കേരളമടക്കം അഞ്ച് സംസ്ഥാനങ്ങള്‍ കോവിഡ് പ്രതിരോധ നടപടികള്‍ കര്‍ശനമാക്കണമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: ദൈനംദിന കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളോട് ശക്തമായ പ്രതിരോധ നടപടികള്‍ ഉറപ്പുവരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. കേരളം, മഹാരാഷ്ട്ര, പഞ്ചാബ്, ഛത്തീസ്ഗഢ്, മദ്ധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ദൈനംദിന കേസുകളില്‍ വര്‍ദ്ധനവുണ്ടാകുന്നത്. കോവിഡ് വാക്സിനേഷന്‍ നടപടികള്‍ തുടരുന്നതിനിടെയാണ് ഈ ഉയര്‍ച്ച. ഏറെ നാളുകള്‍ക്ക് ശേഷം കഴിഞ്ഞ ഒരാഴ്ചക്കിടെയാണ് മഹാരാഷ്ട്രയില്‍ ദൈനംദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായത്. ഇപ്പോള്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനം മഹാരാഷ്ട്രയാണ്. 24 മണിക്കൂറിനിടെ 6112 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മഹാരാഷ്ട്രയ്ക്ക് സമാനമായി പഞ്ചാബിലും മദ്ധ്യപ്രദേശിലും ഛത്തീസ്ഗഢിലും ഒരാഴ്ചക്കിടെ ദിനംപ്രതിയുള്ള കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുതിച്ചുചാട്ടമുണ്ടായിട്ടുണ്ട്. പ്രതിരോധ നടപടികള്‍ നടപ്പാക്കുന്നതിലെ പോരായ്മായാണ് മഹാരാഷ്ട്രയിലെ വര്‍ദ്ധനവിന് കാരണമെന്നാണ് ആരോഗ്യമന്ത്രാലയം വിലയിരുത്തന്നത്. പ്രത്യേകിച്ച് ലോക്കല്‍ ട്രെയിനുകള്‍ ഓടിത്തുടങ്ങിയ ശേഷം. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് മുന്നണി പോരാളികള്‍ക്കുമായി ഇതുവരെ 1.07 കോടിയിലധികം പേര്‍ക്ക് വാക്സിന്‍ നല്‍കിയെന്നും  കേന്ദ്രം അറിയിച്ചു.

English Summary : The Center has asked five states, including Kerala, to tighten Covid prevention measures