ജിഎസ്ടി നഷ്ടപരിഹാരം, സംസ്ഥാനങ്ങള്‍ക്ക് 5000 കോടി

ന്യൂഡല്‍ഹി: ജിഎസ്ടി കുറവ് നികത്തുന്നതിന് കേന്ദ്ര സര്‍ക്കാര്‍ 17-ാം പ്രതിവാര ഗഡു 5000 കോടി രൂപ സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ചു. 23 സംസ്ഥാനങ്ങള്‍ക്കും ജമ്മു കശ്മീര്‍, പുതുച്ചേരി, ന്യൂഡല്‍ഹി എന്നീ മൂന്ന് കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമാണ് തുക ലഭിക്കുക. ശേഷിക്കുന്ന അഞ്ച് സംസ്ഥാനങ്ങളായ അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍, മിസോറം, നാഗാലാന്‍ഡ്, സിക്കിം എന്നിവയ്ക്ക് ജിഎസ്ടി നടപ്പാക്കിയത് മൂലം വരുമാനത്തില്‍ ഇടിവുണ്ടായിട്ടില്ല. ജിഎസ്ടി നഷ്ടം നികത്തുന്നതിന് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ നാല് മാസത്തിനുള്ളില്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ഒരു ലക്ഷം കോടി രൂപ നല്‍കി. 5.59%  പലിശ നിരക്കിലാണ് ഈ ആഴ്ചയിലെ ധനസഹായത്തിന് വായ്പയെടുത്തതെന്ന് ധനമന്ത്രാലയം അറിയിച്ചു. ജിഎസ്ടി നഷ്ടപരിഹാര വിതരണത്തിലെ കുറവ് പരിഹരിക്കുന്നതിനായി ഒക്ടോബറിലാണ് പ്രത്യേക വായ്പയെടുക്കല്‍ ജാലകം ആവിഷ്‌കരിച്ചത്. ശരാശരി 4.83 % പലിശ നിരക്കിലാണ് ഒരു ലക്ഷം കോടി വായ്പയെടുത്തത്. തൊട്ടുമുമ്പത്തെ ഗഡുവായി 6000 കോടി രൂപ തിങ്കളാഴ്ച സര്‍ക്കാര്‍ അനുവദിച്ചിരുന്നു. 1.06 ലക്ഷം കോടി രൂപയുടെ അധിക വായ്പ അനുമതി സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. ഇതുവരെ കണക്കാക്കിയ ജിഎസ്ടി നഷ്ടപരിഹാരത്തിന്റെ 91 ശതമാനവും സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും നല്‍കിയിട്ടുണ്ട്.

English Summary : GST compensation, Rs 5,000 crore to states

admin:
Related Post