രാക്ഷസിയായി ജ്യോതിക വരുന്നു !

36 വയതിനിലെ എന്ന സിനിമയിലൂടെ സെക്കൻഡ് ഇന്നിങ്സ് തുടങ്ങിയ ജ്യോതികയുടെ പിന്നീട് എത്തിയ മകളീർ മട്ടും, നാച്ചിയാർ , കാട്രിൻ മൊഴി എന്നീ സിനിമകളെല്ലാം ബോക്സ് ഓഫീസിൽ വിജയം നേടി. നായികാ പ്രാധാന്യമുള്ള ഈ സിനിമകൾ പ്രേക്ഷകർക്ക് വിനോദത്തോടൊപ്പം സമൂഹത്തിനു , പ്രത്യേകിച്ചു സ്ത്രീ സമൂഹത്തിന് നല്ല സന്ദേശങ്ങൾ നല്കിയവയുമായിരുന്നു. വീണ്ടും കാലിക പ്രസക്തിയുള്ള സിനിമയുമായി എത്തുന്നു ജ്യോതിക. ഡ്രീം വാരിയർ പിക്ച്ചർസ് നിർമ്മിച്ച നവാഗതനായ സൈ.ഗൗതംരാജ് രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ,”രാക്ഷസി”യാണ് ജ്യോതികയുടെ പുതിയ ചിത്രം . ജൂലൈ 5ന് “രാക്ഷസി” പ്രദർശനത്തിനെത്തും .

ഗീതാ റാണി എന്ന നായികാ കഥാപാത്രത്തെയാണ് ജ്യോതിക അവതരിപ്പിക്കുന്നത് .നാട്ടിൻ പുറത്തെ സർക്കാർ സ്ക്കൂളിൽ ഗീതാ റാണി ഹെഡ് മിസ്ട്രെസ്സായി എത്തുന്നത് വലിയൊരു ലക്ഷ്യത്തോടെയാണ് .ഒപ്പം ഒരു പൂർവ ചരിത്രവും ഗീതാ റാണിക്കുണ്ട് .ഗീതാറാണിയുടെ ലക്‌ഷ്യം പൂർത്തിയായോ ? ഒരു പിന്നോക്ക ഗ്രാമത്തിലെ വിദ്യാലയം അന്വേഷിച്ചു പിടിച്ചു അവിടെ അദ്ധ്യാപികയായി ചേരുവാനുള്ള കാരണമെന്ത് ? ഗീതാ റാണിയുടെ പശ്ചാത്തലം എന്താണ് ? ഇങ്ങനെ ഒട്ടേറെ ദുരൂഹതകളിലൂടെ ഇഴ പിന്നിയ ഒരു കഥയാണ് “രാക്ഷസി”യുടേത് . ഈ കഥാപാത്രത്തിനായി ആറു മാസം ജ്യോതിക ആയോധന കലകൾ അഭ്യസിച്ച ശേഷമാണ് അഭിനയിക്കാൻ എത്തിയതെന്ന് സംവിധായകൻ .സ്റ്റുണ്ട് മാസ്റ്റർമാരായ സുദേഷ് – പാണ്ഡിയൻ ജ്യോതികയ്ക്ക് പ്രത്യേകം വടിപ്പയറ്റ്‌ പരിശീലനവും നൽകുകയുണ്ടായത്രെ . “രാക്ഷസി”യിൽ ആക്ഷൻ രംഗങ്ങളിലും ജ്യോതിക കൈയ്യടി നേടുമെന്ന് അണിയറ പ്രവർത്തകർ പറയുന്നു .സർക്കാരുകൾ വിദ്യാർത്ഥി സമൂഹത്തോടും സർക്കാർ വിദ്യാലയങ്ങളോടും പുലർത്തി വരുന്ന  അവഗണനകൾ , കുത്തഴിഞ്ഞ വിദ്യാഭ്യാസ നയങ്ങൾ, സ്വകാര്യ വിദ്യാഭ്യാസ ലോബികളുടെ നുഴഞ്ഞു കയറ്റം  ഇവയൊക്കെ “രാക്ഷസി”യിലെ പ്രതിപാദന വിഷയങ്ങളാണെങ്കിലും വൈകാരികമായ  കഥയുടെ അകംബടിയോടെ തികച്ചും ഒരു എന്റർടൈനറായിട്ടാണ് ചിത്രത്തിന് സംവിധായകൻ ദൃശ്യസാഷാത്കാരം നൽകിയിരിക്കുന്നത് .

ജ്യോതികയെ കൂടാതെ പൂർണിമാ ഭാഗ്യരാജ് , ഹരീഷ് പേരടി ,കവിതാ ഭാരതി ,സത്യൻ ,മുത്തുരാമൻ എന്നിവർ മറ്റു പ്രധാന കഥാ പാത്രങ്ങളെ അവതരിപ്പിക്കുന്നു . ഗോകുൽ ബിനോയ് ഛായാഗ്രഹണവും സീൻ റോൾഡൻ സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു . ഡ്രീം വാരിയർ പിക്‌ചേഴ്‌സിന്റെ ബാനറിൽ എസ് .ആർ . പ്രകാശ് ബാബു ,എസ് .ആർ .പ്രഭു എന്നിവർ ചേർന്ന് നിർമ്മിച്ച “രാക്ഷസി” യുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അരവിന്ദ് ഭാസ്കരനാണ്  . 

 # സി.കെ.അജയ് കുമാർ , പി ആർ ഓ 

admin:
Related Post