വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി വിജയ്‌യും രശ്മികയും; തെലങ്കാനയിലെ 180 സർക്കാർ സ്കൂൾ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് വിതരണം ചെയ്ത് താരദമ്പതികൾ | Promise Fulfilled: Vijay Deverakonda and Rashmika Mandanna Award Merit Scholarships to 180 Students

തെലങ്കാന: തങ്ങളുടെ വിവാഹവേളയിൽ നൽകിയ മാതൃകാപരമായ ഒരു വാഗ്ദാനം ഔദ്യോഗികമായി നിറവേറ്റി ജനഹൃദയങ്ങൾ കീഴടക്കുകയാണ് തെന്നിന്ത്യൻ താരദമ്പതികളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും. ‘ദി ദേവരകൊണ്ട ഫൗണ്ടേഷന്റെ’ (The Deverakonda Foundation) ആഭിമുഖ്യത്തിൽ തെലങ്കാനയിലെ അച്ചംപേട്ട് മണ്ഡലിലെ വിവിധ സർക്കാർ സ്കൂളുകളിൽ നിന്നുള്ള 180 വിദ്യാർത്ഥികൾക്ക് ഇരുവരും മെറിറ്റ് സ്കോളർഷിപ്പുകൾ വിതരണം ചെയ്തു.

വിജയ് ദേവരകൊണ്ടയുടെ പിതാവിന്റെ ജന്മനാടായ തുമ്മൻപേട്ട് ഗ്രാമത്തിലാണ് സ്കോളർഷിപ്പ് വിതരണവുമായി ബന്ധപ്പെട്ട ചടങ്ങുകൾ നടന്നത്. ഈ വർഷം ഫെബ്രുവരിയിൽ തങ്ങളുടെ വിവാഹത്തിന് പിന്നാലെയാണ് അച്ചംപേട്ട് മേഖലയിലെ 9, 10 ക്ലാസുകളിലെ മിടുക്കരായ വിദ്യാർത്ഥികളെ സഹായിക്കുന്നതിനായുള്ള ഒരു പദ്ധതിയെക്കുറിച്ച് ഇരുവരും പ്രഖ്യാപിക്കുന്നത്. ഗ്രാമീണ മേഖലകളിലെ കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പാക്കാനും സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലം പഠനം മുടങ്ങാതിരിക്കാനുമാണ് ഫൗണ്ടേഷൻ ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

തന്റെ ഇൻസ്റ്റാഗ്രാം, എക്സ് (X) അക്കൗണ്ടുകളിലൂടെ വിജയ് ദേവരകൊണ്ട ഈ സന്തോഷവാർത്ത ആരാധകരുമായി പങ്കുവെച്ചു. “ഫെബ്രുവരിയിൽ ഞാനും രശ്മികയും ചേര്‍ന്ന് കണ്ട ചെറിയൊരു സ്വപ്നത്തിന്റെ തുടക്കമാണിത്. മാതാപിതാക്കൾക്ക് അഭിമാനമായി മാറിയ 180 കുട്ടികൾക്കുള്ള സമ്മാനമാണിത്,” വിജയ് കുറിച്ചു. തങ്ങളുടെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണിതെന്നും ഭാവിയിൽ ഈ സ്കോളർഷിപ്പ് പദ്ധതി തെലങ്കാനയിലുടനീളം വ്യാപിപ്പിക്കാൻ തങ്ങൾ ആഗ്രഹിക്കുന്നുവെന്നും ചടങ്ങിൽ സംസാരിക്കവെ വിജയ് വ്യക്തമാക്കി.

താൻ ആദ്യമായാണ് രശ്മിക മന്ദാന ദേവരകൊണ്ട എന്ന പേരിൽ ഒരു പൊതുവേദിയിൽ സംസാരിക്കുന്നതെന്നും തന്റെ ഭർതൃപിതാവിന്റെ നാട്ടിൽ വെച്ച് ഇങ്ങനെയൊരു നല്ല കാര്യം തുടങ്ങാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്നും നടി രശ്മികയും വേദിയിൽ പറഞ്ഞു. പഠന സാമഗ്രികളും സാമ്പത്തിക സഹായവും ഉൾപ്പെടുന്നതാണ് ഈ സ്കോളർഷിപ്പ് പദ്ധതി. ‘ഗീത ഗോവിന്ദം’, ‘ഡിയർ കോമ്രേഡ്’ എന്നീ ചിത്രങ്ങൾക്ക് ശേഷം വിജയ്‌യും രശ്മികയും വീണ്ടും ഒന്നിക്കുന്ന ‘രണബാലി’ (Ranabaali) എന്ന ചിത്രത്തിന്റെ റിലീസ് അണിയറയിൽ ഒരുങ്ങുകയാണ്.

Vijay Deverakonda and Rashmika Mandanna Award Merit Scholarships to 180 Government School Students

By admin

You missed