ശ്രദ്ധേയമായി വനം വകുപ്പിന്റെ സ്റ്റാള്‍

സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് തിരുവനന്തപുരം കനകക്കുന്നില്‍ നടക്കുന്ന ‘എന്റെ കേരളം’ വിപണന മേളയില്‍ വനം വകുപ്പിന്റെ സ്റ്റാള്‍ ശ്രദ്ധേയമാകുന്നു. വന്യജീവി സംരക്ഷണം, വനസംരക്ഷണം, സര്‍പ്പ കിയോസ്‌ക്, വനശ്രീ സ്റ്റോള്‍, തുടങ്ങി വ്യത്യസ്ത അനുഭവമാണ് വനം വകുപ്പിന്റെ സ്റ്റാള്‍ നല്‍കുന്നത്.
കാട്ടാറും വന്യജീവികളും നിറഞ്ഞ കാടിന്റെ വന്യഭംഗിയുടെ ചെറുപതിപ്പ് ഏറെ ആകര്‍ഷകമാണ്. വനം വകുപ്പിന്റെ സ്റ്റാളിനെ ഏറെ ആകര്‍ഷിക്കുന്നത് സര്‍പ്പ ആപിന്റെ പരിചയപ്പെടുത്തലും ഉപയോഗരീതിയുമാണ്. വളരെയധികം പേര്‍ സര്‍പ്പ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗരീതിയുടെ പരിശീലനം തത്സമയം നേടി. പാമ്പുകളെ പിടികൂടുന്നതിനായി ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ പരിചയപ്പെടുത്തലും മേളയില്‍ ഉണ്ട്.  
കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ചാറ്റുപ്പാട്ടും ഗരുഡന്‍ നൃത്തവും ഏറെ ആകര്‍ഷകമായിരുന്നു. കൂടാതെ വനം വകുപ്പിന്റെ ഫുഡ് കോര്‍ട്ടും ശ്രദ്ധേയമായി. മുളയരി, ചാമ, പറണ്ടക്ക തുടങ്ങിയ പഴമയുടെ സ്വാതൂറുന്ന പായസങ്ങള്‍, നെയ്യാര്‍ സ്‌പെഷ്യല്‍ കരിമീന്‍ ഫ്രൈ, ഹണിക്കോള, നറുനണ്ടി ചായ, കപ്പയും ഔഷധ ചമ്മന്തികളും, നാടന്‍ മീന്‍കറിയും ഏവര്‍ക്കും ഇഷ്ട വിഭവങ്ങളായി.
വനവികസന ഏജന്‍സിയായ വനശ്രീയുടെ സ്റ്റാളിലും വന്‍ തിരക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ അനുഭവപ്പെട്ടത്. കേരളത്തിന്റെ വിവിധ പ്രദേശത്തു നിന്നുള്ള തേനുകള്‍, സുഗന്ധ ദ്രവ്യങ്ങള്‍, ചന്ദനം, ചന്ദനത്തൈലം, തേയില, കാപ്പി, കറുത്ത കുന്തിരിക്കം, കുരുമുളക്, മറയൂര്‍ ശര്‍ക്കര. കുടംപുളി, ലക്ക, ഇഞ്ച, പുല്‍തൈലം തുടങ്ങിയ ഉല്‍പ്പന്നങ്ങളാണ്  വില്‍പ്പനക്കായി ഒരുക്കിയിട്ടുള്ളത്.

admin:
Related Post