കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനും സൗജന്യ യാത്ര; ‘പ്രിയദർശിനി’ പദ്ധതിക്ക് തുടക്കമായി

തിരുവനന്തപുരം: സംസ്ഥാനത്തെ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനും സൗജന്യ യാത്രാ സൗകര്യം ഒരുക്കുന്ന ‘പ്രിയദർശിനി’ പദ്ധതിക്ക് തുടക്കമായി. തിരുവനന്തപുരം തമ്പാനൂർ കെഎസ്ആർടിസി കോംപ്ലക്സിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വി. ഡി. സതീശൻ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.

അധികാരത്തിലെത്തി ഒരു മാസം തികയും മുൻപേ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനം പാലിക്കാൻ കഴിഞ്ഞത് അഭിമാന നിമിഷമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സൗജന്യ യാത്ര സ്ത്രീകൾക്ക് നൽകുന്ന ഔദാര്യമല്ലെന്നും, ഇത് സമൂഹത്തിലും സമ്പദ്‌വ്യവസ്ഥയിലും വലിയ ചലനങ്ങൾ ഉണ്ടാക്കുന്ന പദ്ധതിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇനി സ്ത്രീകൾക്ക് അഭിമാനത്തോടെ ‘ഞങ്ങളുടെ സർക്കാരിന്റെ വണ്ടി’ എന്ന് പറഞ്ഞു യാത്ര ചെയ്യാം. പദ്ധതി മൂലം കെഎസ്ആർടിസിക്ക് സാമ്പത്തിക ബാധ്യത ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഔദ്യോഗിക ഉദ്ഘാടനത്തിന് ശേഷം വനിതാ യാത്രക്കാർക്കൊപ്പം മുഖ്യമന്ത്രിയും മന്ത്രിമാരും ആദ്യ ബസ് യാത്ര നടത്തി. കെഎസ്ആർടിസിയിൽ പി.എസ്.സി വഴി നിയമിതയായ ആദ്യ വനിതാ ഡ്രൈവർ വി. പി. ഷീലയാണ് ഉദ്ഘാടന ബസ് ഓടിച്ചത്. അതേസമയം, പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് സിപിഎം വിട്ടുനിന്നു.

സീറോ ടിക്കറ്റ്: സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനും ഓർഡിനറി ബസുകളിൽ സീറോ ടിക്കറ്റ് ലഭ്യമായി തുടങ്ങി.

തിരിച്ചറിയാൻ സ്റ്റിക്കർ: സൗജന്യ യാത്ര അനുവദനീയമായ ഓർഡിനറി ബസുകൾ തിരിച്ചറിയുന്നതിനായി അവയിൽ ‘പ്രിയദർശിനി’ സ്റ്റിക്കറുകൾ പതിച്ചിട്ടുണ്ട്.

നിബന്ധനകളില്ല: ആദ്യഘട്ടത്തിൽ പ്രായമോ വരുമാനമോ പരിഗണിക്കാതെ, യാതൊരുവിധ പ്രത്യേക നിബന്ധനകളും ഇല്ലാതെയാണ് സൗജന്യ യാത്ര അനുവദിക്കുന്നത്.

By admin

You missed