‘ഫാലിമി’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി ജോയിൻ ചെയ്തു. ധനുഷിനൊപ്പമുള്ള ‘ഓം’ എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയ ശേഷമാണ് മമ്മൂട്ടി കാരൈക്കുടിയിലെ സെറ്റിലെത്തിയത്. തനി നാടൻ ലുക്കിൽ മുണ്ടും ഷർട്ടുമണിഞ്ഞ് ലൊക്കേഷനിലെത്തിയ മമ്മൂട്ടിയുടെ ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.
മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ഒൻപതാമത്തെ ചിത്രമാണിത്. ‘കളങ്കാവൽ’ എന്ന വമ്പൻ വിജയത്തിന് ശേഷം മമ്മൂട്ടി കമ്പനിയുടെ ബാനറിൽ ഒരുങ്ങുന്ന ഈ ചിത്രം, അവരുടെ നിർമ്മാണത്തിൽ എത്തുന്ന ഏറ്റവും ചെലവേറിയ സിനിമ എന്ന പ്രത്യേകത കൂടിയുള്ളതാണ്. പൂർണ്ണമായും മാസ്-ആക്ഷൻ കോമഡി എന്റർടെയ്നറായി ഒരുങ്ങുന്ന ഈ ചിത്രത്തിൽ തിരുവനന്തപുരം പശ്ചാത്തലമാക്കിയുള്ള ഒരു വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്.
കാരൈക്കുടിയിൽ 50 ദിവസത്തെ തുടർച്ചയായ ചിത്രീകരണമാണ് നിശ്ചയിച്ചിരിക്കുന്നത്. ഇതിനുശേഷം രണ്ടാം ഘട്ട ഷൂട്ടിങ് എറണാകുളത്ത് നടക്കും. ജീൻ പോൾ ലാൽ, സിദ്ധാർത്ഥ് ഭരതൻ, വാഴ 2 താരം ഹാഷിർ എന്നിവർക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
നിതീഷ് സഹദേവും അനുരാജ് ഒ. ബിയും ചേർന്ന് തിരക്കഥയൊരുക്കുന്ന ചിത്രത്തിന് ജിംഷി ഖാലിദ് ഛായാഗ്രഹണവും വിഷ്ണു വിജയ് സംഗീതസംവിധാനവും നിർവ്വഹിക്കുന്നു. അരോമ മോഹനാണ് പ്രൊഡക്ഷൻ കൺട്രോളർ.
Mammootty Joins Sets of Nithish Sahadev’s Next Action-Comedy Movie in Karaikudi

