ്ട്. ബോളിവുഡ് താരം ജാൻവി കപൂർ ആണ് ചിത്രത്തിലെ നായിക.

കന്നഡ സൂപ്പർതാരം ശിവരാജ് കുമാറും ഈ ചിത്രത്തിൽ ഒരു നിർണായകമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രാം ചരൺ- ശിവരാജ് കുമാർ ടീം ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ബോളിവുഡ് താരം ദിവ്യേന്ദു ശർമ, ജഗപതി ബാബു, ബോമൻ ഇറാനി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

എ ആർ റഹ്മാൻ ഈണം നൽകി പുറത്തു വന്ന, ചിത്രത്തിലെ “ചികിരി ചികിരി” എന്ന ഗാനവും “റായ് റായ് രാ രാ” എന്ന ഗാനവും ഇതിനോടകം ആഗോള തലത്തിൽ സൂപ്പർ ഹിറ്റുകളായി ട്രെൻഡ് സെറ്ററുകളായി മാറിയിട്ടുണ്ട്. നേരത്തെ റിലീസ് ചെയ്ത, ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക്, ടൈറ്റിൽ ഗ്ലിമ്പ്സ് എന്നിവയും സമൂഹ മാധ്യമങ്ങളിൽ വലിയ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. പാൻ ഇന്ത്യൻ റിലീസായാണ് ചിത്രം പ്രേക്ഷകരുടെ മുന്നിലെത്താനൊരുങ്ങുന്നത്.

രചന, സംവിധാനം -ബുചി ബാബു സന, അവതരണം – മൈത്രി മൂവി മേക്കേഴ്‌സ്, സുകുമാർ റൈറ്റിംഗ്സ്, നിർമ്മാണം – വെങ്കട സതീഷ് കിലാരു, ബാനർ – വൃദ്ധി സിനിമാസ്, കോ പ്രൊഡ്യൂസർ – ഇഷാൻ സക്സേന, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- വി. വൈ. പ്രവീൺ കുമാർ, ഛായാഗ്രഹണം – രത്നവേലു, സംഗീതം – എ ആർ റഹ്മാൻ, എഡിറ്റർ- നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈൻ – അവിനാഷ് കൊല്ല, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ – ശബരി

“എന്നെ സ്നേഹത്തോടെ അനിയത്തീ എന്ന് വിളിക്കുന്ന അജിത്ത് അണ്ണന്…” നടൻ അജിത്തിന് പിറന്നാൾ ആശംസകളുമായി പി.വി. സിന്ധു

0

തമിഴ് സൂപ്പർതാരം അജിത്ത് കുമാറിന് ഹൃദ്യമായ ജന്മദിനാശംസകൾ നേർന്ന് ഇന്ത്യൻ ബാഡ്മിന്റൺ താരം പി.വി. സിന്ധു. തൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് സിന്ധു പ്രിയപ്പെട്ട ‘അജിത്ത് അണ്ണന്’ ആശംസകൾ അറിയിച്ചത്. ഇരുവരും തമ്മിലുള്ള അടുത്ത സൗഹൃദം വ്യക്തമാക്കുന്ന ഈ പോസ്റ്റ് ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.

“എന്നെ എപ്പോഴും സ്നേഹത്തോടെ ‘അനിയത്തീ’ എന്ന് വിളിക്കുന്ന ഞങ്ങളുടെ പ്രിയപ്പെട്ട അജിത്ത് അണ്ണന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ” എന്ന് കുറിച്ചുകൊണ്ടാണ് സിന്ധു കുറിപ്പ് പങ്കുവെച്ചത്. രസകരമായ ചില കാര്യങ്ങളും സിന്ധു ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ദത്തയെ കൂടുതൽ ബൈക്ക് ഓടിക്കാനോ അവൻ്റെ ഇഷ്ടങ്ങൾക്ക് പിന്നാലെ പോകാനോ ദയവായി പ്രേരിപ്പിക്കരുത് എന്ന് തമാശരൂപേണ സിന്ധു അജിത്തിനോട് പറയുന്നുണ്ട്.

കാറോട്ട മത്സരങ്ങളോടുള്ള അജിത്തിൻ്റെ വലിയ താല്പര്യത്തെക്കുറിച്ചും സിന്ധു തൻ്റെ കുറിപ്പിൽ പരാമർശിച്ചു. പ്രശസ്തമായ ‘ലെ മാൻസ്’ (Le Mans) മോട്ടോർ റേസിൽ പങ്കെടുക്കണമെന്ന അജിത്തിൻ്റെ വലിയ സ്വപ്നത്തിന് പിന്നാലെ സഞ്ചരിക്കാൻ ഈ വർഷവും അദ്ദേഹത്തിന് കഴിയട്ടെ എന്ന് അവർ ആശംസിച്ചു.

തനിക്ക് നൽകുന്ന വലിയ പിന്തുണയെക്കുറിച്ചും സിന്ധു വാചാലയായി. “എന്ത് തന്നെയായാലും എൻ്റെ മനസ്സ് പറയുന്നത് കേൾക്കാനും എൻ്റെ പാഷന് പിന്നാലെ പോകാനും അണ്ണൻ എപ്പോഴും എന്നെ ഓർമ്മിപ്പിക്കാറുണ്ട്. അതിന് ഒരുപാട് നന്ദി. നമുക്ക് ഉടനെ സംസാരിക്കാം,” സിന്ധു തൻ്റെ കുറിപ്പ് അവസാനിപ്പിച്ചു. സിനിമയ്ക്ക് പുറമെ ബൈക്ക്, കാർ റേസിംഗുകളിൽ വലിയ കമ്പമുള്ള അജിത്തിന് കായിക താരങ്ങൾക്കിടയിലും വലിയ സൗഹൃദങ്ങളുണ്ടെന്ന് തെളിയിക്കുന്നതാണ് പി.വി. സിന്ധുവിൻ്റെ ഈ പിറന്നാൾ സന്ദേശം.

P.V. Sindhu extends birthday wishes to actor Ajith

നിമിഷ സജയൻ- കരുണാസ്- സജീവ് പാഴൂർ തമിഴ് ചിത്രം ‘എന്ന വിലൈ’ ക്ക് ദാദാസാഹിബ് ഫാൽക്കെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ പുരസ്‌കാര നേട്ടം

0

പ്രശസ്ത തെന്നിന്ത്യൻ താരം നിമിഷ സജയൻ, തമിഴ് നടൻ കരുണാസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സജീവ് പാഴൂർ ഒരുക്കുന്ന പാൻ ഇന്ത്യൻ തമിഴ് ചിത്രമായ ‘എന്ന വിലൈ’ക്ക് റിലീസിന് മുൻപ് തന്നെ പുരസ്‍കാര നേട്ടം. പതിനാറാമത് ദാദാസാഹിബ് ഫാൽക്കെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച തിരക്കഥക്ക് ഉള്ള പുരസ്‍കാരമാണ് ചിത്രത്തെ തേടിയെത്തിയത്. കലാമയ ഫിലിംസിന്റെ ബാനറിൽ മലയാളിയായ ജിതേഷ് വി, അനുഗോപാൽ വേണുഗോപാലൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം രചിച്ചു സംവിധാനം ചെയ്യുന്നത് തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ മികച്ച തിരക്കഥയ്ക്കുള്ള ദേശീയ അവാർഡും മികച്ച തിരക്കഥയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും നേടിയ സജീവ് പാഴൂർ ആണ്. സോഷ്യോ- പൊളിറ്റിക്കൽ ത്രില്ലർ ഘടകങ്ങൾ നിറഞ്ഞ ഒരു ഫാമിലി ഡ്രാമയാണ് ‘എന്ന വിലൈ’ എന്നാണ് സൂചന.

വൈകാരികമായി പ്രേക്ഷകരെ സ്വാധീനിക്കുന്നതിനൊപ്പം അവരെ ആകാംഷയോടെ പിടിച്ചിരുത്തുന്ന തരത്തിൽ കഥ പറയുന്ന ചിത്രമായാണ് ‘എന്ന വിലൈ’ ഒരുക്കിയിരിക്കുന്നത്. അവാർഡ് ഒരു അഭിമാനകരമായ നാഴികക്കല്ലാണെങ്കിലും, വലിയ പ്രേക്ഷക സമൂഹവുമായി ബന്ധിപ്പിക്കുന്നതിന് രൂപകൽപ്പന ചെയ്ത ഒരു സമ്പൂർണ്ണ തീയേറ്റർ അനുഭവമായാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് അണിയറ പ്രവർത്തകർ ഊന്നിപ്പറയുന്നു.

ദാദാസാഹിബ് ഫാൽക്കെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം നേടുന്നത് തങ്ങൾക്കെല്ലാവർക്കും അഭിമാനകരമായ നിമിഷമാണ് എന്നും, തങ്ങളുടെ കഥയുടെ ശക്തിയെയും ടീം നടത്തിയ പരിശ്രമത്തെയും അത് സാധൂകരിക്കുന്നു എന്നും നിർമ്മാതാവ് ജിതേഷ് വി പറയുന്നു. അതേസമയം, വലിയ തീയേറ്റർ അനുഭവം നൽകാനായി നിർമ്മിച്ചിരിക്കുന്ന, ആകർഷകവും വൈകാരികവും വിശാലമായ പ്രേക്ഷക സമൂഹവുമായി ബന്ധിപ്പിക്കുന്ന എല്ലാ ഘടകങ്ങളും ഉൾക്കൊള്ളുന്നതുമായ ഒരു ചിത്രമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിയേറ്ററുകളിൽ പ്രേക്ഷകർക്ക് ഇത് അനുഭവിക്കാൻ കഴിയുമെന്നതിൽ തങ്ങൾ ആവേശത്തിലാണ് എന്നും അദ്ദേഹം പറഞ്ഞു.

തന്നെ സംബന്ധിച്ചിടത്തോളം ഈ കഥ വളരെ വേരൂന്നിയതും യഥാർത്ഥവുമായ ഇടത്തിൽ നിന്നാണ് വരുന്നത് എന്നും, ദാദാസാഹിബ് ഫാൽക്കെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ തിരക്കഥയ്ക്ക് ഈ അംഗീകാരം ലഭിക്കുന്നത് ശരിക്കും സവിശേഷമാണ് എന്നും സജീവ് പഴൂർ പറയുന്നു. എന്നാൽ അവാർഡിനപ്പുറം, ആകർഷകവും ആഴത്തിലുള്ളതുമായ അനുഭവമായി തങ്ങൾ ഈ ചിത്രം രൂപകൽപ്പന ചെയ്തിട്ടുണ്ട് എന്നും തീവ്രതയോടും വികാരത്തോടും കൂടി വികസിക്കുന്ന ഒരു കഥയാണിത് എന്നത് കൊണ്ട് തന്നെ, വലിയ സ്ക്രീനിൽ പ്രേക്ഷകർക്ക് അതുമായി ആഴത്തിലുള്ള ബന്ധം അനുഭവപ്പെടുമെന്ന് താൻ വിശ്വസിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

നിമിഷ സജയൻ, കരുണാസ് എന്നിവർക്കൊപ്പം വൈ ജി മഹേന്ദ്രൻ, പൂർണ്ണിമ ഭാഗ്യരാജ്, മൊട്ട രാജേന്ദ്രൻ, വിജയലക്ഷ്മി, ഷാഷ, പ്രവീണ, കമലേഷ്, ഗോലി സോഡ പാണ്ഡി, ജെ. എസ്. കവി, മോഹൻ റാം, നിഴൽഗൽ രവി, പ്രവീണ, വിവിയാന, ചേതൻ കുമാർ, കവിതാലയ കൃഷ്ണ, ടിഎസ്ആർ ശ്രീനിവാസ്, ലോള്ളൂ സഭ, സ്വാമിനാഥൻ, കൊട്ടച്ചി, ദീപ ശങ്കർ, ചിത്ത ദർശൻ, കവി നക്കലിറ്റീസ്, കെ പി വൈ കോദണ്ഡം, പശുപതി രാജ്, സൂപ്പർ ഗുഡ് സുബ്രമണി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. രാമേശ്വരം പശ്‌ചാത്തലമാക്കി കഥ പറയുന്ന ഈ ചിത്രം, രാമേശ്വരം, ചെന്നൈ, പോണ്ടിച്ചേരി, കൊച്ചി എന്നിവിടങ്ങളിലെ 56 ലൊക്കേഷനുകളിലായി മൂന്ന് ഷെഡ്യൂളുകളിലായാണ് പൂർത്തിയായത്.

ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച വിവരങ്ങൾ ഉടൻ പ്രഖ്യാപിക്കും. പ്രശസ്തരായ മലയാളി സാങ്കേതിക പ്രതിഭകളാണ് ഈ ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിക്കുന്നത്. മലയാളി സാങ്കേതിക പ്രവർത്തകർ തമിഴിൽ ഒരു ചിത്രത്തിനായി കൈകോർക്കുന്നു എന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതകളിലൊന്നാണ്. ഛായാഗ്രഹണം – ആൽബി ആന്റണി, സംഗീതം- സാം സി എസ്, എഡിറ്റർ- ശ്രീജിത്ത് സാരംഗ്, പ്രൊഡക്ഷൻ കൺട്രോളർ- എം ശിവകുമാർ, ആർട്ട് ഡയറക്ടർ-കെ ശിവകൃഷ്ണ, ആക്ഷൻ-പിസി സ്റ്റണ്ട്സ്, കോ-ഡയറക്ടർ-രതീഷ്, കോസ്റ്റ്യൂം ഡിസൈനർ-ആർ മുരുഗാനന്ദം, മേക്കപ്പ്-വി. ദിനേഷ്കുമാർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്-മുകേഷ്, സൽമാൻ കെ എം, സ്റ്റിൽസ്-കാർത്തിക് എ കെ, പ്രൊഡക്ഷൻ മാനേജർമാർ-ആർ രാജീവ് ഗാന്ധി, പി കാർത്തി, പിആർഒ-ശബരി.

ബെല്ലംകൊണ്ട സായ് ശ്രീനിവാസ് – കാവ്യ റെഡ്ഡി വിവാഹം തിരുമലയിൽ നടന്നു; വിവാഹ ചടങ്ങുകൾ പരമ്പരാഗതമായ രീതിയിൽ

0

ഭക്തിയും കാലാതീതമായ പാരമ്പര്യവും നിറഞ്ഞ ഒരു പശ്ചാത്തലത്തിൽ, ബെല്ലംകൊണ്ട സായ് ശ്രീനിവാസും കാവ്യ റെഡ്ഡിയും തിരുമലയിലെ കർണാടക ഭവനിൽ നടന്ന ശാന്തവും ഗംഭീരവുമായ ചടങ്ങിലൂടെ വിവാഹജീവിതത്തിലേക്ക് ചുവടുവെച്ചു.
സനാതന ധർമ്മത്തിന് അനുസൃതമായി ആണ് വിവാഹ ചടങ്ങുകൾ നടന്നത്. ഇരു കുടുംബങ്ങളും ഓരോ വിശുദ്ധ ആചാരത്തിലും പൂർണ്ണ മനസ്സോടെ പങ്കെടുത്തു.

നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരങ്ങൾ ആത്മാർത്ഥതയോടെ പിന്തുടർന്ന വിവാഹ ചടങ്ങ്, ശാന്തഗംഭീരവും അതോടൊപ്പം ആഘോഷം നിറഞ്ഞ അന്തരീക്ഷവുമൊരുക്കി ശ്രദ്ധ നേടി. ക്ഷേത്രങ്ങളുടെ രൂപകൽപ്പനയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട അലങ്കാരങ്ങൾ, പുഷ്പ ക്രമീകരണങ്ങൾ, ഭക്തി നിറഞ്ഞ അന്തരീക്ഷം എന്നിവയുള്ള ഒരു പരമ്പരാഗത വേദിയായി വിവാഹ മണ്ഡപം രൂപാന്തരപ്പെട്ടു. സൂക്ഷ്മമായ വിശദാംശങ്ങളിൽ വരെ ചാരുത നിലനിർത്തിക്കൊണ്ടുതന്നെ, സാംസ്കാരിക പൈതൃകത്തോടുള്ള ആഴത്തിലുള്ള ബഹുമാനവും ചടങ്ങിൽ പ്രതിഫലിച്ചു.

വ്യത്യസ്തവും കലാപരവുമായ തൻ്റെ സ്പർശം ചേർത്ത്, ഡിസൈനർ ശ്രാവൺ കുമാർ വധുവിനും വരനും വേണ്ടി പ്രത്യേകമായി ക്യൂറേറ്റ് ചെയ്ത വസ്ത്രങ്ങൾ ഒരുക്കിയിരുന്നു. ബെല്ലംകൊണ്ട ശ്രീനിവാസും കാവ്യയും പാരമ്പര്യവും ചാരുതയും നിറഞ്ഞ സാംസ്കാരിക ചടങ്ങിൽ മുഴുകിയിരിക്കുന്ന ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. കാവ്യ അതിമനോഹരമായ ആഭരണങ്ങളാൽ അലങ്കരിച്ച സാരിയിൽ അതിശയിപ്പിക്കുമ്പോൾ, ശ്രീനിവാസ് പരമ്പരാഗത വസ്ത്രങ്ങളിൽ ക്ലാസിക് ലുക്കിലാണ് എത്തിയത്. അടുത്ത കുടുംബാംഗങ്ങളും തിരഞ്ഞെടുത്ത ഒരു കൂട്ടം സുഹൃത്തുക്കളും മാത്രം പങ്കെടുത്ത രീതിയിലാണ് ചടങ്ങ് നടന്നത്.

നാളെ ഹൈദരാബാദിൽ ഗംഭീര സ്വീകരണം നടക്കാനിരിക്കുന്നതിനാൽ ആഘോഷങ്ങൾ അവസാനിച്ചിട്ടില്ല. സിനിമാ സാഹോദര്യത്തിലെ പ്രമുഖ അംഗങ്ങൾ, അടുത്ത സുഹൃത്തുക്കൾ, അഭ്യുദയകാംക്ഷികൾ എന്നിവരെ ഒരുമിച്ച് കൊണ്ടുവരുന്ന ഒരു താരനിബിഡമായ പരിപാടിയായിരിക്കും ഇത്. ഒരു വലിയ അതിഥി പട്ടികയും അതിലും കൂടുതൽ ഉത്സവ അന്തരീക്ഷവും ഉള്ള, ഊഷ്മളത, ചാരുത, ആഘോഷ മനോഭാവം എന്നിവ നിറഞ്ഞ ഒരു അവിസ്മരണീയ ഒത്തുചേരലായിരിക്കും ഈ ചടങ്ങ് വാഗ്ദാനം ചെയ്യുന്നത്.

കരിമുകളിൽനിന്ന് കാണാതായ 14കാരിയെ കണ്ടെത്തി

0

കൊച്ചി: എറണാകുളം കരിമുകളിൽനിന്ന് കഴിഞ്ഞ മൂന്ന് ദിവസമായി കാണാതായ 14 വയസ്സുകാരിയെ കണ്ടെത്തി. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നാണ് പെൺകുട്ടിയെ സുരക്ഷിതയായി കണ്ടെത്തിയത്.

കഴിഞ്ഞ 28-ാം തീയതി രാത്രി 10:30 ഓടെയാണ് പെൺകുട്ടി വീട്ടിൽനിന്ന് ഇറങ്ങിപ്പോയത്. കയ്യിൽ ഒരു ബാഗുമായി പെൺകുട്ടി പോകുന്നത് കരിമുകൾ ജംഗ്ഷനിലെ സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിരുന്നു. ഫോൺ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് വീട്ടിലുണ്ടായ ചെറിയ പിണക്കമാണ് കുട്ടി വീട് വിട്ടിറങ്ങാൻ കാരണമെന്നാണ് പ്രാഥമിക വിവരം.

പോലീസ് അന്വേഷണം ഊർജിതമാക്കിയതോടെയാണ് നോർത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് കുട്ടിയെ കണ്ടെത്താൻ സാധിച്ചത്. ഈ മൂന്ന് ദിവസങ്ങളിൽ കുട്ടി എവിടെയായിരുന്നു എന്നതിനെക്കുറിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്. കുട്ടിയെ കോടതിയിൽ ഹാജരാക്കിയ ശേഷം ബന്ധുക്കൾക്കൊപ്പം വിട്ടയക്കും. ആവശ്യമായ കൗൺസിലിംഗ് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. മൂന്ന് ദിവസത്തെ ആശങ്കയ്ക്ക് ശേഷം കുട്ടിയെ കണ്ടെത്തിയത് കുടുംബാംഗങ്ങൾക്കും നാട്ടുകാർക്കും വലിയ ആശ്വാസമായി.