ന്യൂഡൽഹി: അറസ്റ്റിലായ യൂട്യൂബർ ജ്യോതി മൽഹോത്ര പാകിസ്താനിലേക്ക് പോയത് വിഡിയോ ഷൂട്ടിന് വേണ്ടി മാത്രമാണെന്നും ചാരവൃത്തി ചെയ്തില്ലെന്നും പിതാവ് ഹാരിസ് മൽഹോത്ര. പൊലീസ് തങ്ങളുടെ ലാപ്ടോപ്പും ഫോണുകളും എല്ലാം പിടിച്ചുവെച്ചിരിക്കുകയാണെന്നും മകൾ പാകിസ്താനിലേക്ക് പോയത് എല്ലാ അനുമതിയോടും കൂടിയാണെന്നും പിതാവ് പറഞ്ഞു. വാർത്താ ഏജൻസിയായ എ.എൻ.ഐയോടായിരുന്നു പിതാവിന്റെ പ്രതികരണം.
“ജ്യോതി വിഡിയോ ഷൂട്ട് ചെയ്യാനായി പാകിസ്താനിലേക്കും മറ്റ് സ്ഥലങ്ങളിലേക്കും പോകാറുണ്ട്. എല്ലാ അനുമതിയും എടുത്ത ശേഷമാണ് ഇങ്ങനെ പോകുന്നത്. അവിടെ സുഹൃത്തുക്കൾ ഉണ്ടെങ്കിൽ അവരെ വിളിക്കാൻ പറ്റില്ലേ? മറ്റൊന്നും ഞങ്ങൾ ആവശ്യപ്പെടുന്നില്ല, പിടിച്ചുവെച്ച ഫോണുകളും മറ്റും തിരിച്ചുതരണം” -പിതാവ് പറഞ്ഞു.
ജ്യോതി മൽഹോത്ര ഉൾപ്പെടെ ആറ് പേരാണ് പാകിസ്താനുവേണ്ടി ചാരവൃത്തി ചെയ്തെന്ന കുറ്റത്തിന് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. ഇവർ പാകിസ്താൻ ഇന്റലിജൻസിന് തന്ത്രപ്രധാനമായ വിവരങ്ങൾ ചോർത്തി നൽകിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. 2023ൽ ജ്യോതി പാകിസ്താൻ സന്ദർശിച്ചതായും അവിടെവച്ച് ഡൽഹിയിലെ പാകിസ്താൻ ഹൈകമീഷനിലെ ജീവനക്കാരനായ ഇഹ്‌സാനുർ റഹീം എന്ന ഡാനിഷുമായി അടുത്ത ബന്ധം സ്ഥാപിച്ചതായും റിപ്പോർട്ടുണ്ട്. ഓപറേഷൻ സിന്ദൂറിനെത്തുടർന്ന് കേന്ദ്രസർക്കാർ ഡാനിഷിനെ മേയ് 13ന് പുറത്താക്കിയിരുന്നു.
youtuber jyoti malhotra issue father said