‘മരട് 357’ സിനിമയുടെ റിലീസ് കോടതി തടഞ്ഞു

കൊച്ചി: മരട് ഫ്ളാറ്റ് പൊളിക്കല്‍ പശ്ചാത്തലമാക്കി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്‍ത ചിത്രത്തിന്‍റെ റിലീസിംഗ് എറണാകുളം മുന്‍സിഫ് കോടതി തടഞ്ഞു. ‘മരട് 357’ എന്ന സിനിമയുടെ റിലീസിംഗ് ആണ് തടഞ്ഞിരിക്കുന്നത്. സിനിമയുടെ ട്രെയ്‍ലറുകളോ ഭാഗങ്ങളോ റീലിസ് ചെയ്യരുതെന്നും മുന്‍സിഫ് കോടതിയുടെ ഉത്തരവിലുണ്ട്. മരടിലെ പൊളിച്ച ഫ്ളാറ്റുകളുടെ നിര്‍മാതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. കോടതിയുടെ പരിഗണനയിലിരിക്കുന്ന മരട് കേസിന്‍റെ വിചാരണയെ സിനിമ ബാധിക്കുമെന്നാണ് ഫ്ളാറ്റ് നിര്‍മാതാക്കളുടെ വാദം. സിനിമയുടെ നിര്‍മാതാക്കള്‍ക്ക് നിക്ഷിപ്ത താല്‍പര്യമുണ്ടെന്നും ഹര്‍ജിക്കാര്‍ ആരോപിക്കുന്നു.

എന്നാൽ സിനിമയിൽ നിർമാതാക്കൾ പറയുന്ന പോലെ അവരെ അപകീർത്തിപ്പെടുത്തുന്ന ഒരു രംഗം പോലും ഇല്ലന്ന് ചിത്രത്തിൻ്റെ സംവിധായകൻ കണ്ണൻ താമരക്കുളം പറഞ്ഞു.

ഈ മാസം 19ന് തിയറ്ററുകളില്‍ എത്താനിരുന്ന ചിത്രമാണ് മരട് 357. ജയറാം നായകനായ ‘പട്ടാഭിരാമന്’ ശേഷം കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്‍ത ചിത്രവുമാണ്. ദിനേശ് പള്ളത്തിന്‍റേതാണ് തിരക്കഥ. അനൂപ് മേനോനൊപ്പം ധര്‍മ്മജന്‍ ബോല്‍ഗാട്ടി, ഷീലു എബ്രഹാം, നൂറിന്‍ ഷെരീഫ്, മനോജ് കെ ജയന്‍, ബൈജു സന്തോഷ്, സാജില്‍ സുദര്‍ശന്‍, സെന്തില്‍ കൃഷ്‍ണ, സുധീഷ്, ഹരീഷ് കണാരന്‍, കൈലാഷ്, ശ്രീജിത്ത് രവി, ജയന്‍ ചേര്‍ത്തല, സരയു തുടങ്ങി വലിയ താരനിര അണിനിരക്കുന്നുണ്ട് ചിത്രത്തില്‍. അബാം മൂവീസിന്‍റെ ബാനറില്‍ അബ്രഹാം മാത്യുവും സ്വര്‍ണ്ണലയ സിനിമാസിന്‍റെ ബാനറില്‍ സുദര്‍ശന്‍ കാഞ്ഞിരംകുളവും ചേര്‍ന്നാണ് നിര്‍മ്മാണം.

English Summary : The release of ‘Maradu 357’ has been blocked by the court

admin:
Related Post