വേറിട്ട കാഴ്ച ഒരുക്കി വനം വകുപ്പ്

വന്യജീവി സംരക്ഷണം, വനസംരക്ഷണം, സര്‍പ്പ കിയോസ്‌ക്, വനശ്രീ സ്റ്റോള്‍, സെല്‍ഫി പോയിന്റ് തുടങ്ങി വ്യത്യസ്തതയുടെ പുതിയൊരു ലോകം തീര്‍ക്കുകയാണ് എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ വനം വകുപ്പിന്റെ സ്റ്റാള്‍.

കാട്ടാറും വന്യജീവികളും നിറഞ്ഞ കാടിന്റെ വന്യഭംഗിയുടെ ചെറുപതിപ്പ് തിരുവനന്തപുരത്ത് കനകക്കുന്നില്‍ സന്ദര്‍കര്‍ക്കായി തയാറാക്കിയിട്ടുണ്ട്. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരേ വിധത്തില്‍ കണ്ടാസ്വദിക്കാവുന്ന വിധത്തിലാണ് വനം-വന്യജീവി വകുപ്പ് ഒരുക്കിയിരിക്കുന്ന ഈ വിസ്മയം. ഒരു വനസഞ്ചാരം നടത്തുന്ന അനുഭവം സന്ദര്‍ശകര്‍ക്ക്  പ്രദാനം ചെയ്യുന്ന  തരത്തിലാണ് വനംവകുപ്പ് സ്റ്റാള്‍ ഒരുക്കിയിട്ടുള്ളത്.

വനങ്ങളുടെ പാരിസ്ഥിതിക മൂല്യങ്ങള്‍, വന പുന:സ്ഥാപനവുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളുടെ വിവരണവും ഇന്‍സ്റ്റലേഷനും, മനുഷ്യ-വന്യജീവി ലഘൂകരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട പദ്ധതികളുടെയും മിഷനുകളുടെയും ഇന്‍സ്റ്റലേഷന്‍, വനം വകുപ്പിന്റെ നേട്ടങ്ങളെ സംബന്ധിച്ച വീഡിയോ പ്രദര്‍ശനം എന്നിവ മേളയില്‍ ഉണ്ടായിരിക്കും.

പാമ്പുപിടുത്തവും പാമ്പുകളുമായി ബന്ധപ്പെട്ടതുമായ എല്ലാ സംശയങ്ങള്‍ക്കും വനംവകുപ്പ് സ്റ്റാളില്‍ മറുപടി ലഭിക്കും. പൊതുജനങ്ങള്‍ക്ക് സര്‍പ്പ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് നല്‍കി ഉപയോഗരീതിയുടെ പരിശീലനം തത്സമയം നല്‍കും. പാമ്പുകളെ പിടികൂടുന്നതിനായി ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ പരിചയപ്പെടുത്തലും മേളയില്‍ ഉണ്ടാകും.  
വനം വകുപ്പിന്റെ വിവിധ സേവനങ്ങളെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് ഇന്ററാക്ടീവ് കിയോസ്‌ക് വഴി ് അറിയുവാന്‍ കഴിയും.

ഇരുപത്തിയേഴ് നക്ഷത്ര വൃക്ഷങ്ങള്‍ ഉള്‍പ്പെടുത്തി നക്ഷത്രവന മാതൃക വേറിട്ട കാഴ്ചയായിരിക്കും. ഹരിതകുടകള്‍ കൊണ്ട് വിവിധ പദ്ധതികളെ ഏകോപിപ്പിച്ച് രൂപപ്പെടുത്തിയ സെല്‍ഫി പോയിന്റും വനം വകുപ്പ് സ്റ്റാളിന്റെ ആകര്‍ഷമാണ്.

വിസ്മയ-കൗതുകകാഴ്ചകള്‍ക്കൊപ്പം വേറിട്ട കലാപരിപാടികള്‍ ദിവസവും വൈകിട്ട് ആസ്വദിക്കാം. ചാറ്റുപ്പാട്ട്, ഗരുഡന്‍ നൃത്തം പോലുള്ള അന്യംനിന്നുപോയ കലാരൂപങ്ങളുടെ അവതരണം സ്റ്റാളിനെ കൂടുതല്‍ ആകര്‍ഷകമാക്കും.

കാട് കണ്ട് കനകക്കുന്നിറങ്ങുമ്പോള്‍ വെറും കൈയ്യോടെ മടങ്ങണ്ട. ശുദ്ധമായ കാട്ടു തേന്‍ ഉള്‍പ്പെടെയുള്ള വനവിഭവങ്ങളും ഉല്‍പന്നങ്ങളുമായി വനശ്രീയുടെ വില്‍പന കൗണ്ടറും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. വിവിധ വന ഡിവിഷനുകളില്‍ നിന്ന് ആദിവാസി/വന ഉദ്യോഗസ്ഥര്‍ ശേഖരിച്ച 150 ഓളം വന ഉല്‍പ്പന്നങ്ങള്‍ വനശ്രീയില്‍ വില്‍പ്പനയ്ക്കായി ഒരുക്കിയിട്ടുണ്ട്. കാടിന്റെ തനിമ വിളിച്ചോതുന്ന വിവിധ വിഭവങ്ങള്‍ ഉള്‍പ്പെടുത്തിയ ഭക്ഷണശാലയും മേളയുടെ മറ്റൊരു ആകര്‍ഷണമാണ്.

രാവിലെ 9 മണി മുതല്‍ രാത്രി 9 വരെ നടക്കുന്ന പ്രദര്‍ശനത്തില്‍ പ്രവേശനം പൂര്‍ണ്ണമായും സൗജന്യമായിരിക്കും.

admin:
Related Post