
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയും ടി.വി.കെ (TVK) അധ്യക്ഷനുമായ സി. ജോസഫ് വിജയ്‍യും ഭാര്യ സംഗീതയും തമ്മിലുള്ള വിവാഹമോചന കേസ് പരിഗണിക്കുന്നത് ചെങ്കൽപ്പെട്ട് കുടുംബകോടതി ഓഗസ്റ്റ് ഏഴിലേക്ക് മാറ്റി. തിങ്കളാഴ്ച (ജൂൺ 15) കേസ് പരിഗണനയ്ക്ക് എത്തിയപ്പോൾ ഇരുവരും നേരിട്ട് കോടതിയിൽ ഹാജരായിരുന്നില്ല.
തങ്ങളുടെ പൊതുജീവിതവും സുരക്ഷാ പ്രശ്നങ്ങളും ചൂണ്ടിക്കാട്ടി വീഡിയോ കോൺഫറൻസിങ് വഴി കോടതി നടപടികളിൽ പങ്കെടുക്കാൻ അനുവദിക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി ഈ അപേക്ഷ തള്ളി. തുടർന്ന് ഇരുപക്ഷത്തോടും ഇ-മെയിൽ ഐഡികൾ സമർപ്പിക്കാൻ കോടതി നിർദേശിക്കുകയായിരുന്നു. ഇരുവരുടെയും അഭിഭാഷകർ മാത്രമാണ് തിങ്കളാഴ്ച കോടതിയിൽ ഹാജരായത്.
26 വർഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിക്കാൻ അനുമതി തേടി 2025 ഡിസംബറിലാണ് സംഗീത കുടുംബകോടതിയിൽ വിവാഹമോചന ഹർജി സമർപ്പിച്ചത്. ഹർജിയിൽ ജീവനാംശവും നിലവിൽ താമസിക്കുന്ന നീലാങ്കരൈയിലെ വസതിയിൽ തുടരാനുള്ള അവകാശവും സംഗീത ആവശ്യപ്പെട്ടിട്ടുണ്ട്. വിജയ്‍യുടെ രാഷ്ട്രീയ പാർട്ടി രൂപീകരണ ചടങ്ങുകളിലോ അദ്ദേഹം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിലോ സംഗീതയോ മക്കളോ പങ്കെടുക്കാതിരുന്നത് വലിയ രീതിയിൽ വാർത്തയായിരുന്നു.
അതേസമയം, പ്രശ്നങ്ങൾ സൗഹാർദ്ദപരമായി ഒത്തുതീർപ്പാക്കാൻ വിജയ്‍യുടെ അമ്മ ശോഭ ചന്ദ്രശേഖർ സജീവമായി ഇടപെടുന്നതായും കോടതിക്ക് പുറത്ത് ചർച്ചകൾ നടക്കുന്നതായും റിപ്പോർട്ടുകളുണ്ട്. എങ്കിലും, ഒത്തുതീർപ്പുമായി ബന്ധപ്പെട്ട് ഇരുപക്ഷത്തുനിന്നും ഇതുവരെ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല. കേസ് ഇനി ഓഗസ്റ്റ് ഏഴിന് കോടതി വീണ്ടും പരിഗണിക്കും.
Vijay and Sangeetha’s Divorce Case Adjourned to August 7



